യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.
”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.
ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ അലൻ അന്റണി (28)ആണ് മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 5.30യോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേയ്ക്ക് യാത്രക്കാൻ കാറിലെത്തിയതായിരുന്നു അലനും ബന്ധുക്കളായ മറ്റുള്ളവരും.
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പൊളിക്കാർപ്പസ്(52) അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.
വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.
ഹരിതയുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്നും നടത്തി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. സ്വന്തം മകളെ പോലെ വളര്‍ത്തിയ കുട്ടിക്കായി ഫാ. ജോര്‍ജ് ളോഹ അല്‍പ സമയത്തേക്ക് അഴിച്ചു വെച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹരിതയുടെയും ശിവദാസിന്റെയും വിവാഹം നടന്നത്.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ട് വയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആ ആശ്രമത്തിന്റെ മകളായി വളര്‍ന്നു. യുപി സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലാക്കി. ഇതേ സ്‌കൂളിലായിരുന്നു അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
ഒടുവില്‍ ഇവര്‍ കണ്ടത് വിവാഹ പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തില്‍ എത്തിയപ്പോഴും. കുറച്ചു നാളുകള്‍ക്ക് മുമ്പ് അന്നത്തെ യുപി ക്ലാസില്‍ പഠിച്ചവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
സൗഹൃദ കൂട്ടായ്മയിലൂടെ പരിചയം പുതുക്കിയതാണ് വിവാഹത്തിലെത്തിയത്. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തില്‍ എത്തി പെണ്ണുകാണല്‍ ചടങ്ങ് നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ വികാരി അച്ഛന്റെ സ്ഥാനത്ത് നിന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തി. ആശ്രമത്തിലെ മറ്റ് അന്തേവാസികള്‍ക്കും വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും ഒരുക്കിയിരുന്നു.
വിവാഹ ശേഷം വൈകുന്നേരം 80 പേരുമായി ആശ്രമത്തില്‍ നിന്നും വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്ത മാസം ശിവദാസ് ഹരിതയെയും കൂട്ടി ദുബായിലേക്ക് പോകും.
യുവനടി കൊച്ചിയിൽ ആക്രമണത്തിലെ പ്രതി ദിലീപിനെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ നടൻ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ചോദ്യങ്ങളുന്നയിച്ചു.
ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു.
പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. കൂടാതെ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്തും വന്നിരുന്നു.
ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി (Nehru Trophy) വള്ളംകളിയെത്തുന്നു. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല. കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തരഞ്ജന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.
സെപ്റ്റബർ 11 ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബർ 10 ന് മറ്റ് വള്ളം കളികൾ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ടൂറിസം വകുപ്പ് തീയതി അംഗീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും. തളര്‍ന്നു കിടക്കുന്ന കായല്‍ ടൂറിസം മേഖലയക്ക് വള്ളകളിയെത്തുന്നതോടെ കൂടുതല്‍ ഉണര്‍വ് ലഭിക്കും. നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. ചമ്പക്കുളത്താറ്റില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു ചോദ്യം.
ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഹൈദരാലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിനു കൊടുക്കാനായി ജയിലില്‍നിന്ന് എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ടു സിദ്ധിക്കിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദ്ധിക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.
പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
പ്രിയ സൗഹൃദങ്ങളുടെ നടുവിൽ ലളിതമായൊരു പുസ്തക പ്രകാശനം. 18.6.2022 ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ബിസ്സിനസ്സുകാരനും Jo pens എന്ന തൂലികാ നാമത്തിൽ എഴുതുന്ന ജോയപ്പൻ്റെ (ജോ ജോമോൻ.KC).. നോവൽ പ്രകാശനം ചെയ്യപ്പെട്ടു.’ ദേ കൊറോണ തവള, എന്നപേരുള്ള പുസ്തകം എഴുത്തുകാരൻ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം ചെയ്തു.
1990-92 ലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ പ്രീഡിഗ്രി ബാച്ചിലെ ചങ്ങാതികൾ ഒത്തു ചേർന്ന വൈകുന്നേരം പുസ്തക പ്രകാശനത്തിനായ് ജോയപ്പൻ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ മെമ്പർ സോണിയുടെ, കളർ വിഷൻ പ്രസ്സായിരുന്നു പ്രകാശന വേദി.ഗൂഗിൾ മീറ്റ് വഴി വിദേശത്തുള്ള ചങ്ങാതികൾ ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു.
ഇതു മലയാളത്തിലെ ആദ്യത്തെ വാക്സിൻ നോവലാണന്നു എഴുത്തുകാരൻ അവകാശപ്പെടുന്നു. ഇതു വെറുമൊരു കഥയല്ല. മനുഷ്യനും, സമൂഹവും സൃഷ്ടിച്ചിരിക്കുന്ന ചില പൊട്ടക്കിണറുകളുടെ കഥയാണ്. ഒപ്പം ഈ പൊട്ടക്കിണറുകളിൽ നിന്നും രക്ഷപെടാനുള്ള ആശയങ്ങളും ഇതിലുണ്ട്. കൊറോണയെക്കാൾ മാരകമായ രോഗങ്ങൾ സമൂഹത്തിനുണ്ട്. അതിനെതിരെയുള്ള വാക്സിൻ കൂടിയാണ് ഈ നോവലെന്ന് അവതാരികയിൽ Jopensപറയുന്നു. ജോയപ്പൻ അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്.
ജോയപ്പൻ്റെ ഫോൺ നമ്പർ-8281949065
മദ്യപിച്ചെത്തി കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ശശിധരൻ പിള്ള 6 മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിൽ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന രജനി കയ്യിൽകിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻപിള്ളയുടെ തലയിൽ അടിക്കുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു.