ഖത്തറില്‍ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി എത്തി.

ദോഹയിലെ അല്‍ വക്‌റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.

രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.

ഇതിനിടെ, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.