Kerala

കേരളക്കരയുടെ നൊമ്പരമായി തീർത്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. തന്റെ പിതാവിനോട് സങ്കടം പറഞ്ഞ് കരയുന്ന ഓഡിയോ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

‘എനിക്കിവിടെ വയ്യ അച്ഛ. എന്നെ അവർ ഒരുപാട് മർദിക്കുന്നുണ്ട്.. ഇനി ഇവിടെ നിർത്തിയാൽ എന്നെ കാണില്ലെന്നും വിസ്മയ കരഞ്ഞു പറയുന്നതാണ് ശബ്ദ സന്ദേശത്തിൽ. സന്ദേശം വൈറലായതോടെ നിരവധി പേർ ആക്രമിക്കുന്നത് വിസ്മയയുടെ പിതാവ് ത്രിവിക്രമനെയാണ്.

വീട്ടിൽ പീഡനം സഹിക്കുന്നു, അവിടെ നിക്കാൻ വയ്യ എന്ന് മകൾ കരഞ്ഞ് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാതിരുന്നത് ? മകളെ തിരിച്ചു കൊണ്ടുവന്നിരുന്നുവെങ്കിൽ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നോ ? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. തെറ്റുകാരൻ ത്രിവിക്രമൻ ആണെന്നാണ് സമൂഹം മുദ്രകുത്തുന്നത്. എന്നാൽ ശബ്ദ സന്ദേശം മാത്രം കേട്ട് കുറ്റംപറയാൻ നിൽക്കുന്നവർക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ത്രിവിക്രമൻ.

ത്രിവിക്രമൻ നായരുടെ മറുപടി;

‘ ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാൻ അവിടെ പോയി. എന്റെ കുട്ടിയെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാൻ 26 വർഷം ഗൾഫിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിന്നൊകേൽ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാൽ ഏക്കർ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര.

വിസ്മയയുടെ ഫോൺ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാൻ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17-ാം തിയതി എന്റെ കുട്ടി എന്നോട് പറയാതെ കോളജിൽ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടുപോയതെന്ന് അറിയില്ല.

കേരളാ പോലീസിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചന കവി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് നടി പറയുന്നു. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചോദിക്കുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.

വളരെ പരുക്കമായാണ് അവർ പെരുമാറിയതെന്നും സുരക്ഷിതമായി തോന്നിയില്ലെന്നും അർച്ചന ആരോപിച്ചു. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ രൂപം ;

ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല.

ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജപരിശോധനാഫലങ്ങൾ നൽകി രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വ്യാജഡോക്‌ടറെ മറ്റു ഡോക്‌ടർമാർ പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് (22) പിടിയിലായത്. വാർഡുകളിൽ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന രോഗികളോട്‌ ഡെർമറ്റോളജി വിഭാഗം പി.ജി വിദ്യാർത്ഥിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

രക്തപരിശോധനയ്‌ക്കുള്ള സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ നൽകി പരിശോധനാഫലം രോഗികൾക്ക് നൽകുമ്പോൾ മാരകരോഗമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു തട്ടിപ്പ്. തുടർപരിശോധനയ്ക്കും ചികിത്സയ്ക്കും വളരെയധികം ചെലവുണ്ടെന്നുപറഞ്ഞ് അവരിൽ നിന്ന് പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു രീതി. സ്റ്റെതസ്കോപ്പുള്ളതിനാൽ വാർഡുകളിൽ കറങ്ങി നടക്കുമ്പോഴും ആർക്കും സംശയം തോന്നിയില്ല.

ആശുപത്രിയിലെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലാബുകളിലെ റിസൾട്ടുകളാണ് ഇയാൾ രോഗികൾക്ക് തിരികെ നൽകിയിരുന്നത്. പരിശോധനാഫലത്തിലെ ഗുരുതരമായ തെറ്റ് യൂണിറ്റ് ചീഫ് ഡോ. ശ്രീനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം. മിക്ക ദിവസവും വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞശേഷമാണ് വ്യാജൻ എത്തിയിരുന്നത്. തെറ്റായ പരിശോധനാഫലം നൽകിയശേഷം വൃക്ക മാറ്റിവയ്‌ക്കേണ്ടിവരുമെന്നും തുടർപരിശോധനയ്‌ക്ക് കൂടുതൽ പണം കരുതണമെന്നും മൊബൈലും ബൈക്കും വിറ്റ് അത് കണ്ടെത്താമെന്നുമാണ് ഇയാൾ പറയുന്നത്.

ഒരു രോഗിയുടെ പരിശോധനാഫലത്തിലുണ്ടായ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വ്യാജനെ കണ്ടെത്താൻ ഡോക്‌ടർമാർ തീരുമാനിച്ചത്. തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ വാർഡിൽ എത്തിയപ്പോൾ പിടികൂടിയത്.

ഡോക്‌ടർമാരുടെ ലെറ്റർഹെഡ് ഉൾപ്പെടയുള്ളവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റത്തിന് കേസെടുക്കുമെന്ന് മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ പറഞ്ഞു. ഇയാൾക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരെ കുറിച്ചും അന്വേഷണം നടത്തും. ആരൊക്കെ സഹായിച്ചു രോഗികൾക്ക് ഇയാൾ കൈമാറിയ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ പരിശോധനാഫലങ്ങൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയതാണോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ, ലാബ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാസംവിധാനമുള്ള ആശുപത്രിയിൽ പാസില്ലാതെ ഒരാൾക്ക് പോലും കയറാൻ കഴിയില്ല. സന്ദർശനസമയത്ത് പോലും പ്രവേശനം പരിമിതമായ ഇവിടെ വ്യാജ ഡോക്ടർ സ്വൈരവിഹാരം നടത്തിയിട്ടും ആരുമറിഞ്ഞില്ലെന്നത് സുരക്ഷാ പാളിച്ചയിലേക്ക് വിരൽചൂണ്ടുന്നു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

പൊൻകുന്നം: അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ജോസ് പുല്ലുവേലിയുടെ “വഴിയറിയാതൊഴുകുന്ന പുഴ” എന്ന അപ്രകാശിത ഓർമ്മ പുസ്തകം പ്രശസ്ത ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് പൊൻകുന്നം ജനകീയ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വായനശാല പ്രസിഡൻ്റ് ടി. എസ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു പ്രകാശന കർമ്മം നടന്നത്.

കെ എസ്. സെബാസ്റ്റ്യൻ്റെ ആമുഖ പ്രഭാഷണത്തോടെ നടന്ന സമ്മേളനം പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്തു. കവി. ബാബു സക്കറിയ ബിനു. എം. പള്ളിപ്പാട് അനുസ്മരണം നടത്തി. പുസ്തകത്തിൻ്റെ ആദ്യ കോപ്പി ജോസ് പുല്ലുവേലിയുടെ കുടുംബാംഗങ്ങൾക്കു നൽകി കൊണ്ട് പ്രശസ്ത ചെറുകഥാകൃത്തും മുതിർന്ന മാധ്യമ പ്രവർത്തകനും കൂടാതെ യുകെയിൽ നിന്ന് പബ്ളീഷ് ചെയ്യുന്ന മലയാളം യുകെ ന്യൂസിൽ സൺഡേ സമരരേഖ കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം നിർവ്വഹിച്ചു.

പതിനേഴോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു ജോസ് പുല്ലുവേലി. തീഷ്ണമായ ജീവിതാനുഭവങ്ങളിലേക്ക് ഒരെഴുത്തകാരൻ്റെ തിരനോട്ടമാണിത്. ജിവിതയാത്രയിൽ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെ ലിറിക്കൽ സിംഫണി . ജനകീയ വായനശാല പുറത്തിറക്കിയ ഈ പുസ്തകത്തിൻ്റെ വില 160 രൂപയാണ്.

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം.

ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. സംഭവത്തിനു പിന്നിൽ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നൽകിയിരുന്നു.

അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദര‌‌ീഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.

കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെതന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയ കേസിനിടെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചി ഡിസിപി വിയു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പിസി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം.

പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പിസിയെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് സംഘമെത്തിയത്.

തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് പാലാരിവട്ടം പോലീസിന് ഇനി നിയമപ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പോലീസ് തീരുമാനം.

അതേസമയം പിസിയുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പിസി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലിപിന്‍റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.

അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈംബ്രാഞ്ചിന്റെമ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക (Playback Singer) സംഗീത സചിത് (Sangeetha Sachith) അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ‘മിസ്റ്റർ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. ” അടുക്കളയിൽ പണിയുണ്ട് “എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്.

കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.

വിശ്വഹിന്ദുപരിഷത്തിന്റെ  യുവജന വിഭാഗമായ ബജറംഗ ദളും പോപുലര്‍ ഫ്രണ്ട്  സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ വോളണ്ടിയര്‍ മാര്‍ച്ചും ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് ബജറംഗ ദളിന്‍റെ ഇരുചക്ര വാഹനറാലി.

വൈകീട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആലപ്പുഴക്ക് പുറമേ ,എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതി ഗതികള് നിയന്ത്രിക്കും. പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതൽ കടകള്‍ അടച്ചിടണം

കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.

യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.

അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.

വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.

RECENT POSTS
Copyright © . All rights reserved