സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയാണ്. നിരവധിയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓറഞ്ച് അലേര്‍ട്ട് ഉള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

കോട്ടയം മൂന്നിലവിലില്‍ ഉരുള്‍പൊട്ടി. മൂന്നിലവിലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ആളെ കണ്ടെത്തിയിട്ടുണ്ട്. എരുമേലി നോര്‍ത്ത് വില്ലേജില്‍ ശക്തമായ മഴയുണ്ട്. വണ്ടന്‍പതാലില്‍ എട്ട് വീടുകളില്‍ വെള്ളം കയറി. വണ്ടന്‍പതാല്‍ പാലത്തില്‍ കുറച്ചു പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിന്നും അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.