Kerala

ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി വലയിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയിൽ ഷെമീറാ(35)ണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

തുമ്പത്തടത്തെ കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീർ എത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീർ മോഷണത്തിനായി ഇവിടേയ്ക്ക് എത്തിയത്. സ്‌കൂട്ടറിൽ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ സ്‌കൂട്ടർ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടർന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കിണറ്റിലേയ്ക്ക് വീണത്.

പാരപ്പറ്റിലെ ഇഷ്ടിക അടർന്നതോടെയാണ് കള്ളനും പിടിവിട്ട് കിണറ്റിലേക്ക് പതിച്ചത്. കിണറ്റിലേയ്ക്ക് വീണതിനു പിന്നാലെ കൂട്ടനിലവിളിയും കരച്ചിലും ഉയർന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറിൽ കള്ളനെ കണ്ടത്. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്‌നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.

വി ഡി സവര്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കത്തെഴുതിയെന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍എസ്എസിന്റെ ഭാഗമല്ല. ആര്‍എസ്എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ല. സവര്‍ക്കരുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. ‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള ‘ആസാദി കുട’ ഉയര്‍ത്താശ്രമിച്ചതും അത് നടക്കാതെ വന്നപ്പോള്‍ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും ചര്‍ച്ച ചെയ്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മതിപ്പേ സവര്‍ക്കര്‍ക്ക് ആര്‍എസ്എസുകാരോട് ഉണ്ടായിരുന്നുള്ളൂ. സവര്‍ക്കര്‍ ഒരുപാട് ആളുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാക്കള്‍ക്ക് കത്തെഴുതിയത് അപൂര്‍വ്വമാണെന്നും മോഹന്‍ദാസ് പറഞ്ഞു. സവര്‍ക്കരുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാനോ കേസുനടത്താനോ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരത്തില്‍ സവര്‍ക്കറിന്റെ ചിത്രം കൊണ്ടുവരേണ്ട ആവശ്യമില്ല. ഇപ്പോള്‍ സവര്‍ക്കറിന്റെ ചിത്രം നമ്മള്‍ ഉയര്‍ത്തിയാല്‍ മറ്റ് പാര്‍ട്ടിക്കാരും അവരുടെ നേതാക്കളുടെ ചിത്രവുമായി വന്ന് അത് അനുകരിക്കാന്‍ ശ്രമിക്കും. തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് എല്ലാവരും പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരമാണ്. അത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ടി ജി മോഹന്‍ദാസ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ ഒരു ദൃശ്യങ്ങളും കണ്ടിട്ടില്ലെന്നും തെളിവ് നശിപ്പിച്ചെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്നും ശരത്ത് പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും അത് അംഗീകരിക്കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് സുഹൃത്തായ ശരത്താണ് എന്നായിരുന്നു ആരോപണം. വധഗൂഢാലോചന കേസിലെ ആറാം പ്രതിയാണ് ശരത്.

ഇന്നലെ ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഗാന്ധിഭവനില്‍ കഴിയുന്ന നടന്‍ ടിപി മാധവനെ കണ്ട് വികാരധീനയായി
നടി നവ്യാ നായര്‍. പത്തനാപുരം ഗാന്ധിഭവനില്‍ വച്ചാണ് നടി മാധവനെ കണ്ടുമുട്ടിയത്.ഒത്തിരി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു.

ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നവ്യ.ഇവിടെ വന്നപ്പോഴാണ് ടിപി മാധവന്‍ ചേട്ടനെ കാണുന്നത്. കല്യാണരാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു. അദ്ദേഹം ഇവിടെയായിരുന്നുവെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് കണ്ടപ്പോള്‍ വലിയൊരു ഷോക്കായിരുന്നു.

ഇവിടെ താമസിക്കുന്നവരെ ഒക്കെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ ഞാനെത്തിയത് കുറച്ച് വൈകിപ്പോയി.അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നത്. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി’ നവ്യ നായര്‍ പറഞ്ഞു.

കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ എട്ടുവയസുകാരനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാപിതാക്കൾ. തമിഴ്‌നാട്ടിൽ അമ്മയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട മകന്റെത് കൊലപാതകമെന്നാണ് കൊല്ലത്ത് താമസിക്കുന്ന മാതാപിതാക്കൾ ആരോപിക്കുന്നത്. തമിഴ്‌നാട് നാഗർകോവിലെ അമ്മയുടെ വീട്ടിൽ വെച്ചാണ് കുട്ടി മരിച്ചത്. കാണാതായ കുട്ടിയെ ദിവസങ്ങൾക്ക് ശേഷം സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മാസം ആറാം തീയതി തമിഴ്‌നാട് നാഗർകോവിൽ മാതൃ വീട്ടിൽ വച്ച് കാണാതായ കുട്ടിയെ മെയ് എട്ടാം തീയതി സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയായ പതിനാലുകാരനൊപ്പം കളിക്കാനായി പുറത്തുപോയ ആദിലിനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിലിനെ കാണാതായതിന് പിന്നാലെ തന്നെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. മൃതദേഹത്തിൽ കഴുത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

മരിച്ച കുട്ടി അയൽവാസിയായ കുട്ടിയുമായി മൊബൈൽ ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഗെയിം കളിയിൽ ആദിൽ സ്ഥിരമായി ജയിക്കുന്നതും മറ്റേ കുട്ടി തോൽക്കുന്നത് പതിവായിരുന്നു. ഇതിന്റെ വൈരാഗ്യം ആദിലിന്റെ മരണത്തിന് കാരണമായെന്നാണ് ഇവരുടെ സംശയം.

മൃതദേഹം കണ്ട കുളത്തിനു സമീപമുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ടു കുട്ടികൾ നടന്നു പോകുന്ന ദൃശ്യങ്ങളുണ്ട്. കുറേ സമയം കഴിഞ്ഞ് ഒരു കുട്ടി മാത്രം തിരിച്ചുവരുന്നതും ദൃശ്യങ്ങളിൽ കാണാം. മരണത്തിലെ ദുരൂഹതകൾ കണ്ടെത്താൻ സംസ്ഥാന സർക്കാർ തമിഴ്‌നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

ഷെറിൻ പി യോഹന്നാൻ

പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.

‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.

35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.

സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ്‌ ഒക്കെ ഔട്ട്‌ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?

ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ്‌ ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.

Last Word – ഔട്ട്‌ഡേറ്റഡ് ആയ കഥയും കഥാസന്ദർഭങ്ങളുമുള്ള ചിത്രം. പ്രതികാരവും അതിനു പിന്നിലെ കാരണങ്ങളുമെല്ലാം നമ്മൾ കണ്ടുമടുത്തത് തന്നെ. ദുർബലമായൊരു തിരക്കഥയിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന രംഗങ്ങളോ ഫലമുണ്ടാക്കുന്നില്ല. ഇമ്പ്രെസ്സീവായി യാതൊന്നുമില്ലാത്ത ചിത്രം.

സ്വന്തം ലേഖകൻ

കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി – ട്വന്റി  20 സഖ്യ മുന്നണി നിലവിൽ വന്നു. കനത്ത മഴയുണ്ടാവുമെന്നറിയിച്ചുകൊണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടും , സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കിഴക്കമ്പലത്തെ മൈതാനത്ത് കെജ്‌രിവാളിനെ കാണുവാനായി ഒഴുകിയെത്തിയത്. കെജ്‌രിവാളിന്റെ കേരളത്തിലേയ്ക്കുള്ള വരവ് തങ്ങളുടെ അന്നം മുടക്കുമെന്ന് മനസ്സിലാക്കിയ മറ്റ് പാർട്ടികളുടെ നേതാക്കൾ ഡെൽഹിയിലെയും പഞ്ചാബിലെയും പോലെ സൈബർ പോരാളികളെ ഇറക്കി കിഴക്കമ്പലത്തെ വലിയ വിജയത്തെ തടയിടുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്നത്തെ സമ്മേളന വിജയത്തിൽ അതീവ സന്തുഷ്ടരായ ആം ആദ്മി പാർട്ടിയുടെയും ട്വന്റി 20 യുടെയും സൈബർ നിരയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ സൈബർ പോരാളികൾ.

ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും , ഈ സഖ്യം കേരളത്തെ മാറ്റി മറിക്കുമെന്നും കെജ്‍രിവാൾ കിഴക്കമ്പലത്ത് പറഞ്ഞു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും , ഈ മുന്നണി കേരളത്തിലും ഉറപ്പായി സർക്കാർ രൂപീകരിക്കുമെന്നും പതിനായിരങ്ങളെ സാക്ഷി നിർത്തികൊണ്ട് കെജ്രരിവാൾ പ്രഖ്യാപിച്ചു.

ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയതെന്നും , അത് ദൈവത്തിന്റെ മാജിക്കാണ് അതുകൊണ്ട് കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ , അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. അതോടൊപ്പം ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ വളരെയധിയകം അഭിനന്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ പഞ്ചാബ് ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രരിവാള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

ആം ആദ്മി പാർട്ടിയും , ട്വന്റി 20യും സംയുക്തമായി നടത്തിയ ഈ മഹാസമ്മേളനത്തിലെ വൻ വിജയം അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥത്തിൽ ഒരു റെഡ് അലേർട്ട് തന്നെയാണ്  പീപ്പിൾസ് വെൽഫെയർ അലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടികൾക്കിടയിലേയ്ക്ക് ജനക്ഷേമ പ്രവർത്തനം കൊണ്ട് രാജ്യത്തെ ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ആം ആദ്മി പാർട്ടിയുടെയും , ട്വന്റി 20യുടെയും സംയുക്ത മുന്നണി കടന്ന് വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ വരുമോ എന്ന ചിന്തയിലാണ് പാരമ്പരാഗത പാർട്ടികളിലെ നേതാക്കൾ . എന്നാൽ കെജ്രരിവാളിനും ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുഴുവനും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കേരളത്തിലെ ഈ മുന്നണിയുടെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.

മലയാളത്തിലെ യുവനടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് തിരയുന്നതിനിടെ പരാതിയുമായി അമ്മ രംഗത്ത്. മകന് എതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു ആരോപിച്ചു.

ഇക്കാര്യം വിശദീകരിച്ച് ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.

മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബുവിന്റെ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.

മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതി സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദുരൂഹമായ ഷഹാനയുടെ മരണത്തിന് പിന്നാലെ പെലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്.

ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് അറിയിച്ചത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകക്ക് താമസിക്കുകയാണ്. ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലർച്ചെ 12.30 ഓടെ വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലെത്തെത്തിയ വീട്ടമ്മയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്.

മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഭർത്താവ് അനിൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുനൽകിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ട് പാേയി. ഇന്ന് സംസ്കരിക്കുമെന്നും. കാേവളം എസ് എച്ച് ഒ പ്രെെജു, എസ്.ഐ അനീഷ്കുമാർ, എ എസ് ഐ മുനീർ, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

RECENT POSTS
Copyright © . All rights reserved