കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ കണ്ടെത്തി. കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിന്റെ(24) മൃതദേഹമാണ് പള്ളിക്കത്തോട് മുഴുരിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ 29 നാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം പള്ളിക്കത്തോട്ട് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. രണ്ടു ദിവസത്തോളമായി ഇവിടെ റോഡരികിൽ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പാറമടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാറമടക്കുളത്തിൽ നിന്നും പുറത്തെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ നിന്നും പുറത്തെടുക്കുന്ന മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകൾ അകലെയുള്ള പള്ളിക്കത്തോട്ടിൽ എത്തിയത് എന്തിനാണ് എന്ന സംശയമാണ് നാട്ടുകാർ ഇപ്പോൾ ഉന്നയിക്കുന്നത്. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെട്രോയുടെ നിര്‍മാണകാലം വച്ചുനോക്കിയാല്‍ സില്‍വര്‍ലൈന്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ 127 വര്‍ഷമെങ്കിലും എടുക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ കെ.പി.കണ്ണന്‍. കെ–റെയില്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലുകളുടെ എണ്ണം നോക്കിയാല്‍, ഒരു തൊഴില്‍ സൃഷ്ടിക്കാന്‍ വരുന്ന ചെലവ് 1,300 ലക്ഷമാണെന്നും സില്‍വര്‍ലൈനിന്‍റെ വിമര്‍ശകനായ കെ.പി.കണ്ണന്‍ പറഞ്ഞു.
അറുപതുകളില്‍ ജപ്പാന്‍ ഉപേക്ഷിച്ച സാങ്കേതിക വിദ്യയാണ് കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടുമെന്നു പറഞ്ഞ് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യംചെയ്യുന്നു. ക്രൈംബ്രാഞ്ചാണ് ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെ നിർമായകമായ നീക്കം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ദിലീപിന്റെ ചോദ്യംചെയ്യൽ വൈകുന്നേരവും തുടരുകയാണ്.
ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ദിലീപിനെ ചോദ്യംചെയ്തത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലിൽ ദിലീപിന്റെ മറുപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം താൻ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യംചെയ്യലിൽ അറിയിച്ചിരുന്നു.
അതേസമയം, ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത തെളിവുകൾ നിരത്തിയായിരുന്നു എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലത്തെ ചോദ്യംചെയ്യൽ. വാട്സാപ്പ് ചാറ്റുകൾ, സംഭാഷണങ്ങൾ, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, സൈബർ ഹാക്കർ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉൾപ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ എത്തി യുവാവ് തീ കൊളുത്തി മരിച്ചു. വളയം സ്വദേശിയായ രത്‌നേഷ് എന്ന 42കാരനാണ് മരിച്ചത്. വീടിന് തീ വെച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചത് എന്നാണ് വിവരം.
നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയുടെ കിടപ്പുമുറിയായ രണ്ടാം നിലയില്‍ കയറി മുറിയില്‍ തീ വയ്ക്കുകയായിരുന്നു.
വീടിന് തീ പടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയെ രത്‌നേഷിന് ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.
പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.
മൂലമറ്റത്ത് ബസ് കണ്ടക്ടറായ സനല്‍ സാബു (32) വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി ഫിലിപ്പ് മാര്‍ട്ടിന്റെ മാതാവ് ലിസി മാര്‍ട്ടിന്‍. തട്ടുകടയ്ക്കു മുന്നില്‍ വച്ച് മകനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മകനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ വെടിയേറ്റവരും ഉണ്ടായിരുന്നതായി ലിസി മാര്‍ട്ടിന്‍ ആരോപിച്ചു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മകന്‍ ആളുകള്‍ക്ക് നേരെ വെടിവച്ചത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സനല്‍ ബാബു കഴിഞ്ഞ വര്‍ഷം ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു. സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകനാണ് സനല്‍. കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് ഇസ്രായേലിലേക്കുണ്ടായ ഹമാസിന്റെ മിസൈലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.
ലിസി പറയുന്നതിങ്ങനെ: മകന് തട്ടുകടയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. കരഞ്ഞു പറഞ്ഞിട്ടും അവനെ വിടാതെ മര്‍ദ്ദിച്ചു. രക്തമൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. തിരികെ തോക്കുമായി കാറില്‍ തട്ടുകടയ്ക്ക് സമീപം എത്തിയെങ്കിലും ആകാശത്തേക്ക് വെടിവെച്ച് ഉപദ്രവിച്ചവരെ പേടിപ്പിക്കുക മാത്രമാണ് മകന്‍ ചെയ്തത്. അതിന് ശേഷം മടങ്ങിയ ഫിലിപ്പ് അവശനായി വീടിന് സമീപത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഈ സമയം താന്‍ അവന്റെ അടുത്തെത്തി. ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു നില്‍ക്കുന്നതിനിടെ ബൈക്കിലും മറ്റുമായി എത്തിയവര്‍ കാര്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. കാറിലിരുന്ന മകനെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. തടയാന്‍ ചെന്ന തന്നെ അവര്‍ തള്ളി താഴേയിട്ടു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് രക്ഷിക്കാനായാണ് മകന്‍ വെടിയുതിര്‍ത്തത്.
വെടിയേറ്റവരെയും അക്രമികളുടെ കൂടെ താന്‍ കണ്ടിരുന്നു. അവശയായ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ചിലരാണ് വീട്ടിലെത്തിച്ചത്. ഏതാനും സമയത്തിന് ശേഷം പോലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞതാണ്. എന്നാല്‍ മകന് രണ്ടിടത്തായി മര്‍ദ്ദനമേറ്റ സംഭവത്തിലും തന്നെ ഉപദ്രവിച്ച കാര്യത്തിലും സി.സി.ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് കേസെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.
ശനിയാഴ്ച്ച രാത്രി 10.30 ഓടെ അറക്കുളം എ.കെ.ജി കോളനി ജങ്ഷനില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇടുക്കി കീരിത്തോട് സ്വദേശിയും മലമറ്റത്ത് ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബു (32) വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ (32) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി.
കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും.
നമ്മള്‍ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.
വില്ലന്‍കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി, പിന്നീട് കോമഡി കഥാപാത്രങ്ങളടക്കം കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് ബൈജു എഴുപുന്ന. മമ്മൂട്ടിയുടെ മധുരരാജയിലും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലും മുഴുനീള വേഷം കൈകാര്യം ചെയ്യാന്‍ ബൈജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍.
ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു എഴുപുന്ന.’എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം.ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ
എന്നാല്‍ ലാലേട്ടന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല. ബൈജു കൂട്ടിച്ചേര്‍ത്തു.
ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെ തുടർന്ന് പ്രവാസിയായ 42കാരൻ നാട്ടിലെത്തി ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഐക്കരപ്പടി നിരോലിപ്പാടത്ത് ബ്‌ളു ബെൽ വീട്ടിൽ താമസിക്കുന്ന ജാസ്മിർ (42) ആണ് ഭാര്യ നാഫ്തിയയെ ഞായറാഴ്ച രാവിലെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വിദേശത്തായിരുന്ന ജാസ്മിർ നാട്ടിലെത്തിയത് ഒന്നരവർഷം മുമ്പാണ്. കുട്ടികളെ വീട്ടിൽ നിന്നും മാറ്റിയതിന് ശേഷമായിരുന്നു ക്രൂരകൃത്യം.
നാഫ്തിയ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം മുങ്ങിയ ജാസ്മിർ തന്നെയാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതും. വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ എംസി പ്രമോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ജാസ്മിറിനെ പിടികൂടുകയുമായിരുന്നു.
രണ്ടുദിവസം മുൻപ് ജാസ്മിർ കുട്ടികളെ കടലുണ്ടിയിലെ തന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. കൃത്യം നടക്കുന്ന സമയം ഇവർ രണ്ടുപേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യയെക്കുറിച്ച് ജാസ്മിറിനുണ്ടായ ചില സംശയങ്ങളാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പ്രതി ദിലീപ്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. ഫോണിലെ ഫോറെന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ച ദിലീപില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെന്‍സിക് പരിശോധനയില്‍ നിന്നും നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നെന്ന വിവരം പ്രമുഖ ദൃശ്യ മാധ്യമം നേരത്തെ പുറത്തു വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വന്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കും.
അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ്യുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.