കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റി നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍ നൗജ്ഷ് മണ്ഡല്‍, നൂറാമിന്‍ എന്നിവരാണ് മരിച്ചത്.
തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. ആറ് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. മണ്ണിനിടയില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതെന്ന് അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
അപകടം നടന്ന ഉടനെ രണ്ട് പേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയെത്തി. പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത്.
ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ആണ് ഭാവനയെ വേദിയിലേക്ക് ആനയിച്ചത്. സദസിലും വേദിയിലുമുള്ളവർ എഴുന്നേറ്റുനിന്ന് ഭാവനയെ സ്വാഗതം ചെയ്തു. മുഖ്യാതിഥികളെ സ്വാഗതം ചെയ്ത ശേഷമായിരുന്നു ഭാവനയെ അക്കാദമി ചെയർമാൻ വേദിയിലേക്ക് ക്ഷണിച്ചത്.
ഐഎസ് ഭീകരരുടെ ആക്രമണത്തിൽ കാലുകൾ നഷ്ടമായ കുർദിഷ് സിനിമ സംവിധായിക ലിസ ചലാനൊപ്പമായിരുന്നു ഭാവനയേയും ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചത്. ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രമേയമായി തെരഞ്ഞെടുത്ത് അതിജീവനവും പോരാട്ടവും എന്നതായിരുന്നു.
പ്രഭാതനടത്തത്തിനിറങ്ങിയ ആത്മസുഹൃത്തുക്കൾ ടോറസ് ലോറിയിടിച്ചു മരിച്ചുവെന്ന വാർത്ത കേരളം അതിരാവിലെ ഞെട്ടലോടെയാണ് കേട്ടത്. നൂറനാട് വാലുകുറ്റിയിൽ വി.എം. രാജു, താഴമംഗലത്ത് വിക്രമൻ നായർ, കലാമന്ദിരം രാമചന്ദ്രൻ നായർ എന്നിവരാണ് അതിദാരുണമായി മരിച്ചത്. പണയിൽ പാലമുക്കിലെ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറിയാണ് നാലുപേരെ ഇടിച്ചിട്ടശേഷം നിർത്താതെപോയത്.
ഈ അപകടത്തിൽ സംഘത്തിലെ സോപാനത്തിൽ രാജശേഖരൻ നായർ മാത്രമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ആത്മസുഹൃത്തുക്കളുടെ വേർപാട് നൂറനാട് പണയിൽ സോപാനത്തിൽ രാജശേഖരൻ നായർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സ്ഥിരമായി പ്രഭാതനടത്തത്തിനിറങ്ങിയിരുന്ന നാൽവർസംഘത്തിൽ ഇനി താൻ മാത്രമാണ് ബാക്കിയെന്ന സത്യം ഉൾകൊള്ളാൻ സാധിക്കാതെ മൗനത്തിലാണ് ഇദ്ദേഹം.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലേക്കു കൊണ്ടുവന്നു. ആശുപത്രി വിടുന്നതിനു തൊട്ടുമുൻപാണ് അപകടത്തിൽപ്പെട്ട മൂന്നു സുഹൃത്തുക്കളുടെയും മരണം രാജശേഖരൻ നായർ അറിയുന്നത്. ശരീരമാസകലമുള്ള വേദനയ്ക്കുമപ്പുറം സൃഹൃത്തുക്കളുടെ വേർപാടിന്റെ വേദന താങ്ങാനാകുന്നില്ലെന്ന് രാജശേഖരൻ നായർ പറഞ്ഞു. കുറേവർഷങ്ങളായി ഇവർ ഒരുമിച്ചാണ് പ്രഭാതസവാരിക്കിറങ്ങുന്നത്.
രാജശേഖരൻ നായരുടെ വാക്കുകൾ;
അടുത്ത വീട്ടുകാരനായ വിക്രമൻ നായരെയും കൂട്ടി കെപി റോഡിലെത്തുമ്പോൾ രാജുവും രാമചന്ദ്രൻ നായരും അവിടെയുണ്ടാകും. ഒരുമിച്ച് പടനിലംവരെ നടന്നുമടങ്ങുമായിരുന്നു. കെ.പി.റോഡിൽ വാഹനത്തിരക്കും അപകടങ്ങളും വർധിച്ചതോടെയാണ് നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ നടക്കാൻ തുടങ്ങിയത്. രാജുവിനെയുംകൂട്ടി രാമചന്ദ്രൻ നായർ പണയിൽ ഭാഗത്തേക്കു നടപ്പ് ആരംഭിക്കും. ഈ സമയം താനും വിക്രമൻ നായരും പള്ളിമുക്കിലേക്കു നടക്കും.
ഇടയ്ക്കു തമ്മിൽ കാണുന്ന സ്ഥലത്തുനിന്ന് ഒരുമിച്ച് പള്ളിക്കൽ ഗണപതിക്ഷേത്രത്തിന്റെ വഞ്ചിമുക്കുവരെ പോയി മടങ്ങുകയാണു പതിവ്. വ്യാഴാഴ്ചയും പതിവുപോലെ നടന്നശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് പോകുന്നതിനു മുൻപായി ഒരു കാർ പോയിരുന്നു. ഈ സമയം റോഡരികിലേക്കു മാറി. സെക്കൻഡുകൾക്കുള്ളിലാണ് അമിതവേഗത്തിൽ ടോറസ് വന്ന് ഇടിച്ചുതെറിപ്പിച്ചത്. തെറിച്ചുവീണ താൻ എഴുന്നേറ്റെങ്കിലും ഒന്നിനും കഴിയുമായിരുന്നില്ല. എന്റെ നിലവിളിയും ശബ്ദവുംകേട്ട് ചിലരൊക്കെ ഓടിവന്നെങ്കിലും അടുത്തേക്കു വരാൻ ആളുകൾ ആദ്യം മടിച്ചു.
സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.
നൂറനാട്ട് നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ ലോറി പാഞ്ഞുകയറിയ അപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന രാമചന്ദ്രൻ (72) ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നു.
നൂറനാട് പണയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു.
ടിപ്പർ ഓടിച്ച ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് കുമാർ പിന്നീട് പോലീസിൽ കീഴടങ്ങി. ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ. കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.
കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, മാടപ്പള്ളിയിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി. ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സമാധാനപരമായി കല്ലിടുമെന്ന് സഭയിൽ നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചകൾക്കിടെയാണ് പ്രതിപക്ഷം ചങ്ങനാശേരിയിലെ പോലീസ് അതിക്രമം സഭയിൽ ഉന്നയിച്ചത്.
കോൺഗ്രസ് കെ റെയിലിനെതിരായി ആളുകളെ ഇളക്കിവിടുകയാണെന്നും ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ചങ്ങനാശേരി സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ അന്ധതമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാടപ്പള്ളിയിൽ നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മുൻ എംഎൽഎ ജോസഫ് എം.പുതുശേരിയെയും അറസ്റ്റ് ചെയ്തു. സിൽവർ ലൈനിനെതിരേ കൈയിൽ മണ്ണെണ്ണക്കുപ്പിയുമായാണ് സ്ത്രീകൾ പ്രതിഷേധിക്കാനെത്തിയത്.
ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. സ്ത്രീകളെ പോലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കല്ലിടൽ തുടരുകയാണ്.
പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പോക്‌സോ കേസില്‍ പൊലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് ലാത്തിവീശി. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചിഴച്ചു. മുന്‍നിരയില്‍ നിന്നിരുന്ന പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം കല്ലിടല്‍ തുടരുകയാണ്.
ജോസഫ് എം പുതുശേരിക്കും വിജെ ലാലിക്കും ഉൾപ്പെടെ പോലീസ് ആക്രമണത്തിൽ പരുക്കേറ്റു
നോട്ടീസ് പോലും നല്‍കാതെയാണ് സ്വകാര്യ ഭൂമിയില്‍ കയ്യേറി കല്ലിടുന്നതെന്ന് ജോസഫ് എം. പുതുശേരി പറഞ്ഞു. നനാട്ടുകാരെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഘഠര്‍ഷത്തില്‍ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനം പാലിക്കേറ്റ പോലീസ് പ്രശ്‌നം വഷളാക്കുകയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
രാവിലെ മുതല്‍ മനുഷ്യമതില്‍ തീര്‍ത്താണ് കക്ഷി ഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ശക്തമായ ചെറുത്തുനില്‍പ്പാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് അധികൃതര്‍ നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സര്‍വേ സംഘത്തെ തടയുകയും കല്ലുമായി വന്ന വാഹനം തടഞ്ഞിടുകയും ചെയ്തിരുന്നു.
കൊല്ലം ഭരണിക്കാവിൽ വെച്ച് റോഡിൽ വീണ യുവാവിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാർ ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സ്വകാര്യബാറിന് മുന്നിലെ റോഡിൽ വീണ പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് നിസാം അപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാർ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.
തുടർന്ന് അവശനായ നിസാം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ റോഡിന് നടുവിൽ വീണെങ്കിലും ജീവനക്കാർ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാർ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാൽ ശ്രദ്ധയിൽപ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് റോഡിൽ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.