കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍ ഉപയോഗം ഒഴിവാക്കാവുന്നതാണെന്നു വിദഗ്‌ധര്‍. ടി.പി.ആര്‍. ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക് ഉപയോഗം പരിമിതപ്പെടാത്താമെന്നും നിരീക്ഷണം. എന്നാല്‍, തല്‍ക്കാലം മാസ്‌ക് ഉപയോഗം തുടരണം.
കോവിഡ് 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ് സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം വ്യാപകമാണ്. പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കോവിഡ്‌വൈറസുകളെ നശിപ്പിക്കാനാണ് സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കൊറോണവൈറസുകള്‍ വായുവിലൂടെയാണ് മറ്റൊരാളിലേക്ക് രോഗം പകര്‍ത്തുന്നതെന്നുവൈദ്യശാസ്‌ത്രം കണ്ടെത്തിക്കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസിന്റെ തീവ്രമായ പുതിയ വകദേഭങ്ങള്‍ക്ക് സാധ്യത കുറഞ്ഞിട്ടുണ്ടെന്ന് കോവിഡ് രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി.വൈറസിന് ഗുണം ചെയ്യത്തക്ക രീതിയിലുള്ള പരിണാമങ്ങള്‍ ഉണ്ടായിട്ടുള്ളതായി സമീപകാലങ്ങളില്‍ റിപ്പോര്‍ട്ടുകളില്ല.
ഒമിക്രോണിന്റെ ബി.എ. 1, ബി.എ. 2 എന്നീ വകഭേദങ്ങളാണ് കേരളത്തില്‍ ഒടുവില്‍ രോഗം പടര്‍ത്തിയത്. അതില്‍ ബി.എ.2 വാണ് കൂടുതലായി രോഗംപകര്‍ത്തിയതെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ആറുമാസത്തേക്ക് നിരീക്ഷിക്കണം. അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.
മാസ്‌ക് മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് കോവിഡ് പകര്‍ച്ചവ്യാധി നേരിടുന്ന ഐ.എം.എ. ദേശീയ ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് ശീലമായതുകൊണ്ട് തിടുക്കത്തില്‍ മാറ്റേണ്ടതില്ല. വിദേശത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. പൊതുവേ അവര്‍ക്ക് മാസ്‌ക് ധരിക്കുന്നത് അപ്രിയമായതാണ് മുഖ്യകാരണം. കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും. അതുകൊണ്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട മരുകളായിരുന്നു കെ.പി.എ.സി. ലളിത. ഭരതന്റെ സഹധർമിണിയായി വടക്കാഞ്ചേരി എങ്കക്കാട് വന്ന ശേഷം നാലരപതിറ്റാണ്ട് ലളിതയുടെ കൂടെ നാടായിരുന്നു ഇത്.
1978ലായിരുന്നു സംവിധായകൻ ഭരതനുമായുള്ള വിവാഹം. പിന്നെ, ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി. ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. ഭരതന്റെ വീട്ടുപേര് പാലിശേരിയിൽ എന്നാണ്. തറവാട് വീടിനോട് ചേർന്ന ഭൂമിയിൽ പുതിയ വീടു പണിതപ്പോൾ വീടിനിടേണ്ട പേരിന്റെ കാര്യത്തിൽ ലളിതയ്ക്കു സംശയമുണ്ടായിരുന്നില്ല. പാലിശേരിയിൽ ഓർമ എന്നായിരുന്നു വീടിനിട്ട പേര്. 2004 ജനുവരിയിൽ പുതിയ വീട്ടിൽ താമസം തുടങ്ങി.
നാടുമായി ഇഴുകിച്ചേർന്നായിരുന്നു പിന്നീടുള്ള ജീവിതം. വടക്കാഞ്ചേരിയുടെ മരുമകൾ എന്ന വിളി എല്ലായ്പ്പോഴും ഇഷ്ടപ്പെട്ടിരുന്നു. 18 വർഷത്തെ താമസത്തിനിടയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നു. ഭരതനു നാട്ടുകാരിൽ നിന്ന് കിട്ടിയ സ്നേഹവും ആദരവും ലളിതയ്ക്കും കിട്ടി. സംഗീത നാടക അക്കാദമി അധ്യക്ഷയായതോടെ വടക്കാഞ്ചേരിയിലായിരുന്നു കൂടുതൽ ദിവസങ്ങളിലും താമസം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചതു ലളിതയെ ആയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. പക്ഷേ, പ്രാദേശികമായി പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നു. പരസ്യമായ പ്രതിഷേധങ്ങൾ കണ്ടതോടെ ലളിത തന്നെ പിന്മാറുകയായിരുന്നു. എന്നും പാർട്ടിക്കൊപ്പം നിന്നു.
ഇതു തിരിച്ചറിഞ്ഞിട്ടുള്ള പാർട്ടി നേതൃത്വം കയ്യൊഴിഞ്ഞില്ല. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടിക്കൂറിനുള്ള സമ്മാനം. ശുചിത്വ അംബാസഡർ പദവി നൽകി വടക്കാഞ്ചേരി നഗരസഭയും ഒപ്പംനിർത്തി. നാട്ടിലെ വിവാഹങ്ങൾക്കും എന്തിന് തീരെ ചെറിയ ചടങ്ങുകളിൽ പോലും പങ്കെടുക്കുമായിരുന്നു. എങ്കക്കാടിന്റെ ഹൃദയത്തിൽ ജീവിച്ച പ്രിയപ്പെട്ട മരുകൾ ഒരിക്കൽക്കൂടി അതേനാട്ടിലേക്ക് എത്തുകയാണ്. അന്ത്യവിശ്രമത്തിനായി.
മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വച്ച് പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. നിലവില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും. പ്രതിക്കെതിരെ ഒട്ടേറെ കേസുകള്‍ വേറെയുണ്ട്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ച് തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്ന മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മകളെ കഴിഞ്ഞ ദിവസം അര്‍ധരാത്രി എത്തിയാണ് പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നാണ് അകത്തു കടന്നത്.
തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളര്‍ന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിയുമായിരുന്നുളളു. പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുന്‍പും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയപ്പാടു മൂലം പുറത്തു പറഞ്ഞിരുന്നില്ല. പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറേയുമുണ്ട്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സാക്ഷി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആൾദൈവം ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി ഹരിയാന സർക്കാർ. ശിക്ഷ്യകളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 20 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ഗുർമീത് സിങ്ങിന് ഈ മാസം ആദ്യവാരംപരോൾ നൽകിയതിന് പിന്നാലെയാണ് ഇസഡ് സുരക്ഷയും അനുവദിച്ചിരിക്കുന്നത്. ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് 12 നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളുടെ സേവനമാണ് ലഭിക്കുന്നത്.
അതേസമയം, ഗുർമീതിന് ഖലിസ്ഥാൻവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്നുമാണ് സർക്കാർ വാദം. ദേരയുടെ ആസ്ഥാനമായ സിർസയിൽ വെച്ച് രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീതിനെ സിബിഐ അറസ്റ്റ് ചെയ്തത്.
പിന്നീട് 2017 ആഗസ്റ്റിൽ പഞ്ച്ഗുളയിലെ പ്രത്യേക സിബിഐ കോടതി ഇയാളെ 20 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഗുർമീതിനെ അറസ്റ്റ് ചെയ്തതിന് ഡൽഹി -പഞ്ചാബ്-ഹരിയാന പ്രദേശങ്ങളിൽ ദേര അനുനായികൾ കലാപം ഉണ്ടാക്കുകയും ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ജയിൽ ശിക്ഷ വിധിക്കപ്പെട്ട ഗുർമീത് ഈ മാസം ഏഴിനാണ് പരോൾ ലഭിച്ച് പുറത്തിറങ്ങിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുർമീതിന് പരോൾ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരോൾ എന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുർമീതിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുർമീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.
പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെയാണ് മഹേശ്വരി കെ.പി.എ.സി.യിലെത്തിയത്. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നതും. 1969ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂട്ടുകുടുംബത്തിൽ തുടങ്ങി ഇന്നോളം കെ.പി.എ.സി ലളിത എന്ന അഭിനേത്രി അടയാളപ്പെട്ടത് കാമ്പുള്ള കഥാപാത്രങ്ങളിലൂടെയാണ്.സ്വയംവരവും കൊടിയേറ്റവും അനുഭവങ്ങൾ പാളിച്ചകളുമൊക്കെയാണ് ആ രീതിയിൽ ആദ്യകാലത്ത് ലളിതയെ ശ്രദ്ധേയയാക്കിയതും.
ഷീലയും ശാരദയും അവിഭാജ്യമായ സിനിമാകാലഘട്ടം ഭാവിയിലേക്ക് സഞ്ചരിച്ചപ്പോഴും നായിക കഥാപാത്രങ്ങൾ കെവലം അരികുവൽകരിക്കപ്പെട്ടയിടത്താണ് ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ കെ.പി.എ.സി ലളിത മലയാള മുഖ്യധാര സിനിമയിൽ ശ്രദ്ധ നേടിയത്. 78ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തു.സത്യൻ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും സിദ്ദിഖ് ലാൽ സിനിമകളിലൂടെയെല്ലാം സജീവമായി നിന്നപ്പോഴും കെ.പി.എ.സി ലളിതയിലെ അഭിനേത്രിയെ പൂർണമായി കണ്ടെടുത്തത് ഭർത്താവും സംവിധായകനുമായ ഭരതന്റെ സിനിമകളായിരുന്നു.
അമരവും വെങ്കലവും കേളിയും ചുരവും തുടങ്ങി നാം കണ്ടാസ്വദിച്ച എത്രയെത്ര സിനിമകൾ. അമരത്തിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും കെ.പി.എ.സി ലളിതയ്ക്ക് ലഭിച്ചു. നീലപൊന്മാൻ, ആരവം,കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം സിനിമകൾ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജയരാജിന്റെ ശാന്തം ഒരിക്കൽകൂടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും കെ.പി.എ.സി ലളിതയിലേക്ക് എത്തിച്ചു. നായികമാർ വെറുതെ വന്നുപോയിരുന്ന കാലത്തും നായകന്റെയോ മറ്റ് കഥാപാത്രങ്ങളുടെയോ നിഴൽവീഴാതെ കെ.പി.എ.സി ലളിത അഭിനയിച്ചുജീവിപ്പിച്ച കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. അഞ്ഞൂറിലധികം സിനിമകളുടെ ഭാഗമായ അഞ്ച് പതിറ്റാണ്ട് കാലം മലയാളി പ്രേക്ഷകർക്ക് മുന്നിൽ കെ.പി.എ.സി ലളിതയില്ലാത്ത സിനിമകളായിരുന്നു അപൂർവം.
പ്രായഭേദമന്യേ കെ.പി.എ.സി ലളിതയുടെ നടനവൈഭവം ആസ്വദിച്ചവരാണ് മലയാളികള്‍. വര്‍ഷങ്ങള്‍ നീണ്ട നടനസപര്യയില്‍ ചിരിച്ചും കരയിച്ചും അവര്‍ വെള്ളിത്തിരയില്‍ ബാക്കിയാക്കുന്നത് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്
ഏഴാം ക്ലാസുകാരി മഹേശ്വരി കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേരാന്‍ തീരുമാനിച്ച നിമിഷത്തോട് മലയാളി എത്രമേല്‍ കടപ്പെട്ടിരിക്കുന്നു എന്നതിന് അന്‍പതാണ്ടിന്റെ വേഷപ്പകര്‍ച്ചയാണ് സാക്ഷി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെ നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷം, പേരിനൊപ്പം പ്രശസ്തിയിലേക്ക് എഴുതപ്പെട്ട കെപിഎസിയിലെത്തി. ആദ്യകാലത്ത് ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി . പാട്ടിനൊപ്പിച്ച് മുഖത്ത് മിന്നിമാഞ്ഞിരുന്ന അഭിനയത്തിന്റെ രസഭാവങ്ങള്‍ ശ്രദ്ധയില്‍ പെട്ട തോപ്പില്‍ ഭാസി അഭിനയത്തിന്റെ വാതില്‍ തുറന്ന് മഹേശ്വരിയെന്ന പേരും മാറ്റി അവരെ കൈപിടിച്ചുകയറ്റി. എണ്ണം പറഞ്ഞ നാടകത്തട്ടകങ്ങള്‍ സമ്മാനിച്ച കെപി എസിയെ പേരിനൊപ്പം ചേര്‍ത്ത് പുതിയൊരു താരോദയം അങ്ങനെ പിറവിയായി.
ഉദയായുടെ സിനിമയിലൂടെ അരങ്ങേറ്റം. കൂട്ടുകുടുംബം എന്ന നാടകത്തിലെ അതേ കഥാപാത്രം തന്നെ വെള്ളിത്തിരയിലും. കെ എസ് സേതുമാധവന്‍, തോപ്പില്‍ ഭാസി, കുഞ്ചാക്കോ എന്നിവരിലൂടെ പിച്ചനടന്ന ലളിതയിലെ നടി ഒരു ചെറിയ ഇടവേളയെടുത്ത് തിരികെയെത്തുമ്പോള്‍ വേറിട്ടൊരു ചമയഭാഷയ്ക്ക് പാകപ്പെട്ടിരുന്നു. അഭിനയ പടവുകളിലേക്ക് അതിവേഗമോടിക്കയറാന്‍ തിരയൊരുക്കിയത് വിന്‍സെന്റും അടൂരും ഭരതനും സത്യന്‍ അന്തിക്കാടുമൊക്കെയായിരുന്നു.
1978 ൽ ഭരതനെ വിവാഹം കഴിച്ച് ലളിത എങ്കPക്കാടിന്റെ മരുമകളായി. വെള്ളിത്തിരയില്‍ പിന്നെക്കണ്ട നടനവിലാസമത്രയും ഭരതനും ലളിതക്കും വീട്ടുകാര്യം കൂടിയായിരുന്നു. പാലിശ്ശേരി ത്തറവാടിന്റെ വീട്ടുമുറ്റത്തും സുബ്രമണ്യക്കോവിലിന്റെ ഒതുക്കുകല്ലിലുമിരുന്ന് അമരവും കേളിയും വെങ്കലവും പാകപ്പെടുമ്പോള്‍ വീടിന്റെ അകത്തളത്തില്‍ നിന്ന് ലളിതയത് നോക്കിക്കണ്ടു. സന്തോഷത്തിന്റെ അളവ് കോലിനെപ്പറ്റി എത്രകാലം മലയാളി തത്വം പറയുന്നോ അക്കാലമത്രയും ലളിതച്ചേച്ചിയുടെ ഡയലോഗ് മുന്നില്‍ നില്‍ക്കും. സ്വതസിദ്ധമായിരുന്നു ആ നടനവൈഭവം. വര്‍ത്തമാനത്തിലും നടത്തത്തിലും ഒക്കെ തെളിഞ്ഞ് കണ്ടിരുന്ന തനി നാടന്‍ ലളിത സിനിമയിലും അതാവര്‍ത്തിച്ചു. ലല്ലു എന്നും ലല്‍സെന്നും ഒാമനപ്പേരിട്ട് സഹപ്രവര്‍ത്തകര്‍ അവരെ ചേര്‍ത്തുനിര്‍ത്തി. തിലകന്‍, നെടുമുടി, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദനന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേരുമ്പോള്‍ വെള്ളിത്തിരയില്‍ നമ്മളാസ്വദിച്ചത് പകരം വെക്കാനില്ലാത്ത പ്രകടനമികവായിരുന്നു. സംവിധാനം സത്യന്‍ അന്തിക്കാട് എന്ന് കണ്ടാല്‍ ലളിത എന്ന പേര് എഴുക്കാണിക്കാതിരിക്കില്ല എന്നത് മലയാളിയുടെ ബോധ്യമായിരുന്നു.
ജീവിതത്തലെ പടവില്‍ പലവട്ടം ഇടറിവീണപ്പോഴും കണ്ണീരില്‍ക്കുതിര്‍ന്ന ചിരിയായിരുന്നു ലളിത. ഗുരുവായും പ്രാണപ്രിയനായും കൈപിടിച്ച ഭരതന്റെ വിയോഗശേഷം നയിച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളിലൊക്കെയും ലളിതയെന്ന വൈഭവിയെക്കണ്ടത് ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രമാവാം. ആശ്വസിപ്പിക്കാന്‍ ചെല്ലുമ്പോഴൊക്കെ നീയിവിടെ അടുത്തിരുന്നാമതി എന്ന് പറഞ്ഞുകേട്ടത് അവര്‍ക്ക് മറക്കാനുമാവില്ല. ചേര്‍ച്ചയില്ലാത്ത പദവികളാണോ എന്ന് സംശയിച്ച കൂട്ടരോടൊക്കെയും ലളിതച്ചേച്ചിക്ക് ഒരേ ഉത്തരമായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ നടക്കും. തൃപ്പൂണിത്തുറയിലെ സ്കൈ ലൈന്‍ ഫ്ലാറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ന് എട്ടുവരെ പൊതു ദര്‍ശനം. തുടര്‍ന്ന് തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പതിനൊന്നര വരെ പൊതുദര്‍ശനം ഉണ്ടാകും. തൃശൂരിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ഇന്നലെ രാത്രിയിലാണ് അന്തരിച്ചത്. അസുഖംമൂലം ചികില്‍സയിലിരിക്കെയാണ് അന്ത്യം. നടന്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, മഞ്ചു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇനി ലളിച്ചേച്ചിയില്ല എന്നത് സിനിമലോകത്തിന് മാത്രമല്ല അവരെ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ കണ്ട കളറില്‍ കണ്ട ഒാരോ കാലഭേദത്തിനും ഉള്‍ക്കൊള്ളാനാവില്ല. ഇനി ഒാര്‍മയെന്ന എങ്കക്കാട്ടെ സ്വപ്നക്കൂട്ടില്‍ നരസിംഹമൂര്‍ത്തിയമ്പലത്തിന് മുഖം കൊടുത്ത് കുറേ ഒാര്‍മകള്‍ മാത്രം.
കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..550ല്‍അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്നു തൃശൂരിലേക്കു കൊണ്ടുപോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിക്കും. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ’ വീട്ടുവളപ്പിൽ നടക്കും.
രണ്ട് തവണ ദേശീയ പുരസ്കാരവും നാലിലേറെ തവണ സംസ്ഥാന പുരസ്കാരവും ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അമ്പത് വർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമായിരുന്നു. യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
ആലപ്പുഴയിലെ കായംകുളത്ത് ഫോട്ടോഗ്രാഫറായിരുന്ന കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയും മകളായി ജനിച്ചു. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ചങ്ങനാശേരി ഗീഥായുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അവിടെവച്ചാണ് ലളിത എന്ന പേർ സ്വീകരിക്കുന്നത്. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. 1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു.
സന്മനസ്സുള്ളവർക്ക് സമാധാനം, പൊൻ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗോഡ് ഫാദർ, അമരം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തി പ്രാവ്, ശാന്തം തുടങ്ങിയ 550ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു.
ആറാട്ട് സിനിമയുടെ തിയേറ്റര്‍ റിവ്യൂ പറയാന്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മുന്നിലെത്തി ട്രോളുകള്‍ ഏറ്റു വാങ്ങി വൈറലായ ആരാധകനാണ് സന്തോഷ് വര്‍ക്കി. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ മോഹന്‍ലാല്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു.
ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ്. ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന്‍ ആരാധകനാണെന്നും പറയുകയാണ് സന്തോഷ്. മോഹന്‍ലാല്‍ സിനിമകള്‍ക്ക് നേരെ നടക്കുന്ന ഡീഗ്രേഡിംഗിനെ കുറിച്ചും സന്തോഷ് പറയുന്നുണ്ട്.
ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഒടിയന്‍ മുതല്‍. അത് എന്താണെന്ന് മനസിലാവുന്നില്ല. തനിക്ക് തോന്നുന്നു, പുള്ളി ഒരു ആര്‍എസ്എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഇത് വരുന്നത് എന്ന്.
നരേന്ദ്രമോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷി രാഷ്ട്രീയമൊന്നുമില്ല എന്നാണ് സന്തോഷ് പറയുന്നത്. കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പ്രതികരിച്ചത്.
ക്രൂരമര്‍ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാക്കനാട് പള്ളത്തുപടി സ്വദേശിയായ മൂന്നു വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ശിശുക്ഷേമസമിതി അംഗങ്ങള്‍ ഇന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായി സൂചന. നിലവില്‍ ഇവര്‍ പ്രതികളല്ലെന്നു തൃക്കാക്കര പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളില്‍നിന്നു തന്നെയായിരിക്കും മര്‍ദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
കുട്ടി അപസ്മാരം വന്നു വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിക്കു ബാധ കയറിയതാണെന്നും മുകളില്‍നിന്ന് എടുത്തു ചാടുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു.
കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ കുട്ടിയെ ആരോ മര്‍ദിച്ചു എന്ന അമ്മൂമ്മയുടെ മൊഴിയുമുണ്ട്. മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ബന്ധുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
മൂന്നു വയസുകാരിക്കു പരിക്കു പറ്റിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ പരിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശിയുമാണ് പഴങ്ങനാട് ആശുപത്രിയില്‍ എത്തിയത്. വീണ് പരിക്കു പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്.
കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍ പോലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മുറിവുകളും കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്നു പോലീസ് സംശയിക്കുന്നു.
കുട്ടിയോടൊപ്പം താമസിച്ചവരെ ഒറ്റക്ക് ചോദ്യം ചെയ്താതാലെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ ബന്ധുക്കളായിട്ടുള്ളവര്‍ വ്യത്യസ്തമായ മൊഴികളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കുട്ടി തനിയെ വരുത്തിയ പരിക്കുകളാണെന്ന ബന്ധുക്കള്‍ പറഞ്ഞത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാസം 22 നാണ് പുതുവൈപ്പ് സ്വദേശി കാക്കനാട് പള്ളത്തുപടിയിലെ വീട് വാടകയ്ക്ക് എടുത്തത്. അന്ന് രാത്രിയിലാണ് കുടുംബസമേതം വാടക വീട്ടില്‍ ഇവര്‍ താമസിക്കാന്‍ എത്തിയതെന്നും പരിസരവാസികളുമായി യാതൊരു ബന്ധം സ്ഥാപിക്കുന്ന രീതിയിലുള്ള സമീപനമായിരുന്നില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുനി കൈലാസ് പറഞ്ഞു.
പള്ളത്തുപടിയിലുള്ള ഒരു വ്യക്തിയുടെ മൂന്ന് നില അപ്പാര്‍ട്ട്മെന്റിലെ മൂന്നാം നിലയിലെ വീടാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. പരിക്കുപറ്റിയ കുട്ടിയുടെ അമ്മയും അമ്മയുടെ ജ്യേഷ്ഠ സഹോദരിയും അവരുടെ ഭര്‍ത്താവും ഇവരുടെ മകനായ പന്ത്രണ്ടു വയസുകാരനും അമ്മൂമ്മയും ഒന്നിച്ചാണ് വാടക വീട്ടില്‍ താമസിക്കുന്നത്.
മൂന്നു വയസുകാരി കുട്ടിയുടെ കരച്ചില് പോലും പുറത്തു കേട്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവും പന്ത്രണ്ടു വയസുകാരനും തോളില്‍ ഒരു ബാഗ് മായി ഞായറാഴ്ച രാത്രിയില്‍ വെളിയിലേക്കു പോകുന്നതു കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു. അന്നു രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
അമ്മൂമ്മ, അനുജത്തി, പന്ത്രണ്ടു വയസുകാരന് എന്നിവരെ വാടക വീട്ടിലാക്കിയിട്ടു ഭാര്യയും ഭര്‍ത്താവുമൊന്നിച്ചു ജോലിക്കായി കാനഡയില്‍ പോകുമെന്നാണ് പറഞ്ഞതെന്നു കെട്ടിട ഉടമ പറഞ്ഞു. മൂന്നു മാസം പള്ളിക്കരയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്
അവിടെ ബഹളം വച്ചു ജനല്‍ പാളികള്‍ തകര്‍ത്തപ്പോഴാണ് പറഞ്ഞയച്ചതെന്നു ഫ്ളാറ്റ് ഉടമ പറഞ്ഞു. കുട്ടി പരിക്കുപറ്റി ആശുപത്രിയി ലായ സംഭവം അറിഞ്ഞപ്പോള്‍ പള്ളിക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് അവിടെനിന്ന് ഇവരെ ഒഴിവാക്കിയ വിവരം അറിഞ്ഞതെന്നും പള്ളത്തുപടിയിലെ ഫ്ളാറ്റുടമ പറഞ്ഞു.
കുട്ടിക്ക് ഗുരുതരമായി പരിക്കുപറ്റിയ സംഭവം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. ഈ സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടുണ്ട്.
ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിൽ എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിംഗാന് സൈബർ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന് രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാൻ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാൻ വിവാദ പരാമര്‍ശം നടത്തിയത്. “ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാൻ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്സിനെയും സ്ത്രീകളെ തന്നെയും ജിംഗാൻ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുൻ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച 21 ാം നമ്പർ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആരോധകർ ആവശ്യപ്പെട്ടു.
ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.
നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.