ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ വാര്യാട് ഉണ്ടായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണവും അമിതവേഗമാണ്. അൽപകാലം അപകടങ്ങൾ വിട്ടുനിന്ന ഇടവേളക്കുശേഷമാണ് വാര്യാട് മൂന്നുപേരുടെ ജീവൻ കവർന്ന അപകടം നടന്നിരിക്കുന്നത്.
നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു കാക്കവയൽ. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് അപകടങ്ങൾ കൂടുതലുണ്ടാവാറുണ്ടെങ്കിലും ഇത്രയുംവലിയൊരു അപകടമുണ്ടാവുകയും മൂന്നുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തത് പ്രദേശവാസികളെ ഒന്നാകെ സങ്കടത്തിലാക്കി.
കാറിൽ യാത്രചെയ്തിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തമിഴ്നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), പ്രവീഷിന്റെ അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ശ്രീജിഷയുടെയും മകൻ ആരവിനെ (രണ്ടര) സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് പ്രവീഷും കുടുംബവും സഞ്ചരിച്ച കാർ മിൽമ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. സുൽത്താൻബത്തേരി ഭാഗത്തുനിന്ന് കല്പറ്റ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്രവീഷിനെയും പ്രേമലതയെയും കല്പറ്റ ലിയോ ആശുപത്രിയിലും ശ്രീജിഷയെ കൈനാട്ടി ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വിജയനാണ് പ്രവീഷിന്റെ അച്ഛൻ.
അച്ഛനും അമ്മയും അച്ഛമ്മയും നഷ്ടമായ ആരവിന്റെ അവസ്ഥ അപകടത്തിന്റെ നോവുകൂട്ടി. ഗുരുതരമായി പരിക്കേറ്റ ആരവ്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിലായിരുന്നു മൂന്നുപേരുടെ ജീവൻ കവർന്ന അപകടം. അപകടത്തിന് അധികം ദൃക്സാക്ഷികളുമില്ല. സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചപ്പോഴുണ്ടായ വലിയശബ്ദം കേട്ടാണ് സമീപപ്രദേശത്തുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതം കാറിന്റെ തകർച്ചയിൽനിന്നുതന്നെ വ്യക്തമാണ്. കാർ പൂർണമായി തകർന്നു. മീനങ്ങാടി പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിലേ അപകടകാരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇന്റർസെപ്റ്റർ ഉൾപ്പെടെയുള്ള നിരീക്ഷണങ്ങളും ഈമേഖലയിലുണ്ട്.
എ ഡി ജി പി ശ്രീജിത്തിനെതിരെ പരാതിയുമായി ദിലീപ്. എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്. പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.
മൂന്നുവയസുകാരന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിയത്.
‘കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതൽ അന്വേഷണം വേണമെന്നും’ പിതൃസഹോദരൻ ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഷമീർ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവൻ രക്ഷിക്കാനായില്ല.
രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്നാണ് പോലീസിനോട് മാറ്റി പറഞ്ഞത്. ഇതോടെയാണ് പാലക്കാട് കസബ പോലീസിന് സംശയം തോന്നി ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെ ആസിയ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.
‘അമ്മയ്ക്ക് മാത്രമല്ല, മറ്റ് മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ആരുടെ കൂടെ പോകണമെങ്കിലും പൊയ്ക്കോട്ടെ. ആ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?
ഒരു പവന്റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ പോയത്. പക്ഷേ പിന്നീട് വിളിച്ച് ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചു നോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയത്’. മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു.
കുറെക്കാലമായി ആസിയയും ഭർത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തർക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ കുഞ്ഞ് ഉണ്ടെന്ന കാര്യം ഈ ആൺസുഹൃത്തിനോടു പറഞ്ഞിരുന്നില്ല.
പിന്നീട് ഇയാൾ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാൻ ആസിയ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
എലപ്പുള്ളിയിൽ ആസിയയുടെ വീട്ടിൽ കഴിഞ്ഞദിവസം മൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസ്റ്റഡിയിലെടുത്ത് കസബ പോലീസ് ചോദ്യം ചെയ്തത്.
ലവ് ജിഹാദ് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് മാപ്പ് പറയേണ്ടിവരുമെന്ന് താന്‍ കഴിഞ്ഞദിവസം പറഞ്ഞത് യാഥാര്‍ത്ഥ്യമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീവ്ര വര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതര സമൂഹം അംഗീകരിച്ചേ മതിയാകൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണ്. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ പറഞ്ഞു.
ലവ് ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ തയ്യാറായ ജോര്‍ജ് എം തോമസിന് ഇനി എത്ര നാള്‍ പാര്‍ട്ടിയില്‍ തുടരാനാവുമെന്ന് കണ്ടറിയണം എന്നായിരുന്നു കഴിഞ്ഞദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നുകില്‍ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും. ഏതായാലും കോടഞ്ചേരിയില്‍ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്ന് ലവ് ജിഹാദ് വിവാദങ്ങളില്‍ വിശദീകരണവുമായി ജോര്‍ജ് എം തോമസ് രംഗത്തെത്തിയതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പുതിയ പ്രതികരണം.
ലവ് ജിഹാദില്‍ ജോര്‍ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നല്ലോ.
ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി.ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്ക് അയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല -എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.
കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. ഒരു രൂപാ നോട്ടില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല, ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ഈ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. അവര്‍ ചൊറിയന്‍ മാക്രി പറ്റങ്ങളാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിമാര്‍ വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു.
കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ദിലീപിനും കാവ്യയ്ക്കും എതിരെ ഇവരുടെ അടുത്ത സുഹൃത്തുക്കൾ തന്നെ പല നിർണ്ണായക വെളിപ്പെടുത്തലും നടത്തുകയാണ്. പലതും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.
കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ ദിലീപിനെതിരെയും കാവ്യക്കെതിരെയും നിർണായകമായ പല തെളിവുകൾ പുറത്തു വിട്ടിരിക്കുകായാണ് .അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിട്ടുള്ളത് .
അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ ആണ് ,മഞ്ജുവിനു ഭർത്താവ് എന്ന നിലയിൽ ദിലീപിനെ ഭയമായിരുന്നു. വിവാഹബന്ധം വേർപിരിയുന്നതുവരെ ഓരോ ദിവസവും മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയത്. പക്ഷെ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ളതാണ്.
കാവ്യയുടെ സാമ്പത്തിക ശേഷിയും സൗധര്യവും ആയിരിക്കാൻ അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നും പുറത്ത് നിന്നും ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല.
കാവ്യയുമായി തമിഴ്‌നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ആദ്യം ഉദ്ദേശിച്ചിരുന്നത്.എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല.നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.
അങ്ങിനെയാണ് അവർ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങൾ ഉണ്ടായത്. മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു.
എന്നാൽ ഈ സമയം ദിലീപ് കാവ്യയെ ഫോൺ വിളിച്ചു കൊണ്ട് മറ്റൊരു മുറിയിലെ ബാത്ത്റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത മഞ്ജു ഇന്ന് ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണ്.ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് മഞ്ജു .എന്നാണ് ലിബേർട്ടി ബഷീർ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .
സ്വന്തം ലേഖകൻ
ഡെൽഹി : ”പ്രായമായവർക്ക് സ്നേഹം ലഭിക്കാൻ, ഇത്തരം വൃദ്ധസദനങ്ങൾ നിർമ്മിക്കേണ്ടി വരരുതേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്നാൽ ആർക്കെങ്കിലും സ്നേഹം ലഭിക്കുന്നില്ലെങ്കിൽ, പരിചരണം ആവശ്യമുണ്ടെങ്കിൽ, വിഷമിക്കേണ്ട, ഞാൻ നിങ്ങളുടെ മകനാണ്, ഞാൻ നിങ്ങളെ പരിപാലിക്കും” കിഴക്കൻ ഡൽഹിയിലെ കാന്തി നഗറിൽ തലസ്ഥാനത്തെ ലോകോത്തര നിലവാരത്തിലുള്ള നാലാമത്തെ വൃദ്ധസദനം ‘ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോം’ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു. ”നമ്മുടെ മാതാപിതാക്കൾ ഒരിക്കലും അവരുടെ വീട് വിട്ടു പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ചില കാരണങ്ങളാൽ അവർക്ക് പോകേണ്ടി വന്നാലും അവരെ സന്തോഷിപ്പിക്കാൻ വേണ്ടത് എല്ലാം ചെയ്യും. ഞങ്ങൾ അവർക്ക് ഇവിടെ ഗൃഹാന്തരീക്ഷം ഒരുക്കും ” അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഇപ്പോൾ നാല് വൃദ്ധസദനങ്ങളുണ്ടെന്നും അഞ്ചെണ്ണം കൂടി ഉടൻ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തിൽ, ഈ ഒമ്പത് വൃദ്ധസദനങ്ങളിൽ 1,000 മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഡൽഹി സർക്കാർ മുതിർന്ന പൗരന്മാരെ ‘ജന്മയാത്ര’യ്ക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനാൽ 2020ലും 2021ലും യാത്ര നടത്താൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ അത് പുനരാരംഭിച്ചു. ഞങ്ങൾ എല്ലാ മുതിർന്ന പൗരന്മാരെയും വൃദ്ധസദനങ്ങളിൽ നിന്ന് തീർത്ഥയാത്രയ്ക്ക് അയയ്ക്കും,” അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ മുതിർന്നവർക്കായി നിർമ്മിച്ച ബാബ സാഹാബ് ഡോ. ഭീം റാവു അംബേദ്കർ സീനിയർ സിറ്റിസൺ ഹോമിൽ വലിയ മുറികളും, നല്ല ബാത്ത്റൂം, ഫിസിയോതെറാപ്പി സൗകര്യവും, ഡോക്ടർമാരും ഉണ്ടായിരിക്കുമെന്നും ഈ വസതിയിൽ എല്ലാ സൗകര്യങ്ങളും തികച്ചും സൗജന്യമായിരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു.

മുഖ്യമന്ത്രി തീർഥ യാത്രാ യോജന പ്രകാരം ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് സർക്കാർ ചെലവിൽ തീർത്ഥാടനം നടത്താം. മുതിർന്ന പൗരന്മാർക്കുള്ള അഞ്ചാമത്തെ സൗകര്യമാണ് പശ്ചിമ വിഹാറിൽ വരുന്നതെന്നും മൂന്ന് മാസത്തിനുള്ളിൽ ഇത് സജ്ജമാകുമെന്നും സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.

കൊല്ലം കൊട്ടാരക്കരയില്‍ നടുറോഡില്‍ ഉണ്ടായ കൂട്ടത്തല്ലില്‍ എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്കേറ്റു. ഓവര്‍ ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ശാസ്താംകോട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണന്‍ ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹെല്‍മറ്റ് കൊണ്ട് അമലിന്റെ തലയ്ക്കടിക്കുകയും തറയില്‍ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു.
അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.
ഗിന്നസ് പക്രുവിൻറെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
സുഹൃത്തുക്കളെ …..
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു…
കെ വി തോമസിനെതിരെ പ്രതിഷേധവുമായി ജന്മനാടായ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെ വി തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമേന്തി കുമ്പളങ്ങി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഘോഷയാത്ര നടത്തി. കെ വി തോമസിന്റെ ചിത്രം പതിപ്പിച്ച കോലത്തില്‍ ചെരുപ്പുമാല അണിയിച്ചായിരുന്നു മാര്‍ച്ച്. ‘തിരുത തോമാ, യൂദാസേ, വെളിയില്‍ ഞങ്ങളിറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും കണ്ണൂരില്‍ സിപിഐഎം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ എഐസിസി ആവശ്യപ്പെട്ടു.
അതേസമയം, തനിക്ക് കാരണം ബോധിപ്പിക്കാന്‍ 48 മണിക്കൂര്‍ മതിയെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.