വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണോ നിങ്ങൾ? ഒരു സംരംഭം തുടങ്ങാൻ താൽപ്പര്യമുണ്ടോ? എങ്കില്‍ നിങ്ങൾക്ക് കിട്ടും 30 ലക്ഷം രൂപ വരെ വായ്പ; അതും 15 ശതമാനം മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം) യോടെ. പിന്നെ 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്രവാസി സംരംഭകത്വ പദ്ധതി നോർക്കയാണ് നടപ്പാക്കുന്നത്.
∙രണ്ടു വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം.
∙വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക നൽകുന്നുണ്ട്.
∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ കേരളത്തിലെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകളിൽ നിന്ന് വായ്പ ലഭിക്കും.
∙നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റസ് (എൻ.ഡി.പി.ആർ.എം) എന്ന ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികളുടെ സൊസൈറ്റികൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്കും വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ, കൃഷി, വ്യവസായം, കച്ചവട സംരംഭങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. പ്രോജക്ട് റിപ്പോർട്ട്, പാസ്പോർട്ട് / വിസ എന്നിവയുടെ പകർപ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:1800 425 3939.
ന്യൂഡൽഹി : കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
1941 നവംബര്‍ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഒാണക്കൂറിലാണ് ജോർജ് ഓണക്കൂർ ജനിച്ചു. നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യ വിമർശകൻ ,തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. സംസ്ഥാന സർവ്വവിഞ്ജാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ.
‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശില്പി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചു വർഷം നിസ്തുല സേവനം അർപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു അവാർഡ്, ഗവേഷണ പ്രബന്ധത്തിന് ഇന്ത്യൻ സര്‍വകലാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്കാരം ,ഇന്ത്യൻ എഴുത്തുകാരനുള്ള യുറോ–അമേരിക്കൻ പ്രഥമ പ്രവാസി പുരസ്കാരം ,കേരള സാഹിത്യ അക്കാദമി അവാർഡ് (രണ്ടു തവണ–നോവലിനും യാത്രാവിവരണത്തിനും,) മദർ തെരേസ അവാർഡ്, കേരളശ്രീ അവാർഡ്, കേശവദേവ് ജന്മശതാബ്ദി പുരസ്കാരം, തകഴി അവാർഡ്, ദർശന അവാർഡ്, കെ സി ബി സി അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, കേശവദേവ് അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ജോജി തോമസ്
സ്ഥാപിതമായിട്ടുണ്ട് 125 വർഷങ്ങൾ പിന്നിട്ട കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യവിദ്യാലയമായ ചങ്ങനാശ്ശേരിയിലെ സെൻറ് ബർക്കുമാൻസ് സ്കൂൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് വളരെ അപൂർവ്വമായ ഒരു ഗുരുശിഷ്യ സമാഗമത്തിന്. ഒരു പക്ഷെ കേരളത്തിലെ ആദ്യ റസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നായ സെൻറ് ബർക്കുമാൻസ് ബോർഡിംഗിലെ പൂർവവിദ്യാർത്ഥികളാണ് തങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കാനും ബോർഡിംഗിൻ്റെ റെക്ടറായി ദീർഘനാൾ സേവനമനുഷ്ഠിച്ച ഫാ. ജോസ് പി കൊട്ടാരത്തെ ആദരിക്കുന്നതിനുമായി ഡിസംബർ 28 -ന് ഉച്ചതിരിഞ്ഞ് ഒരു കാലത്ത് തങ്ങൾ പഠിച്ചു കളിച്ചും, ഉണ്ടു ഉറങ്ങിയും ജീവിതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ച സ്കൂളിൻ്റെയും ബോർഡിംഗിൻ്റെയും പരിസരത്ത് ഒത്തുകൂടിയത്. ലോകത്തിൻ്റെ പല ഭാഗത്തുമായി വിവിധ ഇടങ്ങളിൽ ജീവിക്കുന്ന എസ്.ബി. ബോർഡിംഗിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമാനതകളില്ലാത്ത അനുഭവമാണ് ഒത്തു ചേരൽ സമ്മാനിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഫാ. ജോസ്. പി. കൊട്ടാരം തുടങ്ങി രൂപതയിലെ നിരവധി വൈദികരും, അധ്യാപകരും പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തിരുന്നു.
1891 – ൽ ചങ്ങനാശ്ശേരി രൂപതയുടെ ആദ്യ ബിഷപ്പായ മാർ ചാൾസ് ലെവ്ന്ത് ആണ് എസ് ബി ഹൈസ്കൂളും, ബോർഡിങും സ്ഥാപിക്കുന്നത്. ഉള്ളൂരിനെപ്പോലെ ഉള്ള പ്രമുഖരായ അധ്യാപകർ പഠിപ്പിച്ചിട്ടുള്ള എസ് ബി ഹൈസ്കൂളും, ബോർഡിങും വിദ്യാഭ്യാസരംഗത്തെ മാതൃകയായി ഉയർത്തിക്കൊണ്ടുവരാനും നിലനിർത്താനും ചങ്ങനാശ്ശേരി രൂപത എക്കാലവും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ്റെ രക്ഷാകർതൃത്തിലാണ് എസ് ബി ബോർഡിംഗും സ്കൂളും പ്രവർത്തിക്കുന്നത്. എസ് ബി സ്കൂളിൻ്റെ പിന്തുടർച്ചയായി ആണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നീട് പ്രശസ്തമായ എസ് ബി കോളേജ് ചങ്ങനാശ്ശേരി അതിരൂപത ആരംഭിക്കുന്നത്.
ഇനിയുള്ള വർഷങ്ങളിൽ ഒരു തവണയെങ്കിലും ഒത്തുകൂടാനുള്ള തീരുമാനം ഉണ്ടായ സംഗമത്തിൽ തലമുറകളുടെ ഗുരുനാഥൻ എന്ന് വിശേഷിപ്പിക്കുന്ന ഫാ. ജോസ് പി കൊട്ടാരത്തിന് പൂർവവിദ്യാർത്ഥികൾ സ്നേഹാദരങ്ങൾ അർപ്പിച്ചത് ഗുരുശിഷ്യ ബന്ധത്തിൻ്റെ നേർ കാഴ്ച ആയി . 1987മുതൽ 2018 വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന കാലയളവിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാൾ സ്ഥാനം വഹിച്ച സമയമൊഴികെ ഫാ. ജോസ് പി കൊട്ടാരം ആയിരുന്നു ബോർഡിംഗിൻ്റെ റെക്ടർ. ഇടക്കാലത്ത് നിന്നുപോയ ബോർഡിങ് 1987 -ൽ അന്നത്തെ രൂപതാ അദ്ധ്യക്ഷനായിരുന്ന മാർ ജോസഫ് പൗവ്വത്തിലിൻ്റെ പ്രത്യേക താത്പര്യപ്രകാരം പുനരാരംഭിച്ചതിനുശേഷമുള്ള വളർച്ചയിൽ ഫാ. ജോസ് . പി . കൊട്ടാരത്തിൻ്റെ സംഭാവനകൾ വളരെ വലുതാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് മാനേജർ പദവി വഹിക്കുന്ന അവസരത്തിൽ തന്നെയാണ് ഫാ. ജോസ് .പി. കൊട്ടാരം ബോർഡിംഗിൻ്റെ റെക്ടർ സ്ഥാനം വഹിച്ച് നിരവധി തലമുറകൾക്ക് പിതൃതുല്യമായ സ്നേഹം സമ്മാനിച്ചത്. വരുംവർഷങ്ങളിലും ഒത്തുകൂടി സ്നേഹം പുതുക്കണമെന്നും, ഗൃഹാതുരസ്മരണകൾ അയവിറക്കണമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് വിദ്യാരംഗത്തേ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കാവുന്ന എസ്. ബി ബോർഡിംഗിൻ്റെ പൂർവ്വവിദ്യാർത്ഥികൾ യാത്ര പറഞ്ഞത്.
തിരുവനന്തപുരം പേട്ടയിൽ കോളജ് വിദ്യാർഥി അയൽവീട്ടിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി തള്ളി പൊലീസ്. പേട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയിൽ അനീഷ് ജോർജ്(19) ആണ് പേട്ട ചായക്കുടി ലെയ്നിലെ സൈമൺ ലാലന്റെ വീടായ ഏദനിൽ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ സൈമൺ ലാലനെ(51) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിനെ കുത്തിയ വിവരം പേട്ട പൊലീസ് സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് അറിയിച്ചത്. പൊലീസ് എത്തി അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. ബുധനാഴ്ച പുലർച്ചെ 3.15ന് ആയിരുന്നു സംഭവം
കള്ളനാണെന്നാണു കരുതിയതെന്നും പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർഥം കുത്തിയതാണെന്നുമാണ് പ്രതി സൈമൺ ലാലന്റെ മൊഴി. എന്നാൽ പൊലീസ് ഇതു തള്ളുന്നു. സൈമണിന്റെ പ്ലസ് വൺ വിദ്യാർഥിനിയായ മകളും അനീഷും സുഹൃത്തുക്കളാണ്. പെൺകുട്ടിയെ കാണാനാകണം അനീഷ് ഈ വീട്ടിൽ എത്തിയതെന്നാണു പൊലീസ് കരുതുന്നത്. പെൺകുട്ടിയും അനീഷും മാതാവും പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു.
ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണു സൈമണും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ഇവിടെ നിന്നു മുക്കാൽ കിലോമീറ്റർ മാറിയാണ് അനീഷിന്റെ വീട്. പുലർച്ചെ മകളുടെ മുറിയിൽ സംസാരം കേട്ടു സൈമൺ എത്തി വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്നു ബലം പ്രയോഗിച്ചു കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ടു കുത്തിയെന്നുമാണു പൊലീസ് പറയുന്നത്.
കേരള സംഗീത സാഹിത്യ അക്കാദമി ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് എംജി ശ്രീകുമാര്‍. അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
”ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. കേട്ടു കേള്‍വി വച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സിപിഐഎമ്മിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പരിചയം പോലുമില്ല.” എംജി ശ്രീകുമാര്‍ പ്രതികരിച്ചു.
എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് അടക്കം ഉയര്‍ന്നിരുന്നത്.ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കേസിൽ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. മുന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ പദവി ഒഴിഞ്ഞത്.സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി. കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് കോടതി പരിഗണിക്കും.
കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ ഇഡി തന്നെ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് നടി ശ്രുതി ലക്ഷ്മി. മോന്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.
കലാകാരി എന്ന നിലയില്‍ പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോണ്‍സന്റെ വീട്ടില്‍ പോയത്. മോന്‍സണ്‍ മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞിരുന്നു.
മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. ശ്രുതിയുമായി മോന്‍സണ്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചത്.
മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സണിന്റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായി ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രുതി പറഞ്ഞിരുന്നു.
”ചില പരിപാടികള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോന്‍സന്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് മോന്‍സന്റെ അടുക്കല്‍ താന്‍ പോയത്. മുടികൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞു.
കുടുംബമായിട്ടാണ് പരിപാടികള്‍ക്ക് പോയത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു”.- ശ്രുതി പറഞ്ഞു.
പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്.
‘അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു’ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടി’ നടി പറയുന്നു.
‘അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു’ എന്നാണ് വിവാദങ്ങളോട് ശ്രുതി ലക്ഷ്മി പ്രതികരിച്ചത്.
മോന്‍സണ്‍ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നടി പറഞ്ഞിരുന്നു. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചു.
അനീഷ് ജോർജ്ജിനെ ലാലു എന്ന ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവെച്ച് പരിചയം ഉണ്ടായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ പെൺകുട്ടിയുടെ പിതാവ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വളരെ വിത്യസ്തമായ വാർത്തകളാണ്. പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലയാണ് നടന്നിരിക്കുന്നത്, മറ്റൊരു കെവിനായി മാറിയിരിക്കുകയാണ് അനീഷ്, പ്രണയത്തിന്റെ പേരിൽ നടന്ന ഞെട്ടിക്കുന്ന ക്രൂരമായ ദുരഭിമാനക്കൊലയാണെന്ന വിവരമാണ് അനീഷിന്റെ ബന്ധുക്കളും പിതാവും പങ്കുവെച്ചത്.
വളരെ ആസൂത്രിതമായാണ് കൊലപാതകം നടന്നത്, വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനീഷിനെ. ഫോൺവിളിച്ച് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഈ വിളിച്ച ഫോൺ പെൺകുട്ടിയുടെയാണോ ലാലുവിന്റെയാണോ എന്ന് പോലീസ് വ്യക്തമാക്കുന്നില്ല. തെളിവുകൾ പോലിസീന്റെ കയ്യിലുണ്ട്. നമ്മുടെ പോലിസ് സമ്പ്രദായങ്ങൾ എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം. ഒരു മകൻ മരിച്ച കുടുംബത്തോടുപോലും ലഭ്യമായ വിവരം പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ദുരൂഹത അന്വേഷണത്തിൽ നിലനിർത്തുന്നത് പോലിസിന്റെ ഒരു വിനോദമായി മാറിയിരിക്കുന്നു.
അനീഷ് ലാലുവിന്റെ വീട്ടിലെത്തിയപ്പോൾ ഒറ്റകുത്തിന് കുത്തിവീഴ്ത്തുകയായിരുന്നു, മരണ വെപ്രാളത്തിൽ പിടയുന്ന അനീഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കുടുംബാംഗങ്ങൾ തയ്യാറായില്ല. ഞാൻ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് ഗൃഹനാഥൻ പോലിസ് സ്റ്റേഷനിൽ പോയി അറിയിക്കുകയായിരുന്നു. തെറ്റു ചെയ്തിരുന്നെങ്കിൽ മകന്റെ കയ്യും കാലും തല്ലിയൊടിച്ച് ഇടാമായിരുന്നു, അല്ലെങ്കിൽ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കാമായിരുന്നു. എന്തിനാണ് ഈ കൊലപാതകം നടത്തിയത്, അവനെ ഞങ്ങൾക്ക് തിരിച്ചുകിട്ടുമായിരുന്നെന്ന് കണ്ണീരോടെ പിതാവും പറയുന്നു
അപകടം നടന്നെന്നു മാത്രമാണ് പൊലീസ് അനീഷിന്റെ കുടുംബത്തോട് ഫോണിലൂടെ പറഞ്ഞത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനു മുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി അനീഷിന്റെ പിതാവ് പറഞ്ഞു. പൊലീസ് ജീപ്പിൽ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം അറിഞ്ഞത്. പൊലീസ് ജീപ്പിൽതന്നെ പിതാവിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി. പിതാവിനെ കാണിച്ചശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്നു അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു.
സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.
കണ്ണകി എന്ന ജയരാജ് ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥന്‍ സ്വതന്ത്ര സംഗീത സംവിധായകനായി എത്തുന്നത്. ‘തിളക്കം’, ‘കണ്ണകി’ ഉള്‍പ്പെടെ ഇരുപത്തോഞ്ചളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തില്‍ 1963ലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു വിദ്യാഭ്യാസം. തിളക്കം സിനിമയിലെ സാറേ സാറേ സാമ്പാറേ, കരിനീലക്കണ്ണഴകീ…,എന്നു വരും നീ…, വേളിക്കു വെളുപ്പാന്‍ കാലം.., ഇനിയൊരു ജന്മമുണ്ടെങ്കില്‍.., കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതാണ്. സംഗീത ആല്‍ബങ്ങളും കൈതപ്രം വിശ്വനാഥന്റേതായുണ്ട്.
പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത ചുരുളഴിയുന്നു. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടിലെ തീപ്പിടിത്തത്തിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. മക്കളില്‍ ഒരാളെ കാണാനില്ലാത്തതിനാല്‍ ആരാണെന്നത് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. സംഭവം
കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നത്. മരിച്ചനിലയില്‍ കണ്ടെത്തിയത് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ(25) ആണെന്നാണ് നിഗമനം.
എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന അടക്കം നടത്തിയതിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. അതിനിടെ, ശിവാനന്ദന്റെ രണ്ടാമത്തെ മകള്‍ ജിത്തു(22)വിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ജിത്തു ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ജിത്തുവിനെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടില്‍ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. രണ്ട് മുറികള്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.
അഗ്‌നിരക്ഷാസേന തീയണച്ച ശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞിരുന്നു.
സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പോയിരുന്നതായാണ് പോലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോള്‍ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കള്‍ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബിബിഎ.യും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.
ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്താലേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.