നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായേക്കാവുന്ന ദിലീപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കേസില്‍ പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ 2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയില്‍ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും തുറന്നുപറയുന്നതാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു.
ദിലീപിനെതിരെ നവംബര്‍ 25 ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബാലചന്ദ്രകുമാര്‍ ഈ ശബ്ദരേഖകള്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസില്‍ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു.
‘ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.
ഇതെല്ലാം മറച്ചുവയ്ക്കാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപ വരെ നല്‍കാന്‍ താന്‍ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
മറ്റൊരു ശബ്ദരേഖയില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് പള്‍സര്‍ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്.
‘കൈയ്യില്‍ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവില്‍ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് സംഭാഷണത്തില്‍ പറയുന്നത്. ഇതിനിടെ ‘ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകള്‍ പുറത്തുവിട്ട ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതില്‍ സമര്‍പ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ അടുത്തബന്ധമെന്ന് ദിലീപിന്റെ മുൻസുഹൃത്ത് ബാലചന്ദ്രകുമാർ. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും സംവിധായകൻ കൂടിയായ ബാലചന്ദ്രകുമാർ പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഇത്ര വൈകിയുള്ള വെളിപ്പെടുത്തൽ കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ദിലീപിനത് ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.
2014 ൽ കഥപറയാനെത്തിയ കാലം തൊട്ട് ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും താൻ ദിലീപുമായി സൗഹൃദത്തിലായ സമയത്താണ് അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിന്റെ വിവാഹമോചനക്കേസ് നടന്നിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.
പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നെന്നാണ് സംവിധായകന്റെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ വീടിന്റെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നെന്നും അന്ന് വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അയാളെ പരിചയപ്പൈട്ടത്. ദിലീപിന്റെ സഹോദരൻ അനൂപും താനും പൾസർ സുനിയും ചേർന്നാണ് ഒരു കാറിൽ പോയത്.
കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനൂപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു. കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.’- ബാലചന്ദ്രകുമാർ പറയുന്നു.
‘പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു’- സംവിധായകൻ ആരോപിക്കുന്നു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
‘പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ദിലീപിനെ കണ്ടത്.പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു.’
‘ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.’- അദ്ദേഹം ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാട്ടി ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.
മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.
പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.
ഫേസ്ബുക്ക് പോസ്റ്റ്:
ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .
രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.
അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ പഠിക്കുന്ന പ്രേംകുമാര്‍ എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്ക് 21 വയസായിരുന്നു. തുടര്‍ന്നാണ് അശോകിന്‍റെയും അയാളുടെ സഹായത്തോടെയും പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാര്‍ത്ഥിനികള്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും തട്ടി. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. പ്രേംകുമാറിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായം തേടി. പ്രേംകുമാറിന്‍റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.
അശോകിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.
തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കുഞ്ഞിന്റെ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു.
എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. പിന്നീട് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു.
ജനിച്ചയുടനെ തന്നെ കുഞ്ഞ് കരയാതിരിക്കാൻ വെള്ളത്തിൽ മുക്കിയതും ഈ സംഭവത്തിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിൽ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടിൽ 22 കാരിയായ മേഘ, അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.
എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയും ബാഗിലാക്കി കാമുകന് ഉപേക്ഷിക്കാൻ നൽകുകയും ചെയ്തു.
താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബവും അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.
അന്തരിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നല്‍കും.
വന്‍ജനപ്രവാഹമാണ് പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അഞ്ചുമണിയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനിടെ എത്തിയ രാഹുല്‍ ഗാന്ധി പിടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു.
അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച സ്‌കൂളിലേക്ക് പോയ നന്ദനയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് തരപ്പെടുത്തിയ വിദ്യര്‍ഥിവിസയില്‍ യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് അറസ്റ്റിലായത്. ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളുപയോഗിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥി വിസ തരപ്പെടുത്തിയത്.
കഴിഞ്ഞദിവസം യു.കെ.യിലേക്കു പോകാന്‍ ബ്രിട്ടീഷ് എയര്‍വെയ്സിലാണ് സോജു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എമിഗ്രേഷന്‍ പരിശോധനകള്‍ക്കായി 18-ാം നമ്പര്‍ കൗണ്ടറിലെത്തിയ യുവാവിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതേത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് വ്യാജ സര്‍ട്ടഫിക്കറ്റുകളുപയോഗിച്ചാണ് വിസ തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
കേരളത്തിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയില്‍ ജോലിചെയ്യുന്ന ഡെന്നി എന്ന ആള്‍വഴി പരിചയപ്പെട്ട ബെംഗളൂരുവിലെ അനുരാഗാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ തരപ്പെടുത്തിത്തന്നതെന്ന് യുവാവ് മൊഴി നല്‍കി.
ഗുല്‍ബര്‍ഗ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകളും എന്‍.വി. ഡിഗ്രി കോളേജിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും 65,000 രൂപയ്ക്കാണ് യുവാവിന് ലഭിച്ചത്. തുടര്‍ന്ന് യു.കെ.യിലേക്കുള്ള വിദ്യാര്‍ഥി വിസയുള്‍പ്പെടെയുള്ള രേഖകള്‍ ഡെന്നിയാണ് തരപ്പെടുത്തിയത്. ഇതിനായി ഒമ്പത് ലക്ഷം രൂപ നല്‍കിയതായും യുവാവ് പറഞ്ഞു. ഡെന്നി, അനുരാഗ് എന്നിവരെ രണ്ടും മൂന്നും പ്രതികളായിട്ടാണ് കേസെടുത്തത്.