ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് ‘കാവല്‍’. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ചെയ്തുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഇത് തമ്പാന്‍…സ്നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന്‍ നവംബര്‍ 25 മുതല്‍ കാവല്‍,’ എന്നായിരുന്നു പോസ്റ്റിലെ വാചകം.
എന്നാല്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍
കാവലിന്റെ റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചിലര്‍ പോസ്റ്റിന് രംഗത്തെത്തിയത്.
‘ഈ ഒരു സമയത്ത് ഇറക്കണമായിരുന്നോ. മരക്കാര്‍ വരുന്നതോടെ തിയറ്ററിന്റെ എണ്ണം കുറയില്ലേ. അപ്പോള്‍ ഡേറ്റ് മാറ്റി നല്ല ഒരു ദിവസം നോക്കി ഇറക്കി നല്ല ഒരു തിരിച്ചുവരവ് കൊടുക്കുന്നതല്ലേ നല്ലത്. പറഞ്ഞെന്നേ ഉള്ളൂ,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതോടെ മറുപടിയുമായി ജോബി ജോര്‍ജും എത്തി. ‘മോനെ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. ദയവു ചെയ്ത മനസിലാക്കൂ’ എന്നായിരുന്നു ജോബിയുടെ മറുപടി.
‘മരക്കാര്‍’ ഇറങ്ങുന്നതോടെ ഈ സിനിമയൊക്കെ തിയേറ്റര്‍ വിടേണ്ടി വരും എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെയെത്തുന്നുണ്ട്. ‘ജോബിച്ചായോ ഈ കൊച്ചു പടമൊക്കെ ഇത്ര ബന്ധപ്പെട്ട് തീയേറ്ററില്‍ ഇറക്കണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ഡിസംബര്‍ 2 ആകുമ്പോള്‍ എന്തായാലും അടിച്ചു വെളിയില്‍ ചാടിക്കും. ഇനിയും സമയമുണ്ട് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍,’ എന്നായിരുന്നു കമന്റ്.
അതേസമയം, ഒരാളുടെ കമന്റിന് ജോബി ജോര്‍ജ് നല്‍കിയ മറുപടിയും വൈറലാവുന്നുണ്ട്. ‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു ചോദ്യം.
‘അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ഇതിന് ജോബി ജോര്‍ജ് നല്‍കിയ മറുപടി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആദ്യം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവല്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സിജി ദില്‍ജിത് അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്.
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത്(32) കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.
ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ദിൽജിത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാട്ടുകാരും. വളരെ എളിമയോടെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന റിപ്പോർട്ടറായിരുന്നു ദിൽജിത്ത്.ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ കോട്ടയത്തു നിന്ന് ട്വൻ്റി ഫോറിന് വേണ്ടി അവതരിപ്പിച്ചിരുന്നു. ദിൽജിത്തിൻ്റെ നിര്യാണത്തോടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് ദൃശ്യമാധ്യമ മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്.
മുൻ ഭാര്യയാണെന്നുകരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിലെ ജീവനക്കാരി മണ്ണാമ്പൊയിൽ സ്വദേശി മാവരുകണ്ടി ശ്രീഷ്‌മക്കാണ് വെട്ടേറ്റത്. നന്മണ്ട 12ലെ മാക്കടമ്പത്ത് ബിജു(47)വിനെ ബാലുശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു. സാരമായി പരിക്കേറ്റ ശ്രീഷ്‌മ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഡെപ്പോസിറ്റ് കൗണ്ടറിലിരിക്കുകയായിരുന്ന ശ്രീഷ്‌മയുടെ പിന്നിലൂടെ എത്തി കഴുത്തിലാണ് വെട്ടിയത്. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന നരിക്കുനി, ബാലുശേരി ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ ചേർന്ന് ബിജുവിനെ പിടിച്ച് പൊലീസിൽഏൽപ്പിച്ചു. ബിജുവിന്റെ മുൻ ഭാര്യ ബാങ്കിലെ സ്ഥിരം ജീവനക്കാരിയാണ്. ഇവർതിങ്കളാഴ്‌ച അവധിയായതിനാൽഈ സീറ്റിലാണ് ശ്രീഷ്‌മ ഇരുന്നത്. ശ്രീഷ്‌മ മാസ്‌ക് ധരിച്ചതിനാൽ മുഖം വ്യക്തമായിരുന്നില്ല.
ആക്രമിക്കാനുപയോഗിച്ച ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ബാങ്കിന്റെ ബാലുശേരിയിലുള്ള ഈവനിങ് ബ്രാഞ്ചിൽ മുൻ ഭാര്യ ജോലിചെയ്‌തിരുന്നപ്പോഴും അവരെ ആക്രമിക്കാൻ ബിജു ശ്രമിച്ചിരുന്നു. ആ സംഭവത്തിലും പൊലീസ് കേസുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ബിജുവിന് നൽകാനിരുന്ന ജോലി അന്ന് ഭാര്യക്ക് നൽകുകയായിരുന്നു.
ഹരീഷ് പേരടി എന്ന നടന്‍ ഒരു അഭിനേതാവ് എന്നതിലുപരി സമൂഹത്തില്‍ നടക്കുന്ന എല്ലാതരം വിഷയങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായങ്ങള്‍ എല്ലാവരുമായും പങ്കുവെയ്ക്കുന്ന വ്യക്തി കൂടിയാണ്. നാടക വേദിയില്‍ നിന്ന് ആയിരുന്നു വെള്ളിത്തിരയിലേക്കുള്ള നടന്റെ വരവ്. താരം തന്‌റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് വന്ന അവാര്‍ഡിനെ കുറിച്ചും അത് നിരസിക്കാന്‍ ഉണ്ടായ കാരണത്തെ കുറിച്ചുമാണ് നടന്‍ തുറന്നു പറയുന്നത്. ജനാധിപന്‍ സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച മുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.
ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു. ആശംസകള്‍, ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു. ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെയ്ക്കുമ്പോളും
നിങ്ങള്‍ അറിയണമെന്ന് തോന്നി. അതുകൊണ്ട് മാത്രം, എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്ക് തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നുമായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട 12 മുന്‍ ഭരണ സമിതി അംഗങ്ങളില്‍ ഇനി പിടികൂടാനുള്ള രണ്ട് പേരില്‍ ഒരാളാണ് അമ്പിളി. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതിനിടെയാണ് ഒക്ടോബര്‍ 24 ന് അമ്പിളിയുടെ മകളുടെ വിവാഹം നടന്നതും, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്‍ ബിന്ദു ഇതില്‍ പങ്കെടുത്തതും. എന്നാല്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് പോയതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.
കരുവന്നൂര്‍ കേസില്‍ സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസും ബിജെപിയും നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
മുൻ മിസ് കേരളം അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്ദുൾ റഹ്മാന് ജാമ്യം. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു.
നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്നായിരുന്നു അപകടകാരണം എന്നാണ് മരിച്ചവരുടെ സുഹൃത്തിന്റെ മൊഴി. ഡി.ജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ, ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് നല്‍കിയ മൊഴി.
ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
കൊച്ചി: എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകർത്ത ശേഷം മരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. 13 വാഹനങ്ങൾ തകർന്നിട്ടുണ്ട്. റോഡിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവർക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടക്കൊച്ചിയിൽ നിന്നു കാക്കനാട്ടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ ബ്രേക്ക് പെഡൽ തകർന്നതായി ആർടിഒ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് നേരത്തെ തന്നെ പൊട്ടിയിരുന്നത് ആവാം എന്നാണ് വിലയിരുത്തൽ. കോവിഡ് ലോക്ഡൗൺ സമയത്ത് നിർത്തിയിട്ടിരുന്ന ബസുകൾ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിനു പിന്നാലെ അപകടമുണ്ടാക്കിയത് ആശങ്കയുയർത്തുന്നുണ്ട്. ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.
നിർമാതാവ് സുപ്രിയ മേനോന്റെ അച്ഛൻ മനമ്പറക്കാട്ട് വിജയകുമാർ മേനോൻ (71) അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: എത്തന്നൂർ പ്ലാക്കോട്ട് പത്മ മേനോൻ. മകൾ സുപ്രിയ മേനോൻ. മരുമകൻ: ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ.
ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.
നടന്‍ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു. സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന്‍ ആണ് മരിച്ചത്. 71 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.
ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു.
എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഭാര്യ: എത്തനൂര്‍ പ്ലാക്കോട്ട് പത്മ മേനോന്‍. സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.
പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി മണ്ഡലത്തിലെ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിതാണ് മരിച്ചത്. 27 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോട് കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു ദാരുണമായ കൊലപാതകം. മമ്പറത്തുള്ള ഭാര്യവീട്ടില്‍ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം നടന്നത്. പിറകില്‍ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ വെട്ടുകയായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തില്‍ ആര്‍എസ്എസ് – എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിയിരുന്നു. ശേഷം തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് വിവരം.