Kerala

കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് പരിസരവാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു

തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.

തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.

പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു.

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം   ജില്ലയിലെ പൂയപ്പള്ളി പൊലീസ്  സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. പതിമൂന്നും ഒമ്ബതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് നാടുവിട്ടത്.

ഇതേത്തുടർന്ന് സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താൻ സുഹൃത്ത് വിശാഖ് ക്വട്ടേഷൻ നൽകിയത്. കേസിൽ വിശാഖും (26) ക്വട്ടേഷൻ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.

അഖിലിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിഞ്ഞപ്പോൾ അഖിൽ പഴയകാര്യങ്ങൾ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു.

അഖിലും വിശാഖും ഐടിഐയിൽ പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് വിശാഖ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായി ജോലി തുടങ്ങി. ഓട്ടോഡ്രൈവറായ അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിക്കുകയും ചെയ്തിരുന്നു. ഈ വകയിൽ അഖിലിന് പണം നൽകാനുമുണ്ട്.

ഇരുവരും പാലാ സ്വദേശിനിയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസിൽ പരാതി നൽകി. തുടർന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആസിഡ്, കോപ്പർ സൾഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തിയ വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.

ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോൾ ഭാര്യ ഗുരുതരാവസ്ഥയിലായതിനാൽ ആംബുലൻസിൽ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.

വഴിയിൽ വെച്ച് ഓട്ടോ നിർത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഖിൽ കുതറിയോടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോൾ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖിൽ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോൾ വിശാഖിന്റെ നിർദേശപ്രകാരം ഓട്ടോയുടെ പെട്രോൾ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി.

പിന്നീട്, സംഭവശേഷം ഒന്നുമറിയാത്ത രീതിയിൽ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുൻകൂറായി വാങ്ങി. ഒരു കോടി രൂപ നൽകാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ (Sathyan Kadiyangad) മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ (accident) മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖംമൂടി ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായുള്ള പ്രതീകാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്.

സൈബര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സാമൂദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല.

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.

ഭാര്യ ലേഖയോടുള്ള പ്രണയത്തെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചും തുറന്നു പറഞ്ഞ് ഗായകന്‍ എം.ജി ശ്രീകുമാര്‍. പതിനാല് വര്‍ഷം ലിവിംഗ് ടുഗദര്‍ ആയി ജീവിച്ചതിന് ശേഷമാണ് എം.ജി ശ്രീകുമാര്‍ ലേഖയെ വിവാഹം ചെയ്യുന്നത്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

അന്ന് 14 വര്‍ഷം ലിവിംഗ് ടുഗദറായി ജീവിച്ചപ്പോള്‍ തങ്ങള്‍ക്ക് കേരളത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിലേക്ക് പോയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴു മണിക്ക് അമ്മയെ വിളിച്ചിട്ട് പറഞ്ഞു.

‘അമ്മേ ഇന്നെന്റെ കല്യാണമാണ്’ എന്ന് അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ ചോദിച്ചു, ‘ആരാണ് മോനെ പെണ്ണ്’. ഞാന്‍ പറഞ്ഞു, ‘അമ്മയ്ക്ക് അറിയാം, നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്’ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നന്നായി വാടാ മക്കളെ’ എന്ന്.

താന്‍ പണ്ട് ഗാനമേളയുള്ളപ്പോള്‍ അമ്മയുടെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ പോവും. അപ്പോള്‍ അമ്മ കൈയുടെ മുകളില്‍ ഉമ്മ വെച്ചിട്ട് പറയാറുണ്ട്. ‘നന്നായി വാടാ മക്കളെ’ എന്ന്. അതുപോലൊരു നിമിഷം ഇതുകേട്ടപ്പോള്‍ തന്റെ ഉള്ളിലൂടെ കടന്നുപോയി എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.

ബിനീഷ് കോടിയേരി ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങി. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിനീഷ് പറഞ്ഞു. ഇന്ത്യയിലെ വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കേസിന് പിന്നിൽ. ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയാറാകാതിരുന്നതുമൂലമാണ് ജയില്‍വാസം നീണ്ടത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസ്. കേരളത്തിലെത്തിയ ശേഷം വിശദമായി പറയുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. ജാമ്യം വ്യവസ്ഥയിലുള്ള എതിർപ്പാണ് കര്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു.

അതേസമയം ബിനീഷിനു ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്തത്. ബിനീഷ് അറസ്​റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്.

കൊവിഡ് അന്താരാഷ്ട്ര തലത്തില്‍ വരെയുള്ള എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും നന്നായി ബാധിച്ചപ്പോള്‍ മലയാള സിനിമക്ക് മാത്രം ഒന്നും സംഭവിച്ചില്ലെന്ന് സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. അതിനാല്‍ തന്നെ മലയാളസിനിമ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അവര്‍ ഇങ്ങനെ പറഞ്ഞത്.

‘നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്,’ സുഹാസിനി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ സിനിമക്ക് ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തന്റെ ഫേവറിറ്റ് തിയേറ്ററാണെന്നും സുഹാസിനി പറഞ്ഞു.

ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തില്‍ ഞാന്‍ വിദ്യാര്‍ഥിയായി വന്ന് ഒരു ടീച്ചറായി മാറി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ മലയാള സിനിമ കാണാറുണ്ട്. സുകുമാരി ചേച്ചിയാണ് എന്നെ ‘കൂടെവിടെ’ എന്ന എന്റെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം പറഞ്ഞു.

തലനാരിഴക്കാണ് വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ബസ് ഡ്രൈവര്‍ കൃത്യമായ ദിശ ശ്രദ്ധിക്കാതെ വാഹനം റോഡിലേക്ക് ഇറക്കുകയായിരുന്നുവെന്നും അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ മതിലിലേക്ക് ഇടിച്ചതെന്നും മന്ത്രി അപകടത്തെ കുറിച്ച് വിവരിച്ചു.

മന്ത്രിയുടെ വാഹനം തിരുവല്ല ബൈപാസില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മന്ത്രിക്ക് പരിക്കില്ല. മന്ത്രിയുടെ ഗണ്‍മാന് നിസാര പരിക്കുകള്‍ ഉണ്ട്. രാവിലെ എട്ടു മണിയോടെ തിരുവല്ല ബൈപ്പാസില്‍ ചിലങ്ക ജംഗ്ഷനില്‍ വെച്ചായിരുന്ന് അപകടം. അപകടത്തെത്തുടര്‍ന്ന് പതിഞ്ച് മിനുറ്റോളം മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു.

മന്ത്രിയുടെ വാക്കുകള്‍;

‘ജില്ലാ പഞ്ചായത്തിന്റെ ഒരു യോഗത്തിനായി ഇടുക്കിക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വണ്ടി കൃത്യമായിട്ടാണ് വന്നത്. എന്നാല്‍ സൈഡിലൂടെ ഒരു ബസ് വന്ന് നേരെ റോഡിലിറങ്ങി.അതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വണ്ടി തിരിക്കുകയായിരുന്നു. അത് നേരെ മതിലിലേക്ക് ഇടിച്ചു. വലിയൊരു അപകടത്തിലേക്ക് പോകുമായിരുന്നു. റോഡിന്റെ നടുക്കാണ് അവര്‍ വാഹനം കൊണ്ടിട്ടത്. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ എല്ലാ ദിശയും നോക്കേണ്ടത് ഡ്രൈവറുടെ ചുമതലയാണ്.’ മന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved