Kerala

പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമായി സി പി എം എം എൽ എ. മന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് മന്ത്രിയുടെ വിമര്‍ശനം. കായംകുളത്ത് പൊതു പരിപാടിയിലായിരുന്നു പ്രതിഭയുടെ പ്രസംഗം.

തിരക്കായിരിക്കുമോ എന്ന് നൂറു തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം എൽ എ പറയുന്നു. മന്ത്രി വി ശിവൻകുട്ടിയും എ എം ആരിഫ് എം പിയും പങ്കെടുത്ത ഒരു പരിപാടിയിലായിരുന്നു വിമര്‍ശനം. പ്രസംഗത്തിൽ മന്ത്രി ശിവൻകുട്ടിയെ പ്രകീർത്തിക്കാനും പ്രതിഭ മറന്നില്ല.

എം എൽ എയുടെ വാക്കുകൾ

‘എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം”

”തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂർവമായാണ് മന്ത്രിമാരെ വിളിക്കുന്നത്”- യു പ്രതിഭ പറഞ്ഞു.

 

കണ്ണൂർ തൂവ്വക്കുന്ന്​ സ്വദേശി കുനിയിൽ അബ്​ദുൽ റഹ്​മാൻ (40) ദോഹയിൽ നിര്യതനായി. കഴിഞ്ഞ വെള്ളിയാഴ്​ച ​താമസസ്​ഥലത്തെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ റഹ്​മാൻ ഗുരുതരാവസ്​ഥയിൽ ചികിത്സയിലായിരുന്നു. ഹമദ്​ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെയാണ്​ തിങ്കളാഴ്​ച മരിച്ചത്.

ദോഹയിൽ അബുഹമൂർ ഖബർസ്ഥാൻപള്ളിയിൽ മയ്യത്ത്​ നമസ്​കാരം കഴിഞ്ഞ ശേഷം, നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. ചൊവ്വാഴ്​ച രാവിലെ തൂവക്കുന്ന്​ കല്ലുമ്മൽ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കും.

അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണറായ അബ്ദുൽ റഹ്‌മാൻ ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ കുനിയിൽ അമ്മദ്ഹാജി – ആയിശ ദമ്പതികളുടെ മകനാണ്. പിതാവ് അമ്മദ് ഹാജി ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഭാര്യ: സഫ്രജ. മൂന്നു മക്കളുണ്ട്​. സഹോദരങ്ങൾ: സൈനബ, അഷറഫ്, ആസ്യ, അസ്മ.

 

മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ ചെറുകുന്നത്തെ വയോധികയുടെ മരണം കൊലപാതകമാണെന്നു കുറത്തികാട് പോലീസ്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നേറ്റിപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ(80)യാണു കഴിഞ്ഞവ്യാഴാഴ്ച വൈകീട്ടു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നമ്മയുടെ മകന്‍ സന്തോഷിനെ(41) അറസ്റ്റ്ചെയ്തു.

രാത്രി ഒന്‍പതുമണിയോടെ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ, കുറത്തികാട് പോലീസ് സ്ഥലത്തെത്തി സംസ്‌കാരം നടത്തുന്നതു തടഞ്ഞിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഇടപെടല്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മാത്രംമതി സംസ്‌കാരമെന്നു പോലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് മൃതദേഹം കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണംകൊലപാതകമെന്ന് ഉറപ്പിച്ചത്.

ഞായറാഴ്ച ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത മകന്‍ സന്തോഷിന്റെ അറസ്റ്റ് തിങ്കളാഴ്ചയാണു രേഖപ്പെടുത്തിയത്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചിട്ടില്ല.സന്തോഷ് മദ്യപിച്ചെത്തി ചിന്നമ്മയെ മര്‍ദിക്കുന്നതു പതിവായിരുന്നെന്നു നാട്ടുകാര്‍ പോലീസിനോട് സൂചിപ്പിച്ചു. ചിന്നമ്മയുടെ തൈറോയ്ഡ്ഗ്രന്ഥിക്കും കഴുത്തിലെ എല്ലിനും പൊട്ടലുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവസമയം സന്തോഷിന്റെ മകന്‍ അമ്പാടിയും സന്തോഷിന്റെ അനുജനും ഭിന്നശേഷിക്കാരനുമായ സുനിലും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളുടെയും ബന്ധുക്കളുടെയും അമ്പാടിയുടെയും മൊഴിയെടുത്ത പോലീസ് സന്തോഷിനെ ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പുനടത്തും.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയാണ് ഭക്ഷണം കഴിക്കാനെത്തിയവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്യാന്റീനിൽ പ്രശ്‌നമുണ്ടാക്കിയവർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഘർഷത്തെ തുടർന്ന് ക്യാന്റീനിലെ ചെറിയ അലമാരകൾ അടക്കമുള്ളവയക്ക് നാശം സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. പോലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് വിവരം.

ആശുപത്രി ക്യാന്റീനിൽ പുറത്തുനിന്നുള്ളവർക്ക് വരാനായി പ്രത്യേകം വാതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയതെന്നാണ് പരാതി. ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തർക്കം പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരന്നു.

 

31-ാം പിറന്നാള്‍ ദിനത്തില്‍ നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ തന്നെ ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ആഘോഷിക്കാന്‍ യുഎഇയില്‍ പോയതും തുടര്‍ന്നുണ്ടായ മോശം സംഭവങ്ങളെ കുറിച്ചുമാണ് ആര്യ പറയുന്നത്. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാന്‍ ആശ്രയിച്ചിരുന്നത് എന്നും ആര്യ കുറിച്ചു.

ആര്യയുടെ കുറിപ്പ്:

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ അനുഭവിച്ചത് വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ഒരു ബോട്ടില്‍ വൈനിലും കുറച്ച് ഭക്ഷണത്തിലും മാത്രമായിരുന്നു ആ ദിവസം തള്ളി നീക്കാന്‍ ആശ്രയിച്ചിരുന്നത്.

എന്റെ അവസ്ഥ മോശമായി, ചിലപ്പോള്‍ എന്തെങ്കിലും അവിവേകം കാണിക്കാനും സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ തെറ്റ് മനസ്സിലാക്കി എന്റെ അടുക്കല്‍ വരാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇങ്ങനെയായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ് തികഞ്ഞ ദിവസം. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ അത് വളരെ വ്യത്യസ്തമാകുമായിരുന്നു.

എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു, പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്റെ ജന്മദിനം ആഘോഷിക്കാനും ഞാന്‍ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പാണ് ഞാന്‍ നടത്തിയത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്‌നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ഞാന്‍ ഉദ്ദേശിക്കുന്നത് ആത്മാര്‍ത്ഥമായി നിങ്ങളെ സ്‌നേഹിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്നവര്‍. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം. സന്തോഷിക്കണോ അതോ നിങ്ങളുടെ മനസമാധാനം നശിപ്പിക്കണോ. എല്ലാം നിങ്ങളുടെ കൈകളിലാണ്.

തിരഞ്ഞെടുക്കല്‍ നിങ്ങളുടേതാണ്… സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകര്‍ക്കണോ എന്ന്. എപ്പോഴും ഓര്‍ക്കുക… നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ്… എപ്പോഴും വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ സ്വയം ഓര്‍മ്മിപ്പിക്കുക. നിങ്ങളെ നിരുപാധികമായി സ്‌നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്… എന്റെ 31-ാം ജന്മദിനം തീര്‍ച്ചയായും എനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ചതാണ്.

 

യാത്രയ്ക്കിടെ തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനിയർ ഷൊർണൂർ വികാസിന് സമീപം അൽ അമൽവീട്ടിൽ ജുവൈന (46) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കോടിച്ചിരുന്ന ഭർത്താവ് തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ അധ്യാപകൻ അബ്ദുൾജമാലിന് നിസാര പരിക്കേറ്റു.

ജുവൈനയ്ക്ക് ഷൊർണൂർ നഗരസഭയിലെ എഞ്ചിനീയറുടെ ചുമതലകൂടിയുണ്ട്. ഞായറാഴ്ചരാവിലെ വീട്ടിൽനിന്ന് ചെറുതുരുത്തിയിൽപ്പോയി മടങ്ങുന്നതിനിടെയാണ് എസ്എംപി കവലയ്ക്ക് സമീപത്തെ റെയിൽവേ മേൽപ്പാലത്തിനിടുത്ത് വെച്ച് അപകടം സംഭവിച്ചത്.

തലയ്ക്ക് പരിക്കേറ്റ ജുവൈനയെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ രാത്രി പത്തോടെയാണ് മരിച്ചത്.

മൃതദേഹ പരിശോധനയ്ക്കുശേഷം ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം ജുവൈനയുടെ ഈരാറ്റുപേട്ട ഈറ്റിലകയം പേഴങ്ങാട്ടിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഈരാറ്റുപേട്ട നൈനാർ ജുമാമസ്ജിദിലാണ് ഖബറടക്കമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: ജിയ, ജമിയ.

പി മമ്മിക്കുട്ടി എംഎൽഎ, നഗരസഭാധ്യക്ഷൻ എംകെ ജയപ്രകാശ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയുടെ നെറുകയില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയായ ഗ്രീന്‍ലന്‍ഡില്‍ മഴ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഇത് മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു.

10551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ ഓഗസ്റ്റ് 14ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യുഎസ് സ്‌നോ ആന്‍ഡ് ഐസ് ഡേറ്റ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയില്‍ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 2030ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളില്‍ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങള്‍ക്ക് ഇതിടയാക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്പം മാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീന്‍ലന്‍ഡില്‍ മറ്റിടങ്ങളില്‍ മഴ പെയ്യുക. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത് തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയില്‍ നിന്ന് ഉയര്‍ന്നത്. അടുത്തായി 2012ലും 2019ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.സാധാരണയായി എല്ലാ വര്‍ഷവും ഈ സമയത്ത് നഷ്ടപ്പെടുന്ന മഞ്ഞിനേക്കാള്‍ ഏഴ് മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴ കാരണം നഷ്ടപ്പെട്ടത്.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് 10 മുതല്‍ 18 സെന്റിമീറ്റര്‍ വരെ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോര നഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇത് കാരണമായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം : ബൈക്കിൽ മകനൊപ്പം യാത്രചെയ്യവേ പിൻസീറ്റിലിരുന്ന് കുടനിവർത്തിയ അമ്മ റോഡിൽ വീണു മരിച്ചു. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനിൽ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്. പുത്തൂർ-ചീരങ്കാവ് റോഡിൽ ഈരാടൻമുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകൻ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോൾ കുടനിവർത്തി. ഈസമയം എതിർദിശയിൽ വാൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽപ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.

പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാൻ മകൻ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീടെത്തിയ കാറിൽ എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ശശിധരൻ പിള്ള. മരുമകൾ: ആര്യ. എഴുകോൺ പോലീസ് തുടർനടപടി സ്വീകരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. വീഴ്ചയെ തുടര്‍ന്ന് തലയില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറ് കൂടിയുണ്ടായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.

യുപിഎ കാലത്ത് ഗതാഗത, റോഡ്, ഹൈവേകള്‍, തൊഴില്‍ എന്നിവയുടെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഡോ. മന്‍മോഹന്‍ സിംഗിന്റെ ഇന്ത്യയിലെ ആദ്യത്തെ യുപിഎ സര്‍ക്കാരില്‍ തൊഴില്‍, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ല്‍ കര്‍ണാടകയിലെ ഉഡുപ്പി മണ്ഡലത്തില്‍ നിന്ന് ഏഴാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേ മണ്ഡലത്തില്‍ നിന്ന് 1984, 1989, 1991, 1996 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1998-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2004-ല്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2009 വരെ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, എന്‍ആര്‍ഐ അഫയേഴ്സ്, യൂത്ത് തുടങ്ങിയ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. കൂടാതെ സ്പോര്‍ട്സ് കാര്യങ്ങളും തൊഴില്‍, തൊഴില്‍. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കൗണ്‍സില്‍ അംഗമായി അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചു.

അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.

150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.

RECENT POSTS
Copyright © . All rights reserved