Kerala

ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യൽമീഡിയയിലൂടെ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തെറി വിളിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത വ്‌ലോഗർ പിടിയിൽ. പൊളി മച്ചാൻ എന്ന പേരിൽ പ്രശസ്തനായ കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചു (28) ആണു ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഈ കേസിൽ യു ട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ സഹോദരങ്ങളായ വ്‌ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ വീഡിയോ വഴി പ്രതികരിച്ചത്.

മുമ്പ് ‘എയർ ഗൺ’ പരീക്ഷിക്കുന്ന വിഡിയോയിലൂടെ താരമായി മാറിയ ‘പൊളി മച്ചാൻ’ എന്നറിയപ്പെടുന്ന ഇയാൾക്കു വിവിധ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്. പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സംഘം ചേർന്നു കലാപം നടത്താനും ഇയാൾ ആഹ്വാനം ചെയ്തതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കണ്ടെത്തിയതിനെ തുടർന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

റിച്ചാർഡ് ഈ വീഡിയോ ചെല്ലാനം സ്വദേശിയുടെ യുട്യൂബ് ചാനൽ വഴിയാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരെയും കേസെടുക്കും. ഒട്ടേറെപ്പേർ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പോലീസ് പറഞ്ഞു.

ഒരുകാലത്ത് ആഡംബര വീടും കാറുകളുമൊക്കെയായി അതിസമ്പന്നതയില്‍ കഴിഞ്ഞിരുന്ന അനിത ഇന്ന് അന്തിയുറങ്ങുന്നത് മരണത്തണലില്‍. ഒരു സുപ്രഭാതത്തില്‍ ദുരിതക്കയത്തിലേക്ക് വഴുതിവീണതാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിനി അനിത ബാലുവിന്റെ (46) ജീവിതം.

ആഡംബരവീടും വാഹനങ്ങളും ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം നൂതനസൗകര്യങ്ങളോടെ ഓഫീസുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്വന്തമായിരുന്നു അനിതയ്ക്ക്. നാട്ടിലും അതിലേറെ സ്വത്തുക്കള്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ദുരന്തം അനിതയുടെ ജീവിതം മാറ്റി മറിച്ചു.

ആലപ്പുഴ മുതുകുളം സ്വദേശി ബാലുവാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞയുടന്‍ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയതാണ്. സ്വന്തമായി ഇലക്ട്രോ മെക്കാനിക്കല്‍ ബിസിനസ് ആയിരുന്നു. 2000 ജീവനക്കാരുള്ള കമ്പനി. അനിതയും ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികള്‍.

യു.എ.ഇ.യിലെ ബാങ്കുകളില്‍നിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി. പിന്നീട് മൂന്നുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടില്‍പോയ ഭര്‍ത്താവ് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവര്‍ ജാമ്യം നിന്നതാണോ എന്ന് വ്യക്തമല്ല.

പാസ്‌പോര്‍ട്ടും വിസയും കാലാവധി കഴിഞ്ഞു. സിവില്‍കേസ് നിലനില്‍ക്കുന്നതിനാല്‍ യാത്രാവിലക്കുമുണ്ട്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഒരു മകന്‍ ദുബായിലെ സ്‌കൂള്‍ ജീവനക്കാരനാണ്. മറ്റൊരു മകന്‍ നാട്ടിലും. മകന്‍ അമ്മയെ കാണാന്‍ ബര്‍ദുബായില്‍ വരാറുണ്ട്.

എന്നാല്‍ മകന്റെ കൈയില്‍നിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ഇല്ലെന്ന വാശിയിലാണ്. അനിത ഒന്നരമാസത്തോളമായി കഴിയുന്നത് ബര്‍ദുബായ് ക്ഷേത്രത്തിനുസമീപത്തെ വേപ്പുമരച്ചുവട്ടിലാണ്. ദുബായ് പോലീസും സന്നദ്ധപ്രവര്‍ത്തകരും സഹായം നല്‍കുന്നുണ്ട്.

മറ്റൊരിടത്തേക്ക് മാറാനോ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരടക്കം താത്കാലിക താമസയിടം അനുവദിച്ചിട്ടും പോകാനോ കൂട്ടാക്കിയില്ല. കേസെല്ലാം തീര്‍ത്തുകൊണ്ട് നിയമപരമായി താമസരേഖകള്‍ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാന്‍ അനിതയ്ക്ക് സാഹചര്യമൊരുക്കാനായി പരിശ്രമിക്കുകയാണെന്ന് ഓര്‍മ ദുബായ് ഭാരവാഹി ഷിജു ബഷീര്‍ പറഞ്ഞു. ഗായിക കൂടിയായിരുന്ന അനിത ഡോ. ഓമനക്കുട്ടിയുടെ ശിഷ്യയുമാണ്.

നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരത്തിനാണ് കാവ്യ മാധവന്‍ ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ 178 പേരുടെ വിസ്താരം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. ആറുമാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇനി ഒരു മാസം മാത്രമാണ് വിചാരണയ്ക്കായി ബാക്കിയുള്ളത്.

നിയമവിരുദ്ധമായി തങ്ങളുടെ വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേസെടുത്ത ഇ ബുള്‍ജെറ്റ് സഹോദരന്മാരെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ആസൂത്രിതമായി തങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് പൊലീസ് സ്റ്റേഷനില്‍ ലൈവ് വീഡിയോ ചിത്രീകരിച്ചത് പ്രശ്‌നം വലിയ വിവാദമാക്കി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതിനിടയില്‍ ഇ ബുള്‍ ജെറ്റിനെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു ആരാധകന്‍ സുരേഷ് ഗോപി എംപിയെ വിളിക്കുകയും ചെയ്തു. ഇതിന് അദ്ദേഹം നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാണ്. സംഭവത്തെ കുറിച്ച് വ്യക്തമായി മനസിലായില്ലെങ്കിലും, ഏകദേശ രൂപം കിട്ടിയ സുരേഷ്, താന്‍ ചാണകമല്ലേയെന്നും നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ എന്നും പരാതിക്കാരന് മറുപടി നല്‍കി.

വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ആക്കി തങ്ങളുടെ ‘ഇ ബുള്‍ ജെറ്റ്’ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതാണ് ഇവരുടെ രീതി. വരുമാനം വര്‍ദ്ധിച്ചതോടെ വാഹനത്തില്‍ അപകടകരമായ രീതിയിലുള്ള മാറ്റമാണ് ഇ ബുള്‍ ജെറ്റ്’ സഹോദരന്മാര്‍ വരുത്തിയത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും കേസെടുക്കുകയുമായിരുന്നു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴയുമിട്ടു.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം.

സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു.

കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും. കേസില്‍ തെളിവായി പ്രത്യേക സംഘം നല്‍കിയ സിസിടിവിയുടെ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് കോടതി നല്‍കിയിരുന്നു.

ഇതിനുശേഷമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ചാണ് കെഎം ബഷീറിന്റെ മരണം. വാഹന ഉടമയായ വഫ ഫിറോസും കാറില്‍ ഒപ്പമുണ്ടായിരുന്നു.

അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി ഇനി ഓർമ. ശരണ്യയുടെ മരണവാർത്ത സഹപ്രവർത്തകരെ പോലെ തന്നെ ഓരോ മലയാളിയെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ക്യാൻസറിനോട് പടപൊരുതി പലതവണ ജ്വലിച്ച് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി ഓര്‍മയായത്.

പലതവണ ശസ്‍ത്രക്രിയയ്‍ക്ക് വിധേയമാകേണ്ടി വന്നിരുന്നു ശരണ്യക്ക്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന് അപ്പുറമാണ് ശരണ്യയുടെ വിടവാങ്ങല്‍.

പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്ന് മാത്രമായിരുന്നു സീമ ജി നായര്‍ പറഞ്ഞത്. ശരണ്യക്ക് ഒപ്പമുള്ള ഫോട്ടോകളും സീമ ജി നായര്‍ പങ്കുവെച്ചു. ചികിത്സയ്‍ക്കും മറ്റും എന്നും ശരണ്യക്ക് കൈത്താങ്ങായത് സീമാ ജിയുടെ പരിശ്രമങ്ങളായിരുന്നു.

ശരണ്യക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനില് കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാൻസറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു.

ക്യാൻസറിനെതിരെയുള്ള പോരാട്ടത്തില്‍ ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീമ ജി നായരാണ്. സീമ ജി നായരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. അത്രത്തോളം അടുപ്പമുള്ള ശരണ്യ വിടവാങ്ങുമ്പോള്‍ സീമ ജി നായര്‍ വാക്കുകള്‍ കിട്ടാതെ ഇടറുകയാണ്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.

ഇ ബുള്‍ ജെറ്റ്’ വ്‌ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയിലും വ്‌ലോഗര്‍മാര്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചത്.

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പ്രാങ്ക് വീഡിയോയുടെ പേരിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശല്ല്യം ചെയ്ത യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂർ സ്വദേശി ആകാശ് മോഹനാണ് അറസ്റ്റിലായത്. അശ്ലീല ചേഷ്ടകൾ കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.

വഴിയേ പോകുന്ന പെൺകുട്ടികളോട് അശ്ലീല സംഭാഷണവും ചേഷ്ടയും കാണിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എറണാകുളം കച്ചേരിപ്പടിയിൽ ഷൂട്ട് ചെയ്തോണ്ടിരുന്ന ഇയാളെ സ്ത്രീകളെ ശല്ല്യം ചെയ്തതിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വില്ലൻ ഹബ് എന്ന യുട്യൂബ് ചാനലിൽ ഇയാൾ നേരത്തെയും ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്ന പ്രാങ്ക് വീഡിയോകൾ ചിത്രീകരിച്ച് പബ്ലിഷ് ചെയ്തിട്ടുണ്ട്.

വീഡിയോ ചിത്രീകരിക്കാൻ ഇയാളെ സഹായിച്ച സുഹൃത്തുക്കൾ പോലീസിനെ കണ്ട് രക്ഷപെടുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ആകാശ് മോഹനെ ജാമ്യത്തിൽ വിട്ടു.

സംസ്ഥാനത്ത് ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും. ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയില്‍ അഞ്ചു ദിവസവും തുറക്കാം.

അതേസമയം ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നു കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഒൻപത് വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.

കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ആശ്വാസമായി. മാളുകളില്‍ സാമൂഹിക അകലം പാലിച്ച്‌, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം.

ടൂറിസം മേഖലയും ഇന്ന് മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്‌സിനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം എസി ഇല്ലാത്ത റെസ്റ്റോറന്റുകളില്‍ ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നൽകി.

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യകേസ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിമൂന്നിൽനിന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷൻസ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.

ഇന്ന് കേസ് പരിഗണനയിൽ വരുമ്പോൾ കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും കോടതിയിൽ ഹാജരായേക്കും. ഇരുവരോടും തിങ്കളാഴ്ച ഹാജരാകണമെന്ന് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷമായിരിക്കും വിചാരണ നടപടി ആരംഭിക്കുക.

ബഷീറിന്റെ വിയോഗത്തിന് രണ്ട് വർഷം പൂർത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസിൽ വിചാരണ നടപടി ആരംഭിക്കുന്നത്. കുറ്റപത്രത്തിെൻറ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നൽകിയിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ ശ്രീറാമിൽ നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

സിഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറിൽ അമിതവേഗത്തിലെത്തി മ്യൂസിയം പബ്ലിക്ക് ഓഫിസിന്റെ മുൻവശത്ത് പാർക്ക് ചെയ്ത ബൈക്കിലിരിക്കുകയായിരുന്ന കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത.് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved