Kerala

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. കൂടു വൃത്തിയാക്കുന്നതിനിടെ കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷദാണ് പാമ്പുകടിയേറ്റു മരിച്ചത്. അര്‍ഷദിന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്നു മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു

ഉച്ചയ്ക്ക് 12 നാണു കൂടു വൃത്തിയാക്കുന്നതിനായി അര്‍ഷദ് അകത്തേക്കു കയറിയത്. സാധാരണ രണ്ടാമത്തെ കൂട്ടിലേക്ക് പാമ്പുകളെ മാറ്റിയശേഷമാണ് സന്ദര്‍ശകര്‍ക്കു കാണാവുന്ന പാമ്പിന്‍ കൂട് വൃത്തിയാക്കുന്നത്. ഇതിനിടയില്‍ എപ്പോഴോ കടിയേറ്റെന്നാണ് അനുമാനം. കൂട്ടിനകത്ത് ഒറ്റയ്ക്കായിരുന്നതിനാല്‍ അര്‍ഷദിനു കടിയേറ്റത് മറ്റു ജീവനക്കാര്‍ അറിഞ്ഞില്ല.

1.45 ഓടു കൂടി അര്‍ഷദിനെ തിരക്കി ജീവനക്കാര്‍ ചെന്നപ്പോഴാണ് കടിയേറ്റു കൂടിനകത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുള്ള അര്‍ഷദിനെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായാണ് കണക്കാക്കുന്നത്.

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റു ജീവനക്കാരന്‍ മരിക്കുന്നത് ആദ്യമായിട്ടാണ് .

കുളനടയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍.എം മന്‍സിലില്‍ അന്‍സിലി(24)നക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ അപകടം നടന്നത്. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു മരിച്ച സുമിത്ര പ്രവീണ്‍. പരസ്പരം പ്രണയിക്കുന്ന ഇരുവരും ഒളിച്ചോടിയതാണെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ അന്‍സിലിനെ പന്തളം സി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്.

പതിനാല് വയസ്സായിരുന്നു. അമിതമായി മൊബൈല്‍ ഫോണില്‍ കളി തുടര്‍ന്ന ഗര്‍ഷോം മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു.

തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ചിരുന്നു. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു.

പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോവിഡ് ടെസ്റ്റിനും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.

സ്വത്ത് കൈക്കലാക്കാനായി സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊന്ന ഉത്രയുടെ മകൻ ഇനി ധ്രുവ് അല്ല ആർജവ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റുകയായിരുന്നു. ആർജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്നപേര് നൽകിയതെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറയുന്നു. അമ്മ മരിക്കുമ്പോൾ കുഞ്ഞിന് ഒരുവയസായിരുന്നു. ആർജവിന് ഇപ്പോൾ രണ്ടുവയസ്സും മൂന്നുമാസവുമായിരിക്കുകയാണ്. ഉത്രയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കും മാമൻ വിഷ്ണുവിനുമൊപ്പമാണ് ആർജവ് ഇപ്പോൾ കഴിയുന്നത്. ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ കുഞ്ഞാണ്.

ഉത്രയുടെ മരണത്തിനുപിന്നാലെ സൂരജിന്റെ വീട്ടുകാർ ഉത്രയുടെ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ ഒളിപ്പിച്ചുവെയ്ക്കുക പോലും ചെയ്തിരുന്നു. പിന്നീട് ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിച്ചത്. പിന്നീട് അമ്മയില്ലാത്തതിന്റെ കുറവുവരുത്താതെ ഉത്രയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ സ്‌നേഹത്തോടെ വളർത്തുകയാണ്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് ആർജവ് വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാൽ അമ്മയുടെ ചിത്രത്തിനുമുന്നിൽ പോയി തൊഴുത് ഉമ്മകൊടുക്കും. പിന്നീടാണ് മറ്റുകാര്യങ്ങൾ ചെയ്യുന്നത്.

2020 മേയ് ഏഴിനാണ് കൊല്ലം ഏറം വെള്ളാശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര(25)യാണ് സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങാൻ കിടന്ന ഉത്തരയെ പാമ്പുകടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമായി കണ്ടെങ്കിലും വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഉത്ര കേസ് ഇപ്പോൾ വിചാരണ നടക്കുകയാണ്. ജൂലായ് 10നുമുൻപായി വിചാരണ പൂർത്തിയാകും.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.

തെളിവെടുപ്പിനായി കിരണിനെ വിസ്മയയുടെ വീട്ടില്‍ കൊണ്ടുവരുമെന്നറിഞ്ഞ് വനിതാ സംഘടനകള്‍ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നില്‍ പ്രതിഷേധത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്.

ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ടിവരും. അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച, വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദ്ഗധരുടെയും ആന്തരിക രാസ പരിശോധനാ റിപ്പോര്‍ട്ടിനും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

ശുചിമുറിയിലെ ജനല്‍ക്കമ്പിയില്‍ വിസ്മയയെ തൂങ്ങി നിന്ന നിലയില്‍ കണ്ടെത്തിയത് കിരണ്‍ കുമാര്‍ മാത്രമാണ്. ജനല്‍ കമ്പിയില്‍ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നല്‍കിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കള്‍ എത്തിയതെന്നും കിരണ്‍ പറയുന്നു.

വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടില്‍ തന്നെയാണ് കിരണ്‍. വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നിന്നു വെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ ശശികലയും ഡോ സീനയും റൂറല്‍ എസ്പി കെ ബി രവിയും പരിശോധന നടത്തി.

കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ. കിരണിന്റെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

​​​തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ദളിത് വിഭാഗത്തിൽ നിന്നുളള സംസ്ഥാനത്തെ ആദ്യത്തെ പൊലീസ് മേധാവിയാണ്.

ഡൽഹി സ്വദേശിയായ അനിൽകാന്ത് നിലവിലെ റോഡ് സുരക്ഷാ കമ്മിഷണറാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ ആളാണ് അനിൽകാന്ത്. അടുത്ത ജനുവരി വരെ അദ്ദേഹം പൊലീസ് മേധാവിയായി തുടരും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലന്‍സ് ഡയറക്‌ടര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ മൂന്നു പേരുടെ ചുരുക്കപ്പട്ടികയാണ് യു പി എസ് സി സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ വച്ചത്. സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. 1985 ൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ എ.എസ്.പി ട്രെയിനിയായി സർവ്വീസ് ആരംഭിച്ച ബെഹറ, ദീർഘകാലം കേരളപോലീസിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. നീണ്ട അഞ്ച് വർഷത്തിലെറെ ക്രമസമധാനപാലനത്തിന്റെ ചുമതലയുളള ഡി.ജി.പിയായിരുന്നു.

കേരള പോലീസിൽ സാങ്കേതികവിദ്യയും ആധുനികവൽക്കരണവും നടപ്പാക്കുന്നതിൽ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉൾപ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിയത് ബെഹ്റയുടെ നേതൃത്വത്തിലാണ്.

എൻഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വർഷക്കാലയളവിൽ മുംബൈ സ്ഫോടന പരമ്പരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകൾ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളുടെ തലപ്പത്തും ബെഹ്റയ്ക്ക് സേവനമനുഷ്ഠിക്കാനായി. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീർഘമായ കാലയളവ് ഒരാൾ സംസ്ഥാന പൊലീസ് മേധാവി കസേരയിൽ ഇരിക്കുന്നത്.

പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. യുപിഎസ്സി അംഗീകരിച്ച മൂന്ന് പേരിൽ നിന്ന് ഒരാളെയാണ് പൊലീസ് മേധാവിയായി തീരുമാനിക്കുക. റോഡ് സുരക്ഷാ കമ്മീഷണർ അനിൽകാന്തിനാണ് കൂടുതൽ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനിൽകാന്ത് വിരമിക്കുന്നത്. വിജിലൻസ് ഡയറക്ടർ എസ് സുധേഷ് കുമാർ, അഗ്നിരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർ. പട്ടികയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സുധേഷ്‌കുമാർ. ആദ്യ വനിതാ പൊലീസ് മേധാവി എന്ന തലത്തിൽ കാര്യങ്ങൾ പോയാൽ ബി സന്ധ്യയ്ക്കും സാധ്യതയുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രാവൽ വ്ളോ​ഗർക്കൊപ്പം ഡീൻ കുര്യാക്കോസ് എം.പി നടത്തിയ യാത്ര വിവാദത്തിൽ.

ഇടമലക്കുടിയിൽ സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ച വ്ളോ​ഗർ സുജിത്ത് ഭക്തനൊപ്പം എം.പി നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. സുജിത്ത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു.

ഇടമലക്കുടിയിലെ എൽ.പി സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തൻ പറഞ്ഞത്.

എന്നാൽ സെൽഫ് ക്വാറൻറൈനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. ഇവിടെ എത്തിയാണ് വ്ളോ​ഗറും സംഘവും ദൃശ്യങ്ങൾ പകർത്തിയത്. ഇതോടെ ഇവർക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി.

മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയിൽ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു.

യൂടൂബ് ചാനൽ ഉടമയായ സുജിത് ഭക്തൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്കെതിരെ എ.ഐ.വൈ.എഫ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്​. ദേവികുളം മണ്ഡലം പ്രസിഡന്‍റായ എൻ.വിമൽരാജാണ് മൂന്നാർ ഡി.വൈ.എസ്.പിക്കും സബ് കളക്ടറിനും പരാതി നൽകിയത്.

മുവായിരത്തോളം പേർ താമസിക്കുന്ന ഇടമലക്കുടിയിൽ ഒരാൾക്കു പോലും ഇതവരെ കോവിഡ്​ സ്ഥിരീകരിച്ചില്ല​. കടുത്ത നിയന്ത്രണങ്ങളാണ് രോ​ഗബാധയെ പഞ്ചായത്തിൽ നിന്ന് അകറ്റി നിർത്തിയത്.

രമേഷ് പിഷാരടിയോടുള്ള സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത് തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ധര്‍മജന്‍  പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.

”എടാ ഉമ്മന്‍ ചാണ്ടി സാറിന് 15000 വോട്ട് കുറഞ്ഞു, നിനക്ക് പിന്നെ എന്താ പേടിക്കാന്‍ ഉള്ളത്” എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിഷാരടി തന്നോട് പറഞ്ഞതെന്ന് ധര്‍മജന്‍ പറയുന്നു. രമേഷ് പിഷാരടിയുടെ ദേഷ്യത്തെ കുറിച്ചും താരം പറയുന്നുണ്ട്. പിഷാരടിക്ക് പെട്ടെന്ന് ദേഷ്യം വരും.

സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് താന്‍ അത് അവനോടു പറയാറുണ്ട്. ഉപദേശം ഒന്നും അവനു വേണ്ട. എന്നാല്‍ അവന്‍ തന്നെ ഉപദേശിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ തന്റെ അച്ഛന്‍ കഴിഞ്ഞാല്‍ തനിക്ക് പേടിയുള്ള ഒരാളും തന്നെ ഉപദേശിക്കാന്‍ അവകാശം ഉള്ളതും അവനാണ്. അത്രയ്ക്ക് അവനോട് ഇഷ്ടവും സ്‌നേഹവും ബഹുമാനവുമാണെന്ന് ധര്‍മജന്‍ പറയുന്നു.

ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ വെജ് ഭക്ഷണം കിട്ടാതെ പിഷാരടി പട്ടിണി കിടക്കുന്നതിനെ കുറിച്ചും ധര്‍മജന്‍ വ്യക്തമാക്കി. പിഷാരടി വെജ് ഫുഡ് ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍ ഭക്ഷണം കിട്ടില്ല. പിഷാരടി പട്ടിണി കിടക്കുകയും താന്‍ മാത്ര ഭക്ഷണം കഴിക്കുകയും ചെയ്യും. ചിക്കന്‍ കഴിച്ചാല്‍ എന്താ പ്രശ്‌നം, ഇത് കഴിച്ചാല്‍ ചത്തൊന്നും പോകില്ലല്ലോ എന്ന് താന്‍ പറയാറുണ്ടെന്നും താരം പറഞ്ഞു.

 

2012 മെയ് 4 വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ടിപി ചന്ദ്രശേഖരന്റെ നമ്പറിലേക്ക് ഇനി ആവശ്യങ്ങൾക്കായി വിളിച്ച് തുടങ്ങാമെന്ന് കെ.കെ രമ എം.എൽ.എ.

കെ.കെ രമ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി ആയാണ് ടി.പിയുടെ ഫോൺ ഉപയോ​ഗിച്ച് തുടങ്ങിയെന്ന് അറിയിച്ചത്. 9447933040 എന്ന ടി പി യുടെ നമ്പറാണ് രമ വീണ്ടെടുത്ത് സജീവമാക്കുന്നത്.

0496 2512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാലും കെ.കെ രമയെ സഹായത്തിനായി ലഭിക്കും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മതവ്യത്യാസമില്ലാതെ എം.എല്‍.എയുടെ ഓഫീസിലേക്ക് വരാമെന്നും വിളിക്കാമെന്നും കെ.കെ രമ അറിയിച്ചു

RECENT POSTS
Copyright © . All rights reserved