കൊടുങ്ങല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ അവസാന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്.’ – എന്നാണ് അവസാനമായി യുവാവ് പറയുന്നത്.
യുവാവ് ആശുപത്രിയില്‍ നിന്നു സുഹൃത്തുക്കള്‍ക്കു അയച്ച സന്ദേശത്തിലെ വരികളാണിത്. സന്ദേശം അയച്ചു വൈകും മുന്‍പേ യുവാവ് മരണത്തിനു കീഴടങ്ങി. ചന്തപ്പുര പെട്രോള്‍ പമ്പിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തന്‍കാട്ടില്‍ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകന്‍ കണ്ണന്‍ (40) ആണ് മരിച്ചത്.
ഏപ്രില്‍ 22 നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു.
ഇതിനിടയിലാണ് സുഹൃത്തുക്കള്‍ക്കു ശബ്ദ സന്ദേശം അയച്ചത്. ആശുപത്രി കിടക്കയില്‍ കിടന്നു രോഗാവസ്ഥ കണ്ണന്‍ വിവരിക്കുകയായിരുന്നു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: രാധിക.
അനിശ്ചിതത്വങ്ങള്ക്ക് ഒടുവില് കോൺഗ്രസിൽ തലമുറമാറ്റം. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അവസാനം വരെ നിലനിന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി.
യുവ എംഎല്എമാരുടെ ശക്തമായ പിന്തുണയും സതീശനുവേണ്ടി ഉണ്ടായി. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. അതേസമയം, കെപിസിസി നേതൃമാറ്റം പിന്നീടായിരിക്കുമെന്നാണ് സൂചന.
എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ മരണദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. അന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു നിര്‍മ്മാതാവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത് എന്നാണ് പറയുന്നത്. തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് കണ്ടെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആന്റോ ജോസഫിന്റെ കുറിപ്പ്:
ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി പൂര്‍ണിമക്ക് മുപ്പത് വയസ്സ്. തൊണ്ണൂറ്റി ഒന്നിലെ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും എന്നില്‍ നിന്നും മാഞ്ഞിട്ടില്ല. അന്ന് ഞാന്‍ കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം സെക്രട്ടറിയുമാണ്.
ഞങ്ങളുടെ ആരാദ്ധ്യനായ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുരഞ്ഞെടുപ്പ് പ്രവര്‍ത്തനതിനായി ഇന്നത്തെ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പതിമൂന്നു പേര് അടൂര്‍ മണ്ഡലത്തിലാണ്. എനിക്ക് ചുമതലയുള്ള വാര്‍ഡില്‍ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസഡര്‍ കാറില്‍ അടൂര്‍ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാല്‍ ഭക്ഷണം കഴിക്കാനായി ഒരു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ കയറി.
അവിടെ കഞ്ഞി കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് മനോരമയില്‍ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകന്‍ ഫോണില്‍ അറിയിക്കുന്നത്. ഞങ്ങളെല്ലാം അന്ന്സ്തപ്രജ്ഞരായിപ്പോയി. ശ്രീ തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.
ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍. പിന്നീട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ എംകെകെ നായരുമുള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തകരെയും വിവരമറിയിച്ച് ഞങ്ങള്‍ ടൗണില്‍ ഒത്തുചേര്‍ന്നു.
ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച്ച് പുലര്‍ച്ചയോടെ പിരിഞ്ഞു . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ രാത്രിയില്‍ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനില്‍ക്കുന്നത് അന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.
കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പെന്നും അദ്ദേഹം അറിയിച്ചു. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്.
ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;
രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700-ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതും.
കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.
കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.
ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് രണ്ട് മുതല്‍ ആറ് ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.
അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ അന്തരിച്ചു. 40വയസായിരുന്നു. തലച്ചോറിനുണ്ടായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 2006 ലെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്‌ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ നടത്തും.
കെഎസ് യു വിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സുധീര്‍ കെഎസ് യു വിന്റെ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏറ്റവും ശക്തനായ സംഘാടകനും രാഷ്ട്രീയ സമരങ്ങളുടെ മുന്നണി പോരളിയുമായിരുന്നു സുധീര്‍. വിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയിലായിരുന്നു എന്നും ശാസ്താംകോട്ട സുധീറിന്റെ സ്ഥാനം. പിന്തുടര്‍ന്ന് എത്തുന്ന മരണത്തിലേക്കാണ് ഏറ്റുവാങ്ങിയ പോലീസ് മര്‍ദ്ദനങ്ങള്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും സുധീറിനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മരണമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല കുറിച്ചു.
തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമരന്‍ നായര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ആലപ്പുഴ ചെട്ടിക്കുളങ്ങരയില്‍ കോയിക്കത്തറയില്‍ എന്‍എസ്എസ് കരയോഗത്തിലെ ഒരുവിഭാഗം അംഗങ്ങളാണ്് സുകുമരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
കോലം കത്തിച്ച പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ മുദ്രാവാക്യം മുഴക്കി. സമുദായ നേതൃത്വത്തിലിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ ഏകാധിപതിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം സമുദായത്തിന് എതിരായി അല്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സിപിഎമ്മിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് കോയിക്കത്തറ മേഖല.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വൈകുന്നതിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ.
കോൺഗ്രസിന്റെ അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ അങ്ങേയറ്റം അപകടമാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പാർട്ടിയോട് കൂറുള്ള ഒരു യുവതലമുറയെ കോൺഗ്രസിനകത്ത് വാർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി മാറുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു.
കോൺഗ്രസ് പ്രവർത്തകരുടെ വികാരം എല്ലാവർക്കുമറിയാം. ആ വികാരം ഉൾക്കൊള്ളണം. അതല്ല ഈ പാർട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താത്പര്യമുണ്ടെങ്കിൽ പിന്നെ ആ വഴിക്ക് ചിന്തിക്കാം.
എന്താണ് സംഭവിക്കാൻ പോവുന്നതെന്നതിനെ കുറിച്ച് ഒരു മുൻ ബോദ്ധ്യം നേതാക്കൾക്കുണ്ടായില്ലെങ്കിൽ ഈ പാർട്ടി ഇങ്ങനെ തന്നെ പോയാൽ എവിടെ ചെന്നവസാനിക്കുമെന്ന് ആർക്കും പറയാൻ പറ്റത്തില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുംബൈ ബാര്‍ജ് ദുരന്തത്തിൽ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശി അര്‍ജുന്‍, കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരുടെ മരണമാണ് സ്ഥീരികരിച്ചത്. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. സ്വകാര്യകമ്പനിയുടെ ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍.
ഇതുവരെ 50 പേരാണ് അപകടത്തിൽ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ മുതല്‍ മലപ്പുറം ഒഴികെഎറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ ട്രിപ്പിള്‍ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കും.
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് രാത്രിയ്‌ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയിൽ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കോൺഗ്രസിലെ യുവ എം.എൽ.എ.മാരിൽ നിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ സതീശനുണ്ട് എന്നാണ് റിപ്പോർട്ട്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം ചിലരുടെ നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
പറവൂരിൽനിന്ന് അഞ്ചാംതവണയും മികച്ച ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന നേതാവിന്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്‍റെ പതിവ് ശൈലി.
ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ എറണാകുളം ജില്ലയിൽനിന്നുള്ള രണ്ട് ഐ ഗ്രൂപ്പ് എം.എൽ.എമാർ മാത്രമാണ് സതീശനെതിരെ നിലപാട് സ്വീകരിച്ചത്. എ ഗ്രൂപ്പ് നേതാവായ ഒരു എം.എൽ.എ. സ്വന്തംപേരാണ് നിർദേശിച്ചത്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന തീരുമാനമാണ് എ ഗ്രൂപ്പ് നേതൃത്വം അവസാനഘട്ടത്തിൽ എടുത്തത്.
എന്നാൽ, ഗ്രൂപ്പിലെ മുഴുവൻപേരും തീരുമാനത്തെ പിന്തുണച്ചില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോൾ എ വിഭാഗത്തിലെ മൂന്ന് എം.എൽ.എമാർ സതീശനെ പിന്തുണച്ചു. അവരുടെകൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.
എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിൻമേൽ തുടർചർച്ചകൾ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷികളുടെ പ്രതികരണം.