Kerala

തന്റെ മണ്ഡലത്തില്‍ 47ഓളം പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ലൗ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജിന്റെ വാക്കുകള്‍;

ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണ്. ഒന്നരമാസം മുമ്പ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല.

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണ്. സുപ്രീംകോടതിയുടെ മുമ്പില്‍ ലൗ ജിഹാദ് എന്നൊരുവാക്കില്ല. അങ്ങനൊരു വാക്ക് ഡിക്ഷണറിയിലുണ്ടോ. നിയമവ്യവസ്ഥയില്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. സ്വാഭാവികമായും സുപ്രീംകോടതി ലൗ ജിഹാദ് ഇല്ലെന്ന് പറയും. പക്ഷേ ഞാന്‍ പറയും ലൗ ജിഹാദുണ്ടെന്ന്. എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പറയുന്നത്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്.

അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിക്കുന്നു. യൂസഫലിയുടെ മരുമകനും ബുര്‍ജീല്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കൊച്ചിയില്‍ നടന് ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം, അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. ഏപ്രില്‍ 13-ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്.

വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ ആണ് സമയോചിത ഇടപെടലിലൂടെ കള്ളനെ പിടികൂടിയത്. റോഡില്‍ ആളുകള്‍ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരാള്‍ പൊതിയുമായി അതിവേഗത്തില്‍ ഓടിവരുകയായിരുന്നെന്ന് ജാഫര്‍ പറഞ്ഞു. ”ആദ്യം പിടിക്കാന്‍ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാല്‍വെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു”- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

സഹോദരന്റെ മാര്‍ക്കറ്റിലുള്ള ജ്യൂസ് കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ജാഫര്‍. കള്ളനെ കാല്‍വെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതില്‍ ജാഫറിന് പരിഭവമുണ്ട്.

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് ആണ് കീഴടങ്ങിയത്. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. കേസില്‍ സജയ് ദത്ത് അടക്കം അഞ്ചു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പതിനഞ്ചുവയസ്സുകാരനായ അഭിമന്യുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്.

പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യൂ. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

അതേസമയം, ആര്‍എസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മരിച്ച അഭിമന്യുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. അതേസമയം ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും.

ഒരാഴ്ച മുന്‍പാണ് മേബിള്‍ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റിലെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പോലീസിനെ അറിയിച്ചു. ഗര്‍ഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിള്‍ ജോസഫിന്റെ കൈയക്ഷരവുമായി ചേര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു.

എന്നാല്‍, ഈ നടപടി ചോദ്യം ചെയ്ത് നീരവ് മോദിക്ക് യു കെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

14000 കോടി രൂപയുടെ തട്ടിപ്പ് കേസാണ് നീരവ് മോദിക്കെതിരെയുള്ളത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.

കോട്ടയം: അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്. ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ല. ഇരുമുന്നണികളെയും രൂക്ഷമായി വിമര്‍ശിക്കുന്ന കത്തില്‍ ക്രൈസ്തവരെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അന്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ട് മന്ത്രിസഭകളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സമൂഹം അസ്വസ്തരാണെന്ന ആമുഖത്തോടെയാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കുള്ള കത്ത് ആരംഭിക്കുന്നത്. രണ്ട് തവണയും ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളിലുള്ള വിവേചനം ഇല്ലാതാക്കാന്‍ അടുത്ത മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കണം. സര്‍ക്കാരിന്റെ പദ്ധതികളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് കൃത്യമായ പദ്ധതികള്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇടതുവലതു സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്തില്‍ ക്രൈസ്തവ സമൂഹത്തെ അന്യവത്കരിക്കാനുള്ള നീക്കം നടക്കുന്നതായും കുറ്റപ്പെടുത്തുന്നു.

ചങ്ങനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ്‌ ജാഗ്രത സമിതി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്ക് കത്തയച്ചത്.

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് 2.5 ലക്ഷം ആളുകളെ വരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾ സ്വയം പ്രതിരോധവും നിയന്ത്രണവും വർദ്ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കോവിഡ് പരിശോധന, വാക്സിൻ, നിയന്ത്രണങ്ങൾ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടു വെയ്ക്കുന്നത്. മുൻഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കാവും മുൻഗണന. 45 വയസ്സിന് താഴെയുള്ളവരിൽ പരിശോധന കൂട്ടും. 60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്. 7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. ഇത് ജനങ്ങൾക്ക് വിതരണം ചെയ്യും. കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്യും.

പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ മുൻകൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടം കുറയ്ക്കണം. ഹോം ഡെലിവറി സംവിധാനം വർദ്ധിപ്പിക്കണം. തിയേറ്ററുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം തീയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി .

സിനിമയെ വെല്ലുന്ന ദാരുണപ്രതികാരം സ്വന്തം ഗ്രാമത്തിൽ നടന്ന ഞെട്ടലിലാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തിലെ ഗ്രാമീണർ. മകളെ പ്രണയിച്ച് ലൈംഗികമായി ദുരുപോഗം ചെയ്യുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തയാളോടുള്ള പ്രതികാരമായി അയാളുടെ വീട്ടിൽ കയറി പിഞ്ചുകുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്ന് പിതാവിന്റെ പ്രതികാരം.

വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂട്ടക്കൊലയ്ക്ക് പിന്നിൽ കൊല്ലപ്പെട്ടവരുടെ അയൽക്കാരനായ അപ്പാലരാജു ആണെന്നും ഇയാളെ പിടികൂടിയെന്നും പോലീസ് പറഞ്ഞു. അപ്പലരാജുവിന്റെ കൈകൊണ്ട് നഷ്ടമായത് ഒരു വയോധികന്റേയും മൂന്ന് സ്ത്രീകളുടേയും രണ്ട് കുട്ടികളുടേയും ജീവനാണ്.

മരിച്ച കുട്ടികളിൽ ഒരാൾ രണ്ട് വയസുള്ള ഒരു കുട്ടിയും മറ്റൊരു കുഞ്ഞ് ആറുമാസം പ്രായം മാത്രമുള്ള കുഞ്ഞുമാണ്. രമണ(60), ഉഷാറാണി(35), രമാദേവി (53), അരുണ (37), ഉദയ്കുമാർ (രണ്ട്), ഉർവശി (ആറ് മാസം) എന്നിവരാണ് മരിച്ചത്.

ഇവരുടെ കുടുംബാംഗമായ വിജയ് അപ്പാലരാജുവിൻറെ മകളുമായി പ്രണയത്തിലായിരുന്നു. പിന്നീട് വിജയ് വേറെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം നാട്ടിൽ നിന്ന് മാറിയ വിജയ് ഈയടുത്ത് നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്നറിഞ്ഞ് അയാളോട് പ്രതികാരം ചെയ്യാനാണ് അപ്പാലരാജു വീട്ടിലെത്തിയത്.

എന്നാൽ, ഈ സമയം വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് കലി പൂണ്ട അപ്പലരാജപ മറ്റുള്ളവരെ പുല്ലരിയുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

‘അവന്‍ പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന്‍ ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല’ ആലപ്പുഴയില്‍ കൊല്ലപ്പെട്ട 15വയസുകാരന്‍ അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാര്‍ പറയുന്നു.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ച് രംഗത്തെത്തി. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളെ ഡിവൈഎഫ്ഐ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭിമന്യൂ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബിനു പ്രതികരിച്ചു.

കഴിഞ്ഞദിവസം രാത്രി പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved