കുഴൽപ്പണ വിവാദത്തിലും മറ്റും ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ തോല്‍വി ബിജെപി ദേശീയ നേതൃത്വത്തിന് വലിയ നിരാശയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മൂന്നംഗ സമിയെ നിയോഗിച്ചിരിക്കുന്നത്. പരാജയം വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത ബിജെപി നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും നിലനില്‍ക്കെ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.