Kerala

കോട്ടയം: കറുകച്ചാൽ ചമ്പക്കരയിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊച്ചുകണ്ടം ബംഗ്ലാകുന്ന് സ്വദേശി രാഹുലി(35)ന്റെ മരണമാണ് നാല് ദിവസത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രാഹുലിന്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവരെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടെ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് മരിച്ചെന്നായിരുന്നു ആദ്യനിഗമനം. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് പരിശോധനയിലും അസ്വാഭാവികത തോന്നിയില്ല. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയതോടെ തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും പോലീസിൽ പരാതി നൽകി.

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം നെടുംകുന്നത്ത് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് രാത്രി 9.30-ന് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും ആരും സംസാരിച്ചില്ലെന്നായിരുന്നു വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഈ മൊഴികൾ അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടതാണ്. ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം. ഇപ്പോള്‍ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.

മലപ്പുറം ∙ ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ.

കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, റീജനൽ ഫിലിം സെൻസർ ബോർഡ്, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

അതിരമ്പുഴ: ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീറാണ് വൈദികനെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭി്ച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് പിന്നാലെയാണ് വൈദികനെ വിളിച്ചുവരുത്തിയത്. ദേവാലയ ശുശ്രൂഷികള്‍ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തത്. നിരോധനാഞ്ജ നിലനില്‍ക്കെ കുര്‍ബാന അര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഓഫീസര്‍ വൈദികനോട് പറഞ്ഞത്. തുടര്‍ന്ന് പള്ളി അധികൃതര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ബോധിപ്പിച്ചു.

അമ്പലപ്പുഴ: പരീക്ഷാ ദിവസത്തിൽ പിശകുപറ്റി ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് തുണയായത് പി.ടി.എ. പ്രസിഡന്റ്. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷാ ദിവസമാണെന്ന് ഓർക്കാതെ വീട്ടിൽ കിടന്നുറങ്ങിപ്പോയത്. പരീക്ഷ ആരംഭിക്കേ
ണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോൾ സ്കൂൾ അധികൃതർ കാരണം അന്വേഷിച്ച് വീട്ടിലെത്തി. ഇതോടെയാണ് പരീക്ഷാ ദിവസം മാറിപ്പോയ വിവരം വിദ്യാർത്ഥിനിയും അറിയുന്നത്.

കാക്കാഴം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്തു മണി കഴിഞ്ഞിട്ടും പരീക്ഷക്ക് എത്താതിരുന്നതിനെത്തുടർന്ന് അധ്യാപകർ പി.ടി .എ പ്രസിഡൻ്റ് നസീറിനെ വിവരമറിയിച്ചു. ഇദ്ദേഹം ബൈക്കിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കമായിരുന്നു. എസ്.എസ്. എൽ.സി. പരീക്ഷ ബുധനാഴ്ചയാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച പരീക്ഷയില്ലായെന്ന ധാരണയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഉടൻ തന്നെ വിദ്യാർത്ഥിനിയുമായി നസീർ സ്കൂളിലെത്തി. 10.32 ന് കുട്ടി പരീക്ഷാ ഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.

കോഴിക്കോട് : സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിഷ വിധിച്ചത്.

സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ നിരന്തരം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാന്‍ സരിത തയ്യാറായില്ല. തുടര്‍ന്ന സരിതയെ അറസ്റ്റ് ചെയ്തു. 2012 കോഴിക്കോട് കസബ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായര്‍ക്ക് മേല്‍ തെളിഞ്ഞിരിക്കുന്നത്.

അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയില്‍ വീണ്ടും ആവര്‍ത്തിച്ചു. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനീല്‍ ആയതിനാല്‍ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. കേസിലെ മൂന്നാം പ്രതിയായിരുന്ന മണിമോനെ കോടതി വെറുതെ വിട്ടിരുന്നു.

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ബുധനാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്‌. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

തൃശൂർ∙ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയലാണ്.

ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

കൊച്ചി: ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളുമായി എറണാകുളം ജില്ല. രണ്ടാം ദിവസവും കൊച്ചി നഗരത്തിലുൾപ്പെടെ പോലീസ് പരിശോധന കർശനമാക്കി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ നിലയിലാണ്. ഹോട്ടലുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. പൊതു അവധി ദിവസം കൂടിയായതിനാൽ നഗരം വിജനമാണ്. ചുരുക്കം ചില സ്വകാര്യ ബസുകൾ ശനിയാഴ്ച സർവ്വീസ് നടത്തിയെങ്കിലും ഇന്ന് പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന ഇല്ലാത്തവർക്ക് പൊലീസ് പിഴ ചുമത്തി. പരിശോധന കർശനമാക്കിയതോടെ ലോക്ഡൗണിന് സമാനമാണ് കൊച്ചി നഗരം.

ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രോഗികളുടെ എണ്ണം 32167 ആയി. 28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പത്ത് ലക്ഷം പേരിൽ 1300 പേർ രോഗബാധിതരാണ് എന്നതാണ് കണക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കുകയാണ് ജില്ലാഭരണകൂടം. ഓക്സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ ചികിത്സാകേന്ദ്രങ്ങള്‍ക്കുപുറമെ ആദ്യഘട്ട പ്രതിരോധത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ട്രീറ്റ്മന്‍റ് സെന്‍ററുകള്‍ പുനസ്ഥാപിക്കും.

വരുന്ന ആ‍ഴ്ച്ച 1500 ഓക്സിജന്‍ കിടക്കകളും അതിനടുത്തയാ‍ഴ്ച്ച 2000 ഓക്സിജന്‍ കിടക്കകളും ഒരുക്കലാണ് ലക്ഷ്യം.മു‍ഴുവന്‍ താലൂക്കുകളിലും ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സക്ക് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കും. ഓക്സിജൻ ലഭ്യതയും ഇതോടൊപ്പം ഉറപ്പു വരുത്തും. ഇതിനായി എഫ്.എ.സി.ടി, പെട്രോനെറ്റ് എൽ.എൻ.ജി, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്റെ അടുത്തഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു.

18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്‌സിന്‍ സ്വീകരിക്കാനാവും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.

സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസര്‍മാര്‍ തന്നെയായിരിക്കും ഇത് നിര്‍വഹിക്കുക. നിലവില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

വാക്‌സിനേഷന്‍ സെന്ററുകള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണെന്നും മാർഗരേഖയിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved