ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മരണം ഷെല്ലുകളുടെ രൂപത്തിൽ സൗമ്യയുടെ ജീവൻ കവർന്നത്. ഭർത്താവ് സന്തോഷ് തന്നെയാണ് നിറകണ്ണുകളോടെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്കണക്ടായത്. വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് സന്തോഷ് പറഞ്ഞു.
ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ്(31) ഇസ്രയേലിൽ കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഏഴ് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ ജോലി ചെയ്തു വരികയാണ്. ആക്രമണത്തിൽ ഇസ്രായേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടിട്ടുണ്ട്.
കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷാണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുത്തത്. ഏകദേശം 8.13 കോടി രൂപ നഷ്ടമായതായാണ് വിവരം. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടര്‍ന്നു ബാങ്ക് നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. വിജീഷിനു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.
കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു സംശയം
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയത്തിന് പിന്നാലെ ബി.ജെ.പി കേരള ഘടകത്തിൽ കലാപക്കൊടി ഉയരുന്നു. ബി.ജെ.പി ജില്ലാ നേതൃയോഗത്തിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ഇറങ്ങി പോയി.ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാർടിക്ക് ഗുണമില്ലെന്നും ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ ജില്ലാ ഭാരവാഹികൾ കൂട്ടത്തോടെ വിമർശിച്ചു.
ഇതോടെ ഓൺലൈൻ യോഗത്തിൽ നിന്നും വി. മുരളീധരൻ സംസാരിക്കാൻ പോലും തയ്യാറാവാതെ ലെഫ്റ്റ് അടിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോൽവിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തൽ.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന ബിജെപി അവലോകന യോഗത്തിലും വാക്‌പോരുണ്ടായിരുന്നു.
കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ ആഴ്ചയാണ് ബിനീഷ് ഹർജി സമർപ്പിച്ചത്.
ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞിരുന്നു. ഇതിൽ ഇഡിയുടെ വാദം കോടതി ഇന്ന് കേൾക്കും.
ഇസ്രായേലിൽ അഷ്കലോണിൽ പാലസ്തീനിയൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രണം വീഡിയോയിൽ പകർത്തി മലയാളി യുവാവ്. ഫേസ്ബുക്ക് ലൈവ് വഴിയാണ് ഇദ്ദേഹം സനോജ് വ്ലോഗ്സ് എന്ന തന്റെ എന്ന തന്റെ പേജ് വഴി ഇദ്ദേഹം പങ്കുവച്ചിരുന്നു.
ഇവിടേക്ക് മിസൈലുകൾ വന്നു പതിക്കുന്ന ദൃശ്യങ്ങളാണ് വ്ലോഗർ തന്റെ പേജ് വഴി പങ്കുവച്ചിരിക്കുന്നത്. അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയിൽ പറയുന്നുണ്ട്.
നിരവധി മലയാളികൾ ഉള്ള പ്രദേശമാണ് അഷ്കലോൺ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി.
ആക്രമണം ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകൾ വ്ലോഗർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒന്നിൽ ആക്രമണത്തിൽ ഒരു മലയാളി യുവതി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്. ആക്രമണത്തിൽ മറ്റൊരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഹമാസിന്റെ നേതൃത്വം നൽകുന്ന ഗാസ മുനമ്പിലെ പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഇസ്രായേൽ ശക്തമായ തിരിച്ചടി നടത്തി.
ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ മലയാളി നഴ്സ് അടക്കം 30 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 കുട്ടികൾ ഉൾപ്പെടെ 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേലി പട്ടണമായ അഷ്കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. 31 പേർക്കു പരുക്കേറ്റു. ഗാസയിൽ വ്യോമാക്രമണങ്ങളിൽ നൂറ്റൻപതിലേറെപ്പർക്കു പരുക്കേറ്റു. മേഖലയിൽ 2019 നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിത്.
സൗമ്യ ഇന്നലെ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്. ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണു സൗമ്യ. 7 വർഷമായി ഇസ്രയേലിലാണ്. 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്. ഏക മകൻ: അഡോൺ (7).
അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷം അതിരൂക്ഷമായി. ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഇവിടെ രണ്ടാഴ്ചയായി സംഘർഷം നിലനിന്നിരുന്നു. അൽ അഖ്സയിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച തീർന്നതിനെ തുടർന്ന് ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നാനൂറോളം പലസ്തീൻകാർക്കു പരുക്കേറ്റിരുന്നു. സംഘർഷം നിയന്ത്രിക്കാൻ യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ശ്രമിക്കുന്നു.
അതേസമയം, ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കം നേതാക്കളെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലെ അപാർട്മെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 3 നേതാക്കൾ കൊല്ലപ്പെട്ടെന്നു സംഘടനയും വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി ഗുരുതരമാവുമ്പോഴും പ്രതിരോധത്തില്‍ മാതൃകയായി ഇടമലക്കുടി പഞ്ചായത്ത്. ഒന്നര വര്‍ഷത്തിനിടയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. ലോകത്തെ മുഴുവന്‍ വിറപ്പിച്ച കോവിഡിനു ഇതുവരെ പ്രവേശിക്കാന്‍ കഴിയാത്തത് ഇവിടെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇടമലക്കുടി പഞ്ചായത്തിലെ മൂവായിരത്തോളം പേര്‍ കോവിഡിനെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്നു.
സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പഞ്ചായത്താണ് ഇടമലക്കുടി. കോവിഡിന്റെ ആദ്യ തരംഗത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ക്ക് ഇപ്പോഴും ഒരു അയവും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം നടത്തുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
റേഷന്‍ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്‍ ജീപ്പ് വിളിച്ച് പോയി മൂന്നാറില്‍ നിന്ന് വാങ്ങി വരും. കോവിഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. പകരം ഒരാള്‍ പോയി ആവശ്യ സാധനങ്ങള്‍ വാങ്ങും. സാധനങ്ങള്‍ വാങ്ങിവരുന്നയാള്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ പോകും.
പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. 26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയില്‍ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവര്‍ വരുന്നുണ്ടോ എന്ന് അറിയാന്‍ പഞ്ചായത്തും ഊരുമൂപ്പന്‍മാരും ചേര്‍ന്ന് വഴികളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പോകാനാവില്ല. പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ കുടികളിലേക്ക് പോകാന്‍ വനംവകുപ്പ് ആര്‍ക്കും പാസ് നല്‍കാതെയായി.
ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പരിമിതികള്‍ ഉള്ളില്‍ നിന്ന് ഒന്നര വര്‍ഷമായി കൊവിഡിനെ അകറ്റി നിര്‍ത്തിയ ഇടമലക്കുടി മാതൃക അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
ഒപ്പം തന്നെ പുറം നാടുമായോജനങ്ങളുമായോ ബന്ധങ്ങളോ സമ്പർക്കമോ ഇല്ലാത്തതും ഇവരുടെ പ്രത്യേകതയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജന്റെ നേതൃത്വത്തിൽ ഊരുമൂപ്പൻമാർ കൂടി പഞ്ചായത്തിലേക്കു് പുറത്തു നിന്നുള്ള വഴികളിൽ ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
മകള്‍ക്ക് കോവിഡാണെന്ന വിധത്തില്‍ യുട്യൂബില്‍ വീഡിയോ നല്കിയ ചാനലിനെതിരേ ഗായിക അമൃത സുരേഷ്. അമൃതയും മുന്‍ ഭര്‍ത്താവ് ബാലയും തമ്മിലുള്ള ഫോണ്‍ കോള്‍ ലീക്കായി എന്ന വിധത്തിലായിരുന്നു വീഡിയോ. ബാല കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ അമൃത കാണാന്‍ അനുവദിച്ചില്ലെന്നും ഇതില്‍ പറഞ്ഞിരുന്നു.
മാത്രമല്ല അമൃതയുടെ കുട്ടി അവന്തികയ്ക്ക് കോവിഡാണെന്നും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ വിശദീകരണവും അമൃത വീഡിയോയില്‍ വ്യക്തമാക്കി. താന്‍ കോവിഡ് പോസ്റ്റിവായി കുറച്ചു ദിവസങ്ങളായി ക്വാറന്റൈില്‍ ആയിരുന്നെന്നും വീണ്ടും ടെസ്റ്റ് നടത്തി റില്ട്ടിനായി കാത്തിരിക്കുന്പോഴാണ് ബാല വിളിച്ചതെന്നും അമൃത പറയുന്നു.
കുട്ടി വീട്ടിലാണെന്നും അമ്മയെ വിളിച്ചാല്‍ സംസാരിക്കാമെന്നു ബാലയെ അറിയിച്ചെന്നും അമൃത പറഞ്ഞു. താനും ബാലയും തമ്മില്‍ നടത്തിയ ഫോണ്‍ കോളുകളും വാട്സ് ആപ് സന്ദേശങ്ങളും അമൃത വീഡിയോയില്‍ കാണിച്ചു.
കുടുംബ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് താരം നടൻ ബാലയുമായി വിവാഹ മോചനത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയാകുന്നത്. മകൾ പാപ്പു എന്ന അവന്തിക അമൃതക്ക് ഒപ്പമാണ്.
കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
ഗുജറാത്തിൽ ചില ആളുകൾ പശു അഭയകേന്ദ്രങ്ങളിൽ എത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.
കേരളത്തിന്റെ വിപ്ലവ സിംഹം കെ.ആർ. ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആർ. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.