പത്മപുരസ്കാരത്തിനുള്ള പട്ടികയില് വര്ഷങ്ങള്ക്ക് മുന്പ് താന് ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്. പുരസ്കാരത്തിനായി 50 ലക്ഷം രൂപയാണ് അവര് ആവശ്യപ്പെട്ടതെന്നും എന്നാല് അത്രയും ഉയര്ന്ന തുക നല്കാന് താന് തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര് പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര് ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്കാരത്തിനുള്ള പട്ടികയില് ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്ച്ചകള്ക്ക് വേണ്ടി തന്നെ ഡല്ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര് വെളിപ്പെടുത്തി.
എന്നാല് പുരസ്കാരത്തിനായി 50 ലക്ഷം രൂപയാണ് അവര് ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്ന്ന തുക നല്കാന് തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില് പറഞ്ഞു. പ്രാഞ്ചിയേട്ടന് ആന്ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന് എന്ന കഥാപാത്രമാണോ താങ്കള് എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.
ബോബിയുടെ വാക്കുകള്:
”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്മാര് ഉണ്ട്. പക്ഷേ ഞാന് പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന് ആര്ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്ഷങ്ങള്ക്ക് മുന്പ് പത്മപുരസ്കാരത്തിനുള്ള ആദ്യ റൗണ്ടില് ഇടംനേടിയിരുന്നു.
പ്രാരംഭചര്ച്ചകള്ക്ക് വേണ്ടി ഡല്ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള് സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില് തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന് പറഞ്ഞു. കേരളത്തില് നിന്നുള്ള മറ്റൊരാള് രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല് നിങ്ങള് അത് അവര്ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന് നാട്ടിലേക്ക് മടങ്ങി.”
തന്റെ ജീവിതം സിനിമയാക്കാന് ഒരു പ്രവാസി താല്പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില് പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില് നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്ക്ക് ബോബി ഫാന്സ് ക്ലബിലൂടെ നല്കാനാണ് തീരുമാനം.
15-20 വര്ഷം മുന്പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.
സംവിധായകന് അലി അക്ബറിന്റെ സിനിമ പ്രദര്ശിപ്പിക്കുന്നത് വിലക്കിയാല് ആഷിഖ് അബുവിന്റെ വാരിയംകുന്നന് സിനിമ തിയറ്റര് കാണില്ലെന്ന് വെല്ലുവിളിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്.
അലി അക്ബറിന്റെ ‘1921 പുഴ മുതല് പുഴ വരെ’ എന്ന സിനിമയുടെ പൂജയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെച്ചാണ് പൂജ ചടങ്ങ് നടന്നത്. മലബാര് കലാപത്തെ ആസ്പദമാക്കി അലി അക്ബര് സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതല് പുഴ വരെ.
ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബര് നടത്തിയ സിനിമ പ്രഖ്യാപനം യഥാര്ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്ക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര് പറഞ്ഞു.
സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമ മേഖലയില് നിന്നും കോഴിക്കോട് നാരായണന് നായര് പരിപാടിയില് പങ്കെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില് വെച്ചായിരുന്നു പരിപാടി.
ഫെബ്രുവരി 20ന് വയനാട്ടില് വെച്ചാണ് ‘1921 പുഴ മുതല് പുഴ വരെ’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. 25 മുതല് 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്ത്തിയാക്കുക. ഹരി വേണുഗോപാലാണ് സംഗീത സംവിധാനം ഒരുക്കുന്നത്. അലി അക്ബര് ആണ് വരികള് എഴുതുന്നത്.
മലയാളത്തിലെ പ്രമുഖര് സിനിമയില് ഭാഗമാകുമെന്നും അവര്ക്ക് അഡ്വാന്സ് കൊടുത്തതായും അലി അക്ബര് നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ നിര്മാണം നിര്വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില് രൂപീകരിച്ച മമധര്മ്മക്ക് ഒരു കോടിക്ക് മുകളില് രൂപയാണ് നിര്മാണത്തിനായി ലഭിച്ചത്. ഏകദേശം 151 സീനുകള് ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല് ഒരുപാട് കഥാപാത്രങ്ങള് സിനിമയുടെ ഭാഗമാണെന്നും അലി അക്ബര് പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മദ്യലഹരിയില് വാഹനങ്ങള് ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്. സംഭവത്തില് കാര് ഓടിച്ചിരുന്ന ചെര്പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്ശ്ശേരിയില് റയാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.
കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നെയ്തലയില് ബൈക്ക് യാത്രക്കാരന് നാട്ടുകല് പണിക്കര്ക്കളം രതീഷ് (പാപ്പു-22)ആണ് റയാന്റെ പരാക്രമത്തില് മരണപ്പെട്ടത്. സംഭവത്തില്, ഇയാള്ക്കെതിരേ മനഃപൂര്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു. കാര് ഡ്രൈവര് മദ്യലഹരിയിലായിരുന്നുവെന്ന് കസബ ഇന്സ്പെക്ടര് പറയുന്നു.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകല് പണിക്കര്ക്കളം അപ്പുക്കുട്ടന്റെയും പഞ്ചവര്ണത്തിന്റെയും മകനായ രതീഷ് മീനാക്ഷിപുരം ഐടിഐയില് പഠനം പൂര്ത്തിയാക്കി തുടര്പഠനത്തിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം. കൃഷിക്കാരനായ റയാന് കൊഴിഞ്ഞാമ്പാറയില്നിന്ന് ചെര്പ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള് ഇടിച്ച് തെറിപ്പിച്ചത്.
അമിതവേഗത്തിലായിരുന്ന കാര് കൊഴിഞ്ഞാമ്പാറ സൂര്യപ്പാറയില് രണ്ടു ബൈക്കുകളില് ഇടിച്ചു. തുടര്ന്ന് എലപ്പുള്ളി ഭാഗത്തേക്ക് സഞ്ചരിച്ച കാര് നോമ്പിക്കോട്ട് മറ്റൊരു ബൈക്കിലിടിച്ചു. തുടര്ന്ന് നെയ്തലയില്വെച്ച് മൂന്ന് വാഹനങ്ങളിലിടിക്കുകയും ചെയ്തു. പിക്കപ്പ് വാനിലും കാറിലുമിടിച്ചെങ്കിലും യാത്രികര് സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കസബ പോലീസ് പറയുന്നു.
എന്നാല്, നെയ്തലയില്വെച്ചുതന്നെ കാറിടിച്ച ബൈക്ക് യാത്രികന് മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര് എതിരേവന്ന മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചശേഷം തിരിയുന്നതിനിടെയാണ് രതീഷ് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അതിദാരുണമായ അപകടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പാലക്കാട് കോടതിയില് ഹാജരാക്കിയ റയാനെ 15 ദിവസത്തേക്ക് റിമാന്ഡ് ചെയ്തിരിക്കുകയാണ്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐ. കേസില് വാഹനം ഓടിച്ചിരുന്ന ഡ്രൈവര് അര്ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചത്.
ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല് ശരിവെക്കുന്നതാണ് സിബിഐ കുറ്റപത്രം. 132 സാക്ഷിമൊഴികള് രേഖപ്പെടുത്തി. നൂറിലധികം രേഖകള് പരിശോധിച്ചു. മരണത്തില് ദുരൂഹതയില്ലെന്നും ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തില് പറയുന്നു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സിബിഐ കുറ്റപത്രം സമര്പ്പിച്ചത്.
അര്ജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂര്വമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങള് നല്കിയതിനും തെളിവുകള് കെട്ടിച്ചമച്ചതിനും കലാഭവന് സോബിക്കെതിരെയും കേസെടുക്കും.മരണത്തില് ദുരൂഹതയുണ്ടെന്നു ബാലഭാസ്കറിന്റെ മാതാപിതാക്കള് ആരോപിച്ചിരുന്നു. സ്വര്ണ്ണക്കടത്തുമായി മരണത്തിനു ബന്ധമുണ്ടെന്ന തരത്തില് ആരോപണങ്ങളും ഉയര്ന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില് സിബിഐ എത്തിയത്.
സംഭവം കൊലപാതകമാണെന്ന് പറഞ്ഞ സാക്ഷികളിലൊരാളായ കലാഭവന് സോബിക്കെതിരെ കേസെടുക്കാനും സിബിഐ നടപടി തുടങ്ങി. തെറ്റായ വിവരങ്ങള് സിബിഐക്ക് നല്കിയതിനും തെളിവുകള് കെട്ടിച്ചമച്ചതിനുമാണ് കേസെടുക്കുക. അപകടം നടന്ന സ്ഥലത്ത് സ്വര്ണ്ണക്കടത്ത് കേസ് പ്രതികളെ കണ്ടെന്നും റൂബന് തോമസിനെ തിരിച്ചറിഞ്ഞെന്നും സോബി മൊഴി നല്കിയിരുന്നു.കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണി പ്രതികരിച്ചു
ദേശീയപാതയില് പന്തിനു പിന്നാലെ ഓടിയെത്തിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയ കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചര് ഡ്രൈവര്ക്ക് ആദരം. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്. 83 സര്വീസ് നടത്തിയ ഡ്രൈവര് കെ രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില് നടന്ന ചടങ്ങില് ആദരിച്ചത്.
തിരുവനന്തപുരം ഉദയന്കുളങ്ങരയില് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന് അപകടം ഒഴിവായതെന്ന് സിസിടിവി ദൃശ്യങ്ങളില് നിന്നും വ്യക്തമാണ്.
മികച്ച പ്രവര്ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര് കെ രാജേന്ദ്രന് ഗുഡ് സര്വീസ് എന്ട്രി സര്ട്ടിഫിക്കറ്റ് നല്കുമെന്ന് സിഎംഡി ബിജു പ്രഭാകര് അറിയിച്ചു. തുടര്ന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തു. ദൂരെ നിന്ന് തന്നെ കുട്ടി റോഡിലേക്ക് ഓടി വരുന്നത് ശ്രദ്ധയില്പ്പെട്ടെന്നും അതിനാലാണ് ബസ് നിര്ത്താനായതെന്ന് ഡ്രൈവര് പറഞ്ഞു.
നെയ്യാറ്റിന്കര സ്വദേശികളുടെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിന് സൈക്കിള് വാങ്ങാന് എത്തിയതായിരുന്നു ഇവര്. രക്ഷിതാക്കള് കടയുടെ അകത്ത് കയറിയപ്പോള് കുട്ടികള് കടയ്ക്കു മുന്നില് പന്തുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് റോഡിലേക്ക് പോയതോടെ ആറ് വയസ്സുകാരനായ മൂത്ത കുട്ടി റോഡിലേക്ക് ഓടി. എന്നാല് വാഹനം വരുന്നത് കണ്ട് ഒതുങ്ങി നിന്നെങ്കിലും പിന്നാലെ എത്തിയ രണ്ട് വയസ്സുകാരനായ സഹോദരന് പന്തിന് പിറകെ റോഡിലേക്ക് ഓടുകയായിരുന്നു.
കുഞ്ഞ് റോഡിന് നടുവില് എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതിനിടയില് കുട്ടിക്ക് സമീപമെത്തിയ ബസ് ബ്രേക്കിട്ട് നിര്ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല് മൂലം തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കടയിലെ സിസിടിവി ക്യാമറയില് പതിഞ്ഞ ഈ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുകയും വാര്ത്തയാകുകയും ചെയ്തിരുന്നു.
തിരക്കേറിയ റോഡില് വാഹനങ്ങള് ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാല് വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരന് റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കള്ക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചര് ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തില്നിന്ന് രക്ഷപെട്ടത്.
കുട്ടി നിന്നിരുന്നതിന്റെ രണ്ടു മീറ്റര് മാത്രം അകലെയാണ് വന് ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളില് ഉണ്ടായിരുന്ന യാത്രക്കാര് ബഹളമുണ്ടാക്കിയിരുന്നു.
ബസിന് മുന്നില്നിന്ന് മാത്രമല്ല, എതിര്ദിശയില് അമിതവേഗത്തില് വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തില് കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം.
അവിടെ കൂടിയവരെല്ലാം കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാന് നടുറോഡിലേക്ക് ഓടി ബസിന് മുന്നില് അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെടുന്ന ചിത്രം ഇതിനോടകം സോഷ്യല് മീഡിയയില് വൈറലായിരുന്നു.
രണ്ട് പേര് തമ്മിലുള്ള വ്യക്തിപരമായ വിഷയം സോഷ്യല് മീഡിയ ഏറ്റെടുക്കുകയും തെറ്റായ രീതിയില് ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എഴുത്തുകാരന് ബെന്യാമിന്. ഒരുവര്ഷം മുമ്പ് നടന്ന വാക്പോരിലെ പരാമര്ശം വ്യാപകമായി പരിഹസിക്കാന് ഉപയോഗിക്കുന്നതിന് കാരണമായതില് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് ബെന്യാമിന്.
ഒട്ടും മനപൂര്വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിനാഥനെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് തനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില് ശബരിയോട് നിര്വ്യാജമായി ക്ഷമ ചോദിക്കുന്നുവെന്നും ബെന്യാമിന് ഫേസ്ബുക്കില് കുറിച്ചു.
കഴിഞ്ഞ വര്ഷം താനും ശബരീനാഥന് എംഎല്എയും തമ്മില് ഉണ്ടായ കടുത്ത വാക് പയറ്റ് ചിലരെങ്കിലും ഓര്ക്കുന്നുണ്ടാവുമല്ലോ. അതിനിടയില് താന് തികച്ചും സന്ദര്ഭവശാല് അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്ക്കത്തിനിടയില് അപ്പോള് അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല് മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു.
കഴിഞ്ഞ വര്ഷം മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തെ പരിഹസിച്ച കോണ്ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്ശിച്ചതിന് പിന്നാലെയായിരുന്നു വാക്പോര് ആരംഭിച്ചത്. ഒരു വര്ഷത്തിന് ശേഷമാണ് ബെന്യാമിന്റെ ഖേദപ്രകടനം.
കുറിപ്പ് ഇങ്ങനെ……
വാഹനത്തിന്റെ ബ്രേക്ക് ശരിയാക്കാന് കഴിയാതിരുന്ന മെക്കാനിക്ക് ഹോണിന്റെ ശബ്ദം കൂട്ടി നല്കുന്നതുപോലെയാണ് കേന്ദ്ര ബജറ്റെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂര്. ട്വിറ്ററിലായിരുന്നു തരൂരിന്റെ പരിഹാസം.
‘ബ്രേക്ക് നന്നാക്കാന് കഴിഞ്ഞില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട് എന്ന് വാഹന ഉടമയോട് പറഞ്ഞ മെക്കാനിക്കിനെയാണ് ഈ ബിജെപി സര്ക്കാര് എന്നെ ഓര്മപ്പെടുത്തുന്നത്’ എന്നായിരുന്നു ബജറ്റ് 2021 എന്ന ഹാഷ് ടാഗോടെ തരൂര് കുറിച്ചത്.
മറ്റു കോണ്ഗ്രസ് നേതാക്കളും ബജറ്റിനെ വിമര്ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെറ്റിയ രോഗനിര്ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റില് ഉള്ളതെന്നാണ് കോണ്ഗ്രസ് വക്താവ് ജയവീര് ഷെര്ഗില് ട്വീറ്റ് ചെയ്തത്. ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ധനമന്ത്രി ഭീരുവായെന്നാണ് ആനന്ദ് ശര്മ പ്രതികരിച്ചത്. കരുത്തുറ്റ ബജറ്റ് ആയിരുന്നു രാജ്യത്തിനു വേണ്ടിയിരുന്നത്. ദുര്ബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തില് വേണമായിരുന്നു പ്രഖ്യാപനങ്ങളെന്നും ആനന്ദ് ശര്മ പറഞ്ഞു.
This BJP government reminds me of the garage mechanic who told his client, “I couldn’t fix your brakes, so I made your horn louder.” #Budget2021
— Shashi Tharoor (@ShashiTharoor) February 1, 2021
സിനിമാതാരം ധർമജൻ ബോൾഗാട്ടി കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തിൽ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്.
കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. തുടർച്ചയായി മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്.
മൂന്ന് തവണ മത്സരിച്ചവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന സിപിഎം നിർദേശം പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കിൽ ശക്തനായ പിൻഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻകൂടിയായ രഞ്ജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്.
2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിനിമാ നിർമാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥിയായി പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാൻ ഗംഗാധരൻ ശ്രമിച്ചപ്പോൾ പ്രദീപ്കുമാറിനായി രഞ്ജിത്ത് നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോഴിക്കോട് കോർപറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയത് രഞ്ജിത്തായിരുന്നു. കോവിഡ് കാലത്ത് ഇടതുപക്ഷം നടപ്പിലാക്കിയ ഭക്ഷ്യധാന്യകിറ്റ് വിതരണത്തെ പ്രകീർത്തിച്ച് രഞ്ജിത്ത് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും രഞ്ജിത്തിന് അടുത്ത ബന്ധമാണുള്ളത്. കോഴിക്കോടുവച്ച് നടന്ന പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്.
മുൻ ദേവസ്വംബോർഡ് പ്രസിഡന്റും കോഴിക്കോട് മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റും നാടക നടനുമായ ബാബു പറശേരി തുടങ്ങിയവരുടെ പേരുകളും കോഴിക്കോട് നോർത്തിൽ പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളിൽ വൻ വികസനപാക്കേജുകൾ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന്റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി.
കേരളത്തിന് പുറമേ, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് വലിയ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ സഭയ്ക്ക് അകത്ത് തന്നെ കയ്യടികളുയർന്നു.
ദേശീയതലത്തിൽ 11,000 കിലോമീറ്ററിന്റെ ദേശീയപാതാ കോറിഡോറുകൾ വരുന്നു. അതിൽപ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റർ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കേരളത്തിലെ റോഡ് വികസനത്തിലെ 600 കിലോമീറ്റർ കേരളത്തിലൂടെ കടന്നുപോകുന്ന മുംബൈ – കന്യാകുമാരി ഹൈവേയാണ്. കൊച്ചി ഫിഷിങ് ഹാർബർ വാണിജ്യഹബ്ബാക്കും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ വികസനത്തിന് 1957.05 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന്റെ നിർമാണത്തിനാണ് ഈ തുക വകയിരുത്തുക.
തമിഴ്നാടിനായി വൻ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റർ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതിൽ മധുര – കൊല്ലം കോറിഡോർ, ചിറ്റൂർ – തച്ചൂർ കോറിഡോർ എന്നിവയുടെ നിർമാണം അടുത്ത വർഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വൻതുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പശ്ചിമബംഗാളിലെ 675 കിലോമീറ്റർ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതിൽ കൊൽക്കത്ത – സിലിഗുരി ഹൈവേയുടെ വികസനവും ഉൾപ്പെടും.
അസമിൽ മൂന്ന് വർഷം കൊണ്ട് 1300 കിമീ റോഡുകൾ നിർമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തുന്നത്.
58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളുരു മെട്രോയുടെ 2എ, 2ബി ഘട്ടങ്ങളുടെ വികസനത്തിനായി 14,788 കോടി രൂപയും കേന്ദ്രസർക്കാർ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നാഗ്പൂർ, നാഷിക് മെട്രോകൾക്കും സർക്കാർ തുക മാറ്റി വയ്ക്കുന്നു.
കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീെൻറ മകൾക്ക് 1.51 കോടി നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജി തീർപ്പാക്കി ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
മരിച്ചയാളുെടയും ഭാര്യയുെടയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്റ്റാൻേഡർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരേത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.
തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹരജിക്കാർക്കും മതിയായ നഷ്ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹരജിക്കാർക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.