Kerala

ബെവ് ക്യൂ ആപ്പ് വഴി നാളെ മുതല്‍ മദ്യം ബുക്ക് ചെയ്യാം. ബെവ് ക്യൂ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. ബുക്ക് ചെയ്ത മദ്യം വ്യാഴാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ.

ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ സാധിക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യും. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എസ്.എം.എസ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സര്‍ക്കാര്‍ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്.

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം.

ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മദ്യം നല്‍കുക.

ചിന്നു സുല്‍ഫിക്കറിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയങ്ങള്‍ ഉണ്ടായിരുന്നു. മരിക്കുന്നതിനുമുന്‍പ് ലഹരി മരുന്നു ഉപയോഗിച്ചിട്ടുണ്ട്.

ചിന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹത്തില്‍ കഴുത്തിലും ചുണ്ടിലും കൈകളിലും മുറിവുകള്‍ സംഭവിച്ചതായി കണ്ടെത്തി. ഇത് ബലപ്രയോഗത്തിലൂടെ ഉണ്ടായതായേക്കാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികമോ പ്രകൃതി വിരുദ്ധമോ ആയ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.

കൊലപാതകം മൂടിവെക്കാനുള്ള ശ്രമമാണ് അഞ്ജനയെ ലഹരി മരുന്നുകള്‍ക്ക് അടിമയായി മുദ്രകുത്തുന്നതിന് പിന്നിലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇതിനു പിന്നില്‍ അഞ്ജനയുടെ സുഹൃത്തുകള്‍ തന്നെയാണെന്നും ബന്ധുക്കള്‍ പറയുന്നു.

കൊല്ലപ്പെടുന്നതിന് തലേദിവസം സുഹൃത്തായ നസീമയുടെ ഫോണില്‍ നിന്നും അമ്മയെ വിളിച്ചിരുന്നതായും നാട്ടില്‍ തിരികെ വന്ന് അമ്മയ്ക്കൊപ്പം ജീവിക്കുമെന്നും ചിന്നു പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് പത്തുമീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്.

സിനിമാസെറ്റ് അടിച്ചു തകർത്തത് കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷും സംഘവും. ആക്രമണത്തിന് നേതൃത്വം നൽകിയ കാരി രതീഷിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരുമാണ്.

ഇന്നലെ വൈകിട്ട് അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

ഇതോടെയാണ് എഎസ്പി എം.ജെ. സോജന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാൻ ശ്രമം, ഗൂ‍‍‍ഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് എഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തു. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല.

അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. ഒന്നര വയസ്സുകാരനായ മകനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാ പിതാക്കള്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.

കൂടാതെ, ഉത്രയുടെ കൊലപാതകത്തില്‍ കേരള വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കാന്‍ ഉത്തരവായത്.

ഉത്രയുടെ മരണ സമയത്ത് ഉത്രയുടെ വീട്ടിലായിരുന്നു ഒരു വയസ്സ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. ഉത്രയുടെ മരണശേഷം സൂരജ് കോടതി അനുമതിയോടെ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തങ്ങള്‍ക്ക് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ കുടുംബത്തിന് ക്രിമിനല്‍ സ്വഭാവം ഉള്ളതിനാല്‍ കുഞ്ഞിനെ തിരിച്ച് നല്‍കണമെന്ന് ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ ആവശ്യപ്പെട്ടിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധനനിരോധന നിയമ പ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭര്‍ത്താവ് സൂരജിനും ഭര്‍ത്തൃ കുടുംബാംഗങ്ങള്‍ക്കും എതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു.

ന്യൂഡല്‍ഹി: ഫൂട്‌ബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ കളിക്കാരനുമായിരുന്നു ജേക്കബ് ഫ്രാന്‍സീസ് (വില്‍സണ്‍-52) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ നേവി നഗറിലെ ആശുപത്രിയില്‍ നിര്യാതനായി. കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ ജേക്കബ് ഫ്രാന്‍സിസ് സ്‌കൂള്‍ തലം മുതല്‍ കാല്‍പ്പന്തില്‍ മികവ് തെളിയിച്ചതാണ്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ജില്ല, സംസ്ഥാന, നാഷണല്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. ചങ്ങനാശേരി എസ്. ബി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. അതിരമ്പുഴ ഫുട്‌ബോള്‍ ക്ലബിന്റെ സജീവ കളിക്കാരനായിരുന്നു. ദേശേീയ തലത്തില്‍ സുബ്രോതോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 29 വര്‍ഷമായി ഇന്ത്യന്‍ നാവിക സേനയുടെ ഫുട്‌ബോള്‍ ടീം അംഗമായി ജോലി ചെയ്യുകയായിരുന്നു.
കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ പരേതരായ ഫ്രന്‍സിസ്, ഏലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ഷാജി, ടോമി, രാജു, ബിന്ദുമോള്‍, ബിനോഷ്. ഭാര്യ കാഞ്ഞിരപ്പള്ളി എലിക്കുളം പുത്തന്‍ വേലിക്കകത്ത് ഷൈനി, മക്കള്‍ വിദ്യാര്‍ത്ഥികളായ എലീസ, എലൈസ. സംസ്‌കാരം മെയ് 28-ന് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയില്‍.

വിവിധ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങള്‍ വില്‍സന്റെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ചു.മലയാളികള്‍ ഉള്‍പ്പെടുന്ന യുറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുവേണ്ടി മുഖ്യസംഘാടകന്‍ രാജു ജോര്‍ജ് (ലണ്ടന്‍) അനുശോചനം അറിയിച്ചു.

 

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ. കണ്ണൂര്‍ ജില്ലയില്‍ കണ്ടെയ്‌ന്മെന്റ് സോണുകളിലുള്ള സ്‌കൂളുകളിലും പരിസരങ്ങളിലും കളക്ടര്‍ 144 പ്രഖ്യാപിച്ചു. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കണ്ടെയ്‌ന്മെന്റ് സോണുകളിലുള്ള സ്‌കൂളുകളിലും പരിസരങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂള്‍ പരിസരങ്ങളില്‍ അഞ്ചില്‍ക്കൂടുതല്‍ പേര്‍ കൂടിനില്‍ക്കരുത്. കണ്ടെയ്‌ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ കടകളൊന്നും തുറക്കാന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചാകും ഇന്ന് എസ്എസ്എല്‍സി- പ്ലസ്ടു പരീക്ഷകള്‍ നടക്കുക.

2945 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വിഎച്ച് എസ്സിക്കും ഉണ്ട്. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുകയെന്നാണ് വിലയിരുത്തല്‍. മാസ്‌ക്,സാനിറ്റൈസര്‍,തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക.

വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും.പരീക്ഷാ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്.

അഞ്ചലിലെ ഉത്ര വധക്കേസില്‍ തനിയ്ക്ക് ഒരു പങ്കുമില്ലെന്ന് രണ്ടാംപ്രതി സുരേഷ്. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല.

തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയില്‍ തനിക്ക് മാപ്പ് തരുമെന്നും കോടതിവളപ്പില്‍ വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുരേഷ് പറഞ്ഞു.

എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസില്‍ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സുരേഷിന്റെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

സൂരജിന് പാമ്പിനെ നല്‍കിയത് പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കല്‍ സുരേഷാണ്. ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്, കൂട്ടുപ്രതി സുരേഷ് എന്നിവരെ നാല് ദിവസത്തേക്കാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

മെയ് 29 ന് വൈകീട്ട് 4.30 ന് മുമ്പായി ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെങ്കിലും നാല് ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. എന്തായാലും കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് പോലീസിന്റെ പ്രതികരണം. വരുംദിവസങ്ങള്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.

ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഭീമന്‍ രാജവെമ്പാലയെ ബക്കറ്റില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്ന മനുഷ്യന്റെ വീഡിയോ വൈറലായിരിക്കുന്നു. 51 സെക്കന്റുള്ള വീഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത് 73000 വ്യൂ ആണ്. കേരളത്തിലെ വാവ സുരേഷ് ആണിത് എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ വാവ സുരേഷ് അല്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പാമ്പിന്റെ തലയില്‍ ബക്കറ്റില്‍ നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. രാജവെമ്പാല വളരെ ശാന്തമായിരിക്കുന്നു. തലയിൽ ഒന്നുരണ്ട് തവണ തൊട്ടുനോക്കിയ ശേഷം വീണ്ടും വെള്ളമൊഴിക്കുന്നു. അതേസമയം ഇതാരും വീടുകളില്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നും ഫലം അപകടമായിരിക്കുമെന്നും സുശാന്ത നന്ദ മുന്നറിയിപ്പ് നല്‍കുന്നു.

 

ഗോവയില്‍ മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം. അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാസപരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.

അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത്.

ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.

അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഗോവയിലെത്തിയത്.

ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.

അഞ്ജനയെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്.

പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചത്.

RECENT POSTS
Copyright © . All rights reserved