ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചെന്ന് ടി.എൻ.പ്രതാപൻ. തന്നോടും കടലിലേക്ക് എടുത്തു ചാടാൻ പറഞ്ഞപ്പോൾ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോർത്ത് ഒഴിവാക്കിത്തരണം എന്നാണ് ടി.എൻ.പ്രതാപൻ പറഞ്ഞത്. അനുഭവക്കുറിപ്പ് ഇങ്ങനെ: ‘കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി’ എന്നൊരു പരിപാടി 2015 ൽ ചാവക്കാട്ടു നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അതു നടന്നില്ല. പിന്നീട് തൃപ്രയാറിൽ നടന്ന ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽയാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.
മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: ‘എനിക്കവരുടെ അധ്വാനം അടുത്തറിയണം.’ പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിന് വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി, സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചു
ഉൾക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് അദ്ദേഹം. ചുറ്റിലും ഇരുൾ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണു ചിമ്മുന്നതു കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി. വല കെട്ടാൻ വേണ്ടി തൊഴിലാളിസുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽജി ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.
ഞാനും കെസിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്ധാളിച്ചു നിൽക്കെ, രാഹുൽജി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. ‘നിങ്ങൾ പേടിക്കേണ്ട, രാഹുൽജി സ്കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്..’, രാഹുൽജിയുടെ പഴ്സനൽ അസിസ്റ്റന്റ് അലങ്കാർ ആണതു പറഞ്ഞത്. രാഹുൽജി ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളിസുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെസിയോടു ചാടാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്നു കൈകൂപ്പി. ‘അതെന്താ? ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?’ രാഹുൽജി വിടാൻ ഭാവമില്ല. ‘എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല…’ ഇതുകേട്ട രാഹുൽജി ചിരിച്ചു.
വലയടിച്ചു കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്കു കിട്ടിയില്ല. രാഹുൽജിക്കു വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം. അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മത്സ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.
തൊഴിലാളിസുഹൃത്തുക്കൾ കയ്യിൽ കരുതിയിരുന്ന മീൻ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം അതിശയം കൊണ്ടു. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടിൽനിന്ന് കാരിയർ വള്ളത്തിലേക്കു ഞങ്ങൾ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽനിന്ന് ചാടിയിറങ്ങി.
അല്പ സമയം കഴിഞ്ഞാൽ തങ്കശേരി കടപ്പുറത്ത് രാഹുൽജിയെ കാണാനും കേൾക്കാനും കൊതിച്ച് കാത്തുനിൽക്കുന്ന ആയിരങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം സ്നേഹത്തിന്റെ തുഴയെറിയും. അടിസ്ഥാന വർഗത്തിന്റെ അധ്വാനത്തോടൊപ്പവും അവരുടെ അഭിമാനത്തോടൊപ്പവും ചേർന്നുനിൽക്കുന്ന നിത്യവസന്തമായി രാഹുൽജി നമുക്കിടയിലുണ്ട്. ശത്രുക്കളെപ്പോലും അമ്പരപ്പിക്കുന്ന വിനയവും സ്നേഹവും മുഖമുദ്രയായ, ഒരുപക്ഷേ കാലത്തിനുപോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാൾ.. അതാണ് രാഹുൽജി – പ്രതാപൻ പറഞ്ഞു നിർത്തി.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.
മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്കാന് ബിന്ദുവിന്റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്.ജോസ് വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാർ ഓടിച്ചിരുന്നത് അബ്ദുൽ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.
അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്.ജോസിന്റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇനി ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി സംബന്ധിച്ചും അവ്യക്തത നീങ്ങിയിട്ടില്ല. വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമിഷൻ. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി വോടർമാരാണുള്ളത്.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. മൂന്നു ലക്ഷം സർവീസ് വോടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വർധിപ്പിക്കും.
ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വാതിലടച്ചതിന് പിന്നാലെ പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി വീണ്ടും എൻ.ഡി.എയിലേക്കെന്ന് സൂചന.
കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. യുഡിഎഫിൻറെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നാണ് പി.സി ജോർജ്ജ് ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പി.സി ജോർജ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിക്കാതിരുന്നതോട കേരളത്തിൽ എൻ.ഡി.എ എന്നത് തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയായിരുന്നു.
നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുണ്ട്.
മുന്നണിയിലേക്കെത്തിയാൽ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും.
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടകീയ നീക്കങ്ങൾ. പ്രതികൾ തങ്ങൾ ആണെന്നവകാശപ്പെട്ട് കീഴടങ്ങാൻ നാലുപേർ മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തി.
ബുധനാഴ്ചയാണ് സംഭവം. എറണാകുളം പറവൂർ സ്വദേശികളായ നാലുപേർ ഒരു കാറിലാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് ഞങ്ങളാണ് എന്ന് അവകാശപ്പെട്ടു കീഴടങ്ങാൻ എത്തിയത്. എന്നാൽ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ വ്യക്തമായ മറുപടി നൽകിയില്ല.
കേസിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് പോലീസിന്റെ നിഗമനം.യുവാക്കളെ ഇപ്പോൾ മാന്നാർ പോലീസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 മുതല്‍ 40 സീറ്റ് ലഭിച്ചാല്‍ ബിജെപി കേരളം ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ബിജെപിയുടെ കണക്കില്‍ ജയസാധ്യതയുള്ള 15 സീറ്റുകള്‍ വരെയുണ്ട്. മത്സരസാധ്യതയുള്ളത് കൂടി ചേര്‍ത്താല്‍ ആകെ എണ്ണം 40 വരും. ഇവയില്‍ പരമാവധി സീറ്റുകളില്‍ ജയിക്കുകയും ബാക്കിയുള്ളവയില്‍ രണ്ടാം സ്ഥാനത്തെത്തുകയുമാണ് ബിജെപി പ്രയോഗത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനിടെ സംസ്ഥാന അധ്യക്ഷന്റെ അഭാവത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകളും ഏകോപനവുമായി സജീവമാണ് കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് പ്രഹ്ളാദ് ജോഷിയും ഒപ്പമുണ്ട്. പഴയ ശക്തിയില്ലെങ്കിലും ബിഡിജെഎസിനെയും, പിസി തോമസിനെയും ഒപ്പം കൂട്ടി കേരളത്തില്‍ കരുക്കള്‍ നീക്കുകയാണ് ബിജെപി.
ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ അവകാശവാദം.
കേരള സന്ദര്‍ശനം നടത്തിയ മുന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി എംപിയെ കടലില്‍ ചാടിച്ചത് അപകടം ക്ഷണിച്ചു വരുത്താനായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ.സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.
അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധിയെ ആഴകടലിലറക്കിയ, കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍, ടി.എന്‍. പ്രതാപന് എന്നിവരുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണമെന്ന് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. കിസാന്‍ സംഘര്‍ഷ് – കോ – ഓഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹത്തിന്റെ 66ാം ദിവസത്തെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.ജി.ശങ്കരനാരായണന് അദ്ധ്യക്ഷനായിരുന്നു. സംവിധായകന് പ്രിയനന്ദനന് സമരം ഉല്‍ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, കര്‍ഷക സംഘം നേതാക്കളായ എം.എം. അവറാച്ചന്, സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദ്രന് ,എം.ശിവശങ്കരന് , സണ്ണി ചെന്നിക്കര, എം.എസ്.പ്രദീപ് കുമാര്‍ , ടി.എസ്. സജീവന്, ഇ എം. വര്‍ഗിസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മില്ട്ടന് ജെ. തലക്കോട്ടൂര്‍ , ജില്ലാ പ്രസിഡന്റ് ബാബു ആന്റെണി, ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി, കിസാന്‍ സഭ ജില്ലാ വൈ.പ്രസിഡന്റ് ഒ.എസ്. വേലായുധന്, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഏ.സി.വേലായുധാന്‍ എന്നിവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്.
മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബിജെപി വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എപി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.
ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇനി ഏത് പാര്‍ട്ടിയിലേക്ക് ചാടാം എന്നാണോ നോക്കുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
കേരളത്തിലെ മൂന്ന് മുന്നണിയിലേക്കും ചാടിയെന്നും ഇനി ചാടാന്‍ മുന്നണികളില്ലെന്നും എപി അബ്ദുള്ളക്കുട്ടിയോട് ചിലര്‍ പറയുന്നുണ്ട്. ‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യസ്നേഹികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുന്നു’ എന്നും ഫേസ്ബുക്കില്‍ കമന്റ് വരുന്നുണ്ട്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച എപി അബ്ദുള്ളക്കുട്ടി 1995 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതല്‍ 2000 വരെ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
സിപിഎമ്മില്‍ നിന്ന് എംപിയായ അദ്ദേഹത്തെ 2009 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗമായി.
2011-ലും കണ്ണൂരില്‍ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും തോറ്റു.
തുടര്‍ന്ന് 2019 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി.
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം – (2010), വള്ളത്തോൾ പുരസ്കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്കാരം, പി സ്മാരക കവിതാ പുരസ്കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലിസ് ഇന്ന് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും. മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് സ്വർണക്കടത്തിനും യുവതിയെ തട്ടിക്കൊണ്ട് പോയതിനും പിന്നിലെന്നാണ് കണ്ടെത്തൽ. അതേ സമയം ഒന്നരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു കടത്തിക്കൊണ്ട് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
എൻഫോഴ്സ്മെൻറിനും, കസ്റ്റംസിനുമാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.
ബിന്ദുവിൻ്റെ ഭർത്താവ് ബിനോയിയുമായി ഹനീഫക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി മുഖാന്തരമാണ് ബിന്ദു ഹനീഫയുടെ സംഘത്തിൽ എത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു സ്വർണം കടത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തെത്തിയ ഇവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കണ്ണുവെട്ടിച്ച് മാന്നാറിൽ എത്തുകയായിരുന്നു. സാധാരണ വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് ബിനോയിയും ബിന്ദുവും വീട്ടിലെത്തിയത്. ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടി എത്തി.
ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ 9 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്വദേശി രാജേഷിൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. അതിനിടയിൽ ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.
22 ന് പുലർച്ചെ രണ്ടരയോടെയാണ് മാന്നാറിലെ വീട്ടിൽ നിന്നും ബിന്ദുവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഭർത്താവ് ബിനോയി പൊലിസിന് മൊഴി നൽകി. പൊലീസ് പരിശോധന കർശനമായതോടെ ബിന്ദുവിനെ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാറിൽ ബിന്ദു എത്തിയ ഉടൻ തന്നെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻ്റാണ് എന്നാണ് ബിന്ദുവും കുടുംബവും പറയുന്നതെങ്കിലും അങ്ങനെയല്ല എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹനീഫയുടെ ജീവനക്കാരിയായിരുന്നു ബിന്ദുവും.
പൊലീസ് റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ബിന്ദുവിനെ കണ്ടിരുന്നു. ഇന്നു മുതൽ എൻഫോഴ്സ്മെൻ്റ് അടക്കം കൂടുതൽ കേന്ദ്ര ഏജൻസികൾ കേസന്വേഷണത്തിൽ പങ്കാളികളാകും.