കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയിലെ വഴിത്തിരിവാകുന്നു. തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ 14-കാരനായ മകനെ പീഡിപ്പിച്ചെന്ന കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കേസിൽ ഇപ്പോള്‍ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണം
എല്ലാം വാപ്പച്ചി അടിച്ച് പറയിപ്പിക്കുന്നതാണ് എന്നാണ് ഇളയ മകൻ പറയുന്നത്. തന്നെക്കൊണ്ടും പറയിപ്പിക്കാൻ നോക്കിയിട്ടുണ്ട്. വെറുതെ ഇരുന്നാലും അടിക്കും. ഉമ്മച്ചിയെ ജയിലില്‍ ആക്കണമെന്ന് എപ്പോഴും പറയും. അതിന് വേണ്ടിയാണ് ചേട്ടനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എന്തിനാണ് ജയിലിൽ ആക്കുന്നത് എന്നറിയില്ല.
പക്ഷേ ഉമ്മച്ചിയെ എപ്പോഴും ഉപദ്രവിക്കും. ചവിട്ടുകയും ഒക്കെ ചെയ്യും. ഉമ്മച്ചി കരയും. ചേട്ടനോട് ഉമ്മച്ചിക്കെതിരെ പറയണമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. നീ മൊഴി പറഞ്ഞ് ജയിലാക്കണം എന്നാണ് പറയുന്നത്. ബുക്ക് വണ്ടിയിൽ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് തന്നെയും ചേട്ടനെയും വിളിച്ചുകൊണ്ട് പോയത്. തന്നെയും കൂടെക്കൊണ്ടുപോകാൻ നോക്കിയെങ്കിലും കൈ തട്ടി ഓടുകയായിരുന്നുവെന്നും 11-കാരനായ കുട്ടി പറയുന്നത്.
നിയമപരമായി വിവാഹമോചനം തേടാതെ രണ്ടാം വിവാഹം കഴിച്ചതിൽ യുവതി പരാതി നൽകിയിരുന്നു. അതിന്റെ വൈരാഗ്യം തീർക്കാനാണ് ഈ കേസെന്ന് ആക്ഷേപമുണ്ട്.
പാലാ കാര്യം ശരദ് പവാർ മുംബൈയിൽ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ എംഎൽഎ. എൻസിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താൻ അടുത്തയാഴ്ച പവാർ കൊച്ചിയിലെത്തും.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമായി പവാർ നേരിട്ട് അഭിപ്രായം തേടിയശേഷമായിരിക്കും മുംബൈയിൽ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എൻസിപിയിൽ ടി.പി. പീതാംബരൻ മാസ്റ്റർ, മാണി സി. കാപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം കാപ്പൻ മുംബൈയിലെത്തി പവാറിനെ സന്ദർശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ എതിർ വിഭാഗം എൽഡിഎഫിൽ തുടരാനുള്ള താൽപര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാർട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാർ ഒരു ദിവസത്തെ സന്ദർശനത്തിനു കൊച്ചിയിലെത്തുന്നത്.
വൈക്കം തലയാഴത്ത് വര്‍ഷങ്ങളായി അപകടാവസ്ഥയിലായ പാലം തകര്‍ന്ന് സൈക്കിളിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ വീണു. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉരുന്നുകട പുത്തന്‍ പാലം തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.
ആഴമുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥി അരുണ്‍ ബേബി (13), ആറാം ക്ലാസ് വിദ്യാര്‍ഥി ദേവനാരായണന്‍ എന്നിവരാണ് തോട്ടില്‍ വീണത്. ഒരാള്‍ താഴ്ചയിലുള്ള തോട്ടില്‍ വീണ കുട്ടികളെ അയല്‍വാസികളുടെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. അരുണും സുഹൃത്തുക്കളായ ദേവനാരായണനും ശ്രീദിലും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാലം തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ശ്രീദില്‍ പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് വലിയ ശബ്ദത്തോടെ തകര്‍ന്ന് ആറ്റില്‍പതിച്ചു. ഇതോടൊപ്പം സൈക്കിളുമായി അരുണും ദേവനാരായണനും വെള്ളത്തില്‍ വീണു.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കൃഷ്ണകുമാറും സുഹൃത്തും പാലത്തിന്റെ തൂണുകളില്‍ തൂങ്ങികിടന്നാണ് കുട്ടികളെ രക്ഷിച്ചത്.
ഈട്ടത്തറ കോളനിയിലേക്ക് എളുപ്പവഴിയായാണ് ഉരുന്നകട -പുത്തന്‍പാലം തോടിനു കുറുകെ 10 വര്‍ഷം മുമ്പ് പഞ്ചായത്ത് ഈ പാലം നിര്‍മ്മിച്ചത്. നാല് തൂണുകളില്‍ നിര്‍മിച്ച പാലത്തിലെ സ്ലാബുകള്‍ അപകടാവസ്ഥയിലായ കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പഞ്ചായത്തില്‍ അറിയിച്ചതാണ് പക്ഷെ നടപടിയൊന്നും ഉണ്ടായില്ല.
ഈ അനാസ്ഥയും അവഗണനയുമാണ് അപകടത്തിലേക്ക് നയിച്ചത്. ഒഴിവായ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും പാലം നന്നാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതേസമയം, അപകടാസ്ഥയിലായ പാലം നന്നാക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗതെത്തി.
മലയാളികളുടെ മനസില്‍ ഇഷ്ടം കോരിയിട്ട സൂപ്പര്‍ ഗായികമാരില്‍ ഒരാളാണ് സൈനോര ഫിലിപ്പ്. ചെറിയ പ്രായത്തില്‍ തന്നെ നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു. അതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വമ്പൻ മുന്നേറ്റം നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.ഇപ്പോഴിതാ ഭര്‍ത്താവ് ആഷ്‌ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് സയനോര പറയുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന മോശം അനുഭവങ്ങളും പിന്നീട് അതേ സ്‌കൂളില്‍ തന്നെ പോയി ഇക്കാര്യം പറഞ്ഞതിനെ കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരിക്കുകയാണ്. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്‌ലി ആണ് സയനോരയുടെ ഭർത്താവ്. തങ്ങൾ ആദ്യമായി കാണുന്നതും ജിമ്മിൽ വെച്ച് ആയിരുന്നു എന്ന് സയനോര പറയുന്നു. ആദ്യമായി ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ എന്ന് തോന്നിയത് എന്ന് സയനോര പറയുന്നു. ആഷ്‌ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു.
കണ്ടപ്പോഴെ എനിക്ക് തോന്നി, കൊള്ളാല്ലോ ഇന്‍സ്ട്രകറ്റര്‍. ഇനി ഇങ്ങരേ കാണാന്‍ സ്ഥിരായിട്ട് ക്ലാസിന് വരാമെന്ന് പ്ലാന്‍ ചെയ്തു. എല്ലാവരോടും സംസാരിക്കുന്ന പോലെ അവനോടും ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. അപ്പോഴെക്കും അതൊരു പ്രേമമാണെന്ന കഥയൊക്കെ വന്നു. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമായത് കൊണ്ട് റൂമറിന് താല്‍പര്യമില്ലെന്ന് പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് അവനോട് വിളിച്ച് പറഞ്ഞു. എന്നാല്‍ നീയെന്റെ വീട്ടിലോട്ട് വാ, അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചിട്ട് ഓക്കെയാണെങ്കില്‍ കല്യാണം കഴിക്കാം.
അതോടെ ഈ റൂമര്‍ തീരുമല്ലോ എന്നായിരുന്നു അവന്റെ മറുപടി. അതായിരുന്നു അവന്റെ പ്രൊപ്പോസലും. പക്ഷേ ഞാനാണ് അവനെ പ്രൊപ്പോസ് ചെയ്തതെന്ന് പറഞ്ഞവന്‍ നടക്കുന്നതൊക്കെ വെറും തട്ടിപ്പാണ്. പിന്നെ പെട്ടെന്നായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിപ്പോള്‍ പത്ത് വര്‍ഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റര്‍ നടത്തുന്ന ഭര്‍ത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാല്‍ എല്ലാം അടിപൊളി.
യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.
അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.
അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും കിഴക്കമ്പലം പഞ്ചായത്തിന് പുറത്തേക്ക് വളരുകയും ചെയ്ത ട്വന്റി20 പാർട്ടിയെ കൂട്ടുപിടിക്കാൻ കോൺഗ്രസിന്റെ രഹസ്യചർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ട്വന്റി20 ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ ട്വന്റി20യുമായി രഹസ്യ ചർച്ച നടത്തിയതെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത്. ഉമ്മൻചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ചർച്ചയ്ക്ക് എത്തിയെന്നും റിപ്പോർട്ടിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ട് നാണക്കേടിലായിരുന്നു. ട്വന്റി20യാകട്ടെ കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു.
കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റി20 വിജയിക്കൊടി പാറിച്ചു. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ട്വന്റി20ക്ക് സാധിച്ചു. അതേസമയം, എറണാകുളത്ത് ട്വന്റി20 വളരുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാകുന്നുണ്ട്. ഇതിനു പരിഹാരം കാണാനാണ് ട്വന്റി20യുമായി കോൺഗ്രസ് ബാന്ധവം ആലോചിക്കുന്നത്.
കോൺഗ്രസിന് മേൽക്കൈയുള്ള ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് ഏത് വിധേനയും തടയുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബുഎം ജേക്കബിന്റെ വസതിയിലെത്തി ചർച്ച നടത്തിയതെന്നാണ് വിവരം. എന്നാൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള തീരുമാനത്തിൽനിന്നും തങ്ങൾ പിന്നോട്ടില്ലെന്ന സൂചനയാണ് ട്വന്റി20 നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് ട്വന്റി20 മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ പറവൂർ, പെരുമ്പാവൂർ, പിറവം, ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും മത്സരിക്കുന്നതിനും ആലോചനകൾ നടക്കുന്നുണ്ട്. ഇതോടെ വേരുകളുള്ള സ്ഥലങ്ങൾ കടപുഴകുമോ എന്ന ആശങ്കയും കോൺഗ്രസ് പാർട്ടിയെ തളർത്തുന്നുണ്ട്.
തിരുവനന്തപുരം∙ പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.
പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്‌ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം∙ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വാക്സീന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. നാളെ രാജ്യമാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സീൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചുലക്ഷം രൂപ എഴുത്തുകാരി ലക്ഷ്മി രാജീവ് പോങ്ങില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജന്‍ അമ്പളി ദമ്പതികളുടെ വീട്ടിലെത്തി മക്കള്‍ക്കു കൈമാറി. അഞ്ച് ലക്ഷം രൂപയാണ് മോതിരം വിറ്റ് കിട്ടിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ചെക്ക് ലക്ഷ്മി കുട്ടികള്‍ക്ക് കൈമാറിയത്.
പദ്ദ്നാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂര്‍വ്വ മോതിരമാണ് കുഞ്ഞുങ്ങളുടെ ഭാവിക്കായി വിറ്റത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും മോഹന്‍ലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികള്‍ക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു. തീരുമാനത്തിന് നിരവധി അഭിനന്ദനങ്ങളും ലക്ഷ്മിക്ക് ലഭിച്ചിരുന്നു.
പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യനെന്ന ശില്‍പിയാണ് ഈ അപൂര്‍വ്വ മോതിരം നിര്‍മിച്ചത്. ലക്ഷ്മിക്ക് ഈ മോതിരം ഗണേഷ് സമ്മാനമായി നല്‍കിയതാണ്. ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാന്‍ കഴിയും. അത്രയ്ക്കു സൂക്ഷ്മമായി നിര്‍മിച്ച അപൂര്‍വ്വ മോതിരങ്ങളിലൊന്നാണിത്. കോഴിക്കോട് സുരഭി മാള്‍ ഉടമ പ്രഭ ഗോപാലനാണിത് വാങ്ങിയത്. ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാം…! ‘അനന്തവിജയം’ വിറ്റു, ലഭിച്ചത് അഞ്ച് ലക്ഷം രൂപ, നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ വീട്ടിലെത്തി മക്കള്‍ക്ക് തുക കൈമാറി ലക്ഷ്മി രാജിവ്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.