പെരുമ്പാവൂരിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പതിവായി പാല്‍ നല്‍കിയിരുന്ന അയല്‍പക്കത്തെ വീടിന്റെ മതിലില്‍ രണ്ട് കുറിപ്പുകളാണ് മരിക്കുന്നതിനു മുന്‍പ് ബിജു എഴുതിവച്ചിരുന്നത്.
ഒന്ന് അയല്‍പക്കത്തെ വീട്ടമ്മയ്ക്കും മറ്റൊന്ന് എസ്.എന്‍.ഡി.പി. ശാഖാ സെക്രട്ടറിക്കും. കത്തുകളിലൊന്നില്‍ അമ്പിളിയുടെ താലിയും മകള്‍ ആദിത്യയുടെ രണ്ട് കമ്മലുകളും പൊതിഞ്ഞു വച്ചിരുന്നു. ‘ഞങ്ങള്‍ പോവുകയാണ്’ എന്നും ‘ശവസംസ്‌കാരത്തിനുള്ള പണം സ്വര്‍ണം വിറ്റ് ഉണ്ടാക്കണം’ എന്നും കത്തില്‍ എഴുതിയിരുന്നു.
വീടിന്റെ ഭിത്തിയില്‍ പലയിടത്തും ‘മൃതദേഹങ്ങള്‍ ആരേയും കാണിക്കരുത്’ എന്നും എഴുതിയിട്ടുണ്ട്. കിടപ്പുമുറിയില്‍ നിന്ന് ലഭിച്ച ഡയറിയില്‍ പണം നല്‍കാനുള്ളതും കിട്ടാനുള്ളതുമായ വിവരങ്ങളും ബിജു എഴുവച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചിട്ടിനടത്തിയും പശുവിനെ വളര്‍ത്തിയും കുടുംബം പുലര്‍ത്തിയ ബിജു, കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ചിട്ടിയില്‍ പണമിറക്കിയവരും കടം നല്‍കിയവരും പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കുമായിരുന്നു.
31-നകം പണം തിരിച്ചുനല്‍കാമെന്ന് ബിജു പലരോടും വാക്കു പറഞ്ഞിരുന്നതായും കേള്‍ക്കുന്നു. എന്നാല്‍ പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നു. ബന്ധുക്കള്‍ അടുത്തുതന്നെ താമസിക്കുന്നുണ്ടെങ്കിലും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.
ചേലാമറ്റത്ത് എം.സി. റോഡില്‍ നിന്ന് കുന്നേക്കാട്ടു മലയിലേക്കുള്ള വഴിയാണ് ഇവരുടെ വീട്. കുടുംബം വകയായി ലഭിച്ച പത്തര സെന്റ് സ്ഥലത്ത് 10 കൊല്ലം മുന്‍പാണ് ബിജു വീടുവച്ചത്. വീടിന് പിന്നിലെ തൊഴുത്തില്‍ മൂന്ന് പശുക്കളെ വളര്‍ത്തിയിരുന്നു.
ബുധനാഴ്ച രാത്രി 11 മണി വരെ വീട്ടില്‍ വെളിച്ചമുണ്ടായിരുന്നതായി അടുത്ത് താമസിക്കുന്നവര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് അടുത്ത് താമസിക്കുന്ന അനുജനുമായി അതിര്‍ത്തിയില്‍ നില്‍ക്കുന്ന മാവിന്റെ ചില്ല വെട്ടുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇരുവരേയും വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പറയുന്നു.
മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2 ഒടിടി റിലീസായി എത്തും. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുതുവത്സര ദിനത്തിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ ആഗോള പ്രീമിയർ ഞങ്ങളിലൂടെ എന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകർ തീയ്യേറ്ററിലെത്തി കാണാമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയായിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനത്തോടൊപ്പം മോഹൻലാലും ആമസോൺ പ്രൈം വീഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 ചിത്രത്തിൽ ആദ്യഭാഗത്തിലെ താരങ്ങളോടൊപ്പം മുരളി ഗോപി, സായ്കുമാർ തുടങ്ങിയവർ കൂടി എത്തും. ദൃശ്യത്തിലെ താരങ്ങളായ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ, എന്നിവരെല്ലാം ദൃശ്യം2വിലും ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.
‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്ത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകളിങ്ങനെ.
28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫോറന്‍സിക് വിദഗ്ധനായ കൃഷ്ണന്‍ ബാലേന്ദ്രന്‍.
അഭയ കേസിന്റെ വിധി നിര്‍ണയിച്ചത് രണ്ടു കന്യാസ്ത്രീകളുടെ ദേഹപരിശോധനയുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രപരമായ തെളിവുകളാണ്. ഇതില്‍ ഒന്നില്‍ മെഡിക്കല്‍ തെളിവുകളേക്കാള്‍ സാക്ഷിമൊഴിക്കു കോടതി പ്രാധാന്യം നല്കിയെന്നും രണ്ടാമത്തേത് തീര്‍ത്തും അശാസ്ത്രീയാണെന്നും കൃഷ്ണന്‍ ബാലേന്ദ്രന്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണന്‍ ബാലേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസിന്റെ വിധി നിര്‍ണയിച്ച ഒന്നാമത്തെ മെഡിക്കല്‍ തെളിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനേക്കാള്‍ മൃതദേഹം ഫോട്ടോയെടുത്തയാളുടെ മൊഴിയാണ് കോടതി വിശ്വസിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോട്ടോകളിലോ ഒന്നും ഫോട്ടോഗ്രാഫറുടെ മൊഴിയില്‍ പറയുന്ന മുറിവുകള്‍ ഇല്ല. വിധിയില്‍ എടുത്തു പറയുന്ന ഡോ. കന്തസ്വാമിയുടെ മൊഴിയിലെ നിര്‍ണായകമായ പലതും തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനാവും.
വിധിയില്‍ പറഞ്ഞിരിക്കുന്ന, രണ്ടു ഡോക്ടര്‍മാരുടെ നിഗമനങ്ങളില്‍ മിക്കതും അശാസ്ത്രീയവും അപ്പാടെ തെറ്റുമാണ്. ശാസ്ത്രീയതയുടെ അളവുകോല്‍ പോയിട്ട്, സാമാന്യ ബുദ്ധിയുടെ പരിശോധനയില്‍ പോലും നില്ക്കാത്തവയാണ് അവയെന്ന് കുറിപ്പില്‍ പറയുന്നു.
സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ടും കന്യാചര്‍മ പരിശോധനാ ഫലവുമാണ് രണ്ടാമത്തെ മെഡിക്കല്‍ തെളിവുകള്‍. സിബിഐ ആവശ്യപ്പെട്ട പ്രകാരം നാര്‍ക്കോ അനാലിസിസിന് വിധേയയാവും മുമ്പ് കൂടുതല്‍ വിശ്വസനീയമായ പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഫിംഗര്പ്രിന്റിങ്ങിനും സിസ്റ്റര്‍ സെഫി വിധേയയായിരുന്നു.
ഈ രണ്ടു പരിശോധനകളിലും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധപ്പെട്ട യാതൊന്നും കിട്ടിയില്ല. അതിനു ശേഷമാണ്, കൂടുതല്‍ ഭാവനാത്കകത നിറഞ്ഞതും കൃത്രിമത്വത്തിനു സാധ്യതയുമുള്ള നാര്‍ക്കോ അനാലിസിസിന് അവരെ വിധേയയാക്കിയത്.
നിരന്തരമായ എഡിറ്റിങ്ങിനു വിധേയമാക്കിയ ആ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സിസ്റ്റര്‍ സെഫിയെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച് പൊതുബോധം നിര്‍മിച്ചെടുക്കുകയായിരുന്നെന്ന് കൃഷ്ണന്‍ ബാലേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു. ഒടുവില്‍ സ്വന്തം നിരപരാധിത്വം സ്ഥാപിച്ചെടുക്കാനായി, സിബിഐ ആവശ്യപ്പെട്ടതു പ്രകാരം അവര്‍ ക്രൂരവും മനുഷ്യവിരുദ്ധവുമായ കന്യകാത്വ പരിശോധനയ്ക്കും തയാറായി.
ആധുനിക പൗര സമൂഹത്തില്‍ ഒരിടത്തും നടക്കാത്ത പരിശോധനയാണിത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന രണ്ടു വനിതാ ഡോക്ടര്‍മാരുടെ ‘വിദഗ്ധ’ സംഘമാണ് അവരെ പരിശോധിച്ചത്.
പരിശോധനയില്‍ അവരുടെ കന്യാചര്‍മം കേടുപാടൊന്നും കൂടാതെ അക്ഷതമായ നിലയില്‍ കണ്ടിരുന്നു. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം കന്യാചര്‍മം സര്‍ജറിയിലൂടെ വച്ചുപിടിപ്പിച്ചതാണെന്നു റിപ്പോര്‍ട്ട് നല്കുകയാണ് പരിശോധന നടത്തിയവര്‍ ചെയ്തത്.
‘വിദഗ്ധ’ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരും കന്യാചര്‍മം വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി കാണുകയോ അതില്‍ സഹായിക്കുകയോ അതേക്കുറിച്ചു പഠിക്കുകയോ ചെയ്തിട്ടുള്ളവരല്ലെന്ന്, കൃഷ്ണന്‍ ബാലേന്ദ്രന്‍ പറയുന്നു.
ഹൈമനോപ്ലാസ്റ്റി എങ്ങനെയാണ് ചെയ്യുന്നത് എന്നുപോലും അറിയാത്ത, അങ്ങനെയുള്ള ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍ക്ക് കേടുപാടില്ലാത്ത കന്യാചര്‍മം കണ്ടപ്പോള് അത് ഹൈമനോപ്ലാസ്റ്റി ചെയ്തതാണെന്നു പറയാന് കഴിഞ്ഞു.
അവര്‍ കണ്ട സത്യത്തെ തുറന്നുപറഞ്ഞില്ലെന്നു മാത്രമല്ല, അതിനെ ദുര്വ്യാഖ്യാനം ചെയ്ത് തങ്ങള്‍ക്കു യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത കാര്യത്തില്‍ തെറ്റും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവയ്ക്കുകയാണ് ചെയ്തത്. ഈ അഭിപ്രായം കോടതിയില്‍ എത്തുന്നതിനു മുമ്പു തന്നെ തല്‍പ്പരകക്ഷികള്‍ സിസ്റ്റര്‍ സെഫിയെ തെറ്റായി ജീവിക്കുന്നവളും പെരുങ്കള്ളിയും ആയി പൊതുമണ്ഡലത്തില്‍ ചിത്രീകരിക്കുകയായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.
മരുന്ന് വാങ്ങിക്കാനായി ഇളയ കുഞ്ഞിനെ ഉറക്കി കിടത്തിയാണ് ഷെഹനുൽ ഉസ്‌ന മരുന്ന് വാങ്ങിക്കാൻ പോയത്, ഇപ്പോൾ രണ്ട് മാസം പിന്നിട്ടിരിക്കുന്നു; ഇതുവരെ ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുൽ ഉസ്‌നയെയാണ് രണ്ടുമാസം മുൻപ് ഒക്ടോബർ 29ന് രാവിലെ കാണാതായത്. കാണാതായ അന്നുതൊട്ട് പോലീസ് സ്‌റ്റേഷനിൽ നിരന്തരം കയറി ഇറങ്ങുന്ന ഷെഹനുലിന്റെ ഭർത്താവ് സൗമേഷിനെ വിവരം കിട്ടിയാൽ അറിയിക്കാം എന്ന വാക്കിനപ്പുറത്തേക്ക് ഒരു വിവരം നൽകാൻ പോലീസും തയ്യാറല്ല.
ഷെഹനുലിനെ കാണാതായ അന്നുതൊട്ട് കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും. പതിനൊന്ന് മാസം പ്രായമായ ഇളയകുഞ്ഞിനെ പാലുകൊടുത്ത് ഉറക്കി കിടത്തിയാണ് ഷെഹനുൽ പോയത്. ഇപ്പോൾ ഉമ്മയെന്ന് അവ്യക്തമായി ഉച്ചരിച്ച് കരയുന്ന ഒരു വയസുകാരനായിരിക്കുന്നു ഈ കുഞ്ഞ്. മൂന്നും അഞ്ചും വയസുള്ള രണ്ട് മൂത്ത കുട്ടികളും ഷെഹനുൽ-സൗമേഷ് ദമ്പതികൾക്കുണ്ട്. മൂന്ന് പിഞ്ചുപൈതലുകളേയും മാറോട് അടക്കി പിടിച്ച് അവരുടെ ഉമ്മയ്ക്കായി കാത്തിരിക്കുകയാണ് സൗമേഷ്.
സൗമേഷും ഷെഹനുലും ആറുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹം കഴിച്ച ഷെഹനുൽ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ജീവിതത്തിന് ഒരു അർത്ഥമുണ്ടായതെന്ന് സൗമേഷം പറയുന്നു. എങ്ങനെയെങ്കിലും ഷെഹനുലിനെ കമ്‌ടെത്തി തരണമെന്നും അവൾ തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ് എന്നും സൗമേഷ് പറയുന്നു.
ഷെഹനുൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. ആരെങ്കിലും ഷെഹനുലിനെ കണ്ടെത്തിയാൽ പോലീസിൽ വിവരമറിയിച്ചു സഹായിക്കണമെന്നാണ് സൗമേഷിന്റെ അഭ്യർഥന.
പതിനാറുകാരി പെൺകുട്ടിയെ നിർബന്ധിച്ച് 56കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ച ബന്ധുവായ സ്ത്രീയും കൂട്ടുനിന്നവരും അറസ്റ്റിൽ. മലയാളിയായ അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാരുടെ സഹായത്തോടെ ഹൈദരാബാദിലെ 16കാരിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയെ പോലീസെത്തി മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ ലക്ഷങ്ങൾ നൽകിയാണ് ഇടനിലക്കാർ മുഖേനെ പെൺകുട്ടിയെ കണ്ടെത്തിയതും വിവാഹം ചെയ്തതും.
വിവാഹം നടത്താനായി അബ്ദുൽ ലത്തീഫിന്റെ കൈയ്യിൽ നിന്നും പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും വിവാഹം നടത്തിയ പുരോഹിതനും വീതിച്ചുനൽകി.
പെൺകുട്ടിയുടെ പിതൃസഹോദരിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്. വിവാഹം ചെയ്ത അബ്ദുൽ ലത്തീഫിനെ ഇതുവരെ പിടികൂടിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. പോക്‌സോ നിയമപ്രകാരം വരനെതിരെ പോലീസ് കേസെടുത്തു.
ഇയാൾക്കെതിരെ ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്‌ക്കെതിരെയും കേസെടുത്തു. ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.
പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് കിടപ്പ് രോഗിയാണ്. ഈ ദുരിതാവസ്ഥ മുതലെടുത്താണ് ബന്ധുവായ സ്ത്രീ പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പോലീസിൽ പരാതി നൽകിയത്.
സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.
2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് .
ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.
ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.
ജോജി തോമസ്
രാഷ്ട്രീയമായി ഒട്ടേറെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം അപ്രതീക്ഷിതം ആണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് പലയിടത്തുനിന്നും പ്രത്യേകിച്ച് പ്രമുഖ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ അപ്രതീക്ഷിത വിജയത്തിന് പ്രചാരം നൽകുന്നവർ ഇടതുപക്ഷത്തിന് അടുത്ത ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വഴികൾ സുഗമമാക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയുമാണ് ചെയ്യുന്നത്.
ജാതിമതചിന്തകൾ ആഴത്തിൽ വേരൂന്നിയ കേരളസമൂഹം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ലായിരുന്നെങ്കിലും മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധിക നിലവാരവും ഇടതുപക്ഷ ആശയങ്ങൾക്ക് കേരളത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. കേരളത്തിൻെറ സാമൂഹിക പുരോഗതിയിലും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ആശയപരമായ അടിത്തറയും, സംഘടനാ ശക്തിയുടെ പിൻബലമുള്ള ഇടതുപക്ഷത്തിൻെറ വികസനനേട്ടങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം.
മെട്രോയും, വിമാനത്താവളവും മാത്രമാണ് വികസനത്തിൻെറ മാനദണ്ഡങ്ങളായി കരുതുന്നവർ ഇടതുപക്ഷം കേരള സമൂഹത്തിനു നൽകിയ സംഭാവനയെന്തെന്ന ചോദ്യം ഉയർത്തുക സ്വാഭാവികമാണ്. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കേരളത്തിൽ പ്രബലമായിരുന്ന ജാതിമത ചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ സമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതിനും ഇടതുപക്ഷ ആശയങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . രാജീവ് ഗാന്ധി ഗവൺമെൻറ് കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിൻെറ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്നതിനും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റുകൾ മടിച്ചു നിന്നപ്പോൾ പഞ്ചായത്ത് രാജ് നിയമം കേരളത്തിൽ നടപ്പാക്കുന്നതിനും അധികാരവികേന്ദ്രീകരണത്തിന് മുൻകൈ എടുത്തതും നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റാണ്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ഇടതുപക്ഷ ഗവൺമെൻറിൻറെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ വികസനോത്മുഖം എന്നതിലുപരി കേരള ജനതയുടെ നവോത്ഥാനത്തിനും, സാമൂഹിക ഉണർവിനും കാരണമായി.
1996 ൽ ഇടതുപക്ഷ ഗവൺമെൻറ് നടപ്പാക്കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ വഹിച്ച പങ്ക് കേരള വികസന ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിൻെറ 35 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ജനകീയ ആസൂത്രണ പ്രസ്ഥാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണത്തിന് മുന്നിട്ടിറങ്ങിയ ഇടതുപക്ഷ ഗവൺമെന്റിൻെറ ആർജ്ജവം മറ്റു സംസ്ഥാന ഗവൺമെന്റുകൾക്ക് മാതൃകയാകേണ്ടതായിരുന്നു.
പിണറായി ഗവൺമെൻറിൻറെ കാലഘട്ടത്തിലാണെങ്കിലും 591 പ്രോജക്ടുകളിലായി 45000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബിയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും നടപ്പിലാക്കുന്നത്. സർക്കാർ സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയുടെ നിലവാരം ഉയർത്തുന്നതിലും, സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുന്നതിലും സർക്കാർ കാട്ടിയ ശുഷ്കാന്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇലക്ഷനിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാലങ്ങളായി ആർജ്ജിച്ചതാണെങ്കിലും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൻെറ സേവനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു. ജനങ്ങൾ ലോക്ക്ഡൗൺ കാലത്ത് വരുമാനമില്ലാതെ കഴിഞ്ഞപ്പോൾ ഭക്ഷണ കിറ്റുമായി സഹായത്തിനെത്തിയ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങിച്ചെന്നത് . സാമ്പത്തികമായി കൂടുതൽ സുസ്ഥിരതയുള്ള മറ്റു സംസ്ഥാന ഗവൺമെന്റുകളൊന്നും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തി ഇല്ലെന്നുള്ളത് ഇവിടെ പ്രസക്തമാണ്. ഭക്ഷണ കിറ്റ് വിതരണത്തിനായി ഇറങ്ങിത്തിരിച്ച സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരെയാണ് പിന്നീട് ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. ഇങ്ങനെ എന്തുകൊണ്ടും സംസ്ഥാന ഗവൺമെൻറിൻറെ വികസനോത്മുഖമായ പ്രവർത്തനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കാണാൻ സാധിക്കും.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ലോകം പുതുവത്സരത്തെ ആഘോഷത്തോടെ വരവേറ്റു. പുതുവർഷമായ 2021 പുതുവർഷത്തെ ആദ്യം സ്വാഗതം ചെയ്തത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളാണ്. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലാൻഡിലും പുതുവർഷം എത്തി.
കോവിഡ് പ്രതിസന്ധിയിലാക്കിയ 2020 അവസാനിച്ചതിന്റെ ആഘോഷത്തിലാണ് പുതുവർഷത്തെ ന്യൂസീലൻഡ് വരവേറ്റത്. പതിവ് ന്യൂഇയർ ആഘോഷത്തിന്റേതായ എല്ലാ ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയുമാണ് ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.
ന്യൂസിലാൻഡിൽ ഓക്‌ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. സെൻട്രൽ ഓക്‌ലാൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയാണ് പുതുവർഷ പുലരിയെ വരവേറ്റത്. സ്‌കൈടവറിൽ വെടിക്കെട്ടും നടന്നു.
ന്യൂസിലാൻഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം ഏറ്റവും അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല.
ഗ്രീനിച്ച് രേഖ കണക്കാക്കുന്ന ലണ്ടനിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.
New Zealand celebrates the New Year with a fireworks show https://t.co/DlxaBuRHLm
— Reuters (@Reuters) December 31, 2020
മാവേലിക്കരയിലുള്ള ഒരു വാടക വീട്ടില്‍ നിന്ന് കഞ്ചാവും ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. സംഭവത്തില്‍ 32കാരിയായ നിമ്മിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സങ്കട കാഴ്ചയാവുന്നത് നിമ്മിയുടെ കുഞ്ഞുങ്ങളാണ്. നിമ്മി ജയിലിലായതോടെ തനിച്ചായിരിക്കുകയാണ് എട്ടും നാലര വയസും ഉള്ള മക്കള്‍.
അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നും അറിയാതെ നോക്കി നില്‍ക്കുകയായിരുന്നു ഈ കുരുന്നുകള്‍. കരഞ്ഞ് നില്‍ക്കുന്ന കുട്ടികളെ ടുവില്‍ ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പിച്ചാണ് പോലീസ് നിമ്മിയെ കൊണ്ടുപോയത്. അതേസമയം, സംഭവത്തില്‍ ഒന്നാം പ്രതി പോനകം എബനേസര്‍ പുത്തന്‍ വീട്ടില്‍ ലിജു ഉമ്മന്‍ തോമസിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഇയാളെ പിടികൂടിയാല്‍ മാത്രമേ എവിടെ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും വില്‍പന ഏതു രീതിയിലാണ് എന്നതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭിക്കൂ എന്നും പോലീസ് പറയുന്നു. നിമ്മിയുടെ വീട്ടില്‍ നിന്ന് നാലര ലീറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ഹാന്‍സ് പായ്ക്കറ്റുകളും കണ്ടെടുത്തിരുന്നു. ലിജുവിന്റെ കാറില്‍ നിന്നും വീടിനുള്ളില്‍ നിന്നുമായി 29 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
സംഭവത്തില്‍, ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. പുതുവത്സര ദിനാഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് വീട്ടില്‍ വന്‍തോതില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുതുവത്സരാഘോഷം മുന്‍പില്‍ കണ്ട് പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
രോഗാവസ്ഥ മൂർച്ഛിച്ചതിനെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ബംഗളൂരുവിലെ അൽസഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി അവശതയിലാണ് മഅദനി. അടിയന്തിര ശസ്ത്രക്രിയ നാളെ നടത്തും.
ഏറെ കാലമായി രകതസമ്മർദ്ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് തുടങ്ങിയവ ഉയർന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങളും അലട്ടുന്നുണ്ടായിരുന്നു. നേരത്തെ തന്നെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്റെ പ്രത്യേക സഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിവാസം നീട്ടിവെയ്ക്കുകയായിരുന്നു.
മരുന്നുകൾ ഉപയോഗിച്ചിട്ടും രക്തസമ്മർദ്ദവും കിഡ്‌നിയുടെ പ്രവർത്തനക്ഷമത നിർണയിക്കുന്ന ക്രിയാറ്റിന്റെ അളവും ഉയർന്നതോടെയാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം താമസസ്ഥത്ത് ചികിത്സ തുടർന്നു വരികയായിരുന്നു. മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വിവിധ ആശുത്രികളിൽ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം വിചാരണ കോടതിയിൽ വെച്ച് ഉയർന്ന രക്തസമ്മർദ്ദത്തെതുടർന്ന് ബോധരഹിതനായി വീഴുന്ന അവസ്ഥയുമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദീർഘകാലം ചികിത്സയിൽ തുടരുകയും ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ പരിശോധനകൾ തുടരുകയാണ്. നിലവിൽ രക്തസമർദ്ദം ഉയർന്ന അവസ്ഥയിലാണെങ്കിലും വെള്ളിയാഴ്ച ശാസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ശാസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനും പള്ളികളിലുൾപ്പടെ പ്രത്യേകം പ്രാർത്ഥന നടത്തണമെന്ന് ആശുപത്രിയിൽനിന്ന് അദ്ദേഹം അഭ്യർത്ഥിച്ചതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.