Kerala

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കരുമാലൂര്‍ സ്വദേശി സബീന (35) മരിച്ചു. ഭാര്യയുടെ വിയോഗം അറിയാതെ, ഭര്‍ത്താവ് സലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാര്‍ നിയന്ത്രണം വിട്ട് കായലില്‍ വീണത്. കാറിന്റെ ഡോര്‍ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.

തുടര്‍ന്ന് ഭാര്യയുടെ പിടിവിട്ട് പോവുകയായിരുന്നു. സബീന മുങ്ങിമരിച്ചു. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ എത്തിയാണ് സലാമിന്റെ ജീവന്‍ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ്‌ഐ റഷീദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു.

പത്തനംതിട്ട: ഇളയ മകന്‍ ബിനീഷ് കള്ളപ്പണമിടപാടില്‍ ബംഗളുരു ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയ കോടിയേരി ബാലകൃഷ്ണന്റെ കുടുംബമാകെ അന്വേഷണവലയത്തിലേക്ക്. ബിനീഷിന്റെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം അമ്മ വിനോദിനിയിലേക്കും ജ്യേഷ്ഠന്‍ ബിനോയിയിലേക്കും നീളുകയാണ്.

ബിനീഷും ബിനോയിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതില്‍ വിനോദിനിക്കു പങ്കുണ്ടെന്നും വ്യക്തമായതിനെത്തുടര്‍ന്നാണിത്. വിനോദിനിയെ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തുകയോ ഇ.ഡി. ഇവിടെയെത്തി മൊഴിയെടുക്കുകയോ ചെയ്യും. ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന നാലുപേര്‍ക്കെതിരേയും ഇ.ഡി. തുടരുകയാണ്.

നാളെ ബംഗളുരുവിലെത്താന്‍ നിര്‍ദേശിച്ച് അബ്ദുള്‍ ലത്തീഫ്, റഷീദ്, ഡ്രൈവര്‍ ഹരിക്കുട്ടന്‍, ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ ഹോളിഡേഴ്‌സ് ഉടമ സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസയച്ചു.

ഇവര്‍ ഒളിവിലാണെന്നാണു സൂചന. മക്കള്‍ക്കൊപ്പം വിനോദിനിയും അനധികൃത സ്വത്ത് കൈകാര്യം ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വി.എസ്. സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം നല്‍കി വിനോദിനി പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും അക്കാലത്ത് അവര്‍ പല തവണ ദുബായ് സന്ദര്‍ശിച്ചെന്നും ഇ.ഡിക്കു വിവരം ലഭിച്ചു.

തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 72 ലക്ഷം രൂപാ വായ്പയെടുത്ത് 2014-ല്‍ ബിനോയ് ബെന്‍സ് കാര്‍ വാങ്ങിയെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് പാളിയതോടെ ബാങ്ക് പലകുറി നോട്ടീസയച്ചതിനു പിന്നാലെ 2017-ല്‍ 38 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചെന്നും ഇ.ഡി. കണ്ടെത്തി. വിനോദിനിയാണു പണമടച്ചതെന്നാണു സൂചന. ഈ വാഹനം പിന്നീട് ബി.ബാബുരാജ് എന്നയാളുടെ പേരിലേക്കു മാറ്റി.

ഇയാളെപ്പറ്റിയും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. വിനോദിനിയുടെ ആറു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഇ.ഡിയുടെ പരിശോധനയിലാണ്. ഇവരുടെ അക്കൗണ്ടിലേക്കു 12 അക്കൗണ്ടുകളില്‍നിന്നു വന്‍ തുക എത്തിയിട്ടുണ്ടെന്നാണ് അറിവ്. ബിനീഷിന്റെ അനധികൃതസമ്പാദ്യവും വിനോദിനി കൈകാര്യം ചെയ്‌തെന്ന സൂചന മുന്‍നിര്‍ത്തിയാണ് അന്വേഷണം വിപുലമാക്കുന്നത്.

പ്രശസ്ത തമിഴ് സീരിയൽ താരത്തിനെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെൽവരത്‌ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെൽവരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്.

പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു.

ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടതായും നടി ഹൈക്കോടതിയില്‍ പറഞ്ഞു. ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയില്‍ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും ആക്രമിക്കപ്പെട്ട നടി തുറന്നടിച്ചു.

അതേസമയം, എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിര്‍പ്പ് ഫയല്‍ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍ ഡ്യൂട്ടിഫ്രീ ഷോട്ട് ആരംഭിക്കുന്നതിനുള്ള പണി നടക്കുന്ന മുറിക്ക് ഉള്ളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലാക്കിയിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണം കടത്തിയ ആളിനെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.

എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.

കോട്ടയം ജില്ലാപഞ്ചായത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്‍ഡിഎഫിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു. 22 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിന് ഒമ്പത് സീറ്റുകള്‍ നല്‍കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. 11 സീറ്റുകള്‍ നല്‍കണമെന്നായിരുന്നു ജോസ് വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

സിപിഐഎം ഒമ്പതും സിപിഐ നാലും സീറ്റുകളില്‍ മത്സരിക്കുമെന്നും ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരൊ സീറ്റില്‍ വീതം മത്സരിച്ച ജനതാദള്‍ എസിനും എന്‍സിപിക്കും ഇത്തവണ സീറ്റ് ഇല്ല.

വിജയ സാധ്യ നോക്കിയാണ് സീറ്റ് വിഭജനം നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. ജില്ലയില്‍ അപൂര്‍വ്വ ഇടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു.
ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പതിവിന് വിരുദ്ധമായി ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് കോട്ടയത്ത് എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. മുന്നണിയിലെ പുതിയ കക്ഷിയായ ജോസ് വിഭാഗത്തിന് നല്‍കുന്ന സീറ്റിന് സംബന്ധിച്ചായിരുന്ന് തര്‍ക്കം. 11 സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ജോസ് വിഭാഗം 9 സീറ്റില്‍ തൃപ്തിപെടുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒരണ്ണം മാത്രമേ വിട്ട് നല്‍കൂ എന്ന നിലപാടിലായിരുന്നു സിപിഐ. ഒരു സീറ്റുകൂടി വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചത്. എന്നാല്‍, സിപിഐയുടെ നിലപാടാണ് മുന്നണി അംഗീകരിച്ചത്.

സീറ്റ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച്ച ഉഭയകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്തില്‍ 4 സീറ്റും പാല മുന്‍സിപ്പാലിറ്റിയില്‍ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. അതേസമയം ജില്ലാ പഞ്ചായത്തില്‍ 11 ഉം പാലായില്‍ 13 സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്.

ഇതോടെ സിപിഐഎമ്മും കേരള കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകള്‍ തുല്യമായിരിക്കുകയാണ്.

മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചിങ്ങവനം പോളച്ചിറ സ്വദേശി ജോയൽ പി ജോസ് (23) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് എട്ടരയോടെ നാലുവരി പാതയിൽ പെട്രോൾ പമ്പിൽ ഭാഗത്തേക്ക് തിരിയുന്ന ഇടവഴിയിൽ ആയിരുന്നു അപകടം. പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ട് എട്ടരയോടെ ഇരയിൽ കടവ് റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു.

ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. ഇടിയുടെ ആഘാതത്തിൽ ഇതിൽ വായുവിൽ ഉയർന്നു തെറിച്ച ജോയൽ റോഡിൽ തലയിടിച്ചാണ് വീണത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയലിനെ എടുത്തുയർത്തി എങ്കിലും അബോധാവസ്ഥയിലായിരുന്നു. നാട്ടുകാർ തന്നെ ചേർന്ന് ഇയാളെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ വീട്ടില്‍ അടുക്കള കൈയേറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് നോക്കുന്ന ഭാര്യ സുചിത്രയേയും ചിത്രങ്ങളില്‍ കാണാം. താരം ഉണ്ടാക്കുന്നത് എന്ത് ഭക്ഷണമാണ് എന്നാണ് ആരാധകരുടെ സംശയം. ദ്രാവക രൂപത്തിലെ ഭക്ഷണം പാകപ്പെടുത്തി ഓംലെറ്റ് രൂപത്തില്‍ മറ്റൊരു പാത്രത്തിലേക്ക് വിളമ്പുന്നതും ചിത്രങ്ങളില്‍ കാണാം.

ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.

അതേസമയം, ദൃശ്യം 2വിന്റെയും റാം ചിത്രത്തിന്റെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ദൃശ്യം 2വിന്റെയും റാമിന്റെയും എഡിറ്റിംഗിലേക്ക് ഒരേസമയം കടന്നിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.

മുംബൈ: ദീപാവലി ദിവസം മലയാളികളെ കണ്ണീരിലാഴ്‌ത്തി മഹാരാഷ്ട്രയിലെ മലയാളികളുടെ മരണ വാര്‍ത്ത. നവി മുംബയില്‍ ഇന്ന് പുലര്‍ച്ചയൊണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.

എട്ടു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സത്താറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നവി മുംബൈ സ്ഥിരതാമസമാക്കിയ മലയാളികളായ ദിവ്യ മോഹന്‍(30), ദീപാ നായര്‍(32) ലീലാ മോഹന്‍ (35) ഇവര്‍ ന്യൂ മുംബൈയിലെ വാശി സെക്ടറില്‍ താമസിക്കുന്നവരാണ്.

മോഹന്‍ വേലായുധന്‍ (59), സിജിന്‍ ശിവദാസന്‍ (8) ദീപ്തി മോഹന്‍ (28) ഇവര്‍ കോപ്പര്‍ കിര്‍ണ സ്വദേശികളാണ്. സജ്ജുന മധുസൂദനന്‍ നായര്‍(15) വാശി സെക്ടര്‍, ഡ്രൈവര്‍ റിങ്കു ഗുപ്ത(30) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.

നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

RECENT POSTS
Copyright © . All rights reserved