Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ ഖജനാവിൽ നിന്നും വൻ തുക ചെലവിട്ടതായി റിപ്പോർട്ട്. 2019 ഡിസംബറിനും മാർച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും പരിപാലിക്കാൻ സംസ്ഥാനം 36 ലക്ഷം രൂപ ചെലവഴിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു

ജൂൺ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിപാലിക്കുന്നതിനായി 36,07,207 രൂപ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിക്ക് (സി-ഡിറ്റ്) സംസ്ഥാന സർക്കാർ അനുവദിച്ചു.

“മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളുടെ പ്രതിഫലത്തിനായി ഉയർന്ന തുക ചെലവഴിക്കുന്നു. നിലവിൽ 12 പേർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു. അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം 25 ലക്ഷം രൂപയിലധികമാണ്,” എന്ന് സി-ഡിറ്റ് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്.

തത്സമയ സ്ട്രീമിംഗിനായി 1.83 ലക്ഷം രൂപയും സെർവർ അഡ്മിനിസ്ട്രേഷനും നെറ്റ്‌വർക്ക് സുരക്ഷയ്ക്കും 36,667 രൂപയും ഡാറ്റാ ശേഖരണത്തിനും വികസനത്തിനുമായി 1.1 ലക്ഷം രൂപയും കാർ വാടകയ്‌ക്കെടുക്കൽ ചാർജായി 73,333 രൂപയും ചെലവഴിച്ചതായി ചെലവ് കണക്കുകൾ വ്യക്തമാക്കുന്നു.

കൊല്ലം എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട്‌ ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. രണ്ടരമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാ‍ഞ്ഞത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പതിനാറുവര്‍ഷമായി അന്വേഷണം നീളുന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

വൈകീട്ട് അഞ്ചുമണിക്കാണ് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം എത്തിയത്. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴരവരെ എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറിയെ ചോദ്യംചെയ്തു. 2004 രജിസ്റ്റർ ചെയ്‌ത കേസിൽ 16 വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജൂലായ് ആറിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വഷേണം വേഗത്തിലായത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന ക്രൈം ബ്രാഞ്ച് വിശദീകരണം കോടതി അംഗീകരിച്ചിരുന്നില്ല

1997ല്‍ കൊല്ലം SN കോളേജിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്എന്‍ഡിപി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍. കേസിന്റെ FIR റദ്ദാക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നേരത്തെതന്നെ കോടതി തള്ളിയിരുന്നു.

യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഇരുട്ടടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. നടപടിക്ക് പിന്നാലെ ജോസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ ജോസഫിനൊപ്പം ചേർന്നു. ജോസ് പക്ഷത്തെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ പാളയത്തിലെത്തിച്ച് കരുത്ത് കാട്ടാനൊരുങ്ങുകയാണ് പി.ജെ. ജോസഫ്.

യുഡിഎഫിൻ്റെ അപ്രതീക്ഷിത തീരുമാനത്തിൽ പകച്ചുപോയ ജോസ് വിഭാഗത്തിനേറ്റ അടുത്ത പ്രഹരമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ജോസ് കെ.മാണിയുടെ വലംകൈ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ചുവടുമാറ്റം ജോസ് ക്യാംപിനെ അക്ഷരാർഥത്തിൽ ഞ്ഞെട്ടിച്ചു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിൻ്റെ മകനായ പ്രിൻസ് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥിയായി തോമസ് ചാഴികാടനൊപ്പം പരിഗണിച്ചിരുന്നതും പ്രിൻസിനെയാണ്. ജോസ് പക്ഷത്തെ പ്രഗൽഭരായ കൂടുതൽ നേതാക്കളും പാർട്ടിയിലെത്തുമെന്ന് ജോസഫ് ആവർത്തിക്കുന്നു.

ജോസ് കെ.മാണിയെ പിന്തുണച്ചിരുന്ന പാലാ നഗരസഭയിലെ 5 കൗൺസിലർമാരും ജില്ലാ സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കലും ജോസഫ് പക്ഷത്ത് ഇടം പിടിച്ചു.സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജോസിൻ്റെ നീക്കങ്ങൾക്കാണ് നേതാക്കളുടെ തീരുമാനം തിരിച്ചടിയായത്. ജോസ്.കെ.മാണി ഇടതുപക്ഷത്തോടടുത്താൽ കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോട്ടയം ജില്ലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫിൻ്റെ കരുനീക്കം.

അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്തുനില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുകയാണ് കൃതിക. വിജയാരവങ്ങള്‍ ആഘോഷിക്കാന്‍ കൃതികയില്ലാത്തത് നൊമ്പരപ്പെടുത്തുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കൃതികയുടെ അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് കൃതിക മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് കൃതിക (15) യാത്രയായത്. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളാണ്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

കൊല്ലം: ആത്മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ യുവാവ് മനസ്സുമാറി തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം.

അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ്.

ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.

സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .

സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .

 തിരുവനന്തപുരം: ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്നും അതിവേഗത്തില്‍ പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ അധികാരതര്‍ക്കം. അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനം ഏറെക്കുറെ സുരക്ഷിതമായെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

തുടക്കം മുതല്‍ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാര്‍കോഴ കേസില്‍ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാന്‍ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മര്‍ദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ വേണ്ട സ്ഥാനങ്ങള്‍ നല്‍കിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഘടനയില്‍ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി മുന്നോട്ടുനീങ്ങിയിരുന്ന യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ അഴിച്ചുപണിയുണ്ടായി. രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ചെയര്‍മാന്‍ ആയതോടെ, കുഞ്ഞാലിക്കുട്ടിയും കേരളം വിട്ട് ഡല്‍ഹിക്ക് പോയിരുന്നു. ഇതും അന്ന് മുന്നണി വിടാന്‍ മാണിയെ പ്രേരിപ്പിച്ച ഘടകമായിരുന്നു. അതിന് ശേഷം രമേശ് ചെന്നിത്തലയുടെയും ഡോ: എം.കെ. മുനീറിന്റെയും നേതൃത്വത്തിലാണ് യു.ഡി.എഫ് മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ കോവിഡ് ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കികൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. ഇടയ്ക്ക് സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതാണ് കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലും പ്രതിഫലിച്ചത്.

ജോസ് പക്ഷത്തെ വിട്ടുകളയാന്‍ പാടില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. എഗ്രൂപ്പും കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വവും ജോസ് പക്ഷം പോകട്ടെ എന്ന് ആഗ്രഹിച്ചപ്പോഴും അതിന് വഴങ്ങികൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുന്നണിയില്‍ തനിക്ക് പ്രാമുഖ്യം കിട്ടണം എന്ന ലക്ഷ്യം തന്നെയായിരുന്നു. അതേസമയം ജോസഫ് വിഭാഗവുമായി ഉമ്മന്‍ചാണ്ടിക്ക് അത്ര നല്ല ബന്ധവുമില്ല. ജോസഫ് രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഈ തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ലീഗ് എന്ന പാര്‍ട്ടിക്കുപരിയായി ജോസ് പക്ഷത്തെ മുന്നണിയില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയാണ് ഏറെ പരിശ്രമിച്ചത്. ഇതും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അപായസിഗ്നലാണ് നല്‍കിയത്. പഴയ ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് ശക്തമായാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി. ഡോ: എം.കെ. മുനീറും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയായി ഇത് വളരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആ സാഹചര്യത്തിലാണ് ഇനി വെറും രണ്ടുമാസം മാത്രം കാലാവധിയുള്ള ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ജോസ് പക്ഷത്തെ പുറത്താക്കിയത്.

ഇതിന് സമാനമായതോ ഇതിനേക്കാള്‍ വലുതായതോ ആയ നിരവധി പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലുണ്ടായിട്ടും ചെറുവിരല്‍ അനക്കാതിരുന്ന യു.ഡി.എഫ് നേതൃത്വമാണ് തിടുക്കപ്പെട്ട് തീരുമാനത്തില്‍ എത്തിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്‌നപ്രശ്‌നത്തിലൂം മറ്റു പല പഞ്ചായത്തുകളില്‍ കരാറുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുന്നണി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ സന്നിഗ്ധഘട്ടത്തിലെ നടപടി പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് മറ്റൊരാള്‍ ഉയര്‍ന്നുവരുന്നത് തടയാനാണെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തുകഴിഞ്ഞിട്ടുണ്ട്

കൊവിഡ് 19 വൈറസിന്റെ മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

ലക്ഷണങ്ങളുടെ പട്ടിക പൂര്‍ണ്ണമല്ലെന്നും കൊവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ പട്ടിക പുതുക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു കൊവിഡ് ലക്ഷണങ്ങളായി സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

കൊവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സാര്‍സ് കോവ്2 വൈറസ് ബാധിച്ച് 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.

ജോജി തോമസ്

കേരള രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ് . കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഫ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നു. രാഷ്ട്രീയ നാടകങ്ങൾക്കവസാനം യുഡിഎഫിലേക്ക് തന്നെയോ അതുമല്ലെങ്കിൽ നേരത്തെ കെ.എം.മാണി ഉന്നം വച്ചിരുന്ന എൽഡിഎഫ് എന്നീ സാധ്യതകൾക്കും അപ്പുറം ബിജെപി മുന്നണിയിലേക്ക് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ചേക്കേറുവാൻ അണിയറയിൽ ചരടുവലികൾ നടക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന സഭ നേതൃത്വങ്ങളുടെ നിലപാടും ഈ അവസരത്തിൽ നിർണായകമാണ്.

‌ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായാൽ രാജ്യസഭാംഗമായ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദവി എന്ന മോഹന വാഗ്ദാനം ആണ് മുന്നിലുള്ളത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇപ്പോൾ ഉള്ളതിനേക്കാൾ നില മെച്ചപ്പെടുത്തുകയും ആവാം. ഇതിനിടയിൽ ജോസ് പക്ഷവും യുഡിഎഫ് നേതൃത്വവുമായുള്ള അകൽച്ച കുറച്ച് യുഡിഎഫിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. സാധാരണ യുഡിഎഫിൽ കക്ഷികൾ മുന്നണി വിട്ടു പുറത്തു പോവുകയാണ് പതിവ് . പക്ഷേ ഇതിന് വിപരീതമായി യുഡിഎഫ് നേതൃത്വം ഒരു കക്ഷിയെ പുറത്താക്കുന്നത് അടുത്തെങ്ങും ഉണ്ടായിട്ടില്ലാത്ത നടപടിയാണ്.

‌ ജോസ് പക്ഷത്തെ ഭൂരിപക്ഷവും എൽഡിഎഫ് ആണ് ലക്ഷ്യം വയ്ക്കുന്നത് പക്ഷേ കെഎം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് ശ്രമിച്ച അവസരത്തിലേതുപോലെ ഇപ്പോഴും തടസ്സം നിൽക്കുന്നത് സിപിഐ ആണ്. ആതിരപ്പള്ളി ഉൾപ്പെടെ പല കാര്യങ്ങളിലും സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ യെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത് .

‌ഏതായാലും വരുംദിവസങ്ങളിൽ കേരള മുന്നണി രാഷ്ട്രീയത്തിൽ കാതലായ ചലനങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

കെ.കെ മഹേശന്റെ ആത്മത്യയ്ക്ക് പ്രേരണയായത് വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ അശോകന്റെ മാനസിക പീഡനമെന്ന് ഭാര്യ. മുഖ്യമന്തിക്ക് നൽകിയ പരാതിയിലാണ് മഹേശന്റെ ഭാര്യ ഉഷാദേവി മരണം സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ നിരത്തിയത്. മൈക്രോ ഫിനാൻസ് കേസുകൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞതായും കത്തിൽ പറയുന്നു.

അതേസമയം, കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതലയേറ്റു.2019 മുതൽ വെള്ളാപ്പള്ളിയുമായി കെ.കെ മഹേശന് പിണക്കമുണ്ട്. കണിച്ചുകുളങ്ങര യൂണിയനിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കാണിച്ചതാണ് ഇതിനു കാരണം. കെ എൽ അശോകൻ ഈ സാഹചര്യം മുതലെടുത്ത് ഇരുവരെയും ശത്രുക്കൾ ആക്കി. സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. സിഐ ടി.ആർ സന്തോഷിനും ഇതിൽ പങ്കുണ്ട്. കേസിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് ഫോണിൽ പറയുന്നത് കേട്ടു.

ഭർത്താവ് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിൽ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങളാണ് ഉഷാദേവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെടുന്ന കത്തിൽ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ സമൂഹത്തിൽ പ്രബലർ ആണെന്നും സൂചിപ്പിക്കുന്നു. അതെ സമയം മഹേശന്റെ ഒഴിവിൽ കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതല ഏറ്റു. 2018 വരെ നടന്ന യൂണിയൻ ഓഡിറ്റിംഗിൽ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

ആത്മഹത്യ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് യൂണിയൻ ഭാരവാഹികളുടെ മൊഴി ഇന്ന്‌ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ആരോപണവിധേയരുടെയും മൊഴികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved