Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിവാഹിതയായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസാണ് വരന്‍.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററില്‍ ഒപ്പുവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അന്‍പതു പേരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന വിവാഹച്ചടങ്ങെന്ന അപൂര്‍വതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയാണ്. അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന വിവേക് കിരണ്‍ സഹോദരന്‍.

ആലപ്പുഴ കാർത്തികപള്ളിയില്‍ ആത്മഹത്യചെയ്ത പന്ത്രണ്ടു വയസുകാരിയുടെ തലയിലും ശരീരഭാഗങ്ങളിലും ചതവുകൾ കണ്ടെത്തി. ഇതോടെ കുട്ടിക്ക് മര്‍ദനമേറ്റിരുന്നതായുള്ള നാട്ടുകാരുടെ പരാതി പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് ശരിവച്ചു. മുറിയില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തത് മരണത്തില്‍ ദരൂഹതയേറ്റി. ഇന്ന് രാവിലെയാണ് വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്

നാട്ടുകാര്‍ പറയുന്നത് അമ്മ അശ്വതി നിരന്തരമായി മകളെ ഉപദ്രവിച്ചിരുന്നു എന്നാണ്. ഇന്നലെ രാത്രിയിലും വഴക്കുണ്ടായി. ഇക്കാരണങ്ങളാലാകാം ആത്മഹത്യയെന്നാണ് ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് മര്‍ദനത്തില്‍ മകളുടെ കണ്ണിന് താഴെ പരുക്ക് പറ്റിയിരുന്നതായും അയയല്‍വാസികള്‍ പറയുന്നു. ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതികള്‍ പോയിരുന്നു.

മര്‍ദനം നടന്നുവെന്ന് തെളിയുംവിധം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനകളുണ്ട്. കുട്ടിയുടെ തലയിലും ശരീര ഭാഗങ്ങളിലും മൂന്ന് ചതവുകളുണ്ട്. ഇവയൊന്നും പക്ഷേ മരണകാരണമല്ല. തൂങ്ങിമരണമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പരിശോധനയില്‍ കിടപ്പുമുറിയില്‍നിന്ന് മദ്യവും ബ്ലേഡും കണ്ടെത്തി.

കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ കരുതിയതാണ് ബ്ലേഡ് എന്നാണ് പൊലീസ് നിഗനം. എങ്കിലും മദ്യക്കുപ്പി കണ്ടെത്തിയതില്‍ ദുരൂഹത ഏറുകയാണ്. അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ആത്മഹത്യചെയ്ത ഹര്‍ഷ. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ സുശാന്ത് നല്‍കിയ പിന്തുണ ഓര്‍മിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

അദ്ദേഹത്തിത്തിന്റെ മരണം ഇന്ത്യന്‍ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അനുശോചനം അറിയിക്കുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്ത് സുശാന്ത് നല്‍കിയ പിന്തുണയെ ഈ നിമിഷം ഓര്‍മിക്കുന്നു, അദ്ദേഹം പറഞ്ഞു.

സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ബോളിവുഡ് അടക്കമുള്ള സിനിമ മേഖല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അനുശോചനം അര്‍പ്പിക്കുന്നുണ്ട്. ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, മൊത്തം ഇന്ത്യന്‍ സിനിമ ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറിയ സുശാന്തിനെ ഞായറാഴ്ച്ച പുലര്‍ച്ചെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയാണ്. താരത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.

വര്‍ഗീയ ശക്തികള്‍ക്കെതിരേയും സുശക്തമായ നിലപാടുകള്‍ എടുത്തതിലൂടെയും മലയാളിയുടെ കൈയടി നേടിയ താരമായിരുന്നു അദ്ദേഹം. എന്നാല്‍ അതിനെക്കാളൊക്കെയേറെ സുശാന്തിനോട് മലയാളി കടപ്പെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്.

2018 ലെ പ്രളയ കാലത്ത് കേരളത്തിന് നല്‍കിയ സഹായത്തിലൂടെ. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സംഭാവന നല്‍കിയത്. താരത്തിന്റെ ഒരു ആരാധാകന്റെ ചോദ്യമായിരുന്നു കേരളത്തിന് ഇത്രവലിയൊരു തുക നല്‍കി കൊണ്ട് ദുരിതകാലത്ത് മലയാളിക്കൊപ്പം നില്‍ക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ചത്.

‘സുശാന്ത് എന്റെ കൈയില്‍ പണമില്ല, എന്നാല്‍ പ്രളയദുരിതാശ്വാസത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ അതിനു സാധിക്കും, ദയവ് ചെയ്ത് എന്നോട് പറയൂ’ എന്ന് സുബ്ബം രഞ്ജന്‍ എന്ന ആരാധകന്‍ സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചതിനുള്ള മറുപടിയായിരുന്നു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു കോടി രൂപ സുശാന്ത് നല്‍കിയത്.

“എന്റെ സഹൃത്തിനു നല്‍കിയ വാക്ക് പോലെ, അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചതെന്തോ അത് ചെയ്തിരിക്കുന്നു. നിങ്ങളാണ് ഇത് ചെയ്യാന്‍ കാരണം. നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു. തീര്‍ച്ചയായും ആവശ്യമായ കാര്യം തന്നെയായിരുന്നു നിങ്ങള്‍ അറിയിച്ചത്. നിറഞ്ഞ സ്‌നേഹം….” എന്നായിരുന്നു ‘എന്റെ കേരളം’ എന്ന ഹാഷ് ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിവരം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് കുറിച്ചത്.

 

സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം സ്വത്ത് കൈവശപ്പെടുത്തി ഇറക്കി വിട്ടതിനു പിന്നാലെ പ്രതിഷേധവുമായി മാതാപിതാക്കള്‍. വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവര്‍. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്.

നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്‌ക്കോട്ടുകോണം സ്വദേശി സുജകുമാറിനെതിരെയാണ് 70കാരനായ ചെല്ലപ്പെനും 65കാരിയായ ഓമനയും കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുന്നത്. പിന്തുണയുമായി ഓമനയുടെ സഹോദരി ജെയ്‌നിയും ഒപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. മകന്‍ സുജകുമാറിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വീട് വാങ്ങാനായി കൈയ്യിലുണ്ടായിരുന്ന പണവും ജെയ്‌നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കൈയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമമുണ്ടായിരുന്നു എന്ന് ഇവര്‍ പറയുന്നു.

സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് മൂവരെയും താല്‍കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മാതാപിതാക്കളുടെ ആരോപണത്തില്‍ സുജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച പുറത്ത് വന്നിരിക്കുന്നത്.

ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മൂന്ന് കോണ്‍ഗ്രസുകാര്‍ക്ക് സസ്പെന്‍ഷന്‍. വിപ് ലംഘിച്ചെന്ന് കെപിസിസി കണ്ടെത്തി. അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. ആതിര പ്രസാദ്, അംബിക വിജയന്‍, അനില രാജേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍

യുഡിഎഫ് വോട്ടുകൾ ഭിന്നിച്ച തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്ക് ഒടുവിലായിരുന്നു നഗരസഭാ അധ്യക്ഷനായി കേരള കോൺഗ്രസ് എം (ജോസഫ്) ഉന്നതാധികാര സമിതി അംഗവും സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനുമായ സാജൻ ഫ്രാൻസിസ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ടു റൗണ്ടിലായി നടന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിലെ ഏക അംഗത്തിന്റെ പിൻബലത്തിലായിരുന്നു സാജൻ ഫ്രാൻസിസിന്റെ വിജയം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ നടന്ന തിരഞ്ഞെടുപ്പിനായി പി.ജെ. ജോസഫ്, മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരിയെ വ്യാഴാഴ്ച എൽഡിഎഫ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് വിമതൻ സജി തോമസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ സിപിഎം സജിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു റൗണ്ടിലും 16–15 ആണ് സാജൻ ഫ്രാൻസിസ്– സജി തോമസ് വോട്ടു നില.

ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും കോൺഗ്രസിലെ ഷൈനി ഷാജുവിനു ലഭിച്ചു. കേരള കോൺഗ്രസിലെ ധാരണ പ്രകാരം ജോസ് കെ മാണി വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.

പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.

തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.

പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.

പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.

ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.

കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വൈദ്യുതി മന്ത്രി എം.എം.മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്നാണ് ശസ്‌ത്രക്രിയ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. ന്യൂറോ സർജറി ഐസിയുവിലാണ് മന്ത്രി ഇപ്പോഴുള്ളത്. ഇന്നു രാവിലെയായിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നുമാണ് റിപ്പോർട്ട്. മന്ത്രിക്ക് കുറച്ചുനാൾ വിശ്രമം വേണ്ടിവരും.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മന്ത്രിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടർ പരിശോധനയ്ക്കുവേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഇടുക്കിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മന്ത്രി എം.എം.മണിയാണ്.

മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി ലീന്‍മേരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുന്നത്. ജോണിന്റെ മരണം ഇയാളുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യം ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്.

തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരണ ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നും ജോണിന്റെ സഹോദരി ലീന്‍മേരി പറയുന്നു.

ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിലെ അസ്വഭാവികതയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നാന്‍ കാരണമെന്ന് ലീന്‍ മേരി വ്യക്തമാക്കി. ലീന്‍മേരിയും അച്ഛനുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ജോണിന്റെ ഭാര്യയും മക്കളും തങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചുവെന്ന് സഹോദരി പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്ന് ലീന്‍മേരി പറഞ്ഞു. എന്നാല്‍ സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി.

ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിതിന് ശേഷം മാത്രമേ സംസ്‌കരിക്കുമായിരുന്നുവൊള്ളൂ എന്നും പോലീസ് പറഞ്ഞു.അതേസമയം കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നല്‍കിയ മൊഴി.

ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്നതിനാലാണ് ഹൃദയസ്തംഭനമെന്ന് പറഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറയുന്നു. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് പള്ളി വികാരി പൊലീസിനോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved