ബിബിസി വേള്‍ഡ് ന്യൂസില്‍ അതിഥിയായി എത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്താകമാനം പടര്‍ന്നുപിടിച്ച് കൊറോണ ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ ഒരുപരിധിവരെ ചെറുത്ത് കേരളം കൈവരിച്ച മുന്നേറ്റം ആരോഗ്യമന്ത്രി ബിബിസി ചാനലുമായി പങ്കുവെച്ചു.
ബിബിസി വേള്‍ഡ് ന്യൂസില്‍ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മന്ത്രി അതിഥിയായി എത്തിയത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. കൊറോണയെ ചെറുക്കാനുള്ള കേരളത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു.
ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ത്തന്നെ സംസ്ഥാനത്തും പ്രത്യേക കണ്‍ട്രോള്‍ റൂ തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ആദ്യഘട്ടത്തില്‍ രോഗവ്യാപന സാധ്യത തടയാന്‍ കഴിഞ്ഞുവെന്നു മന്ത്രി പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ രോഗനിര്‍ണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. രോഗലക്ഷണമുള്ളവരെ പ്രത്യേകം ക്വാറന്റീന്‍ ചെയ്തു. സ്രവസാംപിള്‍ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനോടകം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റും, പാകിസ്ഥാന്‍ പത്രമായ ഡോണിലും കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.
ഇക്കാര്യത്തില്‍ സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് ബസ് ഉടമകള്‍ മാറ്റണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ഉമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. എന്നാല്‍ സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സര്‍വീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സര്‍വീസുകള്‍ ഒരു സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചതല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
അത് പറഞ്ഞിരുന്നില്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ സര്‍വീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. ഇത് പണിമുടക്കല്ലെന്നും പണിമുടക്ക് പിന്‍വലിക്കാനാണ് ചര്‍ച്ചകള്‍ വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അവര്‍ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണം. അത് മനസിലാക്കി സര്‍ക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടുറോഡില്‍ കള്ളും കഞ്ചാവുമടിച്ച് വിളയാടിയ യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. അരൂര്‍ അരൂക്കുറ്റി റോഡിലാണ് സംഭവം. മദ്യലഹരിയില്‍ റോഡില്‍ മണിക്കൂറുളോളം പരാക്രമം കാട്ടിയ അരൂര്‍ സ്വദേശികളായ പ്രഭജിത്ത് , രാകേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
കഞ്ചാവും കള്ളവാറ്റും അടിച്ച് എത്തിയ ഇരുവരും മണിക്കൂറുകളോളമാണ് നാട്ടുകാരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. യുവാക്കളുടെ പരാക്രമം ചോദ്യം ചെയ്ത മിനി ലോറി ഡ്രൈവറിന്റെ തല 22 വയസ്സുകാരായ ഇരുവരും ചേര്‍ന്ന് അടിച്ചു പൊട്ടിച്ചു.
സമീപത്തെ കടകള്‍ അടിച്ചു തകര്‍ത്തു. ഒടുവില്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അരൂര്‍ പോലീസ് ഇരുവരെയും കീഴ്‌പ്പെടുത്തി. പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് അരൂര്‍ പോലീസ് പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടികളാണ് ഇരുവരുമെന്നും പോലീസ് പറയുന്നു. എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന പോലീസുകാരന്റെ മകനാണ് പ്രതികളില്‍ ഒരാളായ പ്രഭജിത്ത്.
പലരോടായി സഹായം അഭ്യർത്ഥിച്ചിട്ടും കേരള, കർണാടക സർക്കാറുകളുടെ സഞ്ചാരത്തിനുള്ള പാസ് ഉണ്ടായിട്ടും ബംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് വാഹനം ലഭിക്കാതെ സംവിധായകൻ ശരത്ചന്ദ്രൻ വയനാട്. പാസ് ഉണ്ടായിട്ടും വാഹനം ലഭ്യമാകാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ ഇദ്ദേഹം കാൽനടയായി യാത്ര തുടങ്ങി.
രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ഉൾപ്പെടെ നിരവധി പേരോട് താൻ സഹായം അഭ്യർത്ഥിച്ചെന്നും എന്നാൽ ആരും സഹായത്തിനെത്തിയില്ലെന്നു സംവിധായകൻ ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചു.
താൻ ഒരു പെണ്ണായിരുന്നെങ്കിൽ സഹായിക്കാൻ പലരും വന്നേനെ. അമ്മയെ കാണാനും ഡോക്ടറെ കണ്ട് ചികിത്സ തേടാനുമായാണ് നാട്ടിലേക്ക് വരുന്നത്. ബംഗളൂരു മുതൽ മുത്തങ്ങ വരെ നടക്കാനാണ് തീരുമാനം.
ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാമെന്നും ശരത്ചന്ദ്രൻ പറയുന്നു. ബംഗളൂരുവിൽനിന്ന് നടത്തം തുടങ്ങിയ ദൃശ്യങ്ങളും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്.
പഞ്ചാബിലെ ഭട്ടിൻഡയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി ബസ് പുറപ്പെട്ടു. തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക. പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ഗാന്ധി എംപി മുൻകൈ എടുത്തിട്ടാണ് ബസ് ഏർപ്പാട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബുധാനഴ്ച്ച ബസ് കേരളത്തിലെത്തിച്ചേരും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. സ്വന്തമായി വാഹന സൗകര്യം ഒരുക്കാൻ കഴിയാത്തവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആൽവാർ, ഭാരത്പൂർ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുവാൻ 500 ബസ്സുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഏർപ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസ്സുകൾ ഓടിക്കാൻ കോൺഗ്രസിന് അനുവാദം നൽകണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി കുടുംബത്തിന്റെ മരണത്തെക്കുറിച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സര്‍ക്കാരിന്റെ അനാസ്ഥയാണ് തന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് നിതിന്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പുലര്‍ച്ച 3 മണിക്ക് ഷൈന്‍ ന്റെ ഫോണ്‍ കോള്‍. അവനും ഗര്‍ഭിണിയായ അവന്റെ ഭാര്യയും സ്‌റ്റെനി എന്ന സുഹൃത്തും, അനീഷും, അനൂപും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം മൂന്ന് കാറിലായ് ബീഹാറില്‍ നിന്ന് കേരളത്തിലേക്ക് റോഡ് മാര്‍ഗ്ഗം യാത്ര പുറപെട്ട് രണ്ട് ദിവസമായിരുന്ന സന്ദര്‍ഭത്തില്‍ ഫോണ്‍ എടുത്തത് ഒന്ന് ശ്വാസം അടക്കി പിടിച്ച് കൊണ്ട് തന്നെയായിരുന്നു. ഷൈന്‍ പറഞ്ഞത് ഇങ്ങനെയും; ഡാ വരുന്ന വഴിയില്‍ നിസാമാബാദ് ജില്ലയില്‍ (തെലങ്കാന) വെച്ച് അനീഷിന്റെ കാര്‍ ലോറിയില്‍ ഇടിച്ചു, അടുത്തുള്ള ഗവണ്‍മന്റ് ആശുപത്രിയിലാണിപ്പോള്‍ സഹയത്തിനു ആരുമില്ല നീ വേഗം എന്തെങ്കിലും ഒന്ന് ചെയ്യ്. ഞാന്‍ ലൊക്കേഷന്‍ വാട്‌സാപ്പ് ചെയ്യാം. അല്‍പ്പം ഗുരുതരമാണു.
അടുത്ത നിമിഷം തന്നെ ഞാന്‍ തെലങ്കാനയുടെ നോര്‍ത്ത് സോണ്‍ ചുമതലയുളള മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ Jyothir Mayan സാറിനെ ഫോണില്‍ ബന്ധപെട്ട് കാര്യം അവതരിപ്പിച്ചു, മറുപടി ഇങ്ങനെയും’നിധിന്‍, ഇപ്പോള്‍ അവിടെ ആശുപത്രിയില്‍ നില്‍ക്കുന്നവരോട് എന്നെ വിളിക്കാന്‍ പറയൂ, ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങാട്ട് പോവാം.ഫോണ്‍ കട്ട് ചെയ്ത് ഷൈന്‍ നെ വിളിക്കുംബോഴേക്കും അവന്റെ മറുപടി: അനീഷും, ഒന്നര വയസ്സുളള മോളും, സ്‌റ്റെനിയും മരണപെട്ടു എന്നും, ഭാര്യക്കും മൂത്ത കുഞ്ഞിനു ഗുരുതര പരുക്ക് ഉണ്ടെന്നുമാണു.
മെയ് ഒന്നാം തിയതി രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി അന്നുമുതല്‍ കാത്തിരിക്കുകയായിരുന്നു ബീഹാറില്‍ ഇതുപോലെയുളള നൂറു കണക്കിനു മലയാളികള്‍, സര്‍ക്കാരുമായ് ബന്ധപെട്ടവരോടെല്ലാം അവര്‍ അന്വേഷിച്ചു, കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് ട്രെയിന്‍ വന്നപ്പോള്‍ ആ ട്രെയിനില്‍ തിരിച്ച് പോകാന്‍
കഴിയും എന്നാശിച്ചിരുന്നവരായിരുന്നു മലയാളികളില്‍ ഭൂരിഭാഗവും അവരുടെ കൂട്ടത്തില്‍ മരണപെട്ട അനീഷും കുടുംബവും ഉണ്ട്..
2500 കിലോമീറ്റര്‍ ദൂരം, എന്തിനായിരുന്നു ഈ സാഹസിക? അനൂപിന്റെയും, ഷൈന്‍ ന്റെയും ഭാര്യമാര്‍ ഗര്‍ഭിണികളാണു, ഈ സമയത്ത് ഇന്ത്യയില്‍ ഏറ്റവും മോശം ആരോഗ്യമേഘലയായ ബീഹാറില്‍ ഇതുപോലൊരു പ്രതികൂല സാഹചര്യത്തില്‍ നിങ്ങള്‍ നില്‍ക്കുമോ? അതു തന്നെയായിരുന്നു ഈ സാഹസികതക്ക് കാരണം.
ഇവര്‍ നാട്ടിലെത്താന്‍ വേണ്ടി കഴിഞ്ഞ 15 ദിവസങ്ങളായ് മുട്ടാത്ത വാതിലുകളില്ലാ, കലക്ടര്‍, സര്‍ക്കാര്‍,ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ അങ്ങനെ പലരോടും ഫോണില്‍ ബന്ധപെട്ടിരുന്നു ബീഹാറിലേക്കൊരു ട്രെയിന്‍ സര്‍വ്വീസ് എന്ന ആവശ്യത്തിനായ്.. കേരളം നംബര്‍ വണ്‍ അണു പറയുന്നതില്‍ തെറ്റില്ല..
സമാനമായ ഒരു കേസിനെ പറ്റി ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സംസ്ഥാന മന്ത്രി പറയുന്നത് കേട്ടു വൈകാരികമായ കഥകള്‍ ഉണ്ടാകാം അന്യ സംസ്ഥാനത്തുളള മലയാളികള്‍ക്ക് പക്ഷേ അത് പരിഗണിച്ച് കേരളത്തിലേക്ക് മലയാളികളെ കൊണ്ടു വരുകയല്ല ശരിയായ തീരുമാനം എന്നാണു..
ഇതൊരു അപകട മരണമല്ല രാജ്യത്തുടനീളം 800 നു അടുത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തിയിട്ടും കേരള സര്‍ക്കാരിനു ഒരു ട്രെയിന്‍ പോലും അന്യ സംസ്ഥാനത്തേക്ക് അയക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്റെ സുഹ്രുത്തിനെയും കുടുംബത്തെയും കേരള സര്‍ക്കാര്‍ കൊന്നതാണു എന്ന് പറയേണ്ടി വരും.
‘കരളുറപ്പുളള കേരളം അല്ല’ ‘സ്വാര്‍ത്ഥതയുടെ കേരളം’ അല്ലങ്കില്‍ ‘ഹൃദയമില്ലാത്ത കേരളം’
ഈയൊരു അവസ്ഥയില്‍ തെലങ്കാനയിലെ എന്റെ നല്ലവരായ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രത്യേകിച്ച് ലിബി ബെഞ്ജമിന്‍, ജ്യോധിര്‍മ്മയന്‍, അവരുടെ സഹായത്തിനും നന്ദി രഖപെടുത്തുന്നു.
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസറ്റീവ് കേസുകള്‍ കൊല്ലം ആറ്, തൃശൂര്‍ നാല്, തിരവനന്തപുരം കണ്ണൂര്‍ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ട് വീതം, എറണാകുളം പാലക്കാട്, മലപ്പുറം ഒന്ന് വീതവുമാണ് കോവിഡ് സ്ഥിരികരിച്ചത്.
29 പേരില്‍ 21 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ഇന്ന് ആർക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ കിടന്നുറങ്ങിയത് വടകരയിലെ കടത്തിണ്ണയില്‍. ചെന്നൈയില്‍ നിന്ന് വന്ന നരിപ്പറ്റ സ്വദേശി മെയ് 10-ന് രാത്രി കിടന്നുറങ്ങിയത് വടകരയിലെ കടത്തിണ്ണയിലാണ്.
കോവിഡ് കെയര്‍ സെന്ററില്‍ എത്തിയെങ്കിലും താമസ സൗകര്യം ലഭിച്ചില്ല. മുന്‍കൂട്ടി അറിയിക്കാതെ വന്നതിനാലാണ് അസൗകര്യമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ മറ്റൊരു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോയെങ്കിലും താമസ സൗകര്യമില്ലന്ന് അറിയിച്ചു.
മെയ് 10ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയും, കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്തിട്ടുണ്ട്. കടത്തിണ്ണയില്‍ കിടന്നുറങ്ങിയെന്ന് രോഗിയുടെ റൂട്ട് മാപ്പിലും വ്യക്തമാണ്.
കൊറോണ വൈറസ് ബാധിച്ച് യുഎഇയില്‍ അഞ്ച് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. അബ്ദുല്‍ സമദ് (58), ആര്‍. കൃഷ്ണപിള്ള (61), കുഞ്ഞാമദ് (56), അബ്ബാസ് (45), ചനോഷ് (33) എന്നിവരാണ് കൊറോണ ബാധിച്ച് കഴിഞ്ഞദിവസം യുഎഇയില്‍ മരിച്ചത്.
അഞ്ചുപേരും കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശിയാണ് മരിച്ച അബ്ദുല്‍ സമദ്. അജ്മാന്‍ ഇറാനി മാര്‍ക്കറ്റില്‍ ഷോപ്പ് നടത്തുകയായിരുന്ന അബ്ദുല്‍ സമദ് രണ്ടാഴ്ചയായി ചികിത്സിയിലായിരുന്നു. ഭാര്യ: കുഞ്ഞാമിന. ഖബറടക്കം യു.എ.ഇയില്‍.
ആലപ്പുഴ സ്വദേശിയാണ് കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള. ദുബായിയിലായിരുന്ന കൃഷ്ണപിള്ളയുടെ കൊറോണ പരിശോധന ഫലം ശനിയാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
കാഞ്ഞങ്ങാട് സ്വദേശിയായ മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്. അതിനിടെയാണ് കൊറോണ ബാധിച്ചത്.
അബൂദബി ബനിയാസ് വെസ്റ്റില്‍ ബദരിയ ഗ്രോസറി നടത്തി വരികയായിരുന്നു അദ്ദേഹം. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വര്‍ഷങ്ങളോളമായി ബനിയാസില്‍ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രോസറി നടത്തി വരികയായിരുന്നു.
ഭാര്യ: ടി.കെ. സീനത്ത് കൂളിയങ്കാല്‍. മക്കള്‍: ശഹര്‍ബാന ശിറിന്‍, ശര്‍മിള ശിറിന്‍, ഷഹല. സഹോദരങ്ങള്‍: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ (തൈകടപ്പുറം), സഫിയ (കല്ലൂരാവി), സീനത്ത് (കുശാല്‍നഗര്‍). ബനിയാസില്‍ ഖബറടക്കി.
കാസര്‍കോട് തലപ്പാടി സ്വദേശിയായ അബ്ബാസ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: കുബ്റ, സിനാന്‍. അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ കുന്നംകുളം സ്വദേശി പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33) തുമ്പയ് അജ്മാന്‍ ഹോസ്പിറ്റലിലാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ലത. സഹോദരന്‍: രമേഷ്.
വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പുലർച്ചെ ദുബായിയിൽനിന്നു കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 181 യാത്രക്കാരിൽ 75 പേർ ഗർഭിണികൾ. ഇതിൽ 35 ആഴ്ച ഗർഭസ്ഥരായ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
75 പേരും 32 ആഴ്ച തികഞ്ഞവരായിരുന്നു എന്നതും മറ്റൊരു വിശേഷം. പൂർണ ഗർഭിണികളെ വിമാനങ്ങളിൽ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടായിരിക്കെയാണ് ഇത്തരത്തിൽ അപൂർവ ഇളവു നൽകിയത്. ശനിയാഴ്ച അർധരാത്രി കൊച്ചിയിലേക്കു വന്ന വിമാനത്തിൽ പ്രത്യേക സാഹചര്യം മുൻനിർത്തി രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും കരുതിയിരുന്നു.
ഗർഭിണികൾക്കു പുറമെ 35 രോഗികളും കുട്ടികളും ഉൾപ്പെട്ടിരുന്നു. രോഗികളിൽ 28 പേർ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്ക് ഇതോടകം നടത്തിയ 20 പ്രത്യേക വിമാന സർവീസുകളിൽ ഗർഭിണികൾക്കു മുൻഗണന നൽകിയിരുന്നു. ദുബായിയിൽനിന്നുമാത്രം ഒരാഴ്ചയ്ക്കുള്ളിൽ 190 ഗർഭിണികളെ കൊച്ചിയിൽ എത്തിച്ചു. 13നു വന്ന ആദ്യവിമാന യാത്രക്കാരിൽ 49 പേർ ഗർഭിണികളായിരുന്നു.
കേരളത്തിലെത്തിയശേഷം ആറു പേർ വിവിധ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഗുരുതരാവസ്ഥയലുള്ള 398 രോഗികളെയും എയർ ഇന്ത്യ ഒന്നാം ഘട്ടത്തിൽ കൊച്ചിയിലെത്തിച്ചു. എയർ ഇന്ത്യ ഇതുവരെ നടത്തിയ ഗൾഫ് പറക്കലുകളിൽ 75 ഗർഭിണികൾ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. എയർ ഇന്ത്യയുടെ ദൗത്യ പാക്കേജ് രണ്ടാംഘട്ടത്തിൽ 40 രാജ്യങ്ങളിൽനിന്ന് 149 സ്പെഷൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തുക.