Kerala

തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊന്നവരെ തെളിവെടുപ്പിന് കൊണ്ടുന്നപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. കൊലയാളി‍ക്കു നേരെ നാട്ടുകാര്‍ അസഭ്യം ചൊരിഞ്ഞു. സ്ഥിതി കൈവിട്ടുപോകുമെന്നായതോടെ പ്രതികളെ പൊലീസ് വേഗം മടക്കി.

കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊലയാളി സംഘം തടഞ്ഞുനിര്‍ത്തിയ ഭാഗത്തായിരുന്നു ആദ്യം തെളിവെടുപ്പ്. അപകട നാടകം സൃഷ്ടിച്ച ശേഷം മനോഹരനെ പുറത്തിറങ്ങിയ സ്ഥലം. അവിടെ നിന്ന് ബലംപ്രയോഗിച്ച് കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരിപ്പ് അവിടെതന്നെ വീണിരുന്നു. ഇതു കണ്ടെടുത്തു.

പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച മതിലകത്തേയ്ക്കും പൊലീസ് കൊണ്ടുപോയി. മൂന്നാം പ്രതി അന്‍സാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറില്‍ കയറിയത്. അന്‍സാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. പ്രതികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ക്കു നേരെ നാട്ടുകാര്‍ രോഷാകുലരായി. അസഭ്യ വാക്കുകളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഇതോടെ, പൊലീസിന് അപകടം മണത്തു. പ്രതികളെ സുരക്ഷിതരായി വേഗം ജീപ്പില്‍ കയറ്റി മടങ്ങി.

മനോഹരന്‍റെ കാറും പ്രതികളുടെ ബൈക്കും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. ഫോണിലെ സിം കാര്‍ഡ് ഒടിച്ചു വലിച്ചെറിഞ്ഞ ഇടപ്പള്ളിയിലേക്കും പ്രതികളെ കൊണ്ടപോകും. മൃതദേഹം ഉപേക്ഷിച്ച ഗുരുവായൂരിലേക്കും കാര്‍ ഉപേക്ഷിച്ച അങ്ങാടിപ്പുറത്തേയ്ക്കും പ്രതികളെ എത്തിക്കും. ഇതിനായി, വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അൻസാറിനെ ഇരിങ്ങാലക്കുട സബ് ജയിലിലും സ്റ്റിയോ, അനസ് എന്നിവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലുമാണ് താമസിപ്പിക്കുക.

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ വലതുകാൽ വച്ച് കീഴടക്കിയശേഷം നീരജ് ജോർജ് ബേബി (32) ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ 5 വർഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു. ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.’

അർബുദം ബാധിച്ച് എട്ടാം വയസ്സിൽ ഇടതുകാൽ നഷ്ടപ്പെട്ടിട്ടും ഉയരങ്ങളിലേക്കു യാത്ര തുടർന്ന നീരജല്ലാതെ മറ്റാരാണിതു പറയേണ്ടത്? ഇടതുകാലിന്റെ സ്ഥാനത്ത്, നിറഞ്ഞ ആത്മവിശ്വാസത്തിലൂന്നി, 19,341 അടിയാണു നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില എന്നിവർക്കൊപ്പം ഈ മാസം 10നാണു കിളിമഞ്ചാരോ കയറിത്തുടങ്ങിയത്. ഒപ്പം 2 സഹായികളും.

ആലുവ സ്വദേശി നീരജ് േജാർജിനു ബാഡ്മിന്റൻ പാഷനാണ്. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. യാത്രകൾ ഹരമാണ്. കുന്നും കാടും താണ്ടി ഇടയ്ക്കിടെ ട്രെക്കിങ്ങിനു പോകും. നീലക്കുറിഞ്ഞി പൂത്തതു കാണാൻ മാത്രമായി മൂന്നാറിൽ േപായി… നീന്തൽ അറിയില്ലെങ്കിലും നീരജ് സ്കൂബാ ഡൈവിങ്ങ് െചയ്തു… ഇതൊക്കെ വായിക്കുമ്പോൾ മനസ്സിൽ വരുന്നത് എന്താണ്? – ഇതെല്ലാം അത്ര വല്യ കാര്യമാണോ? ധാരാളം േപർ െചയ്യുന്നതല്ലേ? അതേ… എല്ലാവർക്കും െചയ്യാൻ കഴിയുന്നതാണ് ഇതൊക്കെ. പക്ഷേ നീരജ് ഇതെല്ലാം െചയ്തു എന്നു പറയുന്നതിൽ ഒരു പ്രത്യേകതയുണ്ട്. ഒറ്റക്കാലിൽ നിന്നുെകാണ്ടാണ് അദ്ദേഹം ഈ നേട്ടങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കിയത്. ഒൻപതാം വയസ്സിൽ, േബാൺ ട്യൂമർ വന്ന് നീരജിന്റെ ഇടതുകാൽ മുട്ടിനു മുകളിൽ മുറിച്ചു നീക്കേണ്ടി വന്നു. ഇപ്പോൾ 32ാം വയസ്സിലും നീരജ് ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടിയത് തന്റെ ശരീരത്തിന്റെ ഈ കുറവ് മറികടന്നുതന്നെയാണ്. നീരജ് തന്റെ ജീവിതം  പങ്കുവയ്ക്കുന്നു.

കുറവെന്ന് തോന്നാറില്ല

എന്റെ ശരീരത്തിൽ ഒരു കുറവുണ്ട് എന്ന വിധത്തിൽ പെരുമാറാത്ത വീട്ടുകാരും കൂട്ടുകാരുമാണ് എന്റെ ശക്തി. അതിലുമുപരി ദൈവം എന്ന വലിയ ശക്തിയിലും ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാമാണ് എന്റെ കരുത്ത്. വെല്ലൂർ മെഡിക്കൽ േകാളജിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നാം ദിവസം ഞാൻ ക്രച്ചസിൽ നടക്കാൻ തുടങ്ങി. ആദ്യമെല്ലാം നല്ല വേദനയായിരുന്നു. പിന്നെ ശാരീരികവേദന മാനസികമായി മാറി. ആശുപത്രിയിൽ േരാഗികളുെട പക്കൽ പ്രാർഥനയ്ക്കായി പുരോഹിതരും മറ്റും വരും. അവർ എന്റെ അടുത്തു വന്നാൽ നല്ല കഥകൾ പറഞ്ഞുതരും. പതിയെ ഞാനും മറ്റുള്ളവരെ േപാലെയാണ് എന്ന വിശ്വാസം വന്നു. കീമോതെറപ്പി കഴിഞ്ഞ് മുടി കൊഴിഞ്ഞശേഷം സ്കൂളിൽ എത്തിയപ്പോൾ മൊട്ട എന്നൊക്കെ കളിയാക്കൽ കേട്ടിട്ടുണ്ട്.

ക്രിക്കറ്റ് ആയിരുന്നു താൽപര്യം. േരാഗം അറിയുന്നതിനു മുൻപ് ക്രിക്കറ്റ് കളിക്കിടെ വേദനയും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. അതുെകാണ്ടു തന്നെ ചികിത്സയ്ക്കു ശേഷം ക്രിക്കറ്റ് എന്ന േകൾക്കുമ്പോൾ മനസ്സിൽ ഒരു വിഷമം. േരാഗത്തെ കുറിച്ചുള്ള ഒാർമപ്പെടുത്തൽ േപാലെ. ടിവിയിൽ ബാഡ്മിന്റൻ കണ്ടാണ് അതിനോട് താൽപര്യം തുടങ്ങിയത്. അങ്ങനെ 12ാം വയസ്സിൽ വീടിനടുത്തുള്ള മണ്ണ് േകാർട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാൻ തുടങ്ങി. ക്രച്ചസ് െകാണ്ടായിരുന്നു കളിച്ചിരുന്നത്. ഇന്റർനെറ്റിൽ ഒക്കെ േനാക്കിയാണ് കളിയുെട നിയമവും മറ്റും മനസ്സിലാക്കിയത്.

ആലുവ യുസി േകാളജിൽ പഠിക്കുമ്പോഴാണ് ബാഡ്മിന്റനിൽ പ്രഫഷനൽ ട്രെയിനിങ് കിട്ടുന്നത്. റിനോഷ് ജയിംസ് എന്ന ഗസ്റ്റ് ലക്ചറർ ആയിരുന്നു എനിക്കു ബാലപാഠങ്ങൾ പറഞ്ഞുതന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹം ഉപരിപഠനത്തിനായി േകാളജ് വിട്ടുപോയി. 2007ൽ ഒറിസയിൽ നടന്ന പാരാ ബാഡ്മിന്റൻ ആയിരുന്നു എന്റെ കന്നി മത്സരം. ഇന്റർനെറ്റിൽ മത്സരത്തെ കുറിച്ച് അറിഞ്ഞിട്ട്, സംഘാടകരെ നേരിട്ട് വിളിക്കുകയായിരുന്നു. ഡബിൾസ് കളിച്ച് വെള്ളി മെഡലും കിട്ടി. ഈ കളി എനിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. പരിശീലനത്തിനിെട ക്രച്ചസ് അമർന്നിരുന്ന് കക്ഷത്തിലെ െതാലി അടരും. എന്നാലും നിർത്തില്ല. മുറിവുള്ള ഇടത്ത് പ്ലാസ്റ്റർ ഒട്ടിച്ച് കളിക്കും. സാധാരണക്കാരുെട കൂടെയാണ് പരിശീലനം നടത്തുന്നത്. പ്രോസ്തെറ്റിക് കാലും ഉപയോഗിക്കുന്നുണ്ട്. എന്നാലും ക്രച്ചസാണ് കൂടുതൽ കംഫർട്ടബിൾ. ഇതുവരെ എട്ടോളം നാഷനൽ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം വാങ്ങി.

യാത്രകൾ എന്ന ഹരം

ട്രെക്കിങ് എന്റെ മറ്റൊരു ഹരമാണ്. ആദ്യം വീട്ടുകാർക്കു ട്രെക്കിങ്ങിനു വിടാൻ സമ്മതമല്ലായിരുന്നു. ആദ്യമെല്ലാം െചറിയ യാത്രകൾ േപായി. സ്കൂട്ടറിൽ. ആതിരപ്പള്ളി, വാഴച്ചാൽ… പഠനം കഴിഞ്ഞ് േജാലി. കിട്ടിയപ്പോൾ നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യം കിട്ടുമല്ലോ? അപ്പോൾ യാത്രകളുെട ദൂരം കൂട്ടി. ട്രെക്കിങ് എന്നു പറയുമ്പോൾ ഞാൻ ശരിക്കും ആസ്വദിക്കുന്നത് ക്രച്ചസിന്റെ ചലനങ്ങളാണ്. പാറകളിൽ കൂടിയെല്ലാം വലിഞ്ഞു കയറും. ചിലപ്പോൾ ക്രച്ചസ് മാറ്റിവച്ചശേഷം അള്ളിപ്പിടിച്ചു കയറും. ഇതുവരെ നടത്തിയതിൽ മൂന്നാറിൽ നിന്ന് െകാടൈക്കനാലിലേക്കുള്ള യാത്രയാണ് ഏറ്റവും ദൈർഘ്യമേറിയത്. ഇത്രയും ദൂരം േപാകുമ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും െടൻഷൻ ഉണ്ടാകും. എന്നാലും േപാകരുത് എന്ന് പറയില്ല. അങ്ങനെ പറഞ്ഞാലും ഞാൻ േപാകും എന്ന് അവർക്ക് അറിയാം. പിന്നെ അവരുെട പ്രാർഥനയാകാം അപകടം ഒന്നും വരുത്താതെ കാക്കുന്നത്. യാത്ര േപാകാൻ തീരുമാനിച്ചാൽ പിന്നെ േപാകണം, അതാണ് എന്റെ േപാളിസി.

വെള്ളത്തോടുള്ള േപടി പകുതി കുറഞ്ഞത് സ്കൂബാ ഡൈവിങ് നടത്തിയപ്പോഴാണ്. നീന്തൽ ഒന്നും അറിയില്ല. തിരുവനന്തപുരത്തെ േകാവളത്തുള്ള ഒരു ഗ്രൂപ്പാണ് എന്റെ പ്രൊഫൈൽ കണ്ട് സ്കൂബാ ഡൈവിങ്ങിന് ക്ഷണിച്ചത്. ടൂറിസം പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

ശാരീരിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ളവർ എന്നോട് സംസാരിക്കാൻ വരാറുണ്ട്. അവരുെടയെല്ലാം പ്രശ്നങ്ങൾ ക്ഷമയോെട േകൾക്കും. എന്നാൽ കഴിയുംവിധം അവരെ ആശ്വസിപ്പിക്കും. ഇത്തരക്കാർക്ക് ഒാഫിസ്, പാർക്ക് ഉൾപ്പെടെയുള്ള െപാതു ഇടങ്ങളിൽ സൗകര്യങ്ങൾ കുറവാണ്. എത്ര ഒാഫിസുകളിൽ ലിഫ്റ്റ് സൗകര്യമുണ്ട്? എത്ര ഇടങ്ങളിൽ വീൽചെയറിനു േപാകാനുള്ള പ്രത്യേക പാതയുണ്ട്? അതിനുേവണ്ടി പ്രവർത്തിക്കണം എന്ന് മനസ്സിലുണ്ട്.

സ്കോട്ട്ലണ്ടിൽ നിന്നാണ് പിജി പൂർത്തിയാക്കിയത്. ആഗ്രഹിച്ച സ്ഥലങ്ങൾ എല്ലാം കണ്ടു, ഇഷ്ട സ്പോർട്സിൽ സമ്മാനങ്ങൾ വാങ്ങി… െചറിയൊരു ശാരീരിക വൈകല്യം വന്നവർ വിഷാദത്തിലേക്കു കൂപ്പുകുത്തുന്നതായി കാണാറുണ്ട്. തങ്ങളെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന േതാന്നലിൽ. എന്നാൽ ഒന്നും അസാധ്യമല്ല എന്ന് പറഞ്ഞുെകാണ്ട് , എന്നെ തന്നെ, എന്റെ ജീവിതം തന്നെ മുന്നോട്ടു വയ്ക്കുന്നു…

തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസ് ആസൂത്രിതകൊലപാതകമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.

അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡഢാലോചന, ബലാല്‍സംഗം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിയാണ് പൂവാര്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 115 സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരെയുണ്ട്. മുഖ്യപ്രതികളായ അഖിലിന്റെയും രാഹൂലിന്റെയും അച്ഛന് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ വിചരണ ഉടന്‍ ആരംഭിക്കും.

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.

ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.

തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡ‍പ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.

ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്​ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.

14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.

പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.

ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾ‍ഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.

തിരുവനന്തപുരം∙ മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി.ജലീല്‍. തനിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് 2017 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ ഫലവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ തയാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

കേരളത്തിലെ ഒരു നേതാവിന്റെ മകന് സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചു. ഇതിൽ ചില അപാകതകളുണ്ട്.പരിശോധിക്കണം. മാർക്ക് ലഭിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയ പ്രതിപക്ഷ നേതാവ് എല്ലാവരും അങ്ങിനെ ആണെന്നു കരുതിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.–മന്ത്രി ആരോപിച്ചു.

മാര്‍ക്ക് ദാനം എന്ന് ചെന്നിത്തല പറയുന്നത് മോഡറേഷനെയാണ്. ഇത് വേണ്ടെങ്കിൽ പറയണം.എംജി സര്‍വകലാശാല അദാലത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നത് നേരത്തേതന്നെ സമ്മതിച്ചകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസ് കണ്ടെത്തി. യുവതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു.

എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതയില്‍ സത്യവാങ്ങ്മൂലം നല്‍കിയ വാര്‍ത്ത അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കാനുള്ള പെര്‍മിറ്റ് തന്റെ പക്കലുണ്ടെന്ന അഫഡിവിറ്റാണ് മോഹന്‍ലാല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത്. കോടതിയും പുകുലുമൊക്കെയായി വാര്‍ത്തകളില്‍ വിഷയം ചൂടാറാതെ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൈയ്യില്‍ ആനക്കൊമ്പ് എത്തിപ്പെട്ട കഥ വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അരുണ്‍ജിത്ത് എ.പി എന്ന യുവാവ്. അമൃത ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തപ്പോള്‍ നടന്ന ഒരു സംഭവത്തിലൂടെയാണ് ഇക്കാര്യം താന്‍ അറിയുന്നതെന്നും അരുണ്‍ജിത്ത് ഫേസ്ബുക്കിലെ ഒരു സിനിമ ഗ്രൂപിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മോഹന്‍ലാല്‍ എന്ന നടന്‍, അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലില്‍ പക്ഷപാതം കാണിക്കുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത്. പക്ഷേ കൃഷ്ണകുമാര്‍ എന്ന തൃപ്പൂണിത്തുറക്കാരന്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തന്നതാണ് ആനക്കൊമ്പ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീര്‍ച്ചയായും കരുതുന്നു.

ചൊവ്വാഴ്ചയോ മറ്റോ ആണ് തിയേറ്ററില്‍ ആകെ ബഹളം, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം റൂമുകളില്‍ എല്ലാം വലിയ തിരക്ക്. ഓപ്പറേഷന്‍ തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും. സാധാരണ വൈകുന്നേരം ഓവറോള്‍ കാര്യങ്ങള്‍ക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിര്‍ത്താറുണ്ട്. അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വെയ്ക്കുന്നുണ്ട് എന്നു കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു. ‘ഉച്ചയ്ക്കു ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോള്‍ രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി, ഞാന്‍ പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടര്‍ ) ബന്ധുവാണ്’. വെളുത്തു, താടിയുള്ള, ഒരു മാലയൊക്കെ ഇട്ട മനുഷ്യന്‍ ക്ഷോഭിക്കുകയാണ്.

ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പിറു പിറുക്കുന്നുണ്ട്, ആശ്വസിപ്പിക്കാന്‍ ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം. ഞാന്‍ പേരു ചോദിച്ചു. പേരു കൃഷ്ണകുമാര്‍, വീട് തൃപ്പൂണിത്തുറ, കൈയില്‍ എവി ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ്. എന്റെ വീട്ടില്‍ ഒരു വൃക്കരോഗി ഉള്ളതാണ്. ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്.

പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണി വരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തിയേറ്റര്‍ പ്രിപയര്‍ ചെയ്തു ഞാന്‍ അദ്ദേഹത്തെ അവിടെ കയറ്റി , സര്‍ജന് ഒപ്പം അസ്സിസ്റ്റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷന്‍ തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു. ടേബിളില്‍ കിടന്നപ്പോഴും ഞാന്‍ വലിയ വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു, തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.

മിക്കവാറും സമയം തിയേറ്ററില്‍ ടേപ്പ് റെക്കോഡറില്‍ പാട്ടു വെയ്ക്കും , പ്രത്യേകിച്ച് ഞാന്‍. അങ്ങനെ ഓപ്പറേഷന്‍ നടക്കുന്നു. ലോക്കല്‍ അനസ്‌തേഷ്യയില്‍ ആണ് സര്‍ജറി. പുള്ളിയോട് ഞാന്‍ ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട്. ഇതിനിടയില്‍ ”ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍ ” എന്ന മോഹനലാല്‍ ഗാനം വന്നു , ഞാന്‍ ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ്.

അതിനിടയില്‍ ഇദ്ദേഹത്തിന്റെ വക കമന്റ് ‘ അവന്‍ ഈ പാട്ടു നന്നായി പാടിയിട്ടുണ്ട്” മോഹന്‍ലാലിന്റെ അടുത്ത ആളില്‍ നിന്ന് കേള്‍ക്കുന്ന സംസാരരീതി കണ്ടു ഞാന്‍ ചോദിച്ചു ‘മോഹന്‍ലാലിനെ അടുത്തറിയുമോ’ , പഴയകാലത്തു ചെന്നൈയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ മോഹന്‍ലാല്‍ ( താരം ആകുന്നതിനു മുമ്പ് ) വന്ന കഥ മുതല്‍ പറഞ്ഞു. സിനിമ ഇഷ്ടവിഷയം ആയതിനാല്‍ ഞാന്‍ ഓരോന്നും ചോദിച്ചു. അതിനിടയില്‍ ആനക്കൊമ്പു വിഷയവും വന്നു, ‘അത് എന്റേതാണ് , ഇവന്‍ ( മോഹന്‍ലാല്‍) പഴയ ഇതേ പോലത്തെ സാധങ്ങള്‍ കണ്ടാല്‍ എടുത്തോണ്ട് പോകും, ഞാന്‍ എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ്’ എന്നൊക്കെ പറഞ്ഞു, ‘ഒരുപാടു രാത്രി ആയില്ലെങ്കില്‍ ഞാന്‍ അവനെ വിളിക്കാം’ എന്നൊക്കെ പറഞ്ഞു, പക്ഷേ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിര്‍ബന്ധിച്ചില്ല.

ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖില്‍ എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹന്‍ലാലിന് വേണ്ടി ആശുപത്രി കിടക്കയില്‍ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാന്‍ കരുതുന്നു.അത് മുമ്പില്‍ വെച്ച് പറയുകയാണ് മോഹന്‍ലാല്‍ മനഃസാക്ഷിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് കരുതുക വയ്യ. മോഹന്‍ലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട്. ആ രാത്രിയില്‍ ഞാന്‍ എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹന്‍ലാല്‍ വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാര്‍ ചേട്ടന്‍ ഇപ്പോള്‍ എവിടെയാണ് ? അറിയില്ല.

സിനിമാ നിര്‍മ്മാതാവായിരുന്ന കെ. കൃഷ്ണകുമാര്‍ (69) ഈ ഒക്ടോബര്‍ പതിനാലിനാണ് അന്തരിക്കുന്നത്. സംസ്‌കാരം ഒക്ടോബര്‍ 15-നു നടക്കും. ഗജരാജ ഫിലിംസിന്റെ ബാനറില്‍ ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് എന്നീ ചിത്രങ്ങളാണ് കൃഷ്ണകുമാര്‍ നിര്‍മ്മിച്ചത്. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

രക്ഷിതാക്കളോട് വാദിച്ചും കലഹിച്ചുമാണ് പല പ്രണയബന്ധങ്ങളും വിവാഹം വരെ എത്തുന്നത്. ഇവിടെ സംഭവിച്ചതും അതുതന്നെ. സ്‌നേഹിക്കുന്ന ആളുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ജീവനൊടുക്കി. വീട്ടുകാരെ കണ്ണീരിലാക്കിയ നിമിഷം. മകളുടെ ഇഷ്ടം നടത്തികൊടുത്തിട്ടും മകളെ നഷ്ടപ്പെട്ടു.

ചന്ദനയെപ്പറ്റി സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ… ഇപ്പോഴും വിശ്വസിക്കാന്‍ സാധികുന്നില്ല അവള്‍ ഇന്ന് ഈ ഭൂമിയില്‍ ഇല്ല എന്ന്.. അവനെ എനിക്ക് ജീവനാടി വീട്ടില്‍ സമ്മതിക്കില്ല പക്ഷേ അവന്‍ വെല്‍ഡര്‍ ആണ് വയസ്സ് കൂടുതലാ കൂടാത്തതിന് ക്രിസ്ത്യനിയും അന്ന് പതിനഞ്ചു വയസില്‍ അവള്‍ എന്നോട് പറഞ്ഞതാ.. ഒരുപാട് കേട്ട പേരാണ് പ്രിജിന്‍.. പിന്നെ ഒരിക്കല്‍ ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചു. ടി വീട്ടില്‍ സമ്മതിച്ചു, നീ കല്യാണം വിളിച്ചാല്‍ വരില്ലേ?എപ്പോ എത്തി ചോദിച്ചാല്‍ മതി നീ മുന്‍പേ പറയണം അതായിരുന്നു അവസാന കോള്‍.. പിന്നീട് ഒട്ടും പ്രതിക്ഷിക്കാതെ എത്തിയ അവളുടെ മരണ വാര്‍ത്തയാണ്.

മരണ കാരണം സ്ത്രീധനം ആണെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല.അവനെ കുറിച്ച് നല്ലതു മാത്രം കേട്ട എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.. 8 വര്‍ഷത്തെ പ്രണയം. അതിനിടയില്‍ സ്ത്രീധനം എങ്ങനെയാണ് വില്ലന്‍ ആയത്. പ്രാര്‍ത്ഥിച്ചിരുന്നു ഒരു നിമിഷം അതാകരുതേ എന്ന് പക്ഷേ അവനെ എനിക്ക് ജീവനാടി..ശെരിയാ അതുകൊണ്ടാണല്ലോ ആ ജീവനും അവനു വേണ്ടി കൊടുത്തത്. ഈ 22വര്‍ഷം ജീവനു തുല്യം സ്‌നേഹിച്ച ഒരച്ഛനെയും, അമ്മയെയും ഒരു നിമിഷം പോലും ഓര്‍ത്തില്ലല്ലോ.

പെണ്‍കുട്ടികള്‍ക്ക് വര്‍ഷങ്ങള്‍ സ്‌നേഹിച്ച കഥ ഉണ്ടാവും പറയാന്‍. പക്ഷെ സ്ത്രീധനത്തിന്റെ പേരില്‍ അവന്റെ വീട്ടുകാരുടെ കൂടെ കൂടി അവനും നിന്നെ വിഷമിപ്പിച്ചാല്‍ അവിടെ നീ അവനെ വേണ്ട എന്ന തീരുമാനം എടുക്കണം.. പറയാന്‍ എളുപ്പം ആണ് അറിയാം. ഒരുപാട് പ്രയാസത്തോടെ ആണെങ്കിലും ആ തീരുമാനം നിനക്കു നല്ലതുമാത്രേ വരുത്തൂ. ഇതുപോലെ ഒന്നും ചെയ്‌തേക്കല്ലേ.. എനിക്ക് ഇത് അവളോട് പറയാന്‍ പറ്റിയില്ലെന്ന് സുഹൃത്ത് പറയുന്നു.

 

 

സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം പിന്‍വാങ്ങിയതിനു പിന്നാലെ തന്നെ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ മണ്‍സൂണിന് (തുലാവര്‍ഷം) തുടക്കമായി.

ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തമിഴ്‌നാട് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിനു വിലക്കുണ്ട്.

കൊച്ചിനഗരത്തില്‍ ഇന്ന് രാവിലെ പ്രത്യേക്ഷപ്പെട്ടത് മൂടല്‍ മഞ്ഞോ?.

കാഴ്‌ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. പലയിടത്തും കാഴ്‌ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. ഈ പ്രതിഭാസം പുകമഞ്ഞല്ലെന്നാണ് കുസാറ്റിലെ വിദഗ്ധർ വ്യക്തമാക്കിയത്. കൊച്ചിയില്‍ കണ്ടത് പുകമഞ്ഞല്ല. ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. ഇന്ന് കണ്ട പ്രതിഭാസത്തിനു റേഡിയേഷണല്‍ ഫോഗ് എന്നാണ് പറയുക എന്ന് കുസാറ്റ് അറ്റ്‌മോ‌സ്‌ഫെ‌റി‌ക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ.കെ.മോഹനകുമാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണമാണ് ഇത് രൂപപ്പെടുന്നത്. മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടന്ന് മുകളിലേക്ക് പോകാത്തതാണ്. അന്തരീക്ഷം ചൂടുപിടിച്ച്‌ നല്ല വെയില്‍ വരുമ്പോള്‍ ഇത് കുറയും. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇങ്ങനെ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മോഹനകുമാര്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണവുമായി ഈ മഞ്ഞിനു ബന്ധമില്ല. മഴയുടെ ഈര്‍പ്പം മണ്ണിലുള്ളതുകൊണ്ട് ഇപ്പോള്‍ പൊടിപടലങ്ങളും മലിനീകരണ സാധ്യതയും കുറവാണ്. മുകളിലേക്ക് മഞ്ഞ് പോകാത്തതാണ് രാവിലെ ഏറെ വൈകിയും മൂടല്‍മഞ്ഞ് കാണാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved