ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെത്തിച്ച മൂന്ന് ടൺ പഴകിയ മത്സ്യം പിടികൂടി. ഏറ്റുമാനൂരിലെ മൊത്തവ്യാപാരിക്കായി കന്യാകുമാരിയിൽ നിന്ന് രണ്ടര ടൺ പഴകിയ മീനാണ് എത്തിച്ചത്. വൈക്കത്ത് പിടികൂടിയ എഴുനൂറ് കിലോ മീൻ വ്യാപാരികൾക്ക് വിട്ട് നൽകാനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്റെ നിർദേശം വിവാദമായി.
ഗാന്ധിനഗറിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് രണ്ടര ടൺ പഴകിയ മീൻ പിടിച്ചത്. കന്യാകുമാരിയിൽ നിന്ന് മീനുമായെത്തിയ ലോറിയിൽ ശീതീകരണ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് ശേഖരിച്ച ഐസ് ലോറിയിൽ നിറയ്ക്കുന്നതിനിടെയാണ് ഉദ്യാഗസ്ഥർ പരിശോധനയ്ക്കെത്തിയത്. മാസങ്ങളോളം പഴക്കമുള്ള മൽസ്യം അഞ്ചു ദിവസങ്ങൾക്കു മുമ്പാണ് ലോറിയിൽ കയറ്റിയതെന്നു ഡ്രൈവർ പറഞ്ഞു. പൊലീസ്, ആരോഗ്യ വകുപ്പ്, നഗരസഭ അധികൃതർ സംയുക്തമായാണ് പരിശോധന നടത്തിയത്. വൈക്കം കോവിലകത്തും കടവ് മാർക്കറ്റിൽ നിന്നാണ് 700 കിലോ മീൻ പിടിച്ചത്. മതിയായ രേഖകളില്ലാതെയാണ് മീൻ എത്തിച്ചത്.
മീൻ പിടിച്ചെടുക്കാൻ തുടങ്ങിയതോടെ കച്ചവടക്കാർ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. ഫോർമാലിനുണ്ടോ എന്ന് മാത്രം പരിശോധിച്ച് മീൻ വ്യാപാരികൾക്ക് വിട്ടുനൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകി. ഇതോടെ മീൻ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. റിനി മരിയ മാനുവൽ, ഭക്ഷ്യ സുരക്ഷാ വകുപ്പ്ഒരാഴ്ചക്കിടെ ജില്ലയിൽ 20 ടണ്ണിലേറെ പഴകിയ മീനാണ് പിടികൂടിയത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.
കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.
ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.
ലോക്ഡൗണ്‍ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ വീട്ടിലെത്തിക്കുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നഞ്ചമ്മയ്ക്കും പെന്‍ഷന്‍ പണം വീട്ടിലെത്തി. ആ സന്തോഷവും നഞ്ചമ്മ പങ്കിട്ടത് പാട്ട് പാടികൊണ്ടാണ്. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേഝിലൂടെ നഞ്ചമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”ക്ഷേമ പെന്‍ഷനുകളുടെ രണ്ടാംഗഡു വിതരണം നടക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. 2400 രൂപ കിട്ടിയിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. അപ്പോഴാണ് 6100 രൂപയുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീണ്ടും ചെല്ലുന്നത്. അതെ, സര്‍ക്കാര്‍ വാക്കുപാലിക്കുകയാണ്. അല്ല, അതുക്കുംമേലെ. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായിട്ടാണ് തരുന്നത്,”
”ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പെന്‍ഷന്‍ നാളെയേ ട്രാന്‍സ്ഫര്‍ ചെയ്തു തീരുകയുള്ളൂ. അത് എടുക്കാനായിട്ട് ഒന്നാംഗഡു പെന്‍ഷന്‍ വിതരണത്തിനെന്നപോലെ ബാങ്കുകളില്‍പോയി തിക്കുംതിരക്കും ഉണ്ടാക്കേണ്ട. പോസ്റ്റോഫീസിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ മതി. പോസ്റ്റുമാന്‍ വീട്ടില്‍ക്കൊണ്ടുതരും. ഇതിനു പോസ്റ്റോല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചിട്ടുളള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിക്കണമെന്ന് എല്ലാ ബാങ്കുകാരോടും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തും കൊടുത്തിട്ടുണ്ട്.”
”പതിവുപോലെ ഓരോ തവണയും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ചെറുതല്ല പാവപ്പെട്ടവരുടെ വീടുകളിലെ സന്തോഷം. പെന്‍ഷന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള നഞ്ചിഅമ്മയുടെ പാട്ട്. അതെ അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ പാട്ടുപാടിയ നഞ്ചിയമ്മ തന്നെ. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് നഞ്ചിയമ്മയ്ക്കുള്ള പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുത്തത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങള്‍,” തോമസ് ഐസക് കുറിക്കുന്നു.
കോവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക പോലീസ് എന്ന് അവകാശപ്പെടുന്ന അമേരിക്ക. അമേരിക്കയിലെ ദുരവസ്ഥ പറയുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സിന്‍സി അനില്‍ പറയുന്നു
സിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ… അമേരിക്കയിൽ ചിക്കാഗോ യിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു….
അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവർത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ …ഹോസ്പിറ്റലിലെ നനഞ്ഞ ഫ്ലോറിൽ കാലു തെന്നി വീണ് തോൾ എല്ലിന് പൊട്ടൽ ഉണ്ടായി ലീവ് ൽ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലിൽ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്…
അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓർത്തിരുന്നത്… ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓർക്കാൻ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ എവിടെയോ ആർക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി… ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോൾ ആണല്ലോ അതിന്റെ ഭീകരത അറിയാൻ സാധിക്കൂ…
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു…
ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു…ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട് ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല…
സ്വന്തം ജനതയെക്കാൾ സമ്പത്തിനു പ്രാധാന്യം നൽകുന്ന രാജാവ്…ലോക്ക് ഡൌൺ പിൻവലിക്കാൻ പല ശ്രമങ്ങളും നടത്തി… കൈ കഴുകുക മാസ്ക് വയ്ക്കുക ജോലിക്ക് പോവുക…ആയിരങ്ങൾ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളു…
എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതൽ പാരസെറ്റമോൾ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്….വീട്ടിൽ മുറി അടച്ചിരിക്കാൻ ഉള്ള നിർദ്ദേശം മാത്രമാണ് ഉണ്ടായത്… .മറ്റൊരു മരുന്നിനും യാതൊരു നിർവാഹവും ഇല്ല…അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകൾ കിട്ടാതെ വന്നാൽ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും…ന്യൂ ജേഴ്‌സി ഉള്ള ഒരു കസിൻ മെഡിസിൻ എത്തിക്കാമെന്ന് അറിയിച്ചിരുന്നു… 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല… ലോക്ക് ഡൌൺ കാരണം ആണെന്ന് മനസിലാക്കുന്നു..
ഞാൻ മനസിലാക്കിയത് പ്രായമായവരെ ചികിൽസിക്കാൻ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. social security കൊടുക്കേണ്ട… കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല…ശ്വാസം കിട്ടാതെ വന്നാൽ ആംബുലൻസ് വിളിച്ചാൽ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലിൽ എത്തും…. അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും… intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാർ ആണേൽ കയറി പോരും…പ്രായമുള്ളവർ രോഗികൾ ആണെങ്കിൽ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ….
ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവരുടെ ഓരോ ആശങ്കകൾ ആണ് അതിനു തെളിവ്…എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാൻ നേരിട്ടട്ടില്ല… എങ്കിലും അവര് ഈ വിപത്തിൽ നിന്നും രെക്ഷപെടുമെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു…ഞങ്ങൾ അപ്പൻ അമ്മ മക്കൾ.. ഈ നാലുപേരിൽ ഒരാൾ ഞാൻ…ഞാൻ മാത്രം… കാതങ്ങൾക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോൾ…. അവര് രക്ഷപെടും എന്ന് വിശ്വസിക്കാൻ മാത്രം ആണ് എനിക്ക് ഇഷ്ടം..
Hippa act എന്നൊരു act അവിടെ നിലവിൽ ഉണ്ടെന്നു കേട്ടു… അതാണ് ആരോഗ്യപ്രവർത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവർത്തകർ തമ്മിൽ തമ്മിൽ പറയാൻ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്…അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു…
ചിക്കാഗോ യിലെ മലയാളികൾ അല്ലെങ്കിൽ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികൾ ഇത് വായിക്കുമെങ്കിൽ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു.. എന്‍റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനകളിൽ എന്റെ കുടുംബാംഗങ്ങളെയും ഓർക്കണേ…
ലോക്ക് ഡൗണിൽ സംസ്ഥാനത്ത് അടച്ചിട്ട കൂടുതൽ കടകൾ തുറക്കാൻ അനുവാദം നൽകി. തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രേക്ക് ദി ചെയിൻ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. എയർ കണ്ടീഷൻ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ അഞ്ചു വരെ തുറക്കാനാണ് അനുവാദം. എന്നാൽ കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂ.
കണ്ണട കടകൾ തിങ്കളാഴ്ചകളിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്. കടകളിൽ രണ്ട് ജീവനക്കാരിൽ കൂടുതൽ പാടില്ല. കളിമൺ തൊഴിലാളികൾക്ക് ഇപ്പോൾ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കാനുള്ള കാലമായതിനാൽ ജോലിക്കാരെ പരമാവധി കുറച്ച് ഇത് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്.
വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് വീടുകളിൽ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനും തെറുത്ത ബീഡികൾ ശേഖരിച്ച് പൊതുകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്.
കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണു ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം. 83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
ഇതോടെ കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), ബ്രിട്ടിഷുകാരായ ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയൻ നെയിൽ (57) എന്നിവർ മുൻപു തന്നെ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചിരുന്നു. പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണു ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം.
കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുസാഫിര്‍
ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്.
കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലായിരുന്നു. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പുകഴ്ത്തി നടന്നവരേയും ഓര്‍മ വന്നു.
ക്വാറന്റൈന്‍ കേള്‍ക്കാന്‍ സുഖമുള്ള വാക്കാണെങ്കിലും ലക്ഷക്കണക്കിന് ദിവസ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ദിവസം വീട്ടിലിരുന്നാല്‍ അന്നന്നത്തെ അന്നം നഷ്ടമായി എന്നാണര്‍ഥം. അല്ലെങ്കില്‍ ഉപജീവനത്തിന് പരാശ്രയമേ ഗതിയുള്ളു എന്നും അര്‍ഥം. വ്യവസ്ഥാപിത ജോലികളിലല്ലാതെ, സ്ഥിര ശമ്പളക്കാരല്ലാതെ, നിത്യവരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നഗരങ്ങള്‍ ലോക് ഡൗണ്‍ ആയതോടെ ക്ലേശങ്ങളുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടത്. . ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, അലക്കു- ബാര്‍ബര്‍, കണ്‍സ്ട്രക് ഷന്‍ കമ്പനി തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍… ഈ ഗണത്തില്‍പ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അതാത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക രേഖകളില്‍പ്പോലും കാണില്ല. ഇവരുടെ പണം കാത്ത് നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും നിങ്ങള്‍ ഇങ്ങോട്ട് വരല്ലേ, നിങ്ങള്‍ എങ്ങനെയെങ്കിലും പണം അയച്ച് അവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നാണിപ്പോള്‍ വിലപിക്കുന്നത്. നാട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും പ്രവാസി എത്ര പെട്ടെന്നാണ് അനഭിമതനായത്? കേരളീയരേക്കാള്‍ ഒരു പക്ഷേ കേരളത്തെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് പ്രവാസി മലയാളികള്‍ എന്ന മുഖ്യമന്ത്രിയുടെ സത്യസന്ധമായ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ ഗള്‍ഫ് മലയാളികള്‍ ബിഗ് സല്യൂട്ട് അടിക്കുന്നു. കോവിഡിനു ശേഷമുള്ള ഗള്‍ഫിന്റെ സ്ഥിതിയെക്കറിച്ച് ഏറെ വേവലാതിയോടെ മാത്രമേ ചിന്തിക്കാനാവൂ. കേരള സര്‍ക്കാരിന്റെ ആ വഴിയ്ക്കുള്ള എന്തെങ്കിലും പരിഹാരമാര്‍ഗം, പ്രായോഗികമാകുമെങ്കില്‍ അത്രയും നല്ലത്.മഹാമാരിയുടെ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വുഹാനില്‍ തിരിച്ചെത്തിയ സമാധാനം ഒരു വേള, ലോകത്തിനാകെ ആശ്വാസം പകരുന്നു. അപ്പോഴും പ്രവാസികളുടെ ഭാവിയെന്താവും എന്ന ഉല്‍ക്കണ്ഠ ഗള്‍ഫിലിപ്പോള്‍ സംസാരവിഷയമാണ്. പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യമാണ് ഗൗരവത്തോടെ ആലോചിക്കുന്നത്്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയിലെ പതിനാറു ലക്ഷത്തിലധികം മലയാളികള്‍ വരാനിരിക്കുന്ന നാളുകളെ ഭീതിയോടെയാണ് കാണുന്നത്. വളരെ ചെറിയ ഒരു വിഭാഗമാളുകള്‍ ഒഴിച്ച് ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിന്റേയും അസ്ഥിരതയുടേയും അവസ്ഥാന്തരങ്ങളിലേക്ക് ഇതിനകം തന്നെ വലിച്ചെറിയപ്പെട്ട് കഴിഞ്ഞു. അപ്പോഴും ജീവിക്കുന്ന രാജ്യത്തിന്റെ, അതിജീവനത്തിന് വഴികാട്ടിത്തന്ന രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍, പൊതു സുരക്ഷയില്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുമായ വലിയൊരു വിഭാഗം മലയാളികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്ഠിക്കുന്ന സേവനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇവിടേയും നിതാന്ത ജാഗ്രതയോടെ ജോലിയില്‍ മുഴുകുന്നത്, സേവനത്തിന്റെ നിറദീപം ജ്വലിപ്പിക്കുന്നത്.
സൗദിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി എല്ലാ സ്ഥലത്തും കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലഞ്ചുദിവസമേ ആയുള്ളു. അതിനുമുമ്പ് തലസ്ഥാനമായ ജിദ്ദയടക്കം നിരവധി സ്ഥലങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ലോകമുസ്ലിമുകളുടെ രണ്ടു പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ലോക് ഡൗണില്‍ ആണ്. ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. രണ്ടു മൂന്നുമാസം കഴിഞ്ഞുവരുന്ന ഹജ്ജ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാ രാഷ്ട്രങ്ങളോടും ഹജ്ജിന്റെ ഒരുക്കങ്ങള്‍ തല്‍ക്കാലം തുടങ്ങേണ്ടതില്ല എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും ലോകത്തെ എല്ലാവരുടെ ഭാവിയും അനശ്ചിതത്വത്തില്‍ തന്നെയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കേരളത്തിലെ അതിഥി സംസ്ഥാനത്തെഴാളികളില്‍ നിന്നും കാര്യമായി വ്യത്യസ്ഥമല്ല പ്രവാസി മലയാളികളുടെ അവസ്ഥ. നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാവരും ഇപ്പോള്‍ കിനാവ് കാണുന്നത്. തൊഴിലില്ലാതെ എങ്ങനെയാണ് ജീവിക്കുക? പക്ഷെ തിരിച്ചുപോക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത പിന്നാലെ വരാനിരിക്കുന്നതേയുള്ളു. ഒരര്‍ത്ഥത്തില്‍ വിവിധകാരണങ്ങളാള്‍ ഈ തിരിച്ചുപോക്കിന്റെ സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഇത് അപ്രതീക്ഷിതവും അതിരൂക്ഷവുമായി എന്നുമാത്രം. ഇപ്പോള്‍ പുറം ലോകവുമായി സംവദിക്കാനൊക്കെ കഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാലതുപോലും എത്രകാലം നിലനില്‍ക്കും? സുരക്ഷയുടേയും ആരോഗ്യപരിപാലനത്തിന്റേയും കാര്യങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതെല്ലാം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് ശിക്ഷ. അതായത് 2 ലക്ഷത്തില്‍പരം രൂപ. അതിനാല്‍ തന്നെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നു. ഇന്ത്യന്‍ ഏബസി, കോണ്‍സുലേറ്റ് എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്. ആശുപത്രി സൗകര്യങ്ങള്‍ വ്യാപകമായിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. താമസിയാതെ അത് രണ്ടു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷക്കുന്നത്. ഇപ്പോള്‍ മരണം കുറവാണെങ്കിലും രോഗം വ്യാപകമായാല്‍ കൂടുമെന്നുറപ്പ്. റിയാദിലും മദീനയിലും ഓരോ മലയാളികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ രോധബാധിതരായും നിരീക്ഷണത്തിലുമുണ്ട്. .വരും നാളുകള്‍ ചോദ്യചിഹ്നമായിരിക്കുകയാണ് അവരുടെ മുമ്പില്‍. ലോകം കൊവിഡിനു മുമ്പും ശേഷവും എന്നു വിഭജിക്കപ്പെടുമ്പോള്‍ ശേഷം എന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്ന ആശങ്ക തന്നെയാണ് പെരുകുന്നത്.
ഈ കുറിപ്പെഴുതുമ്പോള്‍ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 3287 കഴിഞ്ഞു. രണ്ടു മലയാളികളുള്‍പ്പെടെ മരണം 44 ആയി. വിദേശത്ത് കുടുങ്ങിയ സൗദികളെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നയതന്ത്ര മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തന്നെയാണ്. ഫ്‌ളാറ്റുകളിലും ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും മറ്റും കഴിയുന്നവരില്‍ പലരും ആശങ്കാകുലരാണ്. സൗദിയിലെ ചില ഇന്ത്യന്‍ സാമൂഹിക കൂട്ടായ്മകളിപ്പോള്‍ സജീവമായി രംഗത്തുണ്ട്, അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍. അത് പോലെ മലയാളി മാനേജ്‌മെന്റിലുള്ള ആശുപത്രികളുടെ സേവനവും പ്രശംസനീയമാണ്. ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്. ഏതായാലും ഏകാന്തതയുടെ ഈ നാളുകളില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരായാലും കുടുംബജീവിതം നയിക്കുന്നവരായാലും പുതിയ അവസ്ഥയെ ഏത് വിധം മറികടക്കണമെന്ന ഉരുകുന്ന ചിന്തയില്‍ത്തന്നെയാണ്. അസ്വാസ്ഥ്യം കോറന്റൈയനിന്റെ ആദ്യദിവസങ്ങളൊക്കെ കഥയായും കവിതയായും ട്രോളുകളായും മാറ്റിയവരെല്ലാം ഇപ്പോള്‍ ആശങ്കയുടേയും അനശ്ചിതത്വത്തിന്റേയും കാര്‍മേഘങ്ങള്‍ക്കുള്ളിലാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍, മതഗ്രന്ഥ പാരായണം ഇവയൊക്കെയായി നാളുകള്‍ നീക്കുമ്പോഴും കൊറോണാനന്തരകാലത്തിന്റെ വിശാലമായ ഒരു തുറസ്സ് അവര്‍ സ്വപ്‌നം കാണുന്നുണ്ട്.
സ്വപ്‌നങ്ങളെ വൈറസ് ചുറ്റിപ്പിണയാത്ത ഇന്നലത്തെ പ്രഭാതത്തില്‍ ഫേസ്ബുക്ക് പേജില്‍ വി.പി ഷൗക്കത്തലിയെന്ന കവി സുഹൃത്ത് പോസ്റ്റ് ചെയ്ത, ശരണ്‍കുമാര്‍ ലിംബാളെയുടെ (ഉവ്വ്, വിശപ്പിനായി കേഴുന്ന കാലത്ത് അരിമണിയോ ഗോതമ്പോ കിട്ടാതെ മണ്‍കട്ടകള്‍ പൊടിച്ചു തിന്ന മറാത്തയിലെ കുട്ടിക്കാലമെഴുതി, വായനയെ കണ്ണീര് കൊണ്ട് മൂടിയ അക്കര്‍മാശി എഴുതിയ ലിംബാളെ.) അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:
ഞാന്‍ നിരാശനും അസ്വസ്ഥനുമാണ്
എനിക്ക് വായിക്കാനോ എഴുതാനോ സ്വസ്ഥമായി
ജീവിക്കാനോ സാധിക്കുന്നില്ല
ജനങ്ങള്‍ നിസ്സഹായരായി മരണവുമായി മുഖാമുഖം നില്‍ക്കുകയാണ്
എനിക്കെങ്ങനെ സന്തോഷത്തോടെ വീട്ടിലിരിക്കാനാവും?
ഞാന്‍ വീട്ടിലല്ല, ഭീതിദമായ വരുംനാളുകളിലാണ്
ഒരു മാസം മുമ്പ് മനുഷ്യര്‍ അപരവംശജരേയും
അന്യമതസ്ഥരേയയും എങ്ങനെ കൊന്നൊടുക്കാമെന്നാണ്
ചിന്തിച്ചിരുന്നത്
ഇപ്പോള്‍ എല്ലാവരും മനുഷ്യനേയും മനുഷ്യരാശിയേയും കുറിച്ചാണ്
ചിന്തിക്കുന്നത്
ജനങ്ങള്‍ മനുഷ്യത്വത്തെക്കുറിച്ചും
നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചുമാണ്
സംസാരിക്കുന്നത്
ഒരു വശത്ത് മരണത്തിന്റെ കൊടുംക്രൂരത
മറുവശത്ത് പ്രാര്‍ഥനാനിര്‍ഭരമായ മനുഷ്യശബ്ദങ്ങള്‍
നമ്മളെല്ലാം നല്ലവരായ മനുഷ്യജീവികളാണ്
മാനവരാശിക്ക് വേണ്ടി നമുക്ക് മനുഷ്യരെ രക്ഷിക്കാം
മനുഷ്യത്വം ശ്രേഷ്ഠമായ ഒരു മതമാണ്.
ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ശാസ്താംകോട്ട പോരുവഴിയിൽ ഡിവൈഎഫ്ഐ കൊയ്ത്തുൽസവം സംഘടിപ്പിച്ച സംഭവത്തിൽ നിയമ നടപടി. വാർത്ത വിവാദമായതിന് പിന്നായെലാണ് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരില്‍ പോലീസ് എഴുപതോളം പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത.
കുടുംബശ്രീ മുഖേന വിത്തിറത്തിയ പാടത്ത് കൊയ്ത്തിന് സഹായിച്ചാണ് ഡിവൈഎഫ്ഐക്കാർ പുലിവാല് പിടിച്ചത്. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഒരു സംഘത്തിന്റെ നെല്ല് പാകമായതോടെ യുവജന സംഘടന സഹായവുമായി എത്തുകയായിരുന്നു.
എന്നാൽ, മതിയായ മുൻകരുതൽ ഒന്നും തന്നെ സ്വീകരിക്കാതെയായിരുന്നു പ്രവർത്തകർ തടിച്ചുകൂടിയത്. മാസ്ക് ഉള്‍പ്പെടെ ധരിച്ചില്ലെന്ന് മാത്രമല്ല, ശാരീരിക അകലമെന്ന നിബന്ധനയും ഇവർ പാലിച്ചിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നൂറോളം പേരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.
എന്നാൽ, ഇത്രയധികം ആളുകൾ കൂടിയിട്ടും പൊലീസോ ആരോഗ്യപ്രവർത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നതിന് പിന്നാലെയാണ് കേസിലേക്കും അറസ്റ്റിലേക്കും നടപടികൾ നീണ്ടത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലം കൂടിയാണ് കൊയ്ത്തുൽസവം സംഘടിപ്പ പോരുവഴി.
മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.
ഇന്ത്യയിൽ ഏറ്റവും കൂടൂതൽ കോവിഡ് മരണങ്ങൾ നടന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ഇതുവരെ 72 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മുംബൈ, ഇന്‍ഡോര്‍, പുണെ, നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്. ഇന്നലെ മാത്രം 79 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 946 ആയി ഉയർന്നു.
അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയിയ ഉയർന്നു. മരണ സംഖ്യയിലും വർദ്ധനവ് ഉണ്ടായി. 199 പേരാണ് ഇതുവരെ രോഗ ബാധിതരായി മരണത്തിന് കീഴടങ്ങിയത്.