കോവിഡ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയന്ത്രിതമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും ബാറുകൾക്ക് മേയ് 17 വരെ പ്രവർത്തനാനുമതിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗരേഖപ്രകാരം ബാറുകളുടെ പ്രവര്‍ത്തനം മേയ് നാല് മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി കര്‍ശനമായി വിലക്കിയിരിക്കുന്നു. ഒരു സോണിലും പാടില്ലാത്തവ എന്ന് പറഞ്ഞാണ് ബാറുകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.

കേരളവും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങള്‍ കനത്ത വരുമാനനഷ്ടം ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്യവിൽപ്പനശാലകൾ കൃത്യമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാമെന്നാണ് പറയുന്നത്. പാൻ, ഗുഡ്ക, സിഗററ്റ് എന്നിവ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറയുന്നു. അഞ്ച് പേരിൽ കൂടുതൽ മദ്യവിൽപ്പനശാലകളിൽ ഒരേസമയം ഉണ്ടാകാൻ പാടില്ല. ഇത്തരം വസ്തുക്കൾ വിൽക്കുന്ന കടകൾ തമ്മിൽ ആറടി അകലം പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മദ്യമടക്കമുള്ള മേൽപ്പറഞ്ഞ ലഹരി വസ്തുക്കളുടെ ഉപയോഗം പാടില്ല.

എന്നാൽ കേന്ദ്രം അനുവദിച്ച ഇളവുകൾ നടപ്പാക്കുന്നത് കൃത്യമായ ഇടപെടലോടെ മതിയെന്ന നിലപാടിൽ‌ കേരളം. കേന്ദ്രം അനുവദിച്ച ഇളവ് അനുവദിച്ച മദ്യ വിൽപന ശാല തുറക്കുന്നത് ഉൾപ്പെടെ കരുതലോടെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബാർബർ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നത തലയോഗത്തിൽ ധാരണയായി.

ബീവറേജസ് ഉൾപ്പെടെ മദ്യഷോപ്പുകൾ തുറക്കുന്നത് വലിയ തോതിൽ ആൾക്കൂട്ടം രൂപം കൊള്ളുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കുടാതെ ഗ്രീൻ സോണിൽ ഇളവുകളോടെ അനുവദിച്ച പൊതുഗതാഗതവും വേണ്ടെന്ന് വയ്ക്കുകയാണ് സർക്കാർ. എന്നാൽ വയനാടിനും എണറാകുളത്തിനും ഒപ്പം ഇപ്പോൾ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീൻ സോണിലുൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞ 21 ദിവസങ്ങളായി പുതിയ രോഗികൾ ഇല്ലെന്ന വിലയിരുത്തലാണ് ഇത്തരം ഒരു അഭിപ്രായം ഉയരാൻ കാരണമായത്.

അതേസമയം, മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച മറ്റ് ഉളവുകൾ‌ നടപ്പാകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രിയുടെ പതിവ് വാർത്താ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.