Kerala

കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.

ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.

തന്റെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ജൂഹി രസ്‌തോഗി. ഇതുമായി ബന്ധപ്പെട്ട് താരം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് .

സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു. പ്രചരിക്കുന്നവയെല്ലാം വ്യാജമാണെന്ന് പറഞ്ഞ് പ്രേക്ഷകർക്കായും ജൂഹി ഒരു ഇൻസ്റ്റാഗ്രാം സന്ദേശം നൽകുന്നു.

ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ

എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.

ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.

കാലത്തിനു മുന്നേ നടന്ന മലയാള സിനിമ, കൊറോണയെ എത്ര സില്ലിയായാണ് പ്രേംനസീര്‍ തോല്‍പ്പിച്ചതെന്നുൾപ്പെടെ തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയിൽ കൊറോണ വൈറസിന്റെ രൂപത്തില്‍ തുങ്ങിയാടുന്ന വലിയ പന്തുപോലുള്ള രുപങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞുമാറുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

ലോകത്തെ ഭിതിയിൽ നിർത്തി മുന്നോട്ട് പോവുകയാണ് കോവിഡ് രോഗ ബാധ. രോഗത്തെ നേരിടാൻ പാടുപെടുകയാണ് ലോക രാഷ്ട്രങ്ങൾ‌. ഇതിനിടെ നിരവധി തമാശകളും നവ മാധ്യമങ്ങളിൽ സജീവമാണ്. അതിൽ ഒന്നാണ് അനശ്വര മലയാള നടൻ പ്രേം നസീറിന്റെ ഒരു വീഡിയോ.ഭീതിപ്പെടുത്തുന്ന വാർ‌ത്തകൾക്കിടയിൽ ആളുകൾക്കിടയിൽ ചിരിപടർത്തുകയാണ് പ്രേം നസീറിറിന്റെ വീഡിയോ.

 

മുംബൈംയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

150 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്.

സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശി മരണത്തിന് മുൻപ് സുഹൃത്തിനയച്ച ഓഡിയോ പുറത്ത്. സൗദിയിൽ ചികിത്സയിലായിരുന്ന ചെമ്മാട് സ്വദേശി പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്.

സഫ്‌വാൻ സുഹൃത്തിനയച്ച സന്ദേശം:

…പണി പാളീന്ന് തോന്നുന്നു. കുറേ ദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച മരുന്ന് കുടിച്ചു. മറ്റൊരു ആശുപത്രിയിൽ കാണിച്ച് എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടും ഒരു കുറവില്ല. രണ്ട് ദിവസമായി ശ്വാസംമുട്ടലുണ്ട്. ഇനി ഇപ്പോ എന്ത് ചെയ്യുമെന്ന് അറിയില്ല….

ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാൻ, ശക്തമായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് രണ്ട് ദിവസം മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവരം ലഭിച്ചിരുന്നു.

നിലവിൽ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങൾ സൗദി ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. സൗദി ചട്ടമനുസരിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കൂ. സന്ദർശക വിസയിൽ മാർച്ച് 10ന് റിയാദിലെത്തിയ ഭാര്യയും സഫ്‌വാന്റെ ഒപ്പമുണ്ട്. ഇവരും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയും അമേരിക്കയിൽ മരിച്ചു. ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്.

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു യുവാവ് ബന്ധുവായ യുവതിയുടെ വീടിനു തീയിട്ടു. പൊള്ളലേറ്റ യുവാവും യുവതിയുടെ മാതാവും മരിച്ചു. തൃക്കടവൂർ മതിലിൽ മണി മന്ദിരത്തിൽ പരേതനായ പത്രോസിന്റെ മകൻ ശെൽവമണി (37), കാവനാട് മീനത്തുചേരി റൂബി നിവാസിൽ ഗേട്ടി രാജൻ (57) എന്നിവരാണു മരിച്ചത്.

ഞായർ പുലർച്ചെ 2നു ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാർക്കു നേരെയും പെട്രോൾ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേർക്കടുത്ത ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണിയും ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുന്ന യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നെന്നു ശക്തികുളങ്ങര പൊലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് ഇയാൾ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഇത് അംഗീകരിച്ചില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു അക്രമമെന്നാണു പൊലീസ് പറയുന്നത്.

ഓടിക്കൂടിയ നാട്ടുകാരാണു തീയണച്ചത്. പിന്നീടു കൊല്ലം ചാമക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ കെടുത്തി. ഗുരുതരമായി പരുക്കേറ്റ ശെൽവമണിയാണ് ആദ്യം മരിച്ചത്. പിന്നാലെ ഗേട്ടിയും മരിച്ചു. ഗേട്ടിയുടെ ഭർത്താവ് രാജൻ വിദേശത്താണ്. മേരി സിൽവറാണിയാണ് ശെൽവമണിയുടെ മാതാവ്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

കോവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസഫ് തോമസ്, ഉമ്മന്‍ കുര്യന്‍, ഏലിയാമ്മ ജോണ്‍, ശില്‍പ നായര്‍, എന്നിവരാണ് മരിച്ചത്. എഴുപതുകാരനായ ഉമ്മന്‍ കുര്യന്‍ കൊട്ടാരക്കര സ്വദേശിയാണ്. പിറവം സ്വദേശി ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് ആശുപത്രിയിലെ നഴ്സാണ്. ചെങ്ങന്നൂര്‍ സ്വദേശിയാണ് ശില്‍പ നായര്‍. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

അമേരിക്കയില്‍ കോവിഡ് വ്യാപനം പാരമ്യത്തിലേക്ക് എത്തുന്നു. ഇന്നലെയും മരണസംഖ്യ ആയിരത്തിന് മുകളിലാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. അതേസമയം കോവിഡ് ബാധിതര്‍ ഏറ്റവും കടുതലുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മരണസംഖ്യ അല്‍പം കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാല്‍ മാത്രമെ ആശ്വസിക്കാന്‍ വകയുള്ളുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയില്‍ നിന്നടക്കം കൂടുതല്‍ വെന്റിലേറ്ററുകള്‍ വൈകാതെ എത്തുമെന്നും മേയര്‍ പറഞ്ഞു.

അതേസമയം, ലോകത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69000 കടന്നു. 69,416 പേരാണ് ഇതുവരെ മരിച്ചത്. 12,69,312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ അതിവേഗം ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,157 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 9,608 ആയി ഉയര്‍ന്നു. 3,36,367 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 15,887 പേരും സ്പെയിനില്‍ 12,641 പേരുമാണ് മരിച്ചത്. ഫ്രാന്‍സില്‍ മരണം 8,078 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 4,934 പേരും ഇറാനില്‍ 3,603 പേരുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

5ജി കാരണമാണ് കൊവിഡ് വൈറസുകള്‍ ഉണ്ടായതെന്ന് വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ ടവറുകള്‍ തീയിട്ടു. ബെര്‍മിങ്ഹാം, മെല്ലിങ്, ലിവര്‍പൂള്‍, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് വ്യാജവാര്‍ത്തയെ തുടര്‍ന്ന് തീയിട്ടു നശിപ്പിച്ചത്.

ഫേസ്ബുക്കിലും യൂടൂബിലും പ്രചരിച്ച വ്യാജ വീഡിയോയെ തുടര്‍ന്നാണ് ടവറുകള്‍ക്ക് തീയിട്ടത്. എന്നാല്‍ ഈ പ്രചരാണം വ്യാജമാണെന്ന് യു.കെ മന്ത്രി മൈക്കിള്‍ ഗോവ് പറഞ്ഞു.

5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊവിഡ് പടരുന്നതിന് കാരണമാവുമെന്ന് പ്രചരിച്ചത്. ഇത് വളരെ അപകടം പിടിച്ച വിഢിത്തമാണെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത്തരമൊരു വാര്‍ത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് യു.കെയിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോട്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന സ്ഥിതിയാണ് ഈ വ്യാജവാര്‍ത്ത മൂലം സൃഷ്ടിക്കപ്പെട്ടതെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

‘ഇത് അത്യന്തം ഗൗരവമേറിയതാണ്. മൊബൈല്‍ ഫോണ്‍ സേവനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു ഘട്ടമാണിത്. ആളുകള്‍ മുഴുവന്‍ അത്യാവശ്യമായി ഇത്തരം സേവനങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം സാമൂഹിക പ്രവൃത്തി ചെയ്യുന്നത് അന്യായമാണ്,’പോവിസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 86 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 571 ആയി. ഇന്നലെ 74 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേരും ദല്‍ഹിയിലെ നിസാമുദ്ദിനിലെ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവില്‍ തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ഡോ: ബീല രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ന് മാത്രം സംസ്ഥാനത്ത് 2 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്.

അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

ഇതോടെ സുരക്ഷയ്ക്കായി പോളിത്തീന്‍ കവറിലാക്കിയ മൃതദേഹം കവറില്‍ നിന്ന് പുറത്തെടുക്കുകയും മതാചാര പ്രകാരം സംസ്‌ക്കരിക്കുകയുമായിരുന്നു.

ഇതിന് പുറമെ ചടങ്ങില്‍ അമ്പതിലധികം പേരാണ് പങ്കെടുത്തത്. ഇവരെ നിലവില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. കൊവിഡ് സംശയത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ടെസ്റ്റ് റിസല്‍റ്റ് പുറത്ത് വന്നിരുന്നില്ല.

Copyright © . All rights reserved