കൊവിഡാണെന്ന ഭീതിയിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ നാട്ടുകാർ. ഒരു മണിക്കൂറിലേറെ ചികിത്സ വൈകിയതിനെത്തുടർന്ന് നഗരമധ്യത്തിൽ കുഴഞ്ഞുവീണ വയോധികൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും മടിക്കുകയായിരുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചത്.

ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്റ്റിന്റെ ആംബുലൻസിൽ തങ്കപ്പനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെഎസ്ആർടിസി സ്റ്റാൻഡിൽ തീയ്യേറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞുവീണത്.

മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് വീഴുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂമിൽനിന്ന് പോലീസെത്തിയെങ്കിലും ആംബുലൻസ് ലഭിച്ചില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പോലീസും യാത്രക്കാരും പല ആംബുലൻസുകാരെയും വിളിച്ചിട്ടും കൊവിഡ് ഭീതിയിൽ ആരും വരാൻ തയാറായില്ല.