കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നര വയസുകാരിയായ മകളെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. പെരുമ്പിഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്‍ ആണ് പിടിയിലായത്. കുട്ടി ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തി.
ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മയക്കും പങ്കുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരുന്നു.
നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്പില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലിസ് സംശയിക്കുന്നു.
തിരുവനന്തപുരം: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയുമായി കേരളം. കോവിഡ്-19 നിയന്ത്രണവിധേയമാക്കാൻ വെെകിയാൽ കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കേണ്ട
ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും.
കുട്ടനാട്, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. കൊറോണ മൂലമുള്ള സംസ്ഥാനത്തെ അസാധാരണ സാഹചര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ധരിപ്പിക്കുമെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം കമ്മീഷനാകും അന്തിമ തീരുമാനമെടുക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കുട്ടനാട് എന്‍സിപിയുടെ തോമസ് ചാണ്ടിയും ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വിജയന്‍ പിള്ളയും മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഒരു മണ്ഡലത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ജനപ്രതിനിധി ഇല്ലാതാകുമ്പോള്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചട്ട പ്രകാരം ജൂണ്‍ 19 നു മുന്‍പ് നടത്തണ്ടേതാണ്. ഇതിനിടയിലാണ് ചവറ നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. രണ്ടു മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന.
അതിനിടയിലാണ് കൊറോണ വെെറസ് ബാധ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചത്. കൊറോണ മൂലം സംസ്ഥാനത്തെ സാമ്പത്തികാവസ്ഥ ദയനീയ സ്ഥിതിയിലായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ഉപതിരഞ്ഞെടുപ്പ് കൂടി സംസ്ഥാനത്ത് നടത്തിയാൽ അത് ഭാരിച്ച ചെലവാകും.
കേരളത്തിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആയി. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ശുചിത്വം പാലിക്കുക. ആളുകൾ കൂടുന്ന പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുക. പൊതു ഇടങ്ങളിൽ സാനിറ്റെെസർ സ്ഥാപിക്കണം. പൊതു സ്ഥലങ്ങളിൽ സോപ്പ് ഉപയോഗിച്ച് കെെ കഴുകാനുള്ള സൗകര്യം ഒരുക്കണം. കൊറോണ ഭീതിയെ തുടർന്ന് വ്യാപാര മേഖല നിർജീവമാണ്. പലരും കടകൾ തുറക്കുന്നില്ല. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.
കെഎസ്ആർടിസിക്ക് കോടികളാണ് ഒരു ദിവസം നഷ്‌ടം. ദിവസം രണ്ടരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക രംഗം കൂടുതൽ മോശമാക്കും ഇത്. അതുകൊണ്ട് സാമൂഹ്യജീവിതം നിശ്ചലമാകുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി അടയ്‌ക്കാൻ കൂടുതൽ സമയം നൽകുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാട്‌സ് ആപ്പിലൂടെ 56 കാരിയോട് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന, നാലുവര്‍ഷത്തോളം അശ്‌ളീല ചുവയുള്ള മൂന്നൂറോളം മെസേജുകള്‍. ഒടുവില്‍ 26 കാരനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായം. കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സിഐ അന്‍വറാണ് വീണ്ടും കൈയടി നേടുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നത്.
മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്‌ളീല സന്ദേശങ്ങള്‍ നിരവധി. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യന്‍. സിഐ വിരട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു.
കേസൊന്നും വേണ്ടെന്ന് അവര്‍ പറയുകയായിരുന്നു. ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാന്‍ സിഐ നിര്‍ദേശിച്ചു. കേള്‍ക്കാത്ത താമസം യുവാവ് താണുകുമ്ബിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു.ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടര്‍ന്ന് രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.
ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകന്‍ രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിന് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൊറോണ ജാഗ്രത മറികടന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത്തിനെ സ്വീകരിക്കാന്‍ വന്‍ ജനത്തിരക്കാണ് കഴിഞ്ഞദിവസം ഉണ്ടായത്.
കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍. തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാര്‍ തന്റെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തിയത്. നിരവധി പേര്‍ മുദ്രാവാക്യവുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടുകയായിരുന്നു.
കേസില്‍ പതിനാറുപേലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, രജിത്തിന്റെ കണ്ടെത്താനായിട്ടില്ലായിരുന്നു. ഒടുവില്‍ ആറ്റിങ്ങല്‍ വീട്ടില്‍ നിന്നാണ് പൊക്കിയത്. കേസില്‍ തിരിച്ചറിഞ്ഞ 50ഓളം പേരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു
കൊറോണ വൈറസ് കോവിഡ് 19 രോഗം വരാതിരിക്കാൻ ഗോമൂത്രം ഉപയോഗിച്ചാൽ മതിയെന്ന തരത്തിൽ വൻപ്രചാരണമാണ് ഹിന്ദുമഹാ സഭ നടത്തുന്നത്. ഇതിന്റെ മുന്നോടിയായി അവർ പല പരിപാടികളും നടപ്പാക്കുന്നതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതുവരെ ഒരു ശാസ്ത്രീയ ബലവും ഇല്ലാത്ത ഇത്തരം നീക്കങ്ങൾ സജീവമായിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഹൈബി ഇൗഡൻ എംപി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഉണ്ടായ അനുഭവവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നു. മുംബൈയിൽ എത്തിയ അദ്ദേഹത്തിന് സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്തതായും ഹൈബി പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിന്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്.
ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.
വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ പൊലീസ് കസ്റ്റഡിയില്‍. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകള്‍ ഫൗസിയയുടെ മകന്‍ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്. ലഹരിക്ക് അടിമയായ സവാദ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. വഴക്കു പറഞ്ഞ വിരോധത്തില്‍ സവാദ് നടത്തിയ ആക്രമണം മരണത്തിന് കാരണമായെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന സവാദിന്റെ ഉമ്മ ഫൗസിയ ഉപദ്രവം ഭയന്നാണ് മകനൊപ്പം താമസിക്കാത്തത്. റുഖിയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേര്‍ത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സ്വഭാവ ദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തില്‍ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു.
ചുമരില്‍ ഇടിച്ച് വീണ റുഖിയ ബഹളം വച്ചപ്പോള്‍ ചെവിയില്‍ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അല്‍പസമയത്തിനകം മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോള്‍ സവാദ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.
സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ യുവ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കടുത്ത പ്രതിസന്ധി. ആശുപത്രി അണുവിമുക്തമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. രോഗികളുടെ തുടർ പരിശോധന നിർത്തി. അടിയന്തിര ശസ്ത്രക്രികൾ അടക്കമുള്ളവ തടസ്സപ്പെടാതെ ബാക്കിയെല്ലാ സേവനങ്ങളും വെട്ടിച്ചുരുക്കും. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാർ അടക്കം 76 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി.
വിദഗ്ധ ഡോക്ടർമാരടക്കം ജീവനക്കാർ ഒറ്റയടിക്ക് പോവുന്നതോടെ വലിയ പ്രതിസന്ധിയാണുണ്ടാകുക. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ നിർത്തി. ഒപിയിൽ അടിയന്തിര പരിശോധനകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ ഉണ്ടാകില്ല. അടിയന്തര സാഹചര്യമില്ലാത്ത രോഗികളെ ഡിസ്ചാർജ് ചെയ്ത് തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
സ്പെയിനിൽ നിന്നെത്തിയ മാർച്ച് 1 മുതൽ 11 ദിവസം ഡോക്ടർ നിരീക്ഷണത്തിലിരിക്കാതെ ആശുപത്രിയിലെ സുപ്രധാന യോഗങ്ങളിൽ വരെ പങ്കെടുത്തു. 10-നും 11-നും രോഗികളെ പരിശോധിച്ചു. ഇതോടെയാണ് സമ്പർക്ക പട്ടിക വലുതായത്. 5 വകുപ്പ് മേധാവികളടക്കം 43 ഡോക്ടർമാർ. ഇതിൽ 26 പേരുടേതും ഹൈ റിസ്ക് സമ്പർക്കം.
നിലവിൽ പുറത്തുവിട്ട പട്ടികയിൽ രോഗികളില്ല. രണ്ട് ദിവസം ഡോക്ടർ ഒപിയിൽ രോഗികളെ പരിശോധിച്ചിരുന്നുവെന്നാണ് വിവരം.നിലവിൽ 18 നഴ്സുമാരും 13 ടെക്നിക്കൽ സ്റ്റാഫും പട്ടികയിലുണ്ട്. ഇവരുടെ കുടുംബങ്ങൾ കൂടി രണ്ടാംഘട്ട സമ്പർക്ക പട്ടികയിൽ വരുന്നതോടെ എണ്ണം ഇനിയും കൂടും. ഇത്തരത്തിൽ വിശദമായ സമ്പർക്ക പട്ടിക ഇനിയും പുറത്തിറക്കേണ്ടതുണ്ട്.
കിണറ്റിൽ നഗ്നമായ നിലയിൽ 16കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. പെൺകുട്ടിയുടെ അൽക്കാരനായ കൗമാരക്കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊന്നത്. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ:
പെൺകുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി പെൺകുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തിൽ പൊങ്കൽ ഉത്സവത്തിനു പോയ സമയത്ത് പെൺകുട്ടിയെ വിളിച്ചു. സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റർ അകലെയുള്ള തെങ്ങിൻതോപ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. എതിർത്ത് നിലവിളിച്ച പെൺകുട്ടിയുടെ വായ പൊത്തി. പിടിവലിക്കിടയിൽ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം ഇയാൾ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലിൽ കൗമാരക്കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു.
11നു രാത്രി സ്വന്തം വീടിനു സമീപം അമ്മാവന്റെ വീടിന്റെ ടെറസിൽ അദ്ദേഹത്തിന്റെ മക്കൾക്കും സ്വന്തം സഹോദരിക്കുമൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ സമീപത്തുള്ള കിണറ്റിൽ കണ്ടെത്തിയത് നിരവധി സംശയങ്ങൾക്കു വഴിവച്ചിരുന്നു. കുട്ടിയുടെ പിതാവു വർഷങ്ങൾക്കു മുൻപു മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരിമാർ കുട്ടിയെ ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നതിനാൽ അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി. തുടർന്നു വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അന്വേഷണം നടത്തി. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള വലിയ കിണറ്റിൽ കണ്ടെത്തിയത്.
അത്ര അടച്ചുറപ്പില്ലാത്ത ഒാലകൊണ്ടുളള വീടാണ് ഇവര്‍ക്കുളളത്. ഉൗരിലെ മിക്കവര്‍ക്കും വീടുണ്ടെങ്കിലും സ്വന്തമായി സ്ഥലമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ തണലിലാണ് അമ്മയും രണ്ടു പെണ്‍മക്കളും കഴിഞ്ഞിരുന്നത്. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, കൊല്ലങ്കോട് ഇൻസ്പെക്ടർ കെ.പി. ബെന്നി എന്നിവരുടെ നേതൃത്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
എടത്വാ:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആനപ്രമ്പാൽ തെക്ക് സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ ജാഗ്രത മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങൾ ചേർന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കിയോസ്ക് സ്ഥാപിച്ചതിന് തൊട്ടു പിന്നാലെയാണ് കൊറോണാ ബോധവത്ക്കരണത്തിന് ജാഗ്രത മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചത്.
കുടിവെളളം ശേഖരിക്കുവാൻ എത്തുന്നവർക്ക് ആദ്യം ബോധവത്ക്കരണം എന്ന ലക്ഷ്യം വെച്ചാണ് കുടിവെള്ള സംഭരണിക്ക് സമീപം മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടത്തിന് പ്രാധാന്യം കൊടുക്കുവാനും സൗഹൃദ നഗറിൽ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാതിരിക്കാനും തീരുമാനിച്ചു.
വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ജോർജ് തോമസ് കടിയന്ത്ര ഫലക അനാശ്ചാദനം നിർവഹിച്ചു. തോമസ്കുട്ടി പാലപറമ്പിൽ,ബാബു വാഴകൂട്ടത്തിൽ,വിൻസൺ പൊയ്യാലുമാലിൽ,വർഗ്ഗീസ് വി.സി വാലയിൽ, കുഞ്ഞുമോൻ പരുത്തിക്കൽ ,ദാനിയേൽ തോമസ്, ജോസ് കുറ്റിയിൽ, റെജി തോമസ്, ഷിബു, തോമസ് വർഗ്ഗീസ് കുടയ്ക്കാട്ടുകടവിൽ എന്നിവർ പ്രസംഗിച്ചു.സാനിടൈസർ, ഫെയ്‌സ് മാസ്‌ക്, ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഏർപ്പെടുത്തുന്നതിൽ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
കഴിഞ്ഞ മാർച്ച് 7 നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ചത്.ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻറ് തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം മുടങ്ങാതെ ഈ പ്രദേശവാസികൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.
ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു.ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ ഇപ്പോൾ തോടുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ്.ഇത് പരിഹരിക്കുന്നതിന് വേണ്ടി ജനകീയ പങ്കാളിത്വത്തോടെ പാരേത്തോടിൻ്റെ ആഴം കൂട്ടുന്ന പദ്ധതിക്ക് പിന്തുണ നല്കാനും തീരുമാനിച്ചു.
കൊറോണ ഭീതിയില്‍ വീടുകളിലേക്ക് ആളുകള്‍ ഒതുങ്ങുമ്പോള്‍ വീട്ടിലിരിക്കാന്‍ ഭയപ്പെടുകയാണ് ഇടുക്കിയിലെ ഹൈറേഞ്ച് വാസികള്‍. അടിക്കടിയുണ്ടാവുന്ന ഭൂചലനങ്ങളുടെ ഭീതിയിലാണ് ഇവര്‍. ഏത് സമയവും ഉണ്ടാവുന്ന ‘വിറയല്‍’ ഇവരുടെ സാധാരണ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നു. 15 ദിവസത്തിനിടെ ഇരുപതിലധികം തവണയാണ് ഇടുക്കിയില്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്. അപകടകരമായ തോതിലേക്ക് ഇവ വളര്‍ന്നില്ല.
എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഭൂചലനങ്ങള്‍ മൂലം വീടും നാടും ഉപേക്ഷിച്ച് പോവേണ്ടി വരുമോ എന്ന ആശങ്കയും ഹൈറേഞ്ച് വാസികളില്‍ നിലനില്‍ക്കുന്നു. അതേ സമയം ഇടുക്കിയിലെ ഭൂചലനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് കേന്ദ്ര കാലാവവസ്ഥാ വകുപ്പിനോട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മാത്രം ഇടുക്കിയില്‍ 12 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത് രാവിലെ അഴ് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലാണ് ഇവ അനുഭവപ്പെട്ടത്. നെടുങ്കണ്ടം, വാഗമണ്‍, കുമളി, കട്ടപ്പന, ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ രണ്ടില്‍ കൂടുതല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് സാധാരണ ജനങ്ങള്‍ക്ക് കൂടുതലായും അനുഭവപ്പെടുക.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തിന് സമീപം ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.8 ആണ് രേഖപ്പെടുത്തിയത്. വലിയ മുഴക്കത്തോടെയുണ്ടായ ഭൂചലനം 70 സെക്കന്‍ഡ് നേരം നീണ്ട് നില്‍ക്കുകയും ചെയ്തു. ഇടുക്കി അണക്കെട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പ്രദേശത്ത് ചലനമുണ്ടായത് നാട്ടുകാരെ വലിയ തോതില്‍ ഭീതിയിലാഴ്ത്തി. നെടുങ്കണ്ടം മേഖലയിലെ പല വീടുകള്‍ക്കും ഭൂചലനത്തില്‍ നേരിയ വിള്ളലുകളും ഉണ്ടായി. ‘കഴിഞ്ഞ മാസം ഒടുക്കം മുതല്‍ പല തവണയായി ഭൂമി കുലുക്കം ഉണ്ടാവുന്നുണ്ട്. ചിലത് നമുക്ക് ശരിക്കും തിരിച്ചറിയാന്‍ കഴിയും. നന്നായി വിറയ്ക്കും. ചിലത് നേരിയ ഒരു അനക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിങ്ങനെ ഇടക്കിടെ ഉണ്ടാവുന്നത് കൊണ്ട് വീട്ടില്‍ കഴിയാനുള്ള മനസമാധാനം പോയി.
രാത്രിയെങ്ങാനും വലിയ കുലുക്കം വന്നാലോ എന്ന പേടിയാണ്. ഇപ്പോള്‍ വിള്ളല്‍ മാത്രമെ ഉണ്ടായുള്ളൂ. നാളെ അത് കുറച്ചൂടെ കൂടുതലായാല്‍ ഞങ്ങളുടെ ജീവനും അപകടമാണ്.’ നെടുങ്കണ്ടം സ്വദേശിയായ ഹരിഹരന്‍ പറയുന്നു.
ഫെബ്രുവരി 27ന് ഉച്ച മുതലാണ് ഇടുക്കിയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. 1988 ജൂണില്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി ഹൈറേഞ്ച് നിവാസികള്‍ പറയുന്നു. ഏതാണ്ട് മൂന്ന് മാസത്തോളം തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായി. അന്ന് പലരും നാട്ടില്‍ നിന്ന് മാറിത്താമസിച്ചതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇടുക്കിയിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളില്‍ രേഖപ്പെടുത്തുന്ന ചലനങ്ങള്‍ ആണ് അപകടകരമെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
കേരളത്തില്‍ പെരിയാര്‍ ബെല്‍റ്റും, പാലക്കാട് ചുരമുള്‍പ്പെടുന്ന മേഖലയും ഭൂചലന സാധ്യതാ മേഖലകളാണ്. ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാവുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമശാസ്ത്രജ്ഞരും പറയുന്നു. ഭൗമപാളികളില്‍ ഉണ്ടാവുന്ന തെന്നിമാറലും ക്രമീകരണങ്ങളും മൂലം നേരിയ ചലനങ്ങള്‍ ഉണ്ടാവുന്നതില്‍ അസ്വാഭാവികതയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ‘ 1988ലെ ചലനങ്ങള്‍ കൂടാതെ 2005ല്‍ ഈരാറ്റുപേട്ടയില്‍ ചെറിയ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട്, ഇടുക്കി എല്ലാം ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാണ്. എന്നാല്‍ അത് അപകടകരമായ രീതിയിലേക്ക് മാറുന്നത് ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഇടക്ക് നേരിയ ചലനങ്ങള്‍ ഉണ്ടായി പ്രഷര്‍ റിലീസ് ചെയ്ത് പോവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ആ പ്രദേശത്ത് മര്‍ദ്ദം സ്വരൂപിക്കപ്പെടുകയും അത് വലിയ ചലനങ്ങള്‍ക്ക് സാധ്യതയേറ്റുകയും ചെയ്യും. എന്നാല്‍ ഇത്തരം ചലനങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇടക്കിടെ ഇത് പ്രതീക്ഷിക്കുകയും ചെയ്യാമെങ്കിലും ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല.’ ഭൗമ ശാസ്ത്രജ്ഞനായ ഡോ. ശ്രീകുമാര്‍ പറയുന്നു.
എന്നാല്‍ അടിക്കടി ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ സംവിധാനമൊരുക്കണമെന്നതാണ് ദുരന്ത നിവാരണ വിഭാഗത്തിന്റെ ആവശ്യം. പത്തിലധികം വര്‍ഷമായി ഭൂചലനങ്ങളെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സംവിധാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഇതേവരെ പരിഗണിച്ചിട്ടില്ല.