കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുമരകം സ്വദേശിയായ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിന് ശേഷം കാറുമായി കടന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ചതാണ് വഴിത്തിരിവായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നാണ്. മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസ് അറിയിച്ചു. ആദ്യം ആക്രമിച്ചത് ഭര്‍ത്താവിനെയാണ്. മരണം ഉറപ്പാക്കാന്‍ വീണ്ടും വീണ്ടും ആക്രമിച്ചു. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു. എന്നാൽ പ്രതിയുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലന്ന് പൊലീസ് പറഞ്ഞു.

മുഹമ്മദ് ബിലാല്‍ നേരത്തെയും പല കേസുകളില്‍ പ്രതിയെന്ന് എസ്പി പറഞ്ഞു. ടീപോയ് വച്ചാണ് തലയ്ക്കടിച്ചത്. സ്വര്‍ണവും കാറും കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതാണ്. മുമ്പ് പിണങ്ങിപ്പോന്നപ്പോഴും സഹായിച്ചിരുന്നത് ഈ കുടുംബമാണ്.

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൽ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചു. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം നിര്‍ണായകമായി. കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.