തിരുവനന്തപുരം: ഡോ. ഷിംന അസിസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി ടി. പി സെന്‍കുമാര്‍. ഷിംന അസീസ് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാമെന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന എവിടെയായിരുന്നുവെന്നുമായിരുന്നു ടി. പി സെന്‍കുമാര്‍ ചോദിച്ചത്.
‘ഷിംന അസീസ് ആര്‍ക്ക് വേണ്ടിയാണു സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ട്. ഈ ഷിംന മുന്‍പ് വാക്‌സിന്‍ വിരുദ്ധപ്രചരണം നടക്കുമ്പോള്‍ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?,’ ടി. പി സെന്‍കുമാര്‍ ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ടി. പി സെന്‍കുമാറിന്റെ പ്രതികരണം.
അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ടി. പി സെന്‍കുമാറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. വാക്‌സിന്‍ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
സെന്‍കുമാറിന്റെ പ്രചരണങ്ങളെ തള്ളി ഡോ. ജിനേഷ് പി. എസും രംഗത്തെത്തിയിരുന്നു. വാക്‌സിനേഷന്‍ എടുത്താല്‍ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംനയെന്നും ജിനേഷ് പറഞ്ഞു.
‘എം. ആര്‍ വാക്‌സിനേഷന്‍ കാലം. ഈ നുണപ്രചരണങ്ങള്‍ വിശ്വസിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മടിച്ച കാലം. വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജമായി മാറിയ ഒരു പ്രവൃത്തി,’ ജിനേഷ് പ്രതികരിച്ചു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ ടി. പി സെന്‍കുമാര്‍ വര്‍ഗീയതയാണ് പറയുന്നതെന്നും അതൊരു മുസ്‌ലിം ആയതു കൊണ്ടാണെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
‘എന്തൊരു വര്‍ഗ്ഗീയതയാ പറഞ്ഞുകൊണ്ടിരുന്നത്. ആ ഷിംനയുടെ പേരു തന്നെ ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണു. അതൊരു മുസ്ലിം കൊച്ച് ആയോണ്ട്,’ മാധ്യമപ്രവര്‍ത്തക പറഞ്ഞു.
വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ മറ്റു ധാരാളം ഡോക്ടര്‍മാര്‍ പ്രതികരിച്ചുണ്ടെങ്കിലും സെന്‍കുമാകര്‍ ഷിംന അസീസിന്റെ പേരുമാത്രം പരാമര്‍ശിക്കുകയായിരുന്നു ജിനേഷ് പി. എസ് പറഞ്ഞു.
അതേസമയം വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണക്കാലത്ത് അതിനെതിരെ പ്രതികരിച്ചുവെന്ന് ഷിംന വ്യക്തമാക്കി. വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച 30ലധികം വരുന്ന പോസ്റ്റുകളുടെ ലിങ്കുകളും ഷിംന പങ്കുവെച്ചു.
ഇറ്റലിയിൽ നിന്നെത്തിയ റാന്നികുടുംബത്തെ പരിശോധിക്കുന്നതിൽ വിമാനത്താവളത്തിൽ വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്ത്. പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന് ആരോഗ്യമന്ത്രി നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മന്ത്രി പ്രസംഗിച്ചത്. .
മന്ത്രിയുടെ വാക്കുകള്‍:
കുടുംബത്തിന്റെ നിസഹകരണമാണ് ഇൗ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.കെ ശൈലജ ആവർത്തിച്ച് വ്യക്തമാക്കുന്നു. എല്ലാ മുന്നറിയിപ്പുകളും നൽകിയിട്ടും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകാതെ ഇവർ കടന്നു കളയുകയായിരുന്നു.
ഇറ്റലിയിൽ നിന്നും ദോഹയിലെത്തിയ ശേഷമാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. വിമാനത്തിനുള്ളിൽ പോലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ഇറ്റലിയിൽ നിന്നും വരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം എന്ന്. എന്നാൽ കുടുംബം ഇതിന് വഴങ്ങിയില്ല. സൂത്രത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സംവിധാനങ്ങൾ കണ്ടെത്താനോണോ പ്രായസം. അങ്ങനെയാണ് ഇവർ പരിശോധന കൂടാതെ പുറത്തുകടന്നത്.
പിന്നീട് ഇവർക്ക് പനിയായി സ്വകാര്യ ആശുപത്രിയിലെത്തി. അവിടെയും ഇറ്റലിയിൽ നിന്നും വന്നതാണെന്ന് അവർ വ്യക്തമാക്കിയില്ല. എന്നിട്ടും ഇവർ പലയിടത്തും പോയി. അയൽവാസിയും ബന്ധുവുമായ ഒരാൾക്ക് പനി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അയൽക്കാരൻ പനിയുമായി ഗവൺമെന്റ് ആശുപത്രിയിലെത്തി. അയാളോട് ചോദിച്ചപ്പോഴാണ് ഇറ്റലിക്കാർ വന്ന സംഭവം അറിയുന്നത്.
സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തിയപ്പോഴും സഹകരിക്കാൻ ഇവർ തയാറായില്ല. ആശുപത്രിയിൽ വരാനോ ആംബുലൻസിൽ കയറാനെ തയാറായില്ല. കാറിൽ വന്നോളാമെന്നാണ് പറഞ്ഞത്. അത്രമാത്രം ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇപ്പോൾ ഇവർക്കെതിരെ കേസെടുക്കാനല്ല സർക്കാർ നീക്കം. ആ ജീവനുകൾ രക്ഷിക്കുക എന്നത് മാത്രമാണ് മുന്നിലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
14 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ. നിലവില്‍ 3313 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധിച്ചു. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര് 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര് കേരളത്തിലേക്ക് വരുന്നുണ്ട്. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ശക്തമാക്കി. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻ ഡിജിപി ടി.പി.സെൻകുമാർ കൊല്ലത്ത് വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവർത്തകർ സെൻകുമാറിനോടു ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഹാളിലുണ്ടായിരുന്നവർ അതു തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പെടെ നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അടങ്ങിയില്ല.
തുടർന്ന് മാധ്യമ പ്രവർത്തകർ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാനാണ് സെൻകുമാർ കൊല്ലത്ത് എത്തിയത്.
സെൻകുമാർ യോഗതീരുമാനം വിശദീകരിക്കവെ കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി മാധ്യമപ്രവർത്തകർ തുടർ ചോദ്യം ഉന്നയിച്ചു. അത് തെൻറ അഭിപ്രായമല്ലെന്നും ഡോ. പോൾ ഹേലി ഉൾപ്പെെടയുള്ളവരുടെ അഭിപ്രായമാണെന്നും വിശദീകരിക്കവെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.
പലരും മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പ്രതികരിക്കാനും തുടങ്ങി. പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി വാർത്ത സമ്മേളനം തുടർന്നതോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ചിത്രം മൊബൈലിൽ പകർത്താൻ ഒരാൾ ശ്രമിച്ചു. ഇതോടെ വീണ്ടും തർക്കമായി. ഇത് മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കം രൂക്ഷമായി.
ഒടുവിൽ മാധ്യമപ്രവർത്തകർ വാർത്ത സമ്മേളനം ബഹിഷ്കരിച്ച് മടങ്ങുകയായിരുന്നു. അതേസമയം, തർക്കത്തിൽ ഇടപെടാനോ കൂടുതലെന്തെങ്കിലും വിശദീകരിക്കാനോ സെൻകുമാറും തയാറായില്ല. മുൻപ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
നാട്ടിലേക്ക് മടങ്ങാനാകാതെ നാല്‍പത്തിയഞ്ച് മലയാളികള്‍ ഇറ്റലിയിലെ ഫ്ലുമിച്ചിനോ വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഗര്‍ഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ളവര്‍ 24 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുകയാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി അപരിഷ്കൃതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് നാല്‍പത്തിയഞ്ച് മലയാളികള്‍ ഫ്ലുമിചിനോ വിമാനത്താവളത്തിലെത്തിയത്. ഇവിടെയെത്തിയശേഷം മാത്രമാണ് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിപ്പ് ലഭിക്കുന്നത്. വിമാനത്താവളത്തില്‍ തടഞ്ഞതോടെ കൈക്കുഞ്ഞുമായെത്തിവര്‍ പോലും കുടുങ്ങി.
കയ്യില്‍ കരുതിയിരിക്കുന്ന ലഘുഭക്ഷണങ്ങള്‍ കൂടി തീര്‍ന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവച്ചു. അതേസമയം, കോവിഡ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രിക്കും കത്തുനല്‍കി. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും പ്രതിപക്ഷം പിന്തുണച്ചു.
പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനകം അഞ്ച് തവണയാണ് യുവതി ഒളിച്ചോടിയത്. 2015ൽ ആയിരുന്നു യുവതിയുടെ അവസാന ഒളിച്ചോട്ടം. അന്ന് ഇവരെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നായിരുന്നു. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാർക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളർത്തുകയുമാണ് യുവതിയുടെ രീതി.
ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്. ഒരുമിച്ച് ജീവിക്കണം എന്ന രജനിയുടെ ഡിമാന്റ് കാമുകൻ അംഗീകരിച്ചാൽ പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്‌നമല്ല. എല്ലാം ഉപേക്ഷിച്ച കാമുകനൊപ്പം പോകും. പരാതിയുമായി വീട്ടുകാർ എത്തുന്നതോടെ കേരള പൊലീസ് രജനിയെ അന്വേഷിച്ചിറങ്ങും. കണ്ടെത്തി വീട്ടിലെത്തിക്കും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുന്നതിനിടയിലായിരുന്നു രജനി പിടിയിലായത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു രജനി കാമുകനൊപ്പം പോയത്.
റാന്നിയിൽ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീടെടുത്ത് താമസവുമായി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഗിരീഷ് കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇറ്റലിയിൽനിന്ന് എത്തിയ കൊറോണ വൈറസ് കുടുംബവുമായി നേരിട്ടു സന്പർക്കത്തിൽ ഏർപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറാണു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സന്പർക്കത്തിൽ ഏർപ്പെട്ടത് ഇദ്ദേഹമാണ്. പത്തനംതിട്ട എസ്പി ഓഫീസിൽ എത്തിയപ്പോഴാണു കുടുംബവുമായി പോലീസ് ഉദ്യോഗസ്ഥനു സന്പർക്കം പുലർത്തേണ്ടിവന്നത്.
ഇറ്റലി കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ചശേഷം തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, ഇറ്റലിയിൽനിന്നു വന്ന കുടുംബം കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.
സംസ്ഥാനത്ത് എട്ടു പേർക്കുകൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഇവരിൽ 14 പേരാണു ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞമാസം രോഗം ബാധിച്ച മൂന്നു പേർ സുഖം പ്രാപിച്ചിരുന്നു. അവർക്ക് ഇപ്പോൾ രോഗമില്ല. സംസ്ഥാനത്ത് 1495 പേര് നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയവരുമായി നേരിട്ടു സന്പർക്കം പുലർത്തിയ ആറു പേർക്ക് തിങ്കളാഴ്ച രാത്രി രോഗം സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, ഇറ്റലിയിൽനിന്നെത്തിയവരെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ പോയ കോട്ടയം സ്വദേശികൾ, ഇറ്റലിയിൽനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയ റാന്നി സ്വദേശികളായ മറ്റു രണ്ടുപേർ എന്നിവർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ രോഗബാധിതനായ മൂന്നുവയസുള്ള കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പരിശോധനാ സൗകര്യം
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും പരിശോധനാ സംവിധാനം ഒരുക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി വൈറസ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ജോലി നോക്കുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
കൂടുതൽ പേർ വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും. സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോരാ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണം.
മറച്ചുവയ്ക്കരുത്.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന കാര്യം മറച്ചുവയ്ക്കുന്നവർക്കെതിരേ നിയമനടപടികളിലേക്കു സർക്കാർ നീങ്ങും. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽ പെടുത്തുമെന്നതാണ് മുന്നിലുള്ള അനുഭവമെന്നും ഇറ്റലിയിൽനിന്നു വന്ന മൂന്നു പേർ വിവരം മറച്ചുവച്ചതിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരാശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടുമെന്നും കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരം. 85 വയസുള്ള സ്ത്രീയുടെ ആരോഗ്യ നിലയിലാണ് ആശങ്ക.നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.
ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയി ഉയര്‍ന്ിരിക്കുകയാണ്.നിലവിലെ സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും മുന്നോട്ട് വെയ്ക്കുന്നത്.
ഇറ്റലിയില്‍ നിന്ന് കേരളത്തിലെത്തിയ 42 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തെയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പരിശോധനകൾക്കായി ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഖത്തര്‍ എയെര്‍വെയ്‌സിലായിരുന്നു സംഘം കൊച്ചിയിലേക്കെത്തിയത്. ഇവരുടെ രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കും. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ 5 പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ ബന്ധുവീട്ടിലെ മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. പക്ഷേ 28 ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
ഇതിന് പുറമെകോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി നേരിട്ട ബന്ധമുള്ളവരാണ് അമ്മയും ഒരുമാസം പ്രായം മാത്രമുള്ള കുഞ്ഞും.
വീടിനുള്ളിൽ തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാൻസർ രോഗിയായ ഭാര്യ പൊലീസിനെ കാത്തിരുന്നതു 16 മണിക്കൂർ. പോസ്റ്റ്മോർട്ടത്തിനു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ച് 19 മണിക്കൂർ പിന്നിട്ടിരുന്നു. നഗരമധ്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ നേരെ എതിർവശത്തെ വീട്ടിലാണ് സംഭവം.
പെയിന്റിങ് തൊഴിലാളിയായ തോട്ടയ്ക്കാട്ടുകര കുരുതിക്കുഴി ജോഷി (67) ആണ് തിങ്കളാഴ്ച പകൽ രണ്ടോടെ ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ ലിസി വൈകിട്ടെത്തി വാതിൽ തുറന്നപ്പോഴാണ് ഭർത്താവ് തൂങ്ങിനിൽക്കുന്നതു കണ്ടത്. അവരുടെ നിലവിളി കേട്ട് അയൽവാസികളും എസ്പിയുടെ ക്യാംപ് ഓഫിസിലെ പൊലീസുകാരുമെത്തി.
മരിച്ചോ ജീവനുണ്ടോ എന്നറിയാത്തതിനാൽ നിലത്തിറക്കി ആശുപത്രിയിൽ കൊണ്ടുപോകാമെന്നു നാട്ടുകാർ പറഞ്ഞെങ്കിലും സ്റ്റേഷനിൽ നിന്നു പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്നു വന്ന പൊലീസുകാർ വിലക്കി. അവരാണ് സ്റ്റേഷനിൽ അറിയിച്ചത്. 5.10ന് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ആൾ മരിച്ചെന്നും 6നു മുൻപു മഹസ്സർ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇറക്കാനാവില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ അൻവർ സാദത്ത് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭ കൗൺസിലർ ജെറോം മൈക്കിൾ എന്നിവരെത്തി. മരിച്ചിട്ട് ഏറെ സമയമായതിനാൽ മൃതദേഹം കേടാകാതിരിക്കാൻ ചിത്രങ്ങളും വിഡിയോയും എടുത്ത ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റണമെന്ന് അവർ അപേക്ഷിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല.
രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കല്ലാതെ ഇൻക്വസ്റ്റ് നടത്തില്ലെന്ന കർക്കശ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജോഷിയും ലിസിയും മാത്രമാണ് ഈ വീട്ടിൽ താമസം. മക്കളായ ബ്ലസ്സനും ബേസിലും വിദേശത്താണ്. ലിസി കീമോ കഴിഞ്ഞു ജോലിക്കു പോയിത്തുടങ്ങിയതേയുള്ളൂ.
പൊലീസിന്റെ നിസ്സഹകരണം മൂലം രാത്രി മുഴുവൻ മൃതദേഹം തൂങ്ങിക്കിടന്നതും ലിസി ചുവട്ടിൽ ഇരിക്കേണ്ടി വന്നതും ക്രൂരതയാണെന്ന് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ 6 മുതൽ വീട്ടുകാർ പൊലീസിനെ കാത്തിരുന്നെങ്കിലും വന്നില്ല. തുടർന്ന് എംഎൽഎ വീണ്ടും സിഐയെ വിളിച്ചു. 8 മണിയായിട്ടും പൊലീസിനെ കാണാതായപ്പോൾ കൗൺസിലർ ജെറോമും ജനശ്രീ ബ്ലോക്ക് ചെയർമാൻ ബാബു കൊല്ലംപറമ്പിലും കൂടി സ്റ്റേഷനിലേക്കു ചെന്നു.
അതിനു ശേഷം 9നാണ് പൊലീസ് എത്തിയത്. 20 മിനിറ്റിനുള്ളിൽ മഹസ്സർ തയാറാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്നു 10.30നു യുസി കോളജ് നിത്യസഹായമാത പള്ളിയിൽ. വിഷയം നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു.