Kerala

തിരുവനന്തപുരം: കുളത്തൂരില്‍ 17-കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെ നടുവീഥിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. റേഷന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തില്‍ പത്തോളം തുന്നലുകള്‍ പറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത് (34) എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനിടെ അഭിജിത് ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നു.

തുമ്പ പോലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

എറണാകുളം കോതമംഗലത്ത് 17കാരനായ പ്ലസ്ടു വിദ്യാർത്ഥിയെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നു. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ പിതാവ് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പിതാവ് യുവാവിനോട് ചാറ്റ് നടത്തിയത് എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് പിതാവ് പെൺകുട്ടിയായി നടിച്ച് യുവാവിനോട് ചാറ്റ് ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി കൂട്ടുകാരുടെ വാടകവീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനത്തിനുശേഷം പുലർച്ചെ രണ്ടുമണിയോടെ യുവാവിനെ വീട്ടിൽ എത്തിച്ചുവെന്നാണ് വിവരം. യുവാവിന്റെ ശരീരത്തിൽ, പ്രത്യേകിച്ച് പുറം ഭാഗത്ത്, ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ക്ഷേത്രവിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്നതായതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം മാത്രമേ ന്യായമായിരിക്കൂവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

ദേവസ്വം മന്ത്രിക്ക് സ്വർണം ചെമ്പായതിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും, അതിനുശേഷവും പ്രതികളെ തന്നെയാണ് വീണ്ടും നിയോഗിച്ചതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഇതിൽ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ സത്യാവസ്ഥ പുറത്തുവരുമായിരുന്നില്ലെന്നും, സ്വർണ്ണപ്പാളി മോഷണത്തിൽ സർക്കാർ, ദേവസ്വം ബോർഡ് എന്നിവർ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഒക്ടോബർ 9-ന് പത്തനംതിട്ടയിൽ നടക്കുന്ന പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൂർക്കല്ല് മലയിൻകീഴ് കരയിൽ തലപ്പൻകോട് വീട്ടിൽ ഷിബു എം ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്തെ കഫെ മലബാര്‍ എന്ന ഹോട്ടലില്‍ എത്തിയ ഇയാൾ കൌണ്ടറിലെ മേശപ്പുറത്തു വച്ചിരുന്ന 99999/- രൂപ വിലയുള്ള കട ഉടമയുടെ ഐ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തു, തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിയായ സണ്ണി (61)യെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളെ സണ്ണി സ്വവര്‍ഗരതി ഇടപാടിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിന്റെ നിഗമനം.

ഞായറാഴ്ച വൈകിട്ട് മുറിയില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഉടമയെ അറിയിച്ചു. വാതില്‍ പൊളിച്ചപ്പോള്‍ കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, വസ്ത്രങ്ങളില്ലാതെ കിടന്ന മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനുശേഷം കത്തി കൊണ്ട് കുത്തുകയും പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു. നേരത്തെയും രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയായിരുന്ന സണ്ണി, തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.

കുമ്പള: യുവ അഭിഭാഷക സി. രഞ്ജിതയുടെ (30) മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തായ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ ഞായറാഴ്ച രാത്രിയോടെ കുമ്പള പോലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അറിയിച്ചു. രഞ്ജിതയെ കഴിഞ്ഞ ചൊവ്വാഴ്ച ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. യുവ അഭിഭാഷകയുടെ മരണത്തിനു പിന്നാലെ ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടതും, സുഹൃത്തിന്റെ മൃതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ എത്തിയില്ലെന്നതും സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റുമായിരുന്നു.

തൃശ്ശൂര്‍ പറപ്പൂക്കര മുദ്രത്തിക്കരയില്‍ വാസിക്കുന്ന വിഷ്ണു എന്ന യുവാവ് വാക്കുതര്‍ക്കത്തിനിടയിൽ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ വിഷ്ണു വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാരും പൊലീസും അറിയിച്ചു. പരിക്കേറ്റ അച്ഛനെ സമീപവാസികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ അഞ്ച് ദിവസമായി വീട്ടിലെ മുറിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വിഷ്ണു, അച്ഛനും അമ്മയും എത്തിയപ്പോഴാണ് അക്രമം നടന്നത്. പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവർ ചേര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ ബലംപ്രയോഗിച്ച് താഴെയിറക്കിയത്.

ആയോധനകലകള്‍ അഭ്യസിച്ചിരുന്നയാളാണ് വിഷ്ണുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. അതിനിടെ, യുവാവിന്റെ മുറിയില്‍ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം ∙ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ മലയാളം വാനോളം, ലാൽസലാം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. “മോഹൻലാൽ നേടിയ നേട്ടം ഓരോ മലയാളിയുടെയും അഭിമാനമാണ്; ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം തന്നെയാണ് എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ മുഖച്ഛായയായി മോഹൻലാൽ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.

ഏറ്റുമാനൂരിലെ കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ 49 കാരിയായ ജെസി സാം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . കൊലപാതകം നടത്തിയതിന് ഭർത്താവ് സാം കെ. ജോർജ് (59) മൈസൂരിൽ നിന്ന് അറസ്റ്റിലായി. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇറാനിയൻ യുവതിയും പൊലീസ് കസ്റ്റഡിയിൽ ആണ്. സാമിന് മറ്റു സ്ത്രീകളുമായി ഉള്ള ബന്ധം ജെസി ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കവും കൊലപാതകവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു .

ഒരു ഐ.ടി പ്രൊഫഷണലായ സാം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയുമാണ്. ഈ കോഴ്സിലെ സഹപാഠിയാണ് ഇറാനിയൻ യുവതിയെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ 26-ന് രാത്രി, കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടിൽ സാം-ജെസി ദമ്പതികളിൽ വാക്കുതർക്കം ഉണ്ടായപ്പോൾ, സാം കൈയിൽ കരുതിയ മുളക് സ്പ്രേ ജെസിക്കു നേരെ ഉപയോഗിച്ചു. തുടർന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തോർത്ത് ഉപയോഗിച്ച് വായും മൂക്കും മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .

കൊലപാതകത്തിന് ശേഷം സാം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി 1 മണിയോടെ ചെപ്പുകുളം വ്യൂ പോയിന്റിലെ കൊക്കയിൽ തള്ളിയ ശേഷം മൈസൂരിലേക്കു രക്ഷപ്പെട്ടു. കൊലപാതകത്തിന് 10 ദിവസം മുമ്പ് ഇയാൾ സ്ഥലത്തെ സ്ഥിതിഗതികൾ മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു . ദമ്പതികൾക്ക് 25, 23 വയസ്സുള്ള രണ്ട് മക്കളും 28 വയസ്സുള്ള ഒരു മകളും ആണ് ഉള്ളത് . എല്ലാവരും വിദേശത്താണ് . അമ്മയെ ഫോൺ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് മക്കൾ നൽകിയ പരാതിയിൽ നിന്നാണ് കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചതും ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്തു വന്നതും .

RECENT POSTS
Copyright © . All rights reserved