Kerala

ജോബ് ആപ്പ് വഴി പ്രവാസിയുടെ 19.5 ലക്ഷം രൂപ തട്ടിയതായി പരാതി. മുദാക്കല്‍ വാളക്കാട് പീലിയോട്ടുകോണം കോയിക്കല്‍വീട്ടില്‍ പ്രശാന്തിനാണ് (36) പണം നഷ്ടമായത്. മൂന്ന് മാസം മുമ്പ് നടന്ന തട്ടിപ്പ് സംബന്ധിച്ച് പ്രശാന്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. കേസെടുത്തതായി ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.

പ്രശാന്തും കുടുംബവും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്. ഓണ്‍ലൈന്‍ ജോലിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ പ്രശാന്ത് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടത്. ആറ് അംഗങ്ങളുളള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രശാന്തിനെ അംഗമാക്കിക്കൊണ്ടാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്. നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് നല്‍കുമ്പോള്‍ ഒരു ഓണ്‍ലൈന്‍പ്രവൃത്തി ലഭിക്കും. ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യമാദ്യം ചെറിയ തുകകള്‍ നല്‍കി ലഭിച്ച പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിച്ചു. ഇത് വിശ്വസിച്ച് വലിയ തുകകള്‍ നല്‍കി പ്രവൃത്തികള്‍ ഏറ്റെടുത്തു. എന്നാല്‍ ഇവയില്‍ നിന്ന് പ്രതിഫലം ലഭിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കി കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നല്‍കിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതായ വിവരങ്ങള്‍ ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നല്‍കുന്നത്‌ നിര്‍ത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലായതായി പ്രശാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൻ പുരയിടം വീട്ടിൽ രാജേഷ്.ആർ (കണ്ണൻ 21 ) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച് . ഓ . പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

ഇയാൾക്ക് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. .

പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.

കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും. പട്ടികയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന്‌ വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്‌.

ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ. കൃഷ്ണദാസിന് പ്രധാനമണ്ഡലങ്ങളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയില്‍ അദ്ദേഹമില്ലെന്നത് ശ്രദ്ധേയമാണ്. കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ബി.ജെ.പി. സ്ഥാനാര്‍ഥികള്‍

കാസര്‍കോട്- എം.എല്‍. അശ്വിനി
കണ്ണൂര്‍- സി. രഘുനാഥ്
വടകര- പ്രഫുല്‍ കൃഷ്ണ
കോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാര്‍
തൃശ്ശൂര്‍- സുരേഷ് ഗോപി
ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍
പത്തനംതിട്ട- അനില്‍ ആന്റണി
ആറ്റിങ്ങല്‍- വി മുരളീധരന്‍
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരന്‍

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെയാണ് (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ഏഴ് ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു.

ഇത്തരത്തില്‍ വിവിധ കേസുകളില്‍പെട്ട് ഒളിവില്‍കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇയാള്‍ ഇവിടെ വ്യാജപേരിലാണ് കഴിഞ്ഞുവന്നിരുന്നത്.

വാകത്താനം എസ്.എച്ച്‌.ഒ എ.ഫൈസല്‍, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഒമാരായ ലൈജു ടി.എസ്, ചിക്കു ടി.രാജു എന്നിവരാണ് എസ്.പിയുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയ​ഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷൻ പാലോട് രവി. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’ എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം.

മൈക്കിനടുത്തേക്ക് വന്ന് ദേശീയ​ഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും ​സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയ​​ഗാനം തിരുത്തിപാടുകയായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയ​ഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂർ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരും സന്നിഹിതരായിരുന്നു.

അതേസമയം, സമരാഗ്നി സമാപന വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സാധാകരന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. മുഴുവന്‍ സമയം ഇരിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നും പ്രസിഡന്റിന് അക്കാര്യത്തില്‍ ഒരു വിഷമം വേണ്ടെന്നും വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഗഗൻയാൻ സംഘത്തെ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുമെന്ന് ഐ എസ് ആർ ഒ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പ്രശാന്ത് തന്റെ ഭർത്താവാണെന്നും ജനുവരി 17ന് പ്രശാന്തിനെ പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചെന്നും നടി ലെന വെളിപ്പെടുത്തിയത്.

നിരവധി ട്രോളുകൾ വന്ന തന്റെ പഴയ വീഡിയോയാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ലെന തുറന്നുപറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ട്രോളുകളും ഉണ്ടായി. വീഡിയോ കണ്ട് പ്രശാന്ത് തന്നെ വിളിച്ചു. പരിചയപ്പെട്ടപ്പോൾ രണ്ടാളും ഒരു വൈബാണെന്ന് മനസിലായി. അങ്ങനെ വിവാഹത്തിലെത്തിയെന്ന് താരം വ്യക്തമാക്കി.

ഇരുകുടുംബങ്ങളും ആലോചിച്ചാണ് വിവാഹം നടത്തിയത്. ജാതകം നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ടായിരുന്നു. അങ്ങനെ ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽവച്ച് വിവാഹിതരായെന്ന് നടി കൂട്ടിച്ചേർത്തു.

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണിതെന്നായിരുന്നു വിവാഹ റിസപ്ഷനിൽ പ്രശാന്ത് പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിംഗ്സാണെന്ന് തന്നെ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നെന്മാറ തിരുവഴിയാട് വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും നാലുമക്കളിൽ രണ്ടാമനാണ് പ്രശാന്ത്.

ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എസ്.എഫ്.ഐ. നേതാക്കളടക്കം കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇവരില്‍ 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.

അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ ഇരുസംഘടനകളും സമരം നടത്തുന്നത്. എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.

മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും മൃതദേഹപരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മരണം നടന്ന് ഇത്രയുംദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവും ശക്തമാണ്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

അറസ്റ്റിലായവർ

1 ബിൽഗേറ്റ് ജോഷ്വാ
സുൽത്താൻബത്തേരി സ്വദേശി

2 അഭിഷേക് എസ്
ഇടുക്കി സ്വദേശി

3 ആകാശ് എസ് ഡി
കൊഞ്ചിറവിള
തിരുവനന്തപുരം

4 ഡോൺസ് ഡായി
തൊഴുപുഴ സ്വദേശി

5 രഹൻ ബിനോയ്
തിരുവനന്തപുരം സ്വദേശി

6 ശ്രീഹരി ആർ ഡി
തിരുവനന്തപുരം സ്വദേശി

അതേസമയം സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. താനൂര്‍ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പോലീസിന് മൊഴി നല്‍കിയത്.

ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താന്‍ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ ശേധം വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved