Kerala

കൊച്ചി മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രതിസന്ധി തുടരുന്നു. കുടുംബങ്ങളെ പകരം താമസിപ്പിക്കാന്‍ ഫ്ളാറ്റുകളില്ല. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫഌറ്റുകളില്‍ ഒഴിവില്ലെന്ന്
ഫ്ളാറ്റ് ഉടമകള്‍. വിളിച്ചന്വേഷിക്കുമ്പോള്‍ കിട്ടുന്നത് മോശം മറുപടിയെന്ന് ആക്ഷേപം.

മാറി താമസിക്കാന്‍ തയ്യാറായവര്‍ ഇതോടെ പ്രതിസന്ധിയിലായി. ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. കലക്ടര്‍ എസ് സുഹാസാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തീയതിക്ക് മുന്‍പായി ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 11 മുതല്‍ ഫഌറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് തീരുമാനം.

ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.

19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്‍പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.

(വീഡിയോ കാണാം – ciyani benny)

കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 74കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് മൂഴിക്കുന്ന് സ്വദേശിയായ കണ്ണന്‍കൊറ്റിയെയാണ് പുഴയോരത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരമാസകലം മുറിവുകളുണ്ട്.

ഞായറാഴ്ച്ച ഉച്ചയോടെ കാണാതായ 74കാരിയുടെ മൃതദേഹം തിങ്കളാഴ്ച്ച പൂനൂര്‍ പുഴയോരത്താണ് കണ്ടെത്തിയത്. കഴുത്തിന്‍റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഇതാകാം മരണകാരണമെന്നാണ് നിഗമനം. ഇതിനു പുറമേ ഇരുകാലുകളിലും ഒന്നിലധികം മുറിവുകളുണ്ട്. റോഡരികിലാണെങ്കിലും കണ്ണന്‍കൊറ്റിക്ക് തനിച്ച ഈ ഭാഗത്തേയ്ക്ക് എത്താനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മകള്‍ക്കൊപ്പം താമസിക്കുന്ന കണ്ണന്‍കൊറ്റി സമീപത്തെ വീടുകളില്‍ ചെറു ജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

ഭർത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവും തുടർന്നുണ്ടായ സംഭവങ്ങളും വലിയ വിവാദമാണ് ഉണ്ടാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസും വഫാ ഫിറോസും സഞ്ചരിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് സമൂഹമാധ്യമത്തിലൂടെ എണ്ണിയെണ്ണി മറുപടി നൽകിയിരിക്കുകയാണ് വഫ ഇപ്പോൾ

വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ വഫ വിഡിയോയില്‍ പറയുന്നു. ‘ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് ഇങ്ങനെ മാറിയത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല. ചെറുപ്പം മുതൽ അറിയാവുന്ന ആളാണ്. എന്നിട്ടും ഇൗ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു. അദ്ദേഹം അതിൽ പറയുന്ന വാദങ്ങളെല്ലാം തെറ്റാണ്. ഞാൻ മദ്യപിക്കില്ല, ഡാൻസ് പാർട്ടികളിൽ പോയിട്ടില്ല. എനിക്ക് 16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്.

അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാൽ അതിന് മോശപ്പെട്ട ഒരു അർഥമില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്സിഡന്റായി പോയി..’ വഫ വിഡിയോയില്‍ പറയുന്നു. ഈ വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ഐഎസിൽ ചേര്‍ന്ന മലയാളികളില്‍ എട്ട് പേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികള്‍ കൊല്ലപ്പെട്ടതെന്ന് കേരള പൊലീസിനെ എന്‍ഐഎ അറിയിച്ചു. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എന്‍ഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട എട്ട് പേരും.

അബ്ദുല്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുല്‍ റാഷിദ് രണ്ട് മാസം മുന്‍പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും എന്‍ഐഎ ഇത് സ്ഥിരീകരിച്ചിട്ടില്ല. പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂണ്‍ മുതലാണ് ഐഎസില്‍ ചേരാനായി ഇവര്‍ ഇന്ത്യ വിടുന്നത്.

ബിഹാറില്‍ മലയാളികള്‍ ദുരന്തമുഖത്ത്. ബിഹാറിലെ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറില്‍ പത്തിലധികം കുടുംബങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. സഹായത്തിന് ആരും എത്തിയില്ലെന്ന് പത്തനംതിട്ട സ്വദേശികള്‍ പറയുന്നു.

ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നാല് ദിവസമായി ഇവിടെ നിര്‍ത്താതെ മഴ പെയ്യുന്നു. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കേരളം സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍രെ നിര്‍ദ്ദേശപ്രകാരം എ സമ്പത്താണ് ബിഹാര്‍ സര്‍ക്കാരുമായും മറ്റും ബന്ധപ്പെട്ടത്.

സെപ്തംബർ മാസത്തിന്റെ പകുതിയിലാണ് മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പാലിറ്റിയിലെ ഒരു എൻജിനീയറായ ഹർഭജൻ സിങ് പൊലീസിനെ സമീപിക്കുന്നത്. തന്നെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സെപ്തംബർ 19ന് ലോക്കൽ പൊലീസ് രണ്ട് സ്ത്രീകളെയും അവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. എൻജിനീയറുമായി ചില സ്വകാര്യ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അവ ഒളികാമറയിൽ പകർത്തുകയും അവയുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയുമാണ് ഈ സംഘം ചെയ്തത്. എന്നാൽ ഭീഷണിക്ക് വഴങ്ങാതിരുന്ന എൻജിനീയർ പരാതി നൽകിയതോടെ പുറത്തുവന്നത് രാജ്യത്തെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കാവുന്ന ഹണിട്രാപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ്. മുൻ മന്ത്രിമാരുടെയും എംഎൽഎമാരെയുമടക്കം നിരവധി പ്രമുഖരുടെ വീഡിയോകളാണ് പിടിച്ചെടുക്കപ്പെട്ടത്. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും നേതാക്കളാണ് ഹണി ട്രാപ്പിൽ കുടുങ്ങിയ രാഷ്ട്രീയക്കാർ.

ആർക്കെതിരെയായിരുന്നു എൻജിനീയറുടെ പരാതി?

3 കോടി രൂപയാണ് എൻജിനീയറിൽ നിന്നും സംഘം ചോദിച്ചത്. മധ്യപ്രദേശിലെ 12 ജില്ലകളിലാണ് ഹണിട്രാപ്പ് സംഘം കേന്ദ്രീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ലൈംഗികാവശ്യ നിവൃത്തിക്കായി പെൺകുട്ടികളെ എത്തിച്ചു നൽകുകയും ഇവരുടെ സ്വകാര്യരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് സംഘത്തിന്റെ ശൈലി.

‍ആർതി ദയാൽ എന്നയാൾക്കെതിരെയായിരുന്നു ഹർഭജൻ സിങ്ങിന്റെ പരാതി. സെപ്തംബർ 17ന് പലാസിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ഹർഭജൻ സിങ്ങിന്റെ സുഹൃത്തായിരുന്നു ആർതി ദയാൽ എന്ന് അന്നേദിവസം പ്രാദേശിക മാധ്യമങ്ങളിൽ വന്ന വാർത്ത വ്യക്തമാക്കി. ഹർഭജനെ 18കാരിയായ മോണിക്ക യാദവിനെ പരിചയപ്പെടുത്തിയത് ആർതിയാണ്. മോണിക്കയ്ക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. ഹർഭജനും മോണിക്കയും ഒരു ഹോസ്റ്റൽ മുറിയിൽ താമസിച്ചു. ഇത് മോണിക്ക വീഡിയോ റെക്കോർഡ് ചെയ്തു.

ഈ വീഡിയോ ഉപയോഗിച്ചാണ് ബ്ലാക്മെയിലിങ് തുടങ്ങിയത്. ഇതിൽ 50 ലക്ഷം രൂപ നൽകാമെന്നു പറഞ്ഞ് ആർതിയെ വിളിച്ചുവരുത്തി. ആർ‌തി, മോണിക്ക, ഡ്രൈവർ ഓംപ്രകാശ് എന്നിവർ വിജയനഗറിലെ ബിഎസ്എം ഹൈറ്റ്സ് എന്ന സ്ഥലത്തെത്തി. ഇവിടെ വെച്ചാണ് അറസ്റ്റ് നടന്നത്.

ഈ മൂന്നുപേരുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റു പ്രതികളിലേക്കുള്ള അന്വേഷകരുടെ നീക്കം. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഇൻഡോർ പൊലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. ശ്വേത വിജയ് ജയിനിനെ മിനാൻ റസിഡൻസിയിൽ നിന്നും പിടികൂടി. ശ്വേത സ്വപാനിൽ ജയിനിനെ പിടികൂടിയത് റിവേറ ഹിൽസിൽ നിന്നായിരുന്നു. കോത്രയിൽ നിന്നും അമിത് സോണിയെ പിടികൂടി.

ആരതി ദയാൽ(29), മോണിക്ക യാദവ്(18), ശ്വേതാ വിജയ് ജെയിൻ (38), ശ്വേതാ സ്വപ്നിയാൽ ജെയിൻ( 48), ഖർഖ സോണി( 38) ഓം പ്രകാശ് കോറി( 45) എന്നിവരാണ് നിലവിൽ അന്വേഷകരുടെ പിടിയിലുള്ളത്.

സോഷ്യൽ മീഡിയയിൽ മുൻ മുഖ്യമന്ത്രിയുടെയും മറ്റൊരു പ്രമുഖ നേതാവിന്റെയും വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. ദൃശ്യങ്ങൾ ബ്ലൂ ടൂത്ത് വഴി മൊബൈൽ ഫോണിലേക്ക് പകർത്താൻ ശ്രമിച്ച ഒരു പോലീസുകാരനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പരസ്പരം പഴി ചാരുകയാണ് ഉദ്യോഗസ്ഥർ. ഇ ചെളി വാരിയെറിയലിനിടയിൽ ഒരു ഉദ്യോഗസ്ഥന് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നു വരെ മറ്റൊരു ഉദ്യോഗസ്ഥൻ ആരോപിക്കുകയുണ്ടായി.

ശ്വേത സ്വപാനിൽ ജയിനാണ് ഈ റാക്കറ്റിനെ നയിച്ചിരുന്നത്. തന്റെ ഭര്‍ത്താവായ സ്വപാനിൽ ജയിനുമായി ചേർന്നായിരുന്നു ഇവരുടെ നീക്കങ്ങളെല്ലാം. 12 ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു എൻജിഓയുടെ മറവിലായിരുന്നു പ്രവർത്തനങ്ങളെല്ലാം. 18 സ്ത്രീകളെ ഇതിനായി തയ്യാറാക്കി.

രാഷ്ട്രീയ നേതാക്കൾക്ക് റാക്കറ്റിന്റെ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടോ?

ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. ബിജെപി എംഎൽഎ ബ്രിജേന്ദ്ര പ്രതാപ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ശ്വേത പ്രവർത്തിച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്. മറാത്ത്‌വാഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു ശ്വേതയ്ക്.

രാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനങ്ങളിലേക്കെത്താൻ ശ്വേത ശ്രമം നടത്തിയിരുന്നതാണ്. ഇവർ ബിജെപിയുടെ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് ഈയിടെ ആരോപിക്കുകയുണ്ടായി. ശ്വേതാ ജെയ്ൻ ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. ഭരണകേന്ദ്രങ്ങളിൽ ശക്തയായ ലോബീയിസ്റ്റായി മാറുകയായി അടുത്ത ശ്രമം. അറസ്റ്റിലായവരിലൊരാളായ ബര്‍ക്കാ സോണി കോണ്‍ഗ്രസിന്റെ മുന്‍ ഐടി സെല്‍ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്.

ഭോപ്പാലിലെ ഒരു ആഡംബര ക്ലബ്ബ് കേന്ദ്രീകരിച്ച് ശ്വേത പ്രവർത്തനങ്ങൾ തുടങ്ങി. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം എത്തിച്ചേരുന്നയിടം എന്നതിനാലാണ് ഈ ക്ലബ്ബിനെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇവിടെയെത്തുന്ന ഉന്നതർക്ക് പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു കൊടുത്ത് ഇടപാടുറപ്പിക്കും. പിന്നീട് അവരുടെ മുറികളിലേക്ക് പെൺകുട്ടികളെ അയയ്ക്കും. ഇക്കാരണത്താൽ തന്നെ പരിശോധനകളും മറ്റുമില്ലാതെ തന്നെ കാര്യങ്ങൾ നടന്നു.

ക്ലബ്ബുകൾ, ഹോട്ടലുകൾ, വീടുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ ഇടങ്ങളിൽ‌ വെച്ച് പെൺകുട്ടികൾ തങ്ങളുടെ ഇടപാടുകാരെ വീഡിയോയിൽ കുടുക്കി. ട്രെയിനിൽ വെച്ചുള്ള രംഗങ്ങൾ വരെ ഈ വീഡിയോകളിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ വെച്ചാണ് പല വീഡിയോകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശൃംഖല വളരെ വ്യാപ്തിയുള്ളതാണെന്ന് ഇതിൽത്തന്നെ വ്യക്തമാണ്.

ശ്വേത ഒരു വെറും ‘മാംസവ്യാപാരി’ മാത്രമായിരുന്നോ?

അല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താൻ സംഘടിപ്പിക്കുന്ന വീഡിയോകളുപയോഗിച്ച് പണം തട്ടുക മാത്രമല്ല ശ്വേത ചെയ്തു വന്നിരുന്നത്. നിരവധി കമ്പനികൾക്ക് ഇവർ സര്‍ക്കാരിന്റെ കരാറുകൾ നേടിക്കൊടുത്തു. കോർപ്പറേറ്റ് കമ്പനികൾ പോലും ശ്വേതയുടെ സഹായം തേടി. കോടികളുടെ സർക്കാർ കരാറുകളാണ് ശ്വേത എളുപ്പത്തിൽ സംഘടിപ്പിച്ചെടുത്തത്. സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട നടിമാരെയും തന്റെ ആവശ്യങ്ങൾക്കായി ശ്വേത ഉപയോഗിച്ചിരുന്നു.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ശ്വേതയുടെ ഇടപെടലുണ്ടായിട്ടുണ്ട്. ഏതെല്ലാം അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്മേൽ കേസന്വേഷണം കൊണ്ടുപോകുകയും ചെയ്യുകയെന്നത് അന്വേഷകരെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയായിരിക്കും.

മൂന്ന് മുഖ്യപ്രതികളെ കോടതി ഒക്ടോബർ നാലു വരെ റിമാൻ‌ഡ് ചെയ്തിട്ടുണ്ട്. പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. ലഭിച്ച വീഡിയോകളുടെ ഫോറൻസിക് പരിശോധന പൂർത്തീകരിക്കേണ്ടതുണ്ട്. ഐഎഎസുകാരും ചലച്ചിത്ര പ്രവർത്തകരുമെല്ലാം ഉൾപ്പെട്ട ആയിരത്തിലേറെ സെക്സ് ചാറ്റ് ക്ലിപ്പുകൾ, ലൈംഗിക വിഡിയോ ക്ലിപ്പുകൾ തുടങ്ങിയവയാണ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളത്. ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളും വീഡിയോകളും മെമ്മറി കാർഡുകളില്‍ നിന്നും ഹാർഡ് ഡിസ്കുകളിൽ നിന്നും തിരിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറയുന്നത് ഈ കേസിനെ ഒതുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ്. അതിനു വേണ്ടിയാണ് കേന്ദ്രനിയന്ത്രണത്തിലുള്ള സിബിഐക്ക് കേസ് വിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയെന്ന് സർക്കാർ പറയുന്നത് കോൺഗ്രസ് നേതാക്കൾക്ക് പങ്കുള്ളതു കൊണ്ടാണെന്ന് ബിജെപിയും ആരോപിക്കുന്നു. സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണു കൈകാര്യം ചെയ്യുന്നതെന്നാണ് ബിജെപി വക്താവ് ദീപക് വിജയ് വർഗിയ ആരോപിക്കുന്നത്.

സിബിഐക്ക് കേസ് വിട്ടു നൽകിയാൽ വ്യാപം കേസിന്റെ വിധിയായിരിക്കും കേസിനുണ്ടാവുകയെന്നാണ് കോൺഗ്രസ് പറയുന്നത്. ബിജെപി ഭരണകാലത്ത് നടന്ന വ്യാപം കുംഭകോണവും അതുമായി ബന്ധപ്പെട്ടുണ്ടായ തുടർ കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായി ഉച്ചത്തിൽ യുവാവിന്റെ അസഭ്യം പറച്ചിൽ. കേട്ടുനിന്ന അസി. കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. ഏതാനും മീറ്ററകലെ പൊലീസ് സംഘം ബൈക്ക് തടഞ്ഞെങ്കിലും നിർത്താതെ പോകാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ ഒടുവിൽ പൊലീസ് കുടുക്കി. ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആൻസൺ വടക്കൻ (40) ആണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ഒൻപതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂർ – ഗുരുവായൂർ പാതയിലൂടെ പുഴയ്ക്കലെത്തിയപ്പോഴാണ് സംഭവം. വാഹനവ്യൂഹത്തിനു കടന്നുപോകാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകൾ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു യുവാവ് കയർക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേൾക്കെ യുവാവ് അസഭ്യം പറഞ്ഞത്. ഇതോടെ എസിപി എത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.

ഉടൻ യുവാവ് എസിപിയുടെ കൈ തട്ടിമാറ്റിയ ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു കുതിച്ചു. പഴയ ബൈക്ക് ആയതുകൊണ്ട് താക്കോൽ ഇല്ലാതെയും സ്റ്റാർട്ട് ചെയ്യാവുന്ന അവസ്ഥയിലായിരുന്നെന്നു പൊലീസ് പറയുന്നു.

വയർലെസിലൂടെ എസിപി നിർദേശം നൽകിയതനുസരിച്ച് ശോഭ സിറ്റിക്കു സമീപത്തു വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞു. നിർത്താതെ മുന്നോട്ടു കുതിച്ച ബൈക്ക് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

സസ്പെന്‍ഷനിലായിരുന്ന ഡിജിപി ഡോ. ജേക്കബ് തോമസിന് വ്യവസായ വകുപ്പിലെ അപ്രധാന തസ്തികയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എം.ഡി ആയാണ് നിയമനം. ആദ്യമായാണ് ഐ.പി.എസ് ഉദ്യോഗസ്ഥനെ ചെറുകിട വ്യവസായ സ്ഥാപനത്തിന്‍റെ തലപ്പത്ത് കൊണ്ടുവരുന്നത്.

2017 ഡിസംബര്‍ മുതല്‍സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ഡോ.ജേക്കബ് തോമസിനെ ചെറുകിട വ്യവസായ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റെ എം.ഡിയായാണ് നിയമിച്ചിരിക്കുന്നത്. മെറ്റല്‍ ഫര്‍ണിച്ചറുകള്‍ ചെറിയകാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നസ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഐ.പി.എസ് ഉദ്യോഗസ്ഥനെ എം.ഡിയായായി നിയമിക്കുന്നത്. ഇതുവരെ വ്യവസായവകുപ്പിലെ മധ്യനിര ഉദ്യോഗസ്ഥരാണ് ഈ തസ്തികയിലിരുന്നിട്ടുള്ളത്. ദീര്‍ഘകാലമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ആകെ നാല്‍പ്പത് ജീവനക്കാരുണ്ട്.

ചെയര്‍മാന്‍സ്ഥാനത്ത് ആരും ഇല്ലാത്ത മെറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റ ഡയറക്ടര്‍ബോര്‍സില്‍ സിപിഎം പ്രാദശികനേതാക്കളെയും വെച്ചു. സര്‍വീസ് ചട്ടങ്ങള്‍ലംഘിച്ചു, സര്‍ക്കാര്‍ വിരുദ്ധപരാമര്‍ശം നടത്തി, അനുവാദമില്ലാതെ പുസ്തകം എഴുതി എന്നീ കരാണളെ അടിസ്ഥാനമാക്കിയാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍വാങ്ങിയതില്‍വിജിലന്‍സ് അന്വേഷണം നേരിടുകയുമാണ്. ബന്ധുനിയമന വിവാദം, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന വിഷയങ്ങളില്‍ സര്‍ക്കാരുമായി അഭിപ്രായവ്യത്യാസത്തിലായതോടെയാണ് ഭരണനേതൃത്വവുമായുള്ള നല്ലബന്ധം ഉലഞ്ഞത്.

സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതെങ്കിലും പൊലീസില്‍ തസ്തിക നല്‍കിയില്ലെന്ന് മാത്രമല്ല വ്യവസായ വകുപ്പിലെ ഏറ്രവും അപ്രധാന പോസ്റ്റിലേക്ക് ഒതുക്കുകയും ചെയ്തു. ഡോ.ജേക്കബ് തോമസ് പൊലീസിലെ കേഡര്‍ പോസ്റ്റുകളിലൊന്ന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീണ്ടും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയോ കോടതിയെയോ അദ്ദേഹം സമീപിക്കുമോ എന്നതാണ് ഇനി കാണേണ്ടത്.

ഭൂമി വിള്ളലിനൊപ്പം മണ്ണിരയും ചത്തൊടുങ്ങിത്തുടങ്ങിയതോടെ വയനാട്ടിൽ പ്രളയാനന്തര പ്രതിഭാസങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിൽ ഇക്കുറിയും പ്രളയത്തിനു ശേഷം മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന. മുൻ വർഷങ്ങളിൽ മഴ മാറി ആഴ്ചകൾക്ക് ശേഷമാണ് മണ്ണിരകൾ ചത്തിരുന്നതെങ്കിൽ ഇക്കുറി മഴ പൂർണമായും മാറും മുൻപ് തന്നെ മണ്ണിരകൾ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്.

മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് എംജി സർവകലാശാലയിലെ സീനിയർ റിസർച്ച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നെൽവയലുകൾ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയിൽ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയിൽ വന്നതോടെ മണ്ണിലെ ഈർപ്പം കുറഞ്ഞു. ഈർപ്പം കുറഞ്ഞ മണ്ണിൽ മണ്ണിരകൾക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളിൽ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങൾ തേടിപ്പോകും. എന്നാൽ, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുൻപു നേരം പുലരുകയും വെയിൽ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.

4 വർഷം മുൻപും കഴിഞ്ഞ 2 വർഷവും ഇതേ പ്രതിഭാസമുണ്ടായിട്ടുണ്ട്. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിന് കാരണമെന്ന് കഴിഞ്ഞ വർഷം അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണു വിണ്ടുകീറി മേൽ മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പു തേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. എന്നാൽ, ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോൾ കൊടുംചൂടിൽ ചത്തൊടുങ്ങുന്നു. കളനാശിനിയും മറ്റും അമിതമായി പ്രയോഗിച്ച സ്ഥലങ്ങളിൽ മണ്ണിരകൾ കൂട്ടമായി ചത്തൊടുങ്ങുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ചൂടുകാരണം ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ എല്ലാം വർഷവും തുടരുകയാണ് എന്നും പറയപ്പെടുന്നു. കഴിഞ്ഞ പ്രളയ ശേഷമുണ്ടായ പ്രതിഭാസങ്ങൾ തന്നെയാണ് ഇക്കുറിയും കാണുന്നത്.

Copyright © . All rights reserved