Kerala

തിരുവനന്തപുരം; കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇടനിലക്കാരില്ലാതെ യുകെയില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിന് സഹായമാകുന്നവിധത്തില്‍ യുകെ അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും.

അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഈ അവസരം എല്ലാ നഴ്സുമാരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം.

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാഷെയര്‍ ട്ര്സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയും സന്ദര്‍ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പ്രകാരം നിയമിതരായ നഴ്സുമാരുമായി ആശയവിനിമയം നടത്തി. ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെ ഒഡെപെക് മുഖേന യുകെയിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെയിൽ ഇപ്പോൾ  സന്ദര്‍ശനത്തിൽ ഉള്ളത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ തലയ്ക്ക് അടിച്ച കൊന്ന കേസിൽ പ്രതി പിടിയിൽ. കോഴഞ്ചേരി നാരങ്ങാനം സ്വദേശി ടി.പി. സത്യനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവര്‍ തമ്മില്‍ ഉടലെടുത്ത വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു.

തൃക്കൊടിത്താനം കോട്ടാശേരി പടിഞ്ഞാറെ പറമ്പിൽ പൊന്നമ്മയെ തലയ്ക്ക് അടിച്ചു കൊന്ന കേസിലാണ് സത്യനെ പൊലീസ് പിടികൂടിയത്. കഴി‍ഞ്ഞ 13നാണു മെഡിക്കൽ കോളജ് കാൻസർ വാർഡിനു സമീപത്തെ കാടുപിടിച്ച സ്ഥലത്തു നിന്ന് അഴുകിയ നിലയിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സത്യനെ പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത സത്യന്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ-

ലോട്ടറി വില്‍പ്പനക്കാരായ സത്യനും പൊന്നമ്മയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. പത്തുവര്‍ഷമായി മെഡിക്കല്‍കോളജിലാണ് സത്യന്‍റെ താമസം. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സത്യന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊന്നമ്മ ഇയാളെ ആക്രമിച്ചിരുന്നു. കാലിൽ വെട്ടിപ്പരുക്കേൽപ്പിക്കകയും തലയ്ക്ക് കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പൊന്നമ്മ അടുപ്പം കാണിക്കാതിരുന്നതോടെ സത്യന് വൈരാഗ്യമായി. എട്ടാം തിയതി രാത്രി പൊന്നമ്മയെ വിളിച്ചുവരുത്തി കാന്‍സര്‍ വാര്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഒാടുന്നതിനിടെ പൊന്നമ്മ കാടുപിടിച്ച സ്ഥലത്തേക്ക് വീണെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും അടിച്ച് മരണം ഉറപ്പാക്കി.

പൊന്നമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ വരുന്ന മാലയും ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലോട്ടറിയും 40 രൂപയും പ്രതി കൈവശപ്പെടുത്തി രക്ഷപെട്ടു. പിറ്റേന്ന് അതിരാവിലെ പ്രദേശത്ത് എത്തിയ ഇയാൾ കാർഡ്ബോർഡ് കൊണ്ടു മൃതദേഹം മറച്ചു വെച്ചു. കോഴഞ്ചേരിയിലേക്ക് പോയ പ്രതിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുിന്നു. പ്രതിയുമായി പൊലീസ് സംഘം കോഴഞ്ചേരിയിലെ ജ്വല്ലറിയിൽ എത്തി മാല വീണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും തെളിവെടുപ്പു നടത്തി.

ഭക്തിയുടേയും ആധ്യാത്മികതയുടേയും നിറവിൽ രാമായണ മാസത്തിന് ഇന്ന് തുടക്കം. ഇനി ഒരു മാസം നീളുന്ന രാമജപം. രാമായണ മന്ത്രങ്ങൾ മുഴങ്ങുന്ന മനസ്സുമായി ഒരു മാസക്കാലം പ്രാർത്ഥനാ നിരതമാകുന്ന നിമിഷങ്ങൾ. കർക്കിടകമാസം രാമായണ മാസമായി ആഘോഷിക്കുകയാണ് ഓരോ ഹൈന്ദവ കുടുംബങ്ങളും.

കാര്‍മേഘക്കീറുകള്‍ക്കുപകരം ജ്വലിക്കുന്ന സൂര്യനെ നമ്മള്‍ നേരിടേണ്ടി വരുന്നത് കാലത്തിന്റെ മാറ്റം. കഴിഞ്ഞ കര്‍ക്കടകം കൊടുപ്രളയം കൊണ്ടുന്നെങ്കില്‍ ഈ കര്‍ക്കടകം വന്‍വരള്‍ച്ചയാണോ തരാന്‍പോകുന്നതെന്ന ഭയത്തിലാണ് മലയാളികള്‍. കാലക്കേടുകളെ അതിജീവിക്കാന്‍ മലയാളികൾ ആധ്യാത്മികപാതയിൽ കൂടുതൽ കഴിയുന്ന മാസം . വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണശീലുകൾ നിറയും.

മിഥുനത്തിൽ തന്നെ കാറുംകോളും നിറഞ്ഞ ഇടവപ്പാതിക്കാലത്തായിരുന്നു കഴിഞ്ഞ കര്‍ക്കടത്തിന്റെ പിറവി. വരാന്‍ പോകുന്ന കൊടിയ ദുരന്തത്തിന്റെ സൂചനപോലെ. ആ കര്‍ക്കടകം മലയാളിയെ ജലം കൊണ്ടാണ് മുറിവേല്‍പ്പിച്ചതെങ്കില്‍ ഇക്കുറി കൊടിയ ചൂടുകൊണ്ട് മുറിവേല്‍പ്പിക്കുമോയെന്ന ആശങ്കയാണ് മുന്നില്‍.

കാറുംകോളും കെടുതികളും കൊണ്ടുവരും. അതിനെക്കാള്‍ ഭയനകമാകും മഴയില്ലായ്മയുടെ ദുരിതം. ചിലത് സ്വയം നേരിടാം . മറ്റുചിലതിന് കാലത്തിന്റെ പിന്തുണകൂടി വേണ്ടിവരും. കാലക്കേട് തീർക്കാൻ പ്രാർഥനതന്നെ ശരണം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആധികളെ ശമിപ്പിക്കുന്നു.

ബോധവാതായനപ്പഴുതിലൂടെ പാറിവരുന്ന ശാരികപ്പൈതൽ വാഴ്വിന്റെ വാക്കാകുന്നു, ആത്മശക്തിയാകുന്നു പത്തിലത്തോരനിൽ പട്ടിണിമാറ്റാനുള്ള ശ്രമം കർക്കടകത്തിന്റെ ശീലവും ശൈലിയുമായി. മലയാളിയുടെ ആയുർവേദകാലം കൂടിയായി കർക്കകം മാറിയത് അങ്ങനെയാണ്. പെയ്യട്ടെ മഴ എന്ന് ആശിക്കാം. എങ്കിലേ കുളിച്ച് കോടിയുടുത്ത് വരുന്ന പൊന്നുംചിങ്ങപ്പുലരിയില്‍ മലയാളിക്ക് മനസ്സുനിറയെ ചിരിക്കാനാകൂ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
ക്യാംപുകള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോരിറ്റി

  • ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ട് ദിവസം റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ജൂലൈ 18, 19. 20 തീയതികളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 വ്യാഴാഴ്ച ഇടുക്കി മലപ്പുറം ജില്ലകളിലും ജൂലൈ 19 വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ഇരുപതിന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഈ ജില്ലകളിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം.

കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ആവശ്യമായ ക്യാംപുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്. ഈ ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജൂലൈ 17 ബുധനാഴ്ച ഇടുക്കിയിലും ജൂലൈ 18 വ്യാഴാഴ്ച കോട്ടയത്തും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഇരുപതിന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഇവിടെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോള്‍ റൂമുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ പ്രളയസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരും സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വില പിടിപ്പുള്ളതും പ്രധാനപ്പെട്ടതുമായ രേഖകള്‍ ഉള്‍പ്പെടുന്ന എമര്‍ജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും മാറി താമസിക്കേണ്ടി വരുന്ന പക്ഷം അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റാൻ തയ്യാറാകണമെന്നും ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. ഇതു കൂടാതെ അവശ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടുത്തി കിറ്റ് തയ്യാറാക്കി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും വിനോദയാത്രകള്‍ ഒഴിവാക്കണം. രാത്രിസമയത്ത് മലയോരമേഖലകളിലേയ്ക്കുള്ള യാത്രയും ഒഴിവാക്കേണ്ടതുണ്ട്.

ദുരന്ത നിവാരണ അതോരിറ്റിയുടെ ഫേസ്ബുക്ക് പേജിൽ വിശദമായ മുന്നറിയിപ്പുകള്‍ ലഭ്യമാണ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.

ജൂലൈ 18, 19, 20 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ!

ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ജൂലൈ 17 ന് ഇടുക്കി, ജൂലൈ 18 ന് കോട്ടയം ജൂലൈ 19 ന് എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും ജൂലൈ 20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ച ജില്ലകൾ

ജൂലൈ 16 – ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂലൈ 17 – കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
ജൂലൈ 18 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂലൈ 19 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർഗോഡ്
ജൂലൈ 20 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-cont…/uploads/…/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/…/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

– ടോര്ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
– അത്യാവശ്യം കുറച്ച് പണം, ATM

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ

– ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
– മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
– ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
– തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
– ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
– ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
– പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
– വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
– വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
– വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
– വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
– താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
– രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
– ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.

 മഞ്ഞ, ഓറഞ്ച്, റെഡ് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ‘കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ’ കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെhttp://sdma.kerala.gov.in/…/uploads/2019/05/monsoon-prepaed… എന്ന ലിങ്കിൽ ലഭ്യമാണ്. മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഒന്നരവർഷം മുമ്പ് എറണാകുളത്തെ കുമ്പളത്ത് ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കോൺക്രീറ്റ് കഷണത്തോടു സാദൃശ്യമുള്ള കോൺക്രീറ്റ് തൂൺ കുമ്പളത്തുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും കുമ്പളത്തെ ദുരൂഹ മരണം വാർത്തകളിൽ നിറയുന്നത്.
മസ്ജിദ് റോഡിന് കിഴക്കു ഭാഗത്തെ ഒഴിഞ്ഞ പറമ്പിനോടു ചേർന്ന കായലോരത്തുള്ള തൂണിന്റെ പൊട്ടിയ ഭാഗത്തിനാണു ചാക്കിൽ കണ്ടെത്തിയ കഷണത്തോടു സാദൃശ്യമുള്ളതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ച മസ്ജിദ് റോഡിനു കിഴക്കുഭാഗത്തുള്ള തൂണിന് 25 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

അതേസമയം മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോൺക്രീറ്റ് കഷണം അധികം പഴക്കമില്ലാത്തതാണെന്നും പൊലീസ് പറയുന്നു. കൊലപാതകക്കേസിൽ ഇത്തരം ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഫോറൻസിക് പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം. ഇതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു.

നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്ന് ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ സംഭവവുമായി നേരത്തെ നടന്ന കൊലപാതകത്തിനു സമാനതകളുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിനു തുമ്പു കണ്ടെത്താൻ കഴിയാതിരുന്നതോടെ അന്വേഷണം ഏതാണ്ട് മരവിച്ച അവസ്ഥയിലായിരുന്നു.

Image result for dead body in kochi

എന്നാൽ സംഭവത്തിൽ മയക്കു മരുന്നു സംഘങ്ങളുടെ ഇടപെടൽ സംശയിച്ചതോടെ ലഹരി കേസുകളിലെ പ്രതികളിലേയ്ക്ക് അന്വേഷണം നീട്ടുന്നതിനാണ് പൊലീസ് തീരുമാനം. യുവാവിന്റെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് കണ്ടെത്താ‍ൻ പൊലീസിനു സാധിച്ചിട്ടില്ല. നേരത്തെ മയക്കുമരുന്നു സംഘത്തിന്റെ താവളമായിരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്.
യുവാവ് കൊല്ലപ്പെട്ട് ഒന്നര വർഷമായിട്ടും യാതൊരു അന്വേഷണമോ കാണാതായതുമായി ബന്ധപ്പെട്ട കേസുകളൊ റിപ്പോർട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇതരസംസ്ഥാനത്തു നിന്നുള്ള ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പ്രദേശത്തുള്ള മൊബൈൽ ടവറുകളിൽ നിന്നുള്ള നമ്പരുകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2017 നവംബർ എട്ടിനാണ് ഇവിടെ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി മുഖത്ത് ടേപ്പ് ഒട്ടിച്ച് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
26 വയസ് മുതൽ 30 വയസ് വരെയുള്ളയാളാണ് മരിച്ചത് എന്നാണ് അന്ന് ഫൊറൻസിക് വിദഗ്ധർ വിലയിരുത്തിയത്. മൃതദേഹം ഒഴുകി വന്നതാകാമെന്ന സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മൃതദേഹം വള്ളത്തിൽ കൊണ്ടുവന്ന് ഇവിടെ കെട്ടിത്താഴ്ത്തിയതാകാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തൽ. 30 പൊലീസുകാർ ഉൾപ്പെടുന്ന ഏഴു സംഘങ്ങൾ ഇതിനകം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

പോക്‌സോ കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം റിയാദിലെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും കൊല്ലം ഓച്ചിറ സ്വദേശിയുമായ സുനില്‍കുമാര്‍ ഭദ്രനെ(38)യാണ് മെറിന്‍ ജോസഫും സംഘവും റിയാദിലെത്തി അറസ്റ്റ് ചെയ്തത്. സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 2010ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തിലാണ് ഇത്തരത്തിലൊരു കരാറുണ്ടാക്കിയത്. നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഇന്ത്യയുടെ ആവശ്യപ്രകാരം മൂന്നാഴ്ച മുമ്പ് തന്നെ സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് സൗദി ഇന്റര്‍പോള്‍ ഇയാളെ കൊല്ലം പോലീസ് കമ്മിഷണറായ മെറിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘത്തിന് കൈമാറും.

കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എം അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ് എന്നിവരാണ് സംഘത്തിലുള്ളത്. റിയാദില്‍ പ്രവാസിയായ സുനില്‍കുമാര്‍ 2017ല്‍ നാട്ടിലെത്തിയപ്പോഴാണ് 13കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വ്യക്തമായി. ഇതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. കൊല്ലം കരിക്കോട്ടുള്ള മഹിളാ മന്ദിരത്തിലേക്ക് കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും അവിടെ വച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

കേസില്‍ അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങി. റിയാദില്‍ കഴിയുന്ന സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ സ്വാഭാവിക നടപടിക്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും ഒന്നര വര്‍ഷമായിട്ടും ഇതൊന്നും ഫലം കാണുന്നുണ്ടായിരുന്നില്ല. ഇതോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും സൗദി ഇന്റര്‍പോള്‍ പ്രതിയെ പിടികൂടി വിവരം സിബിഐയ്ക്ക് കൈമാറി. പരമാവധി 45 ദിവസമാണ് സൗദി പോലീസിന് പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാകുക. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പോലീസ് പ്രതിയുമായി കേരളത്തിലെത്തും.

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഹർജി നൽകിയയാളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തൃശൂർ ഊരകം സ്വദേശി ഗോപിനാഥനാണ് ദേവസ്വം ബെഞ്ചിൽ ഹർജി നൽകിയത് .

ഹരിവരാസനം മാറ്റി പാടിക്കണോയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. ശബരിമലയിൽ യേശുദാസിന്റെ സ്വരത്തിലല്ലേ ഹരിവരാസനം പാടുന്നത്? ഇത് മാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കണമെന്ന് പറയുമോയെന്ന് -കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധമുള്ള വാവരസ്വാമി അഹിന്ദുവാണെന്നും കോടതി പറഞ്ഞു. ശബരിമല മതേതര സ്വഭാവമുള്ള ക്ഷേത്രമാണെന്നും ഇത്തരമൊരു ഹർജിയുമായി മുന്നോട്ടുപോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന പ്രതി അറസ്റ്റില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം(55) ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധി നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പണവും സ്വര്‍ണ്ണവും കൈക്കലാക്കാനായിരുന്നു പൊന്നമ്മയെ സത്യന്‍ കൊന്നത്. മൂന്ന് ദിവസം മുന്‍പാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സിടി സ്‌കാന്‍ സെന്ററിനോടടുത്തുള്ള കുറ്റിക്കാട്ടിനുള്ളിലാണ് ശനിയാഴ്ച പകല്‍ ഒരുമണിയോടെയാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടെടുത്തത്. ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോള്‍ അഴുകിയ മൃതദേഹം ചതപ്പിലേക്ക് പതിച്ചു. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലീസിനെ വിവരമറിയിച്ച് അന്വേഷണം നടത്തുകകയായിരുന്നു

മൃതദേഹം ദ്രവിച്ച് പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മരിച്ചത് പൊന്നമ്മയാണെന്ന് സ്ഥിരീകരിച്ചത്. കല്ലോ ഭാരമേറിയ വസ്തുവോ മൂലം തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പൊന്നമ്മ. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് തൃക്കൊടിത്താനത്തെ മകളുടെ വീട്ടിലേക്ക് ഇവര്‍ പോയിരുന്നത്.നാല്‍പ്പതിനായിരും രൂപയും പത്ത് പവനും പൊന്നമ്മയുടെ പക്കലുണ്ടായിരുന്നെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ദോഹയിൽ നിന്നു മുംബൈയിലേക്കുള്ള വിമാനത്തിൽ പുകവലിച്ച 23–കാരനായ മലയാളിയെ അറസ്റ്റ് ചെയ്തു. ദോഹയിൽ ഡ്രൈവറായ കൊല്ലം സ്വദേശി ജെറോം ജെസ്സിയെയാണ് മുംബൈയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

തിരുവനന്തപുരത്തേക്കു പോകാൻ ഇയാൾ മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. ദോഹയിൽ നിന്നു മുംബൈയിലേയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറിയ ജെറോം രാത്രി 2.30നും മൂന്നിനും ഇടയ്ക്ക് ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ചതോടെ, കോക്പിറ്റിൽ ഫയർ അലാം മുഴങ്ങി.

പുകവലിച്ചെന്ന വാദം ജെറോം നിഷേധിച്ചെങ്കിലും ശുചിമുറിയിൽ പുക നിറഞ്ഞിരുന്നതായി വിമാന കമ്പനി അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 15,000 രൂപ ഉറപ്പിലാണ് ജാമ്യം നൽകിയത്. 3 മാസം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ജെറോം ദോഹ വിമാനത്താവളത്തിൽ നിന്നാണ് ലൈറ്റർ വാങ്ങിയതെന്നും ബാഗിൽ സിഗരറ്റ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.

ന്യൂഡല്‍ഹി: അഭയ കൊലക്കേസില്‍ പ്രതിപട്ടികയിലുള്ള സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും വിചാരണ നേരിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഇരുവരും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ഇരുവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അഭയ കേസിൽ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി. പത്താം പ്രതിയാണ് തോമസ് കോട്ടൂർ.

അഭയ കേസിലെ പ്രതിപട്ടികയിലുള്ള ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നാണ് നേരത്തെ ഹെെക്കോടതി ഉത്തരവിട്ടത്. ഹെെക്കോടതി ഉത്തരവ് ഇന്ന് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ, രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തൻപുരയ്ക്കല്‍ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൈക്കിളിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി.

സിസ്​റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്​തനാക്കി.

ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയത് ശരി വെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചിരുന്നു. പുതൃക്കയിലിന്റെ കാര്യത്തിൽ സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണന്ന് ജോമോൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസിൽ വാദം നടന്നപ്പോൾ പുതൃക്കയിലിനെ എതിർക്കാതിരുന്ന സിബിഐ, കേസ് വിധി പറയാൻ മാറ്റിയ ശേഷമാണ് വിചാരണക്കോടതി വിധിക്കെതിരെ ഹർജി നൽകിയതെന്ന് ജോമോൻ കുറ്റപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved