കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിലെ പുക പടർന്നതിൽ അടിയന്തര മെഡിക്കൽ യോഗം നടക്കും. രാവിലെ പത്ത് മണിയോടെയാകും യോഗം നടക്കുക. ആശുപത്രിയിൽ സാങ്കേതിക വിദഗ്ധരുടെ പരിശോധനയും രാവിലെ നടക്കും. മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിഭാഗത്തിൽ ഉണ്ടായിരുന്ന 14 ഓപ്പറേഷൻ യൂണിറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ പകരം സംവിധാനം ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. അപകടം ഉണ്ടായ ബ്ലോക്കിൽ ഉണ്ടായിരുന്ന രോഗികളെ പൂർണമായും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ ഉണ്ടായ അഞ്ച് പേരുടെയും മരണത്തിൽ അസ്വഭാവിക മരണത്തിന് ബന്ധുക്കൾ പരാതി നൽകി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പുക ഉയർന്നതിന് പിന്നാലെ രോഗികൾ മരിച്ചതിൽ ഔദ്യോഗിക വിശദീകരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സജീത്ത് കുമാർ രംഗത്തെത്തി. പുക ഉയർന്നതിൻ്റെ ഭാഗമായി രോഗികൾ മരിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജിൽ നാല് രോഗികൾ മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച നാല് രോഗികളും നേരത്തെ ഗുരുതര അവസ്ഥയിൽ ആയിരുന്നു. അതിൽ രണ്ടുപേർ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇവർ ക്യാൻസർ ബാധിതർ ആയിരുന്നുവെന്നും മറ്റൊരാൾ ലിവർ പേഷ്യൻ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് താമരശ്ശേരിയിലും കിഴക്കന്‍ മലയോരമേഖലയിലും ഇടിമിന്നലോടുകൂടിയുള്ള മഴ തുടരുകയാണ്. അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
വൈകിട്ട് നാലുമണി മുതല്‍ തിരുവനന്തപുരത്ത് പെയ്ത മഴ മണിക്കൂറിലധികം സമയം തുടര്‍ന്നു. വൈകീട്ട് ആറരയോടെ നഗരത്തില്‍ മഴയ്ക്ക് നേരിയതോതില്‍ ശമനമുണ്ട്. വെള്ളായണിയില്‍ ഒന്നര മണിക്കൂറില്‍ പെയ്തത് 77 മില്ലീമീറ്റര്‍ മഴയാണ്.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിനിടെ ഇന്ത്യ മുന്നണിയേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ഇന്ത്യ മുന്നണിക്കെതിരേ മോശമായി സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതിനെതിരേ കെ.സി. വേണുഗോപാല്‍ എം.പി രംഗത്തെത്തി. ഇന്ത്യ മുന്നണിയുടെ നെടുംതൂണാണ് മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ആ നെടുംതൂണ്‍ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചില്ലല്ലോ എന്ന് വേണുഗോപാല്‍ പരിഹസിച്ചു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാള്‍ട്ട്‌സ് രാജി വയ്ക്കുന്നു. വാര്‍ട്ട്‌സ് സ്ഥാനമൊഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുണൈറ്റഡ് നാഷനില്‍ അമേരിക്കയുടെ അംബാസിഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ ആയിരിക്കും അമേരിക്കയുടെ അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക നടപടികള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വാര്‍ട്ട്‌സ് രാജിവച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാള്‍ട്ട്‌സ്.
യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികളുടെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന് ലഭിച്ചത് വലിയ വിവാദമായിരുന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെച്ചേര്‍ത്ത് ‘സിഗ്നല്‍’ ആപ്പില്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ ‘അറ്റ്‌ലാന്റിക്’ വാരികയുടെ പത്രാധിപരും ഉള്‍പ്പെട്ടതായിരുന്നു വിവാദം.ഇത് വലിയ കോളിളക്കം സൃഷ്ടിച്ചതോടെ ഫോക്സ്ന്യൂസിലെ അഭിമുഖത്തില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി വാള്‍ട്സ് പറഞ്ഞു. രഹസ്യവിവരങ്ങളൊന്നും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് തുടങ്ങിയവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ‘അറ്റ്‌ലാന്റിക്’ പത്രാധിപര്‍ ജെഫ്രി ഗോള്‍ഡ്ബെര്‍ഗ് ഉണ്ടായിരുന്നത്. ഗോള്‍ഡ്ബെര്‍ഗ് വെളിപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറത്തായത്. വാള്‍ട്സ് ആണ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ക്കൂടി ലഭിച്ച വിവരങ്ങള്‍ ‘അറ്റ്‌ലാന്റിക്’പ്രസിദ്ധീകരിച്ചു.
പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
ഇന്ന് രാവിലെ 9.45ന് പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് വിഴിഞ്ഞത്തേക്ക് തിരിക്കും. 10.15ന് വ്യോമസേനാ ഹെലികോപ്ടറിൽ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. ഇതിനുശേഷം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പെഹൽഗാം ആക്രമണ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.
കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും.
രാവിലെ ഏഴ് മുതൽ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹവ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാർക്കിംഗിനടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിന്‍റെ വിശദാംശങ്ങൾ
10:30ന് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും
25 മിനിട്ട് പദ്ധതി പ്രദേശത്ത് സന്ദർശനം
11 മണിക്ക് പ്രധാനമന്ത്രി വേദിയിലെത്തും
പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്യും
11:02 – 11:05 തുറമുഖം മന്ത്രി വി എൻ വാസവന്‍റെ സ്വാഗത പ്രസംഗം
11:05 -11:10 മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം
11:10 – 11:15 തുറമുഖം രാജ്യത്തിനു സമർപ്പിക്കും
11:15 – 12:00 പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
12: 00 -പ്രധാനമന്ത്രിയുടെ മടക്കം
വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണപ്പെട്ടത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു.
പൊലീസ് റിപ്പോർട്ട് പ്രകാരം, അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. തുടർന്നാണ് ഫർവാനിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയത്. പൊലീസ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആദ്യത്തേത് കഴുത്തറത്ത നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയുടേതാണ്, അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാത്രിയിൽ ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെയും, സ്ത്രീ നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടതായി അയൽക്കാർ മൊഴി നൽകി. എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ അവർക്ക് ഇടപെടാൻ സാധിച്ചില്ലെന്നും പൊലീസിനോട് അവര്‍ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് മൃതദേഹങ്ങളും പരിശോധിച്ച ശേഷം, അപകടസ്ഥലത്ത് വിരലടയാളം എടുക്കാനും രണ്ട് മൃതദേഹങ്ങളും ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം.
ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ ആദ്യമായി ഒരു നൃത്തസംഗീത നിശ ഒരുങ്ങുന്നു. യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും മ്യൂസിക് ബാൻഡ് അംഗങ്ങളുമായ ശ്രീ രഞ്ജിത്ത് ഗണേഷ് ( Liverpool) , ശ്രീ റോയ് മാത്യു (Manchester), ശ്രീ.ഷിബു പോൾ ( Manchester), ശ്രീ.ജിനിഷ് സുകുമാരൻ ( Manchester ) എന്നിവരാണ് ഈ വരുന്ന മെയ് 31 – ന് നടക്കുന്ന കലാ സന്ധ്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
നോർത്ത് വെസ്റ്റിലെയും അതുപോലെതന്നെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ലിവർപൂളിലെ കാർഡിനൻ ഹീനൻ സ്കൂളിലെ വമ്പൻ സ്റ്റേജിലായിരിക്കും തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുക.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സിനിമാ താരം ശ്രീ. ഡിസ്നി ജെയിംസ് മുഖ്യാഥിതിയായെത്തുന്ന വേദിയിൽ യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും. ഈ കലാമാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.
പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ആദ്യം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സംശയത്തെ തുടര്‍ന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
പ്രമുഖ സിനിമ സീരിയൽ നടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കേസിൽ ഒരു യുവാവിനെ ഇൻഫോപാർക്ക് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കരുമാലൂർ സ്വദേശി ശരത്ത് ഗോപാലിനെയാണ് ഇൻഫോപാർക്ക് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച്, പറവൂർ സ്വകാര്യ കോളേജിൽ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോകൾ ശേഖരിക്കുകയും അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് മോർഫ് ചെയ്യുകയും ആ മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഫോട്ടോകൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച ഒരു മൊബൈൽ ഫോൺ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
അപ്പച്ചൻ കണ്ണഞ്ചിറ
വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന പ്രഘോഷണങ്ങളും, ധ്യാനങ്ങളും, ശുശ്രുഷകളും നയിക്കുന്ന വിൻസൻഷ്യൽ സഭാ സമൂഹത്തിലെ അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചാംകുടിയിൽ വീ സി, ഫാ. ഡെന്നി മണ്ഡപത്തിൽ വീ സി എന്നീ വൈദികരാവും ആന്തരിക സൗഖ്യധ്യാനം പന്തസാഫിൽ നയിക്കുക.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ലോകമെമ്പാടും തിരുവചനം പ്രഘോഷിക്കുകയും, ദൈവീക സാന്നിദ്ധ്യവും കൃപകളും തന്റെ ശുശ്രുഷകളിലൂടെ പകരുവാൻ കഴിഞ്ഞിട്ടുമുള്ള അഭിഷിക്ത ധ്യാന ശുശ്രുഷകൻ ബ്രദർ ജെയിംസ്‌കുട്ടി ചമ്പക്കുളം പന്തസാഫിലെ ആന്തരിക സൗഖ്യധ്യാനത്തിൽ അനുഭവ സാക്ഷ്യങ്ങളും തിരുവചനങ്ങളും പങ്കുവെക്കുന്നതാണ്.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3) ———-
തിരുവചന ശുശ്രുഷകളിലൂടെയും, ധ്യാനാത്മക ചിന്തകളിലൂടെയും, വിശുദ്ധ കൂദാശകളിലൂടെയും, കൗൺസിലിംഗിലൂടെയും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നയിക്കുന്ന ധ്യാനം യേശുക്രിസ്തുവിന്റെ കരുണയും സ്നേഹവും ആഴത്തിൽ അനുഭവിക്കുന്നതിനും, ആന്തരീക രോഗശാന്തിക്കും, ആത്മീയമായ നവീകരണത്തിനും, ആദ്ധ്യാത്മിക പോഷണത്തിനും അനുഗ്രഹദായകമാവും. വിശുദ്ധ കുർബാന, ആരാധന, രോഗശാന്തി ശുശ്രുഷകൾ, ശക്തമായ തിരുവചന പ്രസംഗങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ദിവസേന ഉണ്ടായിരിക്കും. വ്യക്തിപരമായ പ്രാർത്ഥനകൾ, കൗൺസിലിംഗ്, കുമ്പസാരം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

1852-ൽ സ്ഥാപിതമായതും ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ആസ്ഥാനവുമായിരുന്ന പന്തസാഫ് ഫ്രാൻസിസ്കൻ ഫ്രിയറി 2022 ൽ വിൻസെൻഷ്യൻ സഭ ഏറ്റെടുക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ഫ്രിയറി, സെന്റ് ഡേവിഡ്സ് പള്ളി. ഫ്രാൻസിസ്കൻ റിട്രീറ്റ് സെന്റർ, പാദ്രെ പിയോ ദേവാലയം, കാൽവരി ഹിൽ, റോസറി വേ എന്നിവ ഇപ്പോൾ പന്തസാഫിലെ വിൻസെൻഷ്യൻ റിട്രീറ്റ് സെന്ററിന്റെ കീഴിൽ പൂർണ്ണമായും, സജീവവുമായും പ്രവർത്തിച്ചു വരുന്നു. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഹോളിവെല്ലിൽ നിന്ന് 3 മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിൻസൻഷ്യൻ ധ്യാന കേന്ദ്രം, തീർത്ഥാടനത്തിനായി തുറന്നു കൊടുത്തിരിക്കുന്ന കാൽവരി ഹിൽ, റോസറി വേ, പാദ്രെ പിയോ ദേവാലയം എന്നിവ നൂറു കണക്കിന് തീർത്ഥാടകരാണ് നിത്യേന സന്ദർശിക്കുകയും, പ്രാർത്ഥിച്ചു പോവുന്നതും.

ആത്മീയ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന പന്തസാഫിലെ ഫ്രാൻസിസ്കൻ ഫ്രയറിയിലെ ശാന്തവും, മനോഹരവും, ചരിത്ര പ്രശസ്തവുമായ വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ത്രിദിന ധ്യാനം മെയ് മാസം 23, 24, 25 തീയതികളിലാവും നടത്തപ്പെടുക. മെയ് 23 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ധ്യാനം 25 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിലൂടെ രോഗശാന്തി സ്പർശം അനുഭവിക്കാനും, കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ധ്യാന ശുശ്രുഷകളിലേക്കു ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനത്തിൽ പങ്കുചേരുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമായി പതിവ്പോലെ £75 മാത്രമാണ് റജിസ്‌ട്രേഷൻ ഫീസായി എടുക്കുന്നത്. സ്ഥല പരിമിതി കാരണം ആദ്യം രെജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് മാത്രമേ അവസരം ഉള്ളുവെന്നതിനാൽ നേരത്തെ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07417494277 / FANTASAPH @DIVINEUK.ORG
ഓൺലൈൻ റജിസ്‌ട്രേഷൻ:
WWW.DIVINEUK.ORG