നോട്ടിങ്ഹാം സാമ്രാജ്യം… ദേവന്മാർക്കും അസുരന്മാർക്കും പിടിച്ചടക്കുവാൻ സാധിക്കാത്ത ഒരേയൊരു ഭൂപ്രദേശം. കലയുടെ ശക്തിയിലൂടെ മാത്രമേ അവരെ കീഴടക്കാൻ കഴിയൂ എന്ന ബ്രഹ്മാവിന്റെ വരം ലഭിച്ച മനുഷ്യജന്മങ്ങൾ ഇവിടെ വാഴുന്നു. വാളും വജ്രായുധവും ഇവിടെ നിഷ്ഫലമാണ്; ചിന്തയും സൃഷ്ടിയും മാത്രമാണ് യഥാർത്ഥ ആയുധങ്ങൾ. അതുകൊണ്ടുതന്നെ, അവരെ പരാജയപ്പെടുത്താൻ യോഗ്യരാർ എന്നത് നിർണ്ണയിക്കപ്പെടേണ്ട ഒരു മഹത്തായ പരീക്ഷണമായി മാറിയിരിക്കുന്നു. ദേവന്മാരും അസുരന്മാരും ഒരുപോലെ അരങ്ങിന്റെ സായാഹ്നത്തിൽ ഒത്തുചേരുന്നു—വിജയം നേടാൻ, ശക്തിയാൽ അല്ല, സൃഷ്ടിപരതയാൽ.
അരങ്ങ് തെളിയുന്നു, ദീപങ്ങളുടെ പ്രകാശം നിഴലുകളുമായി കളിക്കുമ്പോൾ, ഓരോ ആത്മാവും തങ്ങളുടെ കലാപാടവം തെളിയിക്കാൻ തയ്യാറാകുന്നു. സംഗീതം, നൃത്തം, ചിത്രകല, വാചകശക്തി—എല്ലാം ഒരുമിച്ച് ഒരു യുദ്ധമായി മാറുന്നു. ആരുടെ സൃഷ്ടിയാണ് ഹൃദയങ്ങളെ കീഴടക്കുന്നത്, ആരുടെ ചിന്തയാണ് സത്യത്തെ തെളിയിക്കുന്നത്, അവർ തന്നെയാണ് വിജയികൾ. ഈ പോരാട്ടത്തിൽ രക്തമില്ല, പക്ഷേ ആത്മാവിന്റെ ആഴങ്ങൾ വെളിവാകുന്നു. ഇന്നത്തെ സായാഹ്നം, ഒരു സാമ്രാജ്യത്തിന്റെ വിധി മാത്രമല്ല, കലയുടെ യഥാർത്ഥ അർത്ഥം തന്നെ നിർവ്വചിക്കപ്പെടുന്ന നിമിഷമായിരിക്കും.

മനോജ് ജോസഫ്
ലിവർപൂൾ: പ്രവാസലോകത്തെ മലയാളി കൂട്ടായ്മയുടെ കരുത്തുവിളിച്ചോതി ലിവർപൂളിൽ വർണ്ണാഭമായ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ ഒരുങ്ങുന്നു. ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ലിവർപൂളിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കുചേരും.
നാടിന്റെ തനിമ ചോരാതെ ഒരുക്കുന്ന ഈ സംഗമത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ്’ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോയാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. ഒപ്പം ലിവർപൂളിലെ പ്രശസ്ത നൃത്തസംഘങ്ങൾ അവതരിപ്പിക്കുന്ന ചടുലമായ നൃത്തപ്രകടനങ്ങളും അരങ്ങേറും.
ആഘോഷങ്ങളുടെ ഭാഗമായി 10 വയസ്സുവരെയുള്ള കുട്ടികൾക്കായി ‘രാധാ-കൃഷ്ണ’ വേഷപ്പകർച്ച മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസും നൽകും. മത്സരത്തിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
പങ്കെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കുമായി വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിൽ ഈസ്റ്റർ-വിഷു-ഈദ് സ്പെഷ്യൽ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് നിരക്കിൽ തന്നെ ഭക്ഷണവും ഉൾപ്പെടുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.
നാടിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഈ ഒത്തുചേരലിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം കൃത്യം 5 മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

കോഴിക്കോട്: മെക്സിക്കൻ കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. നോർവീജിയൻ ക്രൂയിസ് ലൈൻ ഉടമസ്ഥതയിലുള്ള എൻസിഎൽ വിവ കപ്പലിലെ ജീവനക്കാരനായ വിൻഷാർ (38) ആണ് കാണാതായത്. മെക്സിക്കൻ തുറമുഖത്ത് നിന്ന് അമേരിക്കയിലേക്ക് യാത്രതിരിക്കുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു വിവരം അറിയിക്കുകയായിരുന്നു.
ഒൻപതാം തീയതി പുലർച്ചെയോടെ വിൻഷാറിനെ കാണാതായതായി കണ്ടെത്തിയതിനെ തുടർന്ന് കപ്പലിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കപ്പൽ യാത്ര തുടരുകയും മെക്സിക്കൻ നാവികസേനയുടെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കുടുംബത്തിന് അറിയിച്ചിട്ടുണ്ട്. 15 വർഷത്തോളമായി വിദേശത്ത് ജോലി ചെയ്യുന്ന വിൻഷാർ നാല് മാസം മുൻപാണ് ഈ കപ്പലിലേക്ക് മാറിയത്.
സംഭവത്തിൽ സംസ്ഥാന തലത്തിൽ ഇടപെടൽ ആരംഭിച്ചിരിക്കുകയാണ്. മന്ത്രി എ. കെ. ശശീന്ദ്രൻ, എംപി എം. കെ. രാഘവൻ എന്നിവരെയും നോർക്ക അധികൃതരെയും വിവരം അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. എലത്തൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബം വിൻഷാറിന്റെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.
യുകെയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലയിൽ പഠിച്ചിരുന്ന മുംബൈ സ്വദേശിയായ മഹേഷ് രമേഷ് ഖണ്ഡാഗ്‌ലെ (23)യും ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല സായ് റെഡ്ഡി മല്ലിറെഡ്ഡി (24)യുമാണ് മരണപ്പെട്ടത്. ഇരുവരുടെയും മരണം യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
മഹേഷ് രമേഷ് ഖണ്ഡാഗ്‌ലെ സുഹൃത്തുക്കളോടൊപ്പം വെയിൽസിലെ ബ്രെക്കൺ ബീക്കണുകൾ പ്രദേശത്ത് ഹൈക്കിംഗിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഫോർ വാട്ടർഫാൾസ് വാക്കിന് സമീപം പുതിയ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വെള്ളത്തിലിറങ്ങിയ മഹേഷ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിന്റെ ആഴം പരിശോധിക്കാൻ ഇറങ്ങിയതായാണ് വിവരം. തിരച്ചിൽ സംഘം പിന്നീട് മൃതദേഹം കണ്ടെത്തി. മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന വിധവയായ അമ്മയുടെ ഏക ആശ്രയമായിരുന്ന മഹേഷിന്റെ മരണത്തിൻ്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും .
ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല സായ് റെഡ്ഡിയുടെ മൃദദേഹം ഔസേയിൽ നദിയിൽ നിന്നാണ് കണ്ടെത്തിയത്. കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അഗ്നിശമനസേന അദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമരണമടയുകയായിരുന്നു . ലീല സായ് റെഡ്ഡിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കുടുംബങ്ങൾക്ക് സഹായം നൽകാനും ഇന്ത്യൻ വിദ്യാർത്ഥി സംഘടനകൾ രംഗത്തുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജിലും , ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യുകെയിലേക്ക് കുടിയേറിയ പൂർവ്വ വിദ്യാർഥികളുടെ യു കെ സംഗമം സംഘടിപ്പിക്കുന്നു , മെയ് 2 ശനിയാഴ്ച ബെഡ്ഫോർഡിൽ വച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനും എസ് ബി അസംപ്‌ഷൻ കോളേജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും ,യു കെ യുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ്വ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു .
മെയ് മാസം രണ്ടാം തീയതി മൂന്നു മണി മുതൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . എസ് ബി , അസംപ്‌ഷൻ കോളേജുകളിലെ പൂർവ്വ വിദ്യാർഥികളായിരുന്ന യു കെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ , ബാച്ച് ,പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക , പങ്കെക്കുവാൻ സാധിക്കുന്നവർ താഴെയുള്ള ഗൂഗിൾ ഫോമിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഹൂസ്റ്റൺ: ആർട്ടിമിസ് II ദൗത്യത്തിലെ നാലംഗ സംഘം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൻ എന്നിവരാണ് യാത്ര പൂർത്തിയാക്കിയത്. ‘ഇന്റഗ്രിറ്റി’ എന്ന പേരിലുള്ള ഒറിയോൺ പേടകം സ്വയം നിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ വെള്ളിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി.
മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം 2,800 ഡിഗ്രി സെൽഷ്യസ് വരെ കഠിന ചൂട് നേരിട്ടു. ശക്തമായ താപ കവചം യാത്രികരെ സംരക്ഷിച്ചു. അന്തരീക്ഷ പ്രവേശനത്തിനിടെ പ്ലാസ്മ പാളി രൂപപ്പെട്ടതോടെ കുറച്ച് സമയം ആശയവിനിമയം തടസ്സപ്പെട്ടു. തുടർന്ന് പാരഷൂട്ടുകൾ വിടർത്തി വേഗത കുറച്ച് പേടകം സമുദ്രത്തിൽ പതിച്ചു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സംഘത്തെ സുരക്ഷിതമായി കരയിൽ എത്തിച്ചു.
ചന്ദ്രനിൽ ഇറങ്ങാതിരുന്നെങ്കിലും, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ഈ സംഘം സ്വന്തമാക്കി. ചന്ദ്രന്റെ മറുവശ കാഴ്ചകളും ബഹിരാകാശത്തിൽ നിന്നുള്ള പൂർണ്ണ സൂര്യഗ്രഹണവും ഇവർ നിരീക്ഷിച്ചു. ഏപ്രിൽ ഒന്നിന് വിക്ഷേപിച്ച ഈ ദൗത്യം, ഭാവിയിൽ മനുഷ്യരെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള പ്രധാന ഘട്ടമാണെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുതര വിവാദം പൊട്ടിപ്പുറപ്പെട്ടു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നുവെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വിവാഹത്തിനായി പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ കണ്ടെത്തിയ രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടിയുടെ ജനനം.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയായതായി തെളിയിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ് പൊലീസ് ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ കേസ് എടുത്തിട്ടുണ്ട്. വിഷയത്തിൽ കേരളയും മധ്യപ്രദേശും സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾ ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്ന സിപിഎം നേതാക്കൾ ഇപ്പോൾ വിവാദത്തിൽപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എംപി എ എ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് “യഥാർത്ഥ കേരള കഥ” എന്ന് വിശേഷിപ്പിച്ച വിവാഹം പോക്സോ കേസായതോടെ നേതാക്കൾ മൗനം പാലിക്കുകയാണ്. വിവാഹ സമയത്ത് ലഭ്യമായ രേഖകളിൽ പെൺകുട്ടി പ്രായപൂർത്തിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പുതിയ കണ്ടെത്തലുകൾ കേസിനെ കൂടുതൽ സങ്കീർണമാക്കുകയാണ്.
കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയ മുൻ എം.എൽ.എ. പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. ജോർജിന്റെ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിന്റെ മാന്യതയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്നും സംഘടന തുറന്നടിച്ചു.
വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില പ്രദേശങ്ങളിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ ശിഷ്ടാചാരത്തിന് നിരക്കാത്തതാണെന്നും സംഘടന കൂട്ടിച്ചേർത്തു. മെത്രാന്മാരോടൊപ്പം സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെയും ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉയർത്തിയിരുന്നു.
പാലാ, പൂഞ്ഞാർ മേഖലകളിൽ ക്രൈസ്തവ സഭയുടെ പിന്തുണ ലഭിക്കാത്തതിലെ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വന്തം രാഷ്ട്രീയ തിരിച്ചടികൾക്ക് സഭയെയും മെത്രാന്മാരെയും കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികൾക്കിടയിൽ ഉയരുന്നുണ്ടെന്നും സംഘടന അറിയിച്ചു.
ലഖ്നൗ: മഥുരയിലെ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് സംഭവം. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവർ.
ഏകദേശം 30ഓളം പേർ സഞ്ചരിച്ചിരുന്ന ബോട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽപ്പെട്ട 16–17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വെറും 15 പേർക്ക് മാത്രം ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായതായി കണ്ടെത്തി. അപകടസമയത്ത് ശക്തമായ കാറ്റ് വീശിയതും സ്ഥിതി വഷളാക്കി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥ്യും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി. ബോട്ട് ഓപ്പറേറ്റർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ മൂന്നാം ചരമവാർഷികം ഏപ്രിൽ 12 -ാം തീയതി ഞായറാഴ്ച 3.30 മണിക്ക് ഭൗതീകദേഹം അടക്കം ചെയ്ത പന്താസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപ്പെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയിലും അനുസ്മരണ പ്രാർത്ഥനകളിലും പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്തപ്പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ. കോഫീ റിഫ്രഷ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്.
Fr. Johson Kattiparampil CMI – 0740144110
Fr. George CMI – 07748561391
പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.
