ബ്രിട്ടനിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. 50 മീറ്ററോളം നീളമുള്ള നിരവധി ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തു തീരത്തടിയുന്നത്. കോൺവാളിലെ പോർത്തെറാസ് കോവിലുള്ള സെന്നെൻ ബീച്ചിലാണ് ഇവയെ കണ്ടെത്തിയത്. ഇവിടെ കടലിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും അധികൃതർ നൽകിക്കഴിഞ്ഞു. കനത്ത കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും ഇവ എത്താൻ സാധ്യതയുണ്ട്. ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട്!
ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ. പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു. ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും (ഫിസാലിയ ഫിസാലിസ്–Physalia physalis) ഇൻഡോ–പസഫിക് (ഫിസാലിയ യുട്രിക്കുലസ്– Physalia utriculus) വിഭാഗക്കാരും. അറ്റ്ലാന്റിക് സമുദ്രത്തിലും പസിഫിക്– ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ. പക്ഷേ ഇൻഡോ–പസിഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത്.
അറ്റ്ലാന്റിക്കിൽ കാണുന്നവയെപ്പോലെ കുത്തിക്കൊല്ലുന്ന തരം ഭീകരന്മാരല്ല ഇവ. കുത്തേറ്റാൽ കൃത്യമായ പ്രാഥമിക ചികിത്സ കൊണ്ടുതന്നെ രക്ഷപ്പെടാം. അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കണക്കുകൾ നോക്കിയാൽ ഇൻഡോ–പസഫിക് പോർചുഗീസ് മാൻ ഓഫ് വാറിന്റെ കുത്തേറ്റുള്ള മരണം രാജ്യാന്തര തലത്തിൽ തന്നെ വളരെ കുറവുമാണ്.
വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം. ടെന്റക്കിളുകളെപ്പോലെ ആകൃതിയുള്ള ‘പോളിപ്സ്’ എന്ന ഒരുകൂട്ടം ജീവികള്‍ ‘ബലൂണിനു’ താഴെ കൂടിച്ചേർന്ന് കോളനിയായി ഒരൊറ്റ ജീവിയെപ്പോലെ ജീവിക്കുന്നതു കൊണ്ടാണ് ജെല്ലിഫിഷുകളെന്ന് ഇവയെ വിളിക്കാൻ ഗവേഷകർ മടിക്കുന്നത്. ജെല്ലിഫിഷ് എന്നാൽ ഒരൊറ്റ ജീവിയാണല്ലോ! പക്ഷേ പലതരക്കാരാണെങ്കിലും ഒരൊറ്റ ‘യൂണിറ്റ്’ ആയി നിന്ന് ഇരതേടുകയാണ് ഇവയുടെ സ്വഭാവം. അതായത് ഇരതേടുന്ന കാര്യത്തിൽ അവയുടെ സ്വഭാവം ശരീരകോശങ്ങളും കലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു ജലജീവിയെയും പോലെത്തന്നെയാണ്.
സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്. അറ്റ്ലാന്റിക്കിൽ കാണപ്പെടുന്നവയുടെ ‘വായു അറയ്ക്ക്’ 12 ഇഞ്ച് വരെ വലുപ്പമുണ്ടാകും. ഇൻഡോ–പസഫിക്കിനാകട്ടെ ആറിഞ്ചു വരെയും. ഇരുവിഭാഗം ബ്ലൂബോട്ടിലുകളും കൂട്ടത്തോടെയാണു സഞ്ചരിക്കുക.
ബ്ലൂ ബോട്ടിലുകളുടെ ശരീര ഘടന ഇങ്ങനെയാണ്: വായു നിറഞ്ഞ ഒരു തരം ‘പോളിപ്’ ആണ് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുക. ഗാസ്ട്രോസൂയിഡുകൾ, ഗോണോസൂയിഡുകൾ, ഡക്ടിലോസൂയിഡുകൾ എന്നീ തരം പോളിപുകളാണ് ‘ബലൂണിനു’ താഴെയുണ്ടാകുക. വെള്ളത്തിലെ ഇരകളെ കണ്ടെത്തി അവയെ ആക്രമിക്കേണ്ട ചുമതല ഡക്ടിലോസൂയിഡിനാണ്. അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ (cnidocytes) ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്. ശേഷം അവയെ ഗാസ്ട്രോസൂയിഡുകൾക്ക് എത്തിച്ചുകൊടുക്കും. അവയാണ് ബ്ലൂബോട്ടിലുകളും വായും ദഹനത്തിനു സഹായിക്കുന്നതുമായ പോളിപുകൾ. പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതാണ് (മുട്ടയിടാനും ബീജത്തെ പുറംതള്ളാനും) ഗോണോസൂയിഡുകൾ.
കാറ്റിലും മറ്റും പെട്ട് കൂട്ടം തെറ്റുന്ന ബ്ലൂ ബോട്ടിലുകളാണ് പലപ്പോഴും ബീച്ചുകളിൽ എത്തിപ്പെടുന്നത്. ഓസ്ട്രേലിയൻ ബീച്ചുകളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് യുട്രിക്കുലസുകൾ. ഇവിടെ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ഏതാനും സെന്റിമീറ്റർ മുതൽ മീറ്ററു കണക്കിന് നീളം വരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക്കുകളുടെയത്ര ദോഷകരമല്ലെങ്കിലും കുത്തേറ്റാൽ ഒരു മണിക്കൂറിലേറെ വേദനയുണ്ടാകും. കൈകളിലെയും കാലുകളിലെയും ‘ലിംഫ്’ ഗ്രന്ഥികളെയാണ് വിഷം ബാധിക്കുക.
കുത്തേറ്റാലുടൻ ശരീരത്തിന് പരമാവധി താങ്ങാവുന്നിടത്തോളം ചൂടിലുള്ള വെള്ളം കൊണ്ട് മുറിവു കഴുകണം. സോഡയോ നാരങ്ങാനീരോ ഉപ്പുവെള്ളമോ ഒരുകാരണവശാലും മുറിവിൽ പ്രയോഗിക്കരുത്. പകരം മുറിവിൽ വിനാഗരി ഉപയോഗിച്ച് തുടർച്ചയായി തുടയ്ക്കുകയോ സ്പ്രേ ചെയ്യുകയോ വേണം. ഐസ് കഷ്ണങ്ങൾ മുറിവിൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. നെഞ്ചുവേദനയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം.
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടിൽവച്ചും മറ്റൊരിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.
പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇതുവരെ മോൻസനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പീഡനക്കേസിൽ മോൻസണിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും.
കോഴിക്കോട്: തമിഴ്നാട്ടില്‍നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ പ്രത്യേകിച്ചു കോഴിക്കോട്ട് സുരക്ഷ ശക്തമാക്കി പോലീസ്. ഇതരദേശ തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പുകളില്‍ പുറത്തുനിന്നുള്ളവര്‍ താമസിക്കുന്നുണ്ടോയെന്നു സ്പെഷല്‍ ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. രാത്രികാല പരിശോധനക്കായി കണ്ട്രോള് റൂം വാഹനങ്ങളുള്‍പ്പെടെ 40 വാഹനങ്ങളാണ് പട്രോളിംഗ് നടത്തുന്നത്.
സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കും. ഇവ പിന്നീടു ക്രൈംറിക്കാര്‍ഡ് ബ്യൂറോയില്‍ പരിശോധിക്കും. നേരത്തെ മോഷണകേസുകളില്‍ ഉള്പ്പെട്ടവരാണോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കവര്‍ച്ചാകേസുകളില്‍ കുറുവാസംഘത്തിനു പങ്കുണ്ടെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാലക്കാട്ട് നെന്മാറയില് അറസ്റ്റിലായ കുറുവ സംഘത്തെ ഇവിടത്തെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മൂന്നുപേരാണ് നെന്മാറയില് അറസറ്റിലായത്. ഇവരെ എലത്തൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
നിലവില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വീടു കുത്തിത്തുറക്കാനും മറ്റും ഉപയോഗിക്കുന്ന കോടാലി, തൂമ്പ പോലുള്ളവ വീടിനു പുറത്തുവയ്ക്കരുത്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ചറിയിച്ചു ലൈറ്റിട്ടശേഷം മാത്രമേ പുറത്തിറങ്ങാവൂ.
അടിയന്തര ഘട്ടങ്ങളില്‍ ആളുകള്‍ക്ക് 0495 2721697 എന്ന ഫോണ്‍ നമ്പറില്‍ പോലീസിനെ ബന്ധപ്പെടാമെന്നും സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.
അഹമ്മദാബാദ്: വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ എത്തിയ രോഗിയുടെ വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.
ഗുജറാത്ത് ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിയിലാണ് സംഭവം.
വൃക്കയിലെ കല്ല് എടുത്ത് മാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മുത്തൂറ്റ് ബാങ്ക് ബ്രാഞ്ച് മാനേജരും ബർമിംഗ്ഹാം നിവാസിയുമായ ഡേവിസ് ജോർജിൻറെ ഭാര്യ എബീത റോസ് സേവ്യറിൻ്റെ പിതാവ് നെടുങ്കുന്നം മാവേലിൽ സേവ്യർ തോമസ് (മാവേലിൽ ബേബിച്ചൻ – 67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (20 -10 – 2021) ഉച്ചയ്ക്ക് 1 മണിക്ക് മുണ്ടക്കയത്തുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭവനത്തിലുള്ള കർമ്മങ്ങൾക്ക് ശേഷം മൃതദേഹം പുന്നവേലി ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ എൽസമ്മ തൊടുപുഴ കോടിക്കുളം തോയ്യാലിൽ കുടുംബാംഗമാണ്. മക്കൾ : തോമസ് സേവ്യർ , എബീത റോസ് സേവ്യർ (ബർമിംഗ്ഹാം, യുകെ) . മരുമക്കൾ : ഡേവിസ് ജോർജ് കരുവേലിൽ, നെടുംകുന്നം (ബർമിംഗ്ഹാം, യുകെ), സിന്ധു. കൊച്ചുമക്കൾ: ഷോൺ, ഷെയ്ൻ, ലിസ്, ലില്ലി, ലീൻ .
സേവ്യർ തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുംബൈ ∙ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഭാവിയിൽ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (23) ജയിലിലെ കൗൺസലിങ്ങിനിടെ ഉറപ്പുനൽകി. ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായി ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് കൗൺസലിങ് നൽകുന്നത്.
പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ സമ്മതിച്ചതായി എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 7 പ്രതികൾക്കും കൗൺസലിങ് ലഭിച്ചു. പ്രത്യേക കോടതി മറ്റന്നാൾ ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി പറയും.
അതിനിടെ, വിമർശനത്തിൽ തളരില്ലെന്നും രാജ്യതാൽപര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശിച്ച പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. കഴിഞ്ഞ ദിവസം മുംബൈയിൽ വിതരണം ചെയ്യാൻ ശേഖരിച്ചിരുന്ന ഒരു കോടി രൂപയുടെ ലഹരി മരുന്നുകൾ പിടിച്ചതായും വെളിപ്പെടുത്തി.
എൻസിബി തല മണലിൽ പൂഴ്ത്തിയ ഒട്ടകപ്പക്ഷിയെ പോലെയാണെന്ന് മുൻ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ (എജിഐ) മുകുൾ റോഹത്ഗി വിമർശിച്ചു. ‘പാവം പിടിച്ച’ പണക്കാരനായ ആര്യൻ ഖാൻ പ്രശസ്തനായതിന്റെ വില നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തർപ്രേദശിൽ 25ാം നിലയിൽനിന്ന് താെഴവീണ് ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. 14 വയസുകാരായ സഹോദരൻമാരാണ് ശനിയാഴ്ച അർധരാത്രി ഗാസിയാബാദിലെ അപാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്.
സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ് മരിച്ചത്. 25ാം നിലയിൽനിന്ന് കുട്ടികൾ എങ്ങനെയാണ് താഴെവീണതെന്ന കാര്യം വ്യക്തമല്ല. കുട്ടികളുടെ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. മാതാവും സഹോദരിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി ഒരു മണിയോടെ ഇരുവരും അപാർട്ട്മെന്റിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. തൽക്ഷണം കുട്ടികൾ മരിച്ചു. പ്രാഥമിക നിഗമനത്തിൽ അപകട മരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും വിജയ്നഗർ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഓഫിസർ മഹിപാൽ സിങ് പറഞ്ഞു.
തെക്കൻ ജില്ലകളിൽ ക്രൂരത തുടർന്ന് പേമാരി. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും അപകടത്തിൽപ്പെട്ട ആരേയും മണ്ണിനടിയിൽ നിന്നും രക്ഷിക്കാനായില്ല. ഏറെ നിരാശയോടെയാണ് നാട്ടുകാരും രക്ഷാപ്രവർത്തകരും ഇടുക്കി,കോട്ടയം ജില്ലകളിൽ രക്ഷാപ്രവർത്തനം തുടരുന്നത്.
ഈ ജില്ലകളിൽ നിന്നായി ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ശനിയാഴ്ച അഞ്ചു മൃതദേഹങ്ങൾ കിട്ടിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ കാവാലിയിൽ ഇളംകാട് ഒട്ടലാങ്കൽ മാർട്ടിൻ (48), മക്കളായ സ്‌നേഹ (14), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കിട്ടി. മാർട്ടിന്റെ അമ്മ ക്ലാരമ്മ, ഭാര്യ സിനി, മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെടുത്തിരുന്നു.
പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽപ്പെട്ട ഇളംകാട് ആറ്റുചാലിൽ ജോബിയുടെ ഭാര്യ സോണിയ (45), മകൻ അലൻജോബി (14), ഇളംകാട് പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), ഇളംകാട് മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (48) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്രാമ്പിക്കൽ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65), ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഇളംകാട് ഓലിക്കൽ ഷാലറ്റ് (29), ഏന്തയാർ ഇളംതുരുത്തിയിൽ സിസിലി സെബാസ്റ്റ്യൻ (50) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്.
ഇടുക്കി കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടലിൽ കാണാതായ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്‌സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങൾ കിട്ടി. ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു(7)വിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കോട്ടയം ഏറ്റുമാനൂരിൽ വീടിനു സമീപം പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ജവാൻ മുങ്ങിമരിച്ചു. ചെറുവാണ്ടൂർ മുണ്ടുവേലി മുകുളേൽ ജോൺ സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പൊൻമുടിക്കടുത്ത് കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പാൽക്കുളങ്ങര സ്വദേശി അഭിലാഷാ(23)ണ് മരിച്ചത്.
ഇടുക്കി പെരുവന്താനം നിർമലഗിരിയിൽ ഉരുൾപൊട്ടലിൽ കാണാതായ വടശ്ശേരിയിൽ ജോജോ(50)യുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. വീടിനു സമീപത്തെ കൃഷിയിടത്തിൽ ശനിയാഴ്ച രണ്ടുമണിയോടെ ചെറിയരീതിയിൽ ഉരുൾപൊട്ടിയിരുന്നു. കല്ലുംമണ്ണും ചെളിയും നീക്കാൻപോയ ജോജോ വീണ്ടും ഉരുൾപൊട്ടിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.
ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചാഹലിനെ ജാതീയമായി ആക്ഷേപിച്ച കേസിൽ മുൻക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ. ഹൻസി പോലീസാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ താരത്തെ ജാമ്യത്തിൽ വിട്ടു.
ഐപിസി, എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ഏപ്രിലിൽ മറ്റൊരു ക്രിക്കറ്റ്താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. കീഴ്ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് യുവരാജ് ചാഹലിന് നേരെ പ്രയോഗിക്കുകയായിരുന്നു.
ഈ സംഭവം വലിയ കോളിളക്കമുണ്ടാക്കി. പരാമർശത്തിന് എതിരെ ദളിത് സംഘടനകൾ വ്യാപകമായി രംഗത്തെത്തുകയും യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെുടുകയും ചെയ്തു.
കാൻസർ രോഗത്തെപ്പോലും തോൽപ്പിച്ച യുവരാജ് ജാതീയ ചിന്തകളെ എന്നാണ് തോൽപ്പിക്കുക എന്നായിരുന്നു ഉയർന്ന ചോദ്യം. യുവരാജിനെതിരേ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ യുവരാജ് മാപ്പുപറഞ്ഞിരുന്നു.
മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ ഭാര്യ സോന സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന നടത്തിയത്. ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.
നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി. ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.
മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ് പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.
ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.