ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.
പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ താമസക്കാരൻ പറയുന്നു. ശബ്ദം കേട്ടപ്പോൾ തൻ്റെ വീടിൻ്റെ ജനൽ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഒരാൾ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തിൽ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ അവശിഷ്ടങ്ങളാണ് ചുറ്റിലും കണ്ടത്. രാത്രി മാത്രമാണ് ഈ വീട്ടിലെ താമസക്കാർ എത്തിയിരുന്നത്. രാത്രി ലൈറ്റ് ഓഫാക്കിയാണ് അവർ എത്തിയിരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതോന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും താമസക്കാരെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ശുഭ
എൻ പ്രണയം ഉന്മാദമായ്
നിൻ ചൊടികൾ തഴുകുന്നേരം .
മൊഴികൾ സ്വരസാന്ദ്രമായ്
നിൻ വിരൽ തലോടിടുമ്പോൾ .
നീയെൻറെ നിശ്വാസമല്ലേ
പ്രാണന്റെ പറുദീസയല്ലേ
മലരായ് മിഴികൂമ്പി നിൽക്കാം
സൂര്യനായ് ചുംബിച്ചുണർത്തു .
എന്നുയിരിൽ നീമാത്രമല്ലോ
മിഴികളിൽ നിൻചിത്രമല്ലോ
നിൻ പദസ്വനം ഇന്നെൻ
പ്രാണന്റെ തംബുരുവല്ലേ.
ഈ തിരുവോണം പുലരിയിൽ നാം
പൂത്തുമ്പികളായി പറന്നുയരാം.
തേനലഞ്ഞു പറന്നിടാം.
ഉത്രാടപ്പൂക്കൾ നുകർന്നിടാം.
ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്
ഭർത്താവ് – അജേഷ്
മകൾ – നിഹാരാ
ലീഡ്സ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ രൂപതയുടെ ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ പ്രധാന തിരുന്നാളായ എട്ടു നോയമ്പ് തിരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച കൊടിയേറുന്നതോടെയാണ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകുക. പത്തുമണിക്ക് കൊടിയേറ്റവും തുടർന്ന് വിശുദ്ധ കുർബാനയും, നൊവേന, ലദീഞ്ഞ്, തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. തുടർന്നു വരുന്ന എല്ലാ ദിവസവും വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ തിരുകർമ്മങ്ങളും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 7– ന് ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികനായിരിക്കും. തിരുന്നാൾ തിരുകർമ്മങ്ങൾക്കും , പ്രദക്ഷണത്തിനും ശേഷം സ്നേഹവിരുന്ന് വിശ്വാസികൾക്കായി ഒരുക്കിയിട്ടുണ്ട് . തിരുന്നാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു. തിരുന്നാൾ ദിവസങ്ങളിലെ സമയക്രമം ചുവടെ ചേർത്തിരിക്കുന്നു.

സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബഹു. ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമ്മികനാകും . തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദികർ സഹ കാർമ്മികരാകും . തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ , ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക
സമ്മേളനത്തിൽ, നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും.

സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും. സെപ്റ്റംബർ നാലിന് ( വ്യാഴം ) മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനിൽക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നല്കും. തിരുനാളിന് ബഹു. ഫാ, ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .
ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ സർക്കാരിന്റെ പ്രധാനമന്ത്രി അഹ്മദ് അല്‍ റവാഹി ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
യെമൻ തലസ്ഥാനമായ സനയില്‍ ഒരു അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് പ്രധാനമന്ത്രി അടക്കമുള്ള ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2014 മുതല്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് പിന്നാലെ യെമൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. തലസ്ഥാനമായ സനയെ നിയന്ത്രിക്കുന്ന വടക്കൻ ഭാഗത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്കും തെക്ക് ഭാഗത്ത് റഷാദ് അല്‍-അലിമി പ്രസിഡന്റായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനുമായി രാജ്യത്തിന്റെ നിയന്ത്രണം വിഭജിക്കപ്പെട്ടിരിക്കുന്നു.
ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേല്‍ വിരുദ്ധ സംഘടനകളുടെ ഭാഗമാണ് ഹൂതികള്‍.
ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സനയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫി, ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അല്‍ കരീം അല്‍ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമാകും വാഹനങ്ങൾക്ക് പ്രവേശനം. ഒമ്പതാം വളവിൽ പാർക്കിങ് അനുവദിക്കില്ല. ചുരത്തിൽ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. ചെറിയ വാഹനങ്ങളാണ് കടത്തിവിട്ടത്. വെള്ളിയാഴ്ച വിശദ പരിശോധന നടത്തിയ ശേഷമാണ് ഗതാഗത നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്.
കൊച്ചി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർ പങ്കെടുക്കുന്ന 3 ആഴ്ച നീണ്ട UK Conveyancing പ്രോഗ്രാം, Homex Indiaയുടെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇത്തരം പരിശീലന പരിപാടിയാണ് ഇത്.
UK Property Law-യും Conveyancing സംവിധാനവും സംബന്ധിച്ച ആഴത്തിലുള്ള അറിവ് നൽകുന്നതിനായി പ്രത്യേകിച്ച് രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാം, അഭിഭാഷകർക്ക് അന്താരാഷ്ട്ര തലത്തിൽ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിഭാഷകർ ഒന്നിച്ചുചേർന്ന്, പ്രായോഗിക പരിശീലനവും വിഷയ വിദഗ്ധരുമായി സംവാദവും ഉൾപ്പെടുത്തിയ പരിപാടിയിൽ പങ്കെടുത്തു. UK നിയമ സംവിധാനത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ രീതികൾ, പ്രൊഫഷണൽ എതിക്സ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് പരിപാടിയുടെ പ്രത്യേകത.
“കേരളത്തിൽ ആദ്യമായി ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനം. ഇന്ത്യൻ അഭിഭാഷകർക്ക് ആഗോള നിയമ മേഖലയിലെ അവസരങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” Homex India പ്രതിനിധികൾ അറിയിച്ചു.
Homex India, Homexukയുടെ ഒരു അനുബന്ധ സ്ഥാപനമാണ്. UK-യിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Homexukയുടെ ലീഗൽ ടീം എല്ലാ നിയമപരമായ സഹായവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Homexuk-യുമായി ബന്ധപ്പെടാം.


കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരമാണ് സംഭവം. വയോധികരായ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.
വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾക്കടുത്തുനിന്ന് ചുറ്റികയും മറ്റൊരു ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് പിറകിൽ പൊട്ടുള്ളതായി കണ്ടെത്തി. ഇത് അടിയേറ്റ് വീണതാവാം എന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണ്. ഇതിന് ശേഷം മാത്രമാണ് കൊലപാതകമാണോ എന്ന് പറയാനാവൂ. സംസ്ഥാന മന്ത്രിസഭയിലെ മുതിർന്ന മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരീ പുത്രിയാണ് ശ്രീലേഖ. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. ഇന്ന് രാത്രി ഇവരുടെ മകൾ വിദേശത്ത് നിന്ന് എത്തുമെന്ന് വിവരം ലഭിച്ചിരുന്നു. അതിന് മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്.
അതേസമയം, ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റു തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവർ സരോഷ് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടിയ നിലയിലും മുറിയിൽ രക്തവും കണ്ടെന്നും ഡ്രൈവർ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് രാത്രി 10 മണിക്ക് നൽകിയ മുന്നറിയിപ്പാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.