Latest News

എറണാകുളം കോതമംഗലത്ത് ആൾ താമസമില്ലാത്ത വൈദികന്റെ വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് എസ്പി ഹേമലത പറഞ്ഞു.

കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ ഇന്ന് ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

വീടിന്റെ വർക്ക് ഏരിയയുടെ ​ഗ്രില്ല് തകർത്ത നിലയിലാണ്. ഇത് ഒരു വൈദികന്റെ വീടാണ്. കുറച്ചുകാലമായി ഇവിടെ ആൾ താമസമില്ല. പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം കോതമം​ഗലത്ത് കുറുപ്പംപടി എന്ന സ്ഥലത്ത് നിന്ന് സ്ത്രീയെ കാണാതായെന്ന മിസ്സിം​ഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർക്കും 60 വയസ്സാണ് പ്രായം.

ഈ കേസിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രദേശവാസികളാണ് ദുർ​ഗന്ധം വരുന്നെന്ന് പൊലീസിൽ അറിയിച്ചത്. തുടർനടപടികളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കോഴികളുമായി മഹിളാ മോര്‍ച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ പരാതി. പ്രതിഷേധത്തിനായി കൊണ്ടുവന്ന കോഴി ചത്തതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി ലഭിച്ചത്.

എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് കോഴി ചത്തത്. ഇതേത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നല്‍കിയത്.

മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസിനുനേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. കോഴിയോട് ക്രൂരതകാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരേ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിനിടെ പൊരിവെയിലത്ത് എംഎല്‍എ ഓഫീസ് ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കോഴികളെ കെട്ടിത്തൂക്കിയിരുന്നു.

സ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മ‍ഴ കനക്കുന്നതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2025 ആഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉക്രെയ്‌നില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്നും ഉക്രെയ്ന്‍ പ്രതികരിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ട്രാന്‍സ്‌കാര്‍ പാത്തിയയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. പുടിന്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പരോക്ഷമായി പറഞ്ഞത്. ഉക്രെയ്ന്‍, റഷ്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയില്‍ നിന്നുള്ള വേര്‍പിരിയല്‍ ഒരു ചരിത്രപരമായ തെറ്റാണ്.

ഉക്രെയ്ന്‍ പ്രസിഡന്റിന് പരാജയം സമ്മതിക്കേണ്ടി വരും. സെലന്‍സ്‌കി ഒരു നാസിയാണ്. എന്തിനാണ് അദേഹവുമായി ചര്‍ച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചര്‍ച്ചകള്‍ അതീവ ശ്രദ്ധയോടെ നടക്കണമെന്നും സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാവ്‌റോവ് വ്യക്തമാക്കിയിരുന്നു. അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉക്രെയ്ന്‍-യു.എസ്-റഷ്യ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന നിര്‍ദേശത്തെ സെലന്‍സ്‌കി അംഗീകരിച്ചത്. താല്‍ക്കാലിക വെടിനിര്‍ത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് തന്റെ ശ്രമമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെ ഉക്രെയ്‌നുള്ള സുരക്ഷാ ഉറപ്പ് ചര്‍ച്ച ചെയ്യാന്‍ നാറ്റോ സൈനിക മേധാവികളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. എന്നാല്‍ റഷ്യയില്ലാത്ത ഇത്തരം ചര്‍ച്ചകള്‍ ഒരു ഫലവും കാണില്ലെന്ന് ക്രെംലിന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കെപിസിസി. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കും. രാഹുലിനെതിരായ ആരോപണങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. എന്തൊക്കെ ആരോപണങ്ങൾ എന്തൊക്കെ, അതിലെ സത്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക. ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കില്‍ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ വലിയ തോതില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

വിവാദങ്ങളെ തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപിയും സിപിഎമ്മും തയ്യാറായിട്ടില്ല. എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. നിയമനടപടികളിലേക്ക് കടന്നാല്‍ അക്കാര്യത്തില്‍ തീരുമാനം കടുപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സമാനവിഷയങ്ങളില്‍ രാജിവച്ച കീഴ്‌വഴക്കം സമീപകാലത്ത് ഒരു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ സ്വീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. എന്നാല്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കേണ്ടതില്ലെന്നാണ്‌ നിലവിലെ തീരുമാനം. പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ ദില്ലിയിൽ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി. ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബീഹാറിലേക്ക് പോതായിട്ടാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം.

അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്ഗ്രസ് പ്രവർത്തകർ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.

പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.

പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുശക്തമായ ഒരു നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ അപു ജോൺ ജോസഫ്. പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ അപു ജോൺ ജോസഫ് .

പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിൻറെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധ മാണ്. ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് കൺട്രീസ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിൻറെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് ശ്രീ അപു അറിയിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ മുൻ കെഎസ് സി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ടോണ്ടൻ മലയാളി അസോസിയേഷൻ ജോയിൻ സെക്രട്ടറി കൂടിയാണ് ബിജു.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ യുക്മ സൗത് ഈസ്റ് റീജിയണൽ പ്രസിഡൻറ് കൂടിയാണ്. മുൻകാലങ്ങളിൽ കെഎസ് സി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് , യുക്മ സൗത് ഈസ്റ് റീജിയണൽ ജനറൽ സെക്രട്ടറി, മലയാളി അസോസിയേഷൻ റെഡ് ഹിൽ -സറെ സെക്രട്ടറി, സീറോ മലബാർ മിഷൻ ട്രസ്റ്റി തുടങ്ങി വിവിധ നിലകളിൽ പ്രവാസി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ശ്രീ ജിപ്സൺ.

യുകെയിലെ മലയാളി സമൂഹത്തിനായി സേവനങ്ങൾ വിപുലീകരിക്കാനും പ്രവാസി രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാനും പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളാ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ പ്രവാസി സമൂഹത്തിലേക്കെത്തിക്കാനും, യുകെയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്താനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.

പുതിയ കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്തവർ:

• പ്രസിഡന്റ് – ബിജു മാത്യു ഇളംതുരുത്തിയിൽ

• സെക്രട്ടറി – ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ

• വൈസ് പ്രസിഡന്റ് – ജോസ് പരപ്പനാട്ട്

• നാഷണൽ കോ-ഓർഡിനേറ്റർ – ബിനോയ് പൊന്നാട്ട്

• ജോയിന്റ് സെക്രട്ടറി – ജെറി തോമസ് ഉഴുന്നാലിൽ

• ട്രഷറർ – വിനോദ് ചന്ദ്രപ്പള്ളി

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റു ടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

ടോം ജോസ് തടിയംപാട്

ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യന്റെ ജീവിതം നിങ്ങൾ അറിയാതിരിക്കരുത് ഒരു ചെറിയ കടനടത്തി വികലാംഗയായ ഭാര്യയെയും ഓട്ടിസം ബാധിച്ച മകളെയും സംരക്ഷിച്ച് മറ്റൊരു മകളെ നേഴ്സിംഗ് പഠിപ്പിക്കാൻ സഹായിച്ചും ജീവിതം മുൻപോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വാഹനാപകടം ആ കുടുംബത്തെ തകർത്തെറിഞ്ഞത് .

2024 ഒക്ടോബർ 12നു മൂലമറ്റം ,കരിപ്പലങ്ങാട് വച്ച് നടന്ന വാഹനാപകടത്തിൽ നട്ടെല്ലിനും കാലിനും പരുക്കേറ്റ് ബിനോയ് കട്ടിലിൽ കിടപ്പായി. ഉള്ളതെല്ലാം വിറ്റു പെറുക്കിയും നാട്ടുകാരും ബന്ധുക്കളും സഹായിച്ചു൦ വിവിധ ആശുപത്രിയിൽ ചികിത്സിച്ചു 25 ലക്ഷം രൂപ ചിലവായി , ഇനി ഒരു ഓപ്പറേഷൻ കൂടി നടത്തണം അതിന് 5 ലക്ഷം രൂപ കൂടി വേണം ഈ ഓണക്കാലത്ത് ദുരിതം പേറുന്ന ഈ കുടുംബത്തെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണംകൊടുത്തു നമുക്ക് സഹായിക്കാം.

ബിനോയിയുടെ കുടുബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് യു കെയിലെ സുന്ദർലാൻഡിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്‌മൻഡ് മാത്യു മുണ്ടക്കാട്ടാണ്. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,42 ,00000 (ഒരുകോടി നാൽപ്പത്തിരണ്ടു ലക്ഷത്തി അൻപതിനായിരം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകി കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു യുകെകെസിഎ യുടെ അവാർഡ് , മലയാളം യു കെ പത്രത്തിന്റെ അവാർഡ്, ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ബിനോയിയുടെ ഫോൺ നമ്പർ 00919947062250

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

RECENT POSTS
Copyright © . All rights reserved