Latest News

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതല്‍. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടി. ഒരുചേച്ചിയുടെ കരുതലാണ് പ്രിയങ്ക നല്‍കിയതെന്ന് പിന്നീട്,,,, വീണ പറഞ്ഞു.

ആറ്റുകാല്‍ ക്ഷേത്രനട അടയക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്കഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്.

ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. ഉടന്‍തന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാള്‍ വീണയ്ക്കുനല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. ബാക്കി വീണ പറയും

പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനം ആസൂത്രണമില്ലായ്മമൂലം സമയക്രമം പാലിക്കാനായിരുന്നില്ല. തീരദേശമേഖലയിലെ റോഡ് ഷോ പോലും നിശ്ചയിച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയുള്ള തിരക്കിലാണ് വീണയ്ക്ക് അപകടം സംഭവിച്ചത്.

പ്രമുഖ സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടിഎസ് മോഹനൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടിഎസ് മോഹൻ. കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രശസ്തനായിരുന്നു മോഹനൻ.

സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച ലില്ലിപ്പൂക്കൾ ആയിരുന്നു ടിഎസ് മോഹനന്റെ ആദ്യ ചിത്രം. 1979 ലെ ഈ വിജയചിത്രത്തിന് ശേഷം മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവരെ അണിനിരത്തി ഒരുക്കിയ വിധിച്ചതും കൊതിച്ചതും എന്ന ചിത്രവും ബോക്‌സോഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു.

1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി മറ്റൊരു വൻ വിജയ ചിത്രമായിരുന്നു. പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ൽ റിലീസ് ചെയ്തു.

ഇന്ദ്രജിത് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ചിരുന്നു, ഇതിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടർന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടിഎസ് മോഹനൻ സംവിധാനം ചെയ്തു. 1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.

അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ

കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.

മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പെണ്ണ് കുനിയുന്നതിന്റെയും നിവരുന്നതിന്റെയുമൊക്കെ അളവു നോക്കി നിന്ന ഇവനയൊക്കെ പണ്ടേ ആരോ ഒതുക്കിട്ടുണ്ട് . അതാണ് പെണ്ണെന്നു കേൾക്കുന്നതേ ഇവനൊക്കെ പേടി.

മഞ്ഞപ്പിത്തമുള്ളവൻ നോക്കുന്നതൊക്കെ മഞ്ഞയായി മാത്രം കാണുന്നവനേക്കാൾ താൻ കാണുന്ന കളറിന് പല ഷേഡുകൾ കൂടെ ഉണ്ടെന്നു മനസിലാക്കാൻ കഴിയുന്നവനാകണം ഒരു ജനനേതാവ് . അല്ലാതെ പെണ്ണുങ്ങളെ ഒരു ആണു നോക്കുമ്പോഴേ ഗർഭമുണ്ടകുമെന്നു കരുതി തലകുനിച്ചു നിക്കുന്നവനെയോ, ഭാരതീയ സ്ത്രീകളോട് സൂര്യാസ്തമയം വരെ ഭവ്യതയും അസ്തമയം കഴിയുമ്പോൾ തനികോണവും കാണിക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങളെയോ അല്ല നമുക്കിന്നാവശ്യം. അതുമല്ലെങ്കിൽ ആരൊക്കെയോ പലവട്ടി ശർദ്ദിച്ചു കുന്നുകൂട്ടിയ പല പഴയ ആശയങ്ങളുടെയും മറവിൽ അവനവന്റെ മാത്രം കുംഭനിറച്ചിട്ടും മതിയാവാതെ ജനങ്ങൾ കേട്ടുമടുത്ത ചില പഴങ്കടകഥകൾ പിന്നെയും പിന്നെയും പറഞ്ഞു അങ്ങാടിയിൽ ചുറ്റിക്കറങ്ങുന്നവനൊക്കെ ജോലി രാജി വച്ചു ചുരുണ്ടു കൂടാൻ നേരമായിട്ടും വീടണയാതെ തന്റെ പൊട്ടത്തരങ്ങളൊക്കെ വമ്പൻ ആശയങ്ങളാക്കി വിളമ്പുന്നവനെയല്ലിന്നാവശ്യം.

മറിച്ച് ആണിനേം പെണ്ണിനേം കണ്ടും കേട്ടും അറപ്പു മാറിയ, അവരുടെ മുമ്പിൽ കൈ വിറയ്ക്കാതെ സംസാരിക്കാനറിയാവുന്നൊരു ജനനേതാവിനെയാണ് നമുക്ക് വേണ്ടത് . അല്ലാതെ പെണ്ണൊന്നു നോക്കിയാൽ ചഞ്ചലിച്ചു പോവുമെന്നു ഭയന്നും കപടസദാചാര മുഖം മൂടി അഴിഞ്ഞു വീഴുമെന്നുമൊക്കെ കരുതി പെണ്ണുങ്ങൾ കൂടുന്നോടത്തു പോവാതെ പരിശുദ്ധത ചമയുന്നവനും എന്നാൽ നേരമിരുട്ടിയാൽ. സോഷ്യൽ മീഡിയയിൽ കത്തുന്ന പച്ച ലൈറ്റിൽ മാത്രം പെണ്ണുങ്ങളെ പെണ്ണുങ്ങളാണെന്ന് മനസിലാക്കുന്നവനെ നമുക്കിന്നാവശ്യമില്ല .

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ പ്ലാനെറ്റിലുള്ള ജീവജാലങ്ങളാണെന്നു മനസിലാക്കി അവരുടെ ഇടയിലേക്ക് രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ഇറങ്ങി ചെല്ലാനും ഹസ്തദാനം നൽകാനും അവരോടൊത്തു ആടാനും പാടാനുമൊക്കെ തക്ക മനക്കരുത്തുള്ളവനേയാണ് ഇന്നാവശ്യം . അല്ലാതെ പെണ്ണിനെ വേറെയേതോ പ്ലാനെറ്റിൽ നിന്നും വന്നൊരു ജീവിമാതിരി ഒളിഞ്ഞും പാത്തും നോക്കിയും, പതുങ്ങിയിരുന്നാക്രമിച്ചു കീഴടക്കാൻ വെമ്പൽ കൊള്ളുന്നവനൊക്കെ താനാശിച്ച ഇരുട്ടുകളികൾ മറ്റൊരാൾ ഒട്ടും പതറാതെ പൊളിച്ചെഴുതി അവരുടെ ഉന്നമനത്തിനായി ചെയ്യുന്നതുകാണുമ്പോൾ പലർക്കും കുരുപൊട്ടുന്നതിൽ എന്തതിശയം ?

ശർദിച്ചാകെ മിനകെടാക്കിയിട്ടു സോറി പറഞ്ഞാൽ മണം പോകുമോ ? കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുക . ഇതൊക്കെ മനസിലായ സ്ഥിതിക്ക് നോക്കീം കണ്ടുമൊക്കെ ഇനി എന്ത് ചെയ്യണമെന്നു ജനങ്ങൾ തീരുമാനിക്കുക …

 

 മെട്രിസ്‌ ഫിലിപ്പ്

ലോകം ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അതിപ്രധാനമായ ഒരു വിഷയം, സൂയസ് കനാലിൽ തടഞ്ഞു നിൽക്കുന്ന വലിയ ഒരു കണ്ടൈനർ ഷിപ്പിനെകുറിച്ചാണ്.

ഇപ്പോൾ(23/03/2021) മണ്ണിൽ ഇടിച്ചു നിൽക്കുന്ന ഈ ചരക്കു കപ്പലിൽ (Vessel Evergreen (Ever Given), നീളം 400 മീറ്റർ, വീതി ഏകദേശം 60 മീറ്റർ., 20000 TEU) നു മുകളിൽ കണ്ടെയ്നർ അടുക്കി വെച്ചിട്ടുണ്ട്. ഇവ മറ്റൊരു കപ്പലിലേയ്ക്ക് മാറ്റുകയും, അടിഞ്ഞു കൂടിയ 30000 ക്യുബിക് മീറ്റർ മണ്ണ്, ഡ്രഡ്ജിങ് ചെയ്തു നീക്കുവാൻ ഉള്ള ജോലി തുടങ്ങി കഴിഞ്ഞു. ഏതാണ്ട് 3 മുതൽ 5 ദിവസം വരെ എടുക്കും ഈ ജോലി പൂർത്തിയാക്കുവാൻ. സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്ന ഈ കപ്പൽ നീക്കുവാൻ കുറേ സമയം വേണ്ടി വരും എന്നുള്ള റിപ്പോർട്ട് ഉണ്ട്.

ഇവിടേക്ക് ദിവസേന കപ്പലുകൾ വന്നുകൊണ്ടിരിക്കുന്നു. മറ്റ് പാതയിലൂടെ, കപ്പലുകൾക്കു പോകുവാൻ സാധിക്കും, എങ്കിലും, ആ യാത്ര ദിവസങ്ങൾ നീണ്ടു നിൽക്കും എന്നറിയുന്നതുകൊണ്ട്, സൂയസ് കനാലിന്റെ സമീപത്ത്, 300 നു മുകളിൽ കപ്പലുകൾ ഇപ്പോൾ തന്നെക്യുവിൽ ഉണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ഈ തടസ്സം നീക്കുവാൻ കഠിനപരിശ്രമത്തിൽ ആണ്.

എന്റെ വിശുദ്ധമീ യാത്രയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഈജിപ്തിലെ, കയ്‌റോയിലേയ്ക്ക് പോകുന്ന,14 മണിക്കൂർനീണ്ടു നിൽക്കുന്ന റോഡ് യാത്രയിൽ, വെച്ചാണ്, സൂയസ് കനാൽ എനിക്ക് കാണുവാൻ സാധിച്ചത്.

ഈജിപ്തിനോട് ചേർന്ന് കിടക്കുന്ന മെഡിറ്ററേനിയൻ കടലും, ചെങ്കടലും തമ്മിൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന, ഇടുങ്ങിയ കടലിടുക്കിൽ, മനുഷ്യനിർമ്മിതിയാൽ പണിത ഈ കനാൽ 17 Nove. 1869 (1859-1869)ൽ Isthmus of Asia എന്ന പേരിൽ, കപ്പലുകൾക്ക് സഞ്ചരിക്കാൻ തുറന്നു കൊടുത്തു. ആഫ്രിക്ക – ഏഷ്യ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിക്കുന്ന ഈ കനാലിന്റെ നീളം 193.3 കിലോമീറ്റർ ആണ്. ബ്രിട്ടീഷ്- ഫ്രഞ്ച് രാജ്യങ്ങൾ സംയുകതമായി 87 വർഷങ്ങൾ ഈ കനാൽ പ്രവർത്തിപ്പിച്ചു.

1888 കോൺസ്റ്റാന്റിനോപ്പിൾ കൺവെൻഷനിൽ വെച്ച് ആംഗ്ലോ-ഫ്രഞ്ച് കരാർ തയ്യാർ ആക്കി, ഈ കനാൽ പ്രവർത്തിച്ചു വന്നു. 1904 ൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തി, International water way for war and Peace എന്ന പേരിൽ എല്ലാ രാജ്യങ്ങളിലെയും കപ്പലുകൾക്ക്, ഈ വഴി കടന്ന് പോകുവാൻ അവസരം നൽകിവന്നു. 1956 ൽ ബ്രിട്ടൻ ഇവിടെ നിന്നും പിൻമാറുകയും, തുടർന്ന് ഈ കനാൽ ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ സ്വന്തം അസറ്റ് ആക്കി മാറ്റുകയും, ഈ വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളും, ടാക്സ് നൽകണം എന്നുള്ള നിയമം കൊണ്ടുവന്നു. ഈ കനാൽ പിടിച്ചെടുക്കുവാൻ, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിക്കുകയും, അന്നത്തെ, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഈജിപ്തിനു വേണ്ടി, ഇന്ത്യൻ യുദ്ധക്കപ്പലുകൾ അയച്ചു സംരകഷണ വലയം തീർത്തു. അതിന് പ്രത്യപകരമായി, ഇന്ത്യൻ കപ്പലുകൾക്കു ടാക്സ് ഒഴിവാക്കി കൊടുത്തു. 1967-1975 വർഷങ്ങളിൽ ഈ കനാൽ അടച്ചിട്ടു. 1976 മുതൽ പുതിയ നിയമത്തോടെ തുറന്നു കൊടുത്തു. ഈജിപ്തിന്റെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ് സൂയസ് കനാൽ.

ഇസ്രയേലിൽ നിന്നും ഈജിപ്തിലേയ്ക്ക് പോകുന്ന വഴിയിൽ, സൂയസ് കാനാലിൻെറ അടിയിൽ കൂടിയാണ് ഈ റോഡ് പണിതിരിക്കുന്നത്. അതായത് കടലിനടിയിലൂടെ പോകുന്ന വഴി. ദൈവം ചെങ്കടൽ മുറിച്ച്, ഇസ്രയേൽ ജനതയെ രക്ഷിച്ചപോലെ ഉള്ള ഒരു വഴി. വഴിയുടെ മുകളിൽ കൂടി, വലിയ വലിയ കപ്പലുകൾ കടന്ന് പോകുന്നത് ഓർക്കുമ്പോൾ തന്നെ ഭയം ഉണ്ടാക്കും. 100 കണക്കിന് മീറ്റർ താഴ്ച്ചയിൽ ആണ് ഈ വഴി പണിതിരിക്കുന്നത്. വർഷങ്ങൾ കൊണ്ട് പിരമിഡ് പണിയാമെങ്കിൽ, ഇതും അവർക്ക് നിസ്സാരം തന്നെ. കർശനമായ സുരക്ഷാ നിയമങ്ങൾ പാലിച്ചു മാത്രമേ, വാഹനങ്ങൾക് ഈ വഴി പ്രവേശിക്കാൻ സാധിക്കു. ഈ അണ്ടർപാസിൽ ഫോട്ടോ, വിഡിയോ ഉപയോഗിക്കാൻ പാടില്ല. ഈ റോഡിന്റെ ആരംഭ ഭാഗത്ത് നിന്ന് നോക്കിയാൽ വലിയ കപ്പലുകൾ ഈ കനാലിൽ കൂടി പോകുന്നത് കാണുവാൻ സാധിക്കും.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തടസ്സം പരിഹരിച്ച്, കപ്പലുകൾക്ക് ലക്ഷ്യസ്ഥലങ്ങളിൽ എത്തിചേരുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം…

പ്രേക്ഷക മനസ്സുകളെ ആവേശം കൊള്ളിച്ച മോഹന്‍ലാല്‍ സിനിമകളിലൊന്നാണ് സ്ഫടികം. കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആടുതോമയും ചാക്കോ മാഷും തിളങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ചിത്രം പുറത്തിറങ്ങി 26 വര്‍ഷത്തിനു ശേഷവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. ആടുതോമയെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ടീസര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എത്തുന്നതായിരിക്കും എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്റെ കുറിപ്പ്:

ആടുതോമയെ ഒരു നിധി പോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ ‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് ‘എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.

കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് ജിയോമെട്രിക് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റല്‍ 4കെ ടീസര്‍ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും.

 

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ “മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് “എന്ന് എന്നെ…

Posted by Bhadran Mattel on Tuesday, 30 March 2021

കേരളത്തിൽ ബി.ജെ.പി എന്ത് കൊണ്ട് വരുന്നില്ല എന്നതിന് മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജ​ഗോപാൽ തന്നെയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ്.

90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണെന്ന രാജഗോപാലിന്റെ ആ നിരീക്ഷണത്തെ ഞാൻ വളരെയധികം അംഗീകരിക്കുന്നെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കർണാടകത്തെ മാറ്റി നിർത്തിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാൽ അതിനപ്പുറം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളർന്നിട്ടില്ല.

അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണ് കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സായ്നാഥ് ഓർമ്മിപ്പിച്ചു.

ബിജെപി കേരളത്തിൽ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയിൽ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ലെന്നും പി. സായ്നാഥ് പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയിൽ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ കേള്‍വിയില്‍ തന്നെ യെസ് പറയുകയും, എന്നാല്‍ ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കുഞ്ചാക്കോ ബോബന്‍. ആദ്യ കേള്‍വിയില്‍ തന്നെ കുഞ്ചാക്കോ ബോബന്‍ യെസ് പറഞ്ഞ ചിത്രങ്ങളില്‍ ഒന്നാണ് അഞ്ചാം പാതിര. ചിത്രത്തിന്റെ കഥ കേട്ട ഉടനെ ഓകെ പറയുകയായിരുന്നു.

പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല എങ്കിലും വണ്‍ ലൈന്‍ ത്രില്ലടിപ്പിച്ചു. അഞ്ചാം പാതിരയുടെ കഥ കേട്ടു കഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍, ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് താന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയതെന്നും താരം പറയുന്നു. ചിത്രത്തിന്റെ കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവെക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്.

ആദ്യ കേള്‍വിയില്‍ തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ യെസ് പറയാന്‍ കൂടുതലായൊന്നും ആലോചിക്കേണ്ടി വരില്ല. മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയുടെ കഥ അത്തരത്തിലൊന്നാണെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ നടൻ കൃഷ്ണകുമാറിന്റെ ബീഫ് നിരോധനമെന്ന പരാമർശത്തിന് മകൾ നൽകിയ മറുപടിയെന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് അഹാന കൃഷ്ണ.താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ട്രോളുകൾ പിറന്നത്. മകളായ അഹാന വീഫ് വിഭവത്തിന്റെ ചിത്രം മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് കുത്തിപ്പൊക്കിയായിരുന്നു ട്രോളുകൾ അധികവും. ‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന രീതിയിലായി പിന്നത്തെ പ്രചരണം.

മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. അന്ന് പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. തന്റെ സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നും അഹാന വ്യക്തമാക്കി.

താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറയുന്നു. എന്നാൽ കുറച്ചു കാലമായി താനെന്ത് പറഞ്ഞാലും അത് തന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, തന്റെ അച്ഛന്റെ അഭിപ്രായം തന്റെ അഭിപ്രായം ആക്കി മാറ്റുന്നുവെന്നും ഇതെന്ത് ഭ്രാന്താണെന്നും അഹാന കുറിച്ചു.

പ്രമുഖ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിലായി. ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അജാസ് ഖാനെ മുംബൈ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളിൽ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച അജാസ് ഖാൻ ബിഗ് ബോസിലൂടെയാണ് കൂടുതൽ വാർത്തകളിൽ നിറയുന്നത്. ബിഗ് ബോസ് സീസൺ ഏഴിലും എട്ടിലും മത്സരാർത്ഥിയായിരുന്ന അജാസ് ഖാൻ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

രക്തചരിത, ഭോണ്ഡു, അള്ളാഹ് കേ ബന്ദേ, റക്ത ചരിത 2. ഹാ തുജേ സലാം ഇന്ത്യ തുടങ്ങിയ സിനിമകളിലെയും സീരിയലുകളിലെയും അജാസ് ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങൾക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങളുയർന്നിരുന്നു. ചിലർ അറസ്റ്റിലാവുകയും ചെയ്തു. ദീപിക പദുകോൺ ഉൾപ്പടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved