ആദ്യ കേള്‍വിയില്‍ തന്നെ യെസ് പറയുകയും, എന്നാല്‍ ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കുഞ്ചാക്കോ ബോബന്‍. ആദ്യ കേള്‍വിയില്‍ തന്നെ കുഞ്ചാക്കോ ബോബന്‍ യെസ് പറഞ്ഞ ചിത്രങ്ങളില്‍ ഒന്നാണ് അഞ്ചാം പാതിര. ചിത്രത്തിന്റെ കഥ കേട്ട ഉടനെ ഓകെ പറയുകയായിരുന്നു.

പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല എങ്കിലും വണ്‍ ലൈന്‍ ത്രില്ലടിപ്പിച്ചു. അഞ്ചാം പാതിരയുടെ കഥ കേട്ടു കഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍, ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് താന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയതെന്നും താരം പറയുന്നു. ചിത്രത്തിന്റെ കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവെക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്.

ആദ്യ കേള്‍വിയില്‍ തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ യെസ് പറയാന്‍ കൂടുതലായൊന്നും ആലോചിക്കേണ്ടി വരില്ല. മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയുടെ കഥ അത്തരത്തിലൊന്നാണെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.