Latest News

ന്യൂഡൽഹി: കടുത്ത ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സംസ്ഥാനങ്ങളിൽ കോവിഡ്-19 കൂടിവരുന്നു. രണ്ടാം തരംഗത്തിൽ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാൾ ഉയർന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അത് കഴിയുന്നതോടെ രോഗം വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേർ മരിച്ചു. രോഗം പുതുതായി സ്ഥിരീകരിച്ചതിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം 40,414 പുതിയ കേസുകളുണ്ടായി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്.

കഴിഞ്ഞ ഒറ്റയാഴ്ചയിൽ 1,78,000-ത്തിലധികം പേർ പുതുതായി രോഗബാധിതരായി. കഴിഞ്ഞ മാർച്ചിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഒറ്റയാഴ്ചയിൽ ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇതാദ്യമാണ്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയത് 23 ദിവസങ്ങൾകൊണ്ടാണ്. എന്നാൽ, രണ്ടാംതരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയി. ഇപ്പോൾ ദിവസേന ഈ സംഖ്യ 68,000-ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകൾവരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് രോഗം താഴോട്ടുപോയി.

പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴുവരെയുള്ള കണക്കുപ്രകാരം 6.05 കോടി വാക്സിൻ ഡോസ് വിതരണം ചെയ്തു.

2020 സെപ്റ്റംബർ ഒന്നുമുതൽ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും. കോവിഡ് കാലത്ത് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും അക്കാലത്തെ തിരിച്ചടവിലെ വീഴ്ച ബാങ്കുകൾ കണക്കിലെടുക്കില്ല.

മൊറട്ടോറിയം സംബന്ധിച്ച കേസിൽ സുപ്രീംകോടതി അടുത്തിടെ അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം.

രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കിയിരുന്നു. അതിന് സർക്കാർ ബാങ്കുകൾക്ക് 6500 കോടി രൂപ നൽകിയിരുന്നു. എന്നാൽ, ഈ ആനുകൂല്യം മറ്റ് വായ്പകൾക്കും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതിന് ഇനിയും ഏകദേശം ഏഴായിരം കോടി രൂപവേണം. ഇത് സർക്കാർ നൽകണമെന്ന് ബാങ്കുകൾ ആവശ്യപ്പെടും.

മൊറട്ടോറിയം കാലത്ത് പലിശയിളവ് കിട്ടാത്ത വായ്പകൾക്ക് അക്കാലത്ത് ഈടാക്കിയ പിഴപ്പലിശയും കൂട്ടുപലിശയും നിശ്ചിത കാലത്തിനുള്ളിൽ തിരിച്ചുനൽകുകയോ അടുത്ത ഗഡുവിൽ ക്രമീകരിക്കുകയോ ചെയ്യും.

മൊറട്ടോറിയം കാലയളവിനുശേഷം വായ്പാകുടിശ്ശികകളിൽ നടപടി ഊർജിതമാക്കി ബാങ്കുകൾ. നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന മുന്നറിയിപ്പ്.

കുടിശ്ശികത്തുക മുഴുവനും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്.

തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾ വ്യത്യസ്ത നയമാണ് സ്വീകരിക്കുന്നത്. ചില പൊതുമേഖലാബാങ്കുകൾ തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ഇപ്പോഴും അവസരം നൽകുന്നുണ്ട്. എന്നാൽ, പല പുത്തൻ തലമുറ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കുടിശ്ശിക വന്ന മുഴുവൻ തുകയും ഉടൻതന്നെ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായാണ് ആക്ഷേപം.

പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.

പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.”

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തി മുൻ എം.പി ജോയ്‌സ് ജോർജ്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോർജ്‌ പറഞ്ഞു.

മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം.‌ പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിൻതാങ്ങി.

അതേസമയം ജോയ്‌സ് ജോർജിന്റേത് തരംതാണ പ്രസ്താവന ആണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു. ജോയ്‌സ് ജോർജിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.‌

ബന്ധുവിനാൽ ചതിക്കപ്പെട്ട് ലഹരിമരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി വെറുതെ വിട്ടു. ഖത്തറിലെ സുഹൃത്തിന് നൽകാൻ ബന്ധു ഏൽപ്പിച്ച പൊതിയിൽ ലഹരിമരുന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു 10വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയിൽമോചനം.

2019 ജൂലായിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ ബന്ധുവായ സ്ത്രീ ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.

വിചാരണയ്ക്കൊടുവിൽ കീഴ്കോടതി ഇരുവർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരേയും മോചിതരാക്കാൻ ഉത്തരവിട്ടത്.

പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരേയും വെറുതേവിട്ടത്.

എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സ്വീകരിക്കും. കോട്ടമൈതാനത്താണ് സമ്മേളനവേദി. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും, മലമ്പുഴയിലെ സ്ഥാനാർഥിയുമായ സി കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എന്നിവരുമുണ്ട്.

അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണയോഗം കൂടിയാണിത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. തുടര്‍ന്ന് കരുനാഗപ്പള്ളി,കൊല്ലം,കൊട്ടാരക്കര മണ്ഡലങ്ങളില്‍ വോട്ടുചോദിച്ചെത്തുന്ന പ്രിയങ്ക നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപനസമ്മേളനം. നാളെ തൃശൂര്‍ ജില്ലയിലാണ് പര്യടനം.

കിളിമാനൂർ നഗരൂരിൽ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. കണ്ടുവന്ന മകൻ ഫു‍ട്ബോൾ കൊണ്ട് അക്രമികളെ നേരിട്ട് അമ്മയെ രക്ഷിച്ചു. തുടർന്ന് മാല ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനി മൂന്നു മണിയോടെ നഗരൂർ തേക്കിൻകാട്ടും, തുടർന്ന് കിളിമാനൂർ മലയാമഠത്തും രണ്ടു മാല പൊട്ടിക്കലാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.

നഗരൂർ ശിവപുരം ശ്രീനിധിയിൽ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫു‍ട്ബോൾ കളിക്കാനായി അതുവഴി എത്തിയ മകൻ അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകൻ ഫു‍ട്ബോൾ കൊണ്ട് അക്രമിയെ ഇടിച്ചു. ഇടിയേറ്റപ്പോൾ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യിൽ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാൻ ശ്രമം നടത്തവേ മകൻ വീണ്ടും ബോൾ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികൾ ബൈക്കിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.

കിളിമാനൂർ ദേവേശ്വരം കുന്നിൽ വീട്ടിൽ ശക്തിധരന്റെ ഭാര്യ എസ്. ഷീലയുടെ അഞ്ചേമുക്കാൽ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയിൽ പോയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കൾ കിളിമാനൂരിൽ നിന്നു പിൻതുടർന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.

23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവിൽ കടയിൽ സാധനം വാങ്ങുവാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാക്കൾ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പിൽ ഗോവിന്ദവിലാസത്തിൽ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.

മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രി അധികൃതർ ഒരുങ്ങുന്നു.

അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. അസം സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മൂവാറ്റുപുഴ എസ്ഐ വി.കെ.ശശികുമാർ പറഞ്ഞു.

കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്.

കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡ‍ിക്കൽ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു.

സർജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകൾ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടർമാർ ബന്ധുക്കളോടു വിശദമായി വിവരങ്ങൾ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ദമ്പതികളുടെ 2 മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളു‌ം ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

ഈ കുടുംബത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ അന്വേഷിക്കാൻ പോലും തയാറാകാത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാൻ പൊലീസിനു കഴിഞ്ഞില്ല. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണു ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട്.

വീസ തട്ടിപ്പ് കേസിൽ കോയമ്പത്തൂർ സ്വദേശിനി അറസ്റ്റിൽ. അരഗൂർ ഗണപതി ഗാർഡനിൽ ശ്യാമള (32) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ വരെ ശമ്പളത്തിൽ കാന‍ഡയിൽ കാറ്ററിങ് മാനേജർ തസ്തികയിൽ ജോലി നൽകാമെന്നും പറ‍ഞ്ഞ് തൃശൂർ സ്വദേശിയിൽ നിന്ന് 8 ലക്ഷം രൂപ വാങ്ങി വ്യാജ വീസ നൽകിയെന്നാണ് കേസ്. ഒന്നരവർഷം മുൻപാണ് സംഭവം.

പരാതിക്കാരനെ ഡൽഹിയിൽ കൊണ്ടുവന്നാണ് വീസ നൽകിയത്. തൊഴിൽ വീസ എന്ന വ്യാജേന വിസിറ്റിങ് വീസയാണ് ശ്യാമള പരാതിക്കാരന് നൽകിയിരുന്നത്. എംബസി അധികൃതർ വീസ നിരസിച്ചപ്പോഴാണ് ഇതു തൊഴിൽ വീസയല്ലെന്നു ഇവർ അറിയുന്നത്. പിന്നീട് ലഭിച്ച വീസയും സംശയം തോന്നിയതിനാൽ പരാതിക്കാരൻ കാനഡ എബസിയിൽ പരിശോധനയ്ക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

കാനഡ, കംപോഡിയ, അർമേനിയ, അസർബൈജൻ എന്നിവിടങ്ങളിലേക്കു വീസ നൽകാമെന്നു പറ‍ഞ്ഞാണ് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനം വഴി തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ഇനിയും പ്രതികളുണ്ടെന്നു സൂചനയുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. എസ്എച്ച് എ കെ.സുമേഷ്, ഇൻസ്പെക്ടർ സി.പി.ബിജു പൗലോസ്, എഎസ്ഐ എം.കെ.അസീസ്, വനിത സീനിയർ സിപിഒമാരായ ടി.ആർ.രജനി, ടെസ്നോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ലോകത്തിന് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ വ്യക്തിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. 100 ശതമാനം കൃത്രിമമായി നിര്‍മിക്കുന്ന ബീഫ് കഴിക്കാന്‍ ലോകം തയാറാവണമെന്നും മുന്നറിയിപ്പ് നല്‍കിയതും ബില്‍ ഗേറ്റ്‌സ് തന്നെ.

ഇപ്പോഴിതാ ഭൂമിയേയും കാലാവസ്ഥാ ക്രമത്തേയും മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒരു ആശയവുമായി ബില്‍ഗേറ്റ്‌സ് എത്തിയിരിക്കുന്നു. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ടുവെക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക.എന്നാൽ, ആശയം വെറുതേയങ്ങ് പറഞ്ഞു പോവുക മാത്രമല്ല ബിൽഗേറ്റ്സ് ചെയ്തത്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോളാര്‍ എൻജിനീയറിങ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബില്‍ഗേറ്റ്‌സ് നല്‍കി കഴിഞ്ഞു.

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളാണ് 2015 മുതല്‍ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്. എന്നാൽ, ഇതേക്കുറിച്ച് ആർക്കും വ്യക്തതയില്ലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക സഹായത്തില്‍ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്.

RECENT POSTS
Copyright © . All rights reserved